Current Date

Search
Close this search box.
Search
Close this search box.

ഈ അനുഭവം ആവർത്തിക്കാൻ ഇട വരാതിരിക്കട്ടെ

ജീവിതത്തിൽ ആദ്യമായാണ് ഒരേ കുടുംബത്തിലെ 11 പേരുടെ ചേതനയറ്റ ശരീരങ്ങൾക്ക് പിന്നിൽ നിന്ന് നമസ്കരിക്കേണ്ടി വന്നത്. അതുണ്ടാക്കിയ മാനസികാവസ്ഥ വാക്കുകളിലൊതുക്കാനാവുന്നതല്ല.

പരപ്പനങ്ങാടി പുത്തൻ കടപ്പുറം ജുമാ മസ്ജിദിലേക്ക് പോകുമ്പോഴും ജനാസ നമസ്കരിച്ച് തിരിച്ചുവരുമ്പോഴും 14 പേരെ നഷ്ടപ്പെട്ട കുടുംബത്തിലെ കാരണവർ കുന്നുമ്മൽ സൈദലവിയും ജീവിച്ചിരിക്കുന്ന മറ്റ് ബന്ധുക്കളും അനുഭവിക്കുന്ന വേർപാടിന്റെ വേദനയെ സംബന്ധിച്ച അതിരുകളില്ലാത്ത ആധിയായിരുന്നു അകം നിറയെ.

അതോടൊപ്പം അനുവാദം ആരായാതെ കടന്നുവരുന്ന മരണം ആഘോഷ വേദികളെ വിലാപ വേളകളാക്കുന്നത് സംബന്ധിച്ച അനേകം ആപ്ത വാക്യങ്ങളും വിലാപകാവ്യങ്ങളും ഓർമ്മകളിൽ തെളിഞ്ഞു വന്നു. എത്ര പെട്ടെന്നാണ് ഉല്ലാസാവസരങ്ങളിലെ സന്തോഷാശ്രുക്കൾ കദനത്തിന്റെ കണ്ണീർ കടലുകളായി മാറുന്നത്.

പാലത്തിങ്കൽ ജുമാ മസ്ജിദിൽ പോലീസ് ഓഫീസർ സബറുദ്ദീൻ എന്ന ചെറുപ്പക്കാരന്റെ ജനാസ നമസ്കരിച്ച ശേഷമാണ് കടപ്പുറം ജുമാമസ്ജിദിലെ ജനാസ നമസ്കാരത്തിന് പോയത്. പിന്നീട് താനൂർ ഓലപ്പീടിക കാട്ടിൽ പീടിയേക്കൽ സിദ്ധീഖിൻറെയും കൊച്ചു മക്കളായ ഫൈസാൻ, ഫാത്തിമ മിൻഹ എന്നിവരുടെയും ജനാസ സന്ദർശിച്ചു. ആ കുട്ടികളുടെ ചേതനയറ്റ ഇളം മുഖത്തേക്ക് ഒന്ന് നോക്കാനേ കഴിഞ്ഞുള്ളൂ. സൂക്ഷിച്ച് നോക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. നാലുപേരുടെ ജനാസ നമസ്കാരം നടന്നത് ചെട്ടിപ്പടി ജുമാ മസ്ജിദിലാണ്.

പരപ്പനങ്ങാടിയിൽ നിന്ന് നേരെ പോയത് അപകടത്തിൽ മരണപ്പെട്ട ശാന്തപുരത്തെ രണ്ട് കുട്ടികളുടെ വീട്ടിലേക്കാണ്. ജമാഅത്തെ ഇസ്ലാമി പരപ്പനങ്ങാടി ഏരിയ പ്രസിഡൻറ് ഷൗക്കത്ത് മാസ്റ്റർ, താനൂർ ഏരിയ പ്രസിഡൻറ് ഖാസിം സാഹിബ്, പാലാഴി കോയ സാഹിബ് എന്നിവർ കൂടെയുണ്ടായിരുന്നു. ശാന്തപുരത്ത് കൂട്ടിൽ മുഹമ്മദലി സാഹിബും.

അപ്പോഴൊക്കെയും മനസ്സിൽ രണ്ട് പ്രാർത്ഥനകളാണുണ്ടായിരുന്നത്. ദയാനിധിയായ നാഥാ, അപകടത്തിൽ മരണപ്പെട്ട എല്ലാവർക്കും നീ രക്തസാക്ഷിത്വത്തിൻറെ പ്രതിഫലം നൽകി ജന്നാത്തുൽ ഫിർദൗസിൽ ഉന്നതമായ സ്ഥാനമേകേണമേ. സൈദാലിക്ക ഉൾപ്പെടെ ജീവിച്ചിരിക്കുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും ക്ഷമയും സഹനവും സമാധാനവും സ്ഥൈര്യവും നൽകി അനുഗ്രഹിക്കേണമേ.ആമീൻ യാ റബ്ബൽ. ആലമീൻ.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles