Current Date

Search
Close this search box.
Search
Close this search box.

സൂറതുൽ ഇഖ്ലാസ്: അല്ലാഹുവിനെ അറിയാനുള്ള കവാടം

അനേകം സവിശേഷതകളുള്ള മതമാണ് ഇസ്ലാം. അതില്‍ ഏറ്റവും പ്രകടമായ സവിശേഷത അതിന്‍റെ എകദൈവത്വ (തൗഹീദ്) ദര്‍ശനമാണ്. ഇസ്ലാമിന്‍റെ അടസ്ഥാനവും ലോകത്ത് ആഗതരായ എല്ലാ പ്രവാചകന്മാരും ഒരെ സ്വരത്തില്‍ ഉദ്ബോധിപ്പിച്ച വിഷയമാണ് തൗഹീദ്. മനുഷ്യ മനസ്സില്‍ തൗഹീദ് ഊട്ടിയുറപ്പിക്കുകയും ജനങ്ങളെ അതിന്‍റെ ദിവ്യ പ്രകാശത്തിലേക്ക് ക്ഷണിക്കുകയും ബഹുദൈവവിശ്വാസത്തിന്‍റെ അന്ധകാരത്തില്‍ നിന്ന് മനുഷ്യരെ രക്ഷപ്പെടുത്തുകയുമാണ് ഈ സൂറത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം.

എല്ലാ മതങ്ങളുടേയും അന്തര്‍ധാര ഏകദൈവ വിശ്വാസം തന്നെയാണ്. പിന്നീട് അത് കാലാന്തരത്തില്‍ ബഹുദൈവ വിശ്വാസത്തിലേക്ക് വ്യതിചലിക്കുകയാണുണ്ടായത്. വ്യാഖ്യാന കസര്‍ത്തുകള്‍ നടത്തി ഏകദൈവവിശ്വാസത്തിന്‍റെ വാക്താക്കളാണെന്ന് ഉദ്ഘോഷിക്കാന്‍ പൊതുവെ എല്ലാ മതങ്ങളും ഒൗല്‍സുക്യം കാണിക്കാറുണ്ട്. കാരണം ഏകദൈവ വിശ്വാസം യുക്തിഭദ്രവും മനസ്സിന് ശാന്തിയും സമാധാനവും നല്‍കുന്നു. ബഹുദൈവ വിശ്വാസമാകട്ടെ യുക്തിക്ക് നിരക്കാത്തതും മനസ്സിനെ കടുത്ത ആശങ്കയിലകപ്പെടുത്തുന്നതുമാണ്.

ബഹുദൈവ വിശ്വാസത്തിന്‍റെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന, മനുഷ്യര്‍ക്കിടയില്‍ ഉഛനീചത്വം നിലനില്‍ക്കുന്ന, ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍, ഒരേ ചരടില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ, മനുഷ്യ സമൂഹത്തെ ഏകോപിപ്പിക്കാന്‍ കഴിയുന്ന ഒരേ ഒരു ആശയധാര തൗഹീദ് മാത്രമാണ്. ദൈവം ഏകനെന്ന് ഉദ്ഘോഷിക്കുന്ന ആ കാഴ്ചപ്പാട്, മനുഷ്യ വര്‍ഗ്ഗവും ഒന്നാണെന്ന് ഉറക്കെ വിളംബരം ചെയ്യുന്നു. ഈ കാഴ്ചപ്പാടിലൂടെയല്ലാതെ മനുഷ്യനെ ഏകീകരിക്കുക സാധ്യമല്ല. തൗഹീദിന്‍റെ വഴിയിലൂടെ മാത്രമെ മനുഷ്യന് വിജയിക്കാന്‍ കഴിയുകയുള്ളൂ.

മനുഷ്യന്‍റെ ശുദ്ധ പ്രകൃതിയും തൗഹീദാണെന്ന കാര്യം നിസ്തര്‍ക്കമാണ്. ഖുര്‍ആന്‍ പറയുന്നു: “അതിനാല്‍ ശ്രദ്ധയോടെ നീ നിന്‍റെ മുഖം ഈ ജീവിതദര്‍ശനത്തിനുനേരെ ഉറപ്പിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ പടച്ചത് ഏതൊരു പ്രകൃതിയിലൂന്നിയാണോ ആ പ്രകൃതിതന്നെയാണ് ഇത്. അല്ലാഹുവിന്‍റെ സൃഷ്ടിഘടനക്ക് മാറ്റമില്ല. ഇതുതന്നെയാണ് ഏറ്റം ചൊവ്വായ മതം. പക്ഷേ; ജനങ്ങളിലേറെ പേരും അതറിയുന്നില്ല.” (30:30)

നബി (സ) പറഞ്ഞിരിക്കുന്നു: ഏതൊരു ശിശുവും പിറന്നുവീഴുന്നത് മൗലികമായ മനുഷ്യപ്രകൃതിയോടെയാണ്. മാതാപിതാക്കളാണ് അവനെ ജൂതനോ ക്രിസ്ത്യാനിയോ മജൂസിയോ മറ്റോ ആക്കുന്നത്. അതിന്‍റെ ഉദാഹരണം ഇപ്രകാരമാണ്: എല്ലാ കാലികളും തികച്ചും കുറ്റമറ്റ കാലികളത്തെന്നെ ജനിപ്പിക്കുന്നു. അവയില്‍ ഒറ്റയെണ്ണവും ചെവി ചത്തെിയതായി പിറക്കുന്നില്ല. പിന്നീട്, വിഗ്രഹാരാധകര്‍ തങ്ങളുടെ അന്ധവിശ്വാസങ്ങളുടെ ഫലമായി അവയുടെ ചെവി അറുക്കുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ മുഴുവന്‍ ജനതക്കും തൗഹീദ് എന്താണെന്ന് പരിചയപ്പെടുത്തുന്ന ഖുര്‍ആനിലെ ചെറുതെങ്കിലും സുപ്രധാനമായ ഈ സൂറത്തിനെ പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണ്. 4 സൂക്തങ്ങളും 15 വാക്കുകളിലുമായി മഹത്തായ ഏകദൈവത്വ ദര്‍ശനത്തെ ചിമിഴിലൊതുക്കിയത് ഖുര്‍ആനിന്‍റെ അമാനുഷികതയുടെ മറ്റൊരു തെളിവാണ്. ഈ അധ്യയത്തിലെ ആശയത്തെ ഇങ്ങനെ സംഗ്രഹിക്കാം: അല്ലാഹു ഏകനാണ്. അവന്‍ നിരാശ്രയനാണ്. അവന് പിതാവൊ പുത്രനൊ ഇല്ല. അവനു തുല്യമായി ആരുമില്ല.

തൗഹീദ് മനസ്സിലാക്കാതെ ഇസ്ലാമിനെ മനസ്സിലാക്കുക സാധ്യമല്ല. ഒരൊറ്റ ദൈവമുണ്ട് എന്ന ഒരു ദാര്‍ശനിക കാഴ്ചപ്പാടിനപ്പുറം അത് ഇസ്ലാമിക ലോകവീക്ഷണത്തിന്‍റെ അടിത്തറയാണ്. ദിക്കുകള്‍ക്കും ജഡത്തിനും അതീതമാണ് അല്ലാഹു. ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും അല്ലാഹുവിനെ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും, അതെല്ലാം സൂറത്ത് ഇഖ്ലാസിന്‍റെ വ്യാഖ്യാനമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും എല്ലാം അല്ലാഹുവിനെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ് ഈ സൂറത്തിലെ സൂക്തങ്ങള്‍.

ഖുറൈശികള്‍ പ്രവാചകനോട് തന്‍റെ ദൈവത്തെ കുറിച്ച് വിവരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവതരിച്ച സൂറതാണിത്. ഒരിക്കല്‍ യഹൂദര്‍ നബിയുടെ (സ) യുടെ അടുക്കല്‍ വന്നു. കഅ്ബ് ഇബ്നു അഷ്റഫ് ഉള്‍പ്പടെയുള്ളവര്‍ കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ ചോദിച്ചു: ഹേ മുഹമ്മദ്: നിന്നെ നിയോഗിച്ച നിന്‍റെ രക്ഷിതാവിനെ കുറിച്ച് വിവരിച്ച് തന്നാലും. അപ്പോള്‍ അവതരിച്ച അധ്യായമാണിതെന്ന് സ്വീകാര്യമായ നിവേദനങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

നബി (സ) യോട് ഒരു അനുചരന്‍ ഏറ്റവും മഹത്തായ സൂറത് ഏതെന്ന ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു സൂറത് ഖുല്‍ ഹുവളളാഹു അഹദ്. ഈ സൂറത്തിന്‍റെ മറ്റു ശ്രേഷ്ടതകള്‍ ഇങ്ങനെ:

1. പത്ത് പ്രാവിശ്യം ഈ സൂറത് ഓതിയാല്‍ സ്വര്‍ഗ്ഗത്തില്‍ അവന് വേണ്ടി കൊട്ടാരം പണിയുന്നതാണണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
2. അല്ലാഹുവിന്‍റെ പ്രീതിക്ക് നിമിത്തമാവുന്ന സൂറത്താണിത്.
3. പിശാചിന്‍റെ കുതന്ത്രത്തില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ ഈ സൂറത്ത് പാരായണം ചെയ്യുന്നത് ഉത്തമമാണ്.
4. നബി (സ) അന്തിയുറന്‍ പോവുമ്പോള്‍, ദേഹത്ത് പതിവായി ഊതി ഓതാറുണ്ടായിരുന്ന ദികുറുകളില്‍ ഒന്നായിരുന്നു ഈ സൂറത്.
5. നമസ്കാരനന്തരവും വിത്ര്‍ നമസ്കാരത്തിലും ഈ സൂറത്ത് നബി (സ) ഓതാറുണ്ടായിരുന്നു.
ഈ ചര്യകളെല്ലാം നാമും പതിവാക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ സ്വര്‍ഗ്ഗ ലബ്ദിക്ക് എളുപ്പമാവുന്നതായിരിക്കും.

തൗഹീദ് സ്വീകരിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷയെ കുറിച്ച് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കീട്ടുണ്ട്: “തന്നില്‍ ആരെയും പങ്കുചേര്‍ക്കുന്നത് അല്ലാഹു പൊറുക്കുകയില്ല. അതൊഴിച്ചുള്ളവയൊക്കെ താനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്‍ വഴികേടില്‍ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു”.4:116

 

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles