Current Date

Search
Close this search box.
Search
Close this search box.

സൂറ: ബുറൂജിന്റെ കാലിക വായന

ഖുര്‍ആൻ അസ്ഹാബുല്‍ ഉഖ്‌ദൂദ് സംഭവം ചിത്രീകരിക്കുന്നതിങ്ങനെ: “ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ. അതായത് വിറകു നിറച്ച തീയിന്റെ ആള്‍ക്കാര്‍. അവര്‍ അതിനടുത്ത് ഇരിക്കുന്നവരായിരുന്നു. (കണ്ടാസ്വദിക്കുന്നവർ) സത്യവിശ്വാസികളെ കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്സാക്ഷികളായിരുന്നു. പ്രതാപശാലിയും സ്തുത്യര്‍ഹനും ആകാശ ഭൂമികളുടെ അധിപനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നുവെന്നത് മാത്രമായിരുന്നു അവരുടെ മേലുള്ള കുറ്റം” (സൂറ: ബുറൂജ്: 4-9)

ശഹീദ് സയ്യിദ് ഖുത്വുബ് ഈ സൂക്തങ്ങൾ അദ്ദേഹത്തിന്റെ കാലത്തുണ്ടായിരുന്ന ഏകാധിപത്യ സമഗ്രാധിപത്യ പരിസരത്ത് ഇഖ്വാൻ പ്രവർത്തകരുടെമേലുള്ള രൂക്ഷമായ പീഡനങ്ങൾ ഉണ്ടായപ്പോൾ ആ വിഷയങ്ങളെല്ലാം ബന്ധപ്പെടുത്തി വൈകാരികമായി എഴുതിയ ഗ്രന്ഥമാണ് വഴിയടയാളങ്ങൾ . പിന്നീടതിന്റെ വിശദാംശങ്ങൾ ഫീ ളിലാലിൽ ഖുർആനിൽ വളരെ വൈജ്ഞാനികമായും അദ്ദേഹമെഴുതി. പ്രസ്തുത സംഭവമാണ് ഒരു മുസ്ലിം രാജ്യത്ത് അദ്ദേഹത്തിന്റെ തുടർച്ചയായ കഠിന ജയിൽ ശിക്ഷയും അദ്ദേഹത്തിന്റെ ഏറ്റവും വലിയ അഭിലാഷവുമായ രക്തസാക്ഷ്യവും നേരത്തെയാക്കിയത്.

പീഡിതരായ വിശ്വാസികളെയും വിശ്വാസിനികളെയും അവരുടെ ആദർശത്തിന്റെ പേരിൽ കൊല്ലാക്കൊല ചെയ്യുന്ന എല്ലാകാലത്തേയും ധിക്കാരികൾക്കുമുള്ള മുന്നറിയിപ്പ് നൽകുന്നു ഇന്നും പാരായണം ചെയ്യപ്പെടുന്ന ആ സൂക്തങ്ങൾ. അന്നവർക്ക് പരിചയമുള്ള ധിക്കാരികളെ ഈ സൂറ: പരാമർശിക്കുന്നുവെന്നത് ഇക്കാലത്തെ പോക്കിരി രാജ്യങ്ങൾക്കുള്ള ഉണർത്തൽ കൂടിയാണ്. സ്ഥലങ്ങളും പേരുകളും മാത്രമാണ് മാറുന്നത്.

ഇതെഴുതുമ്പോൾ ഖുദ്സിൽ ഖിയാമുല്ലൈൽ നമസ്കരിച്ചു കൊണ്ടിരിക്കുന്നവരെ ബോംബുകളെറിഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന രംഗങ്ങൾ വാട്സപ്പിൽ വന്നുകൊണ്ടിരിക്കുന്നു. അല്ലാഹു രക്തസാക്ഷികൾക്ക് അർഹമായ പ്രതിഫലം നല്കട്ടെ . പുണ്യനഗരിയിൽ പുണ്യനാളിൽ പുണ്യ കർമ്മത്തിനിടയിൽ നരഹത്യ നടത്തിയവർക്ക് ഈ ലോകത്ത് തന്നെ യോജിച്ച ശിക്ഷ നല്കുമാറാവട്ടെ …ആമീൻ

ഇന്നത്തെ സൗദി അറേബ്യയിൽ യമൻ അതിർത്തിയിലാണ് ഖുർആൻ പരാമർശിക്കുന്ന ”ഉഖ്ദൂദ്” (കിടങ്ങ് )ഏരിയ .
നജ്‌റാന്റെ പ്രാചീന പേരാണ് ഉഖ്ദൂദ്. മുഹമ്മദ് നബി (സ)യുടെ ആഗമനത്തിനു ഏകദേശം 200 വര്‍ഷം മുമ്പ് യഹൂദമതം സ്വീകരിക്കാന്‍ വിസമ്മതിച്ച അന്നത്തെ വിശ്വാസികളെ കിടങ്ങിലിട്ട് ചുട്ടെരിച്ച സംഭവമാണ് ഖുര്‍ആന്‍ വിവരിക്കുന്നതെന്ന് ചരിത്രകാരന്മാരും മുഫസ്സിറുകളും അഭിപ്രായപ്പെടുന്നു.

എത്യോപ്യ (അബ്സീനിയ) ഭരിച്ചിരുന്ന നീതിമാനായ നജ്ജാശി (നേഗസ്) രാജാവ് ദു-നുവാസിന് ശേഷം ഉഖ്‌ദൂദ് ജയിച്ചടക്കുന്നുണ്ട്. തന്റെ പ്രധിനിധിയായി അദ്ദേഹം അബ്റഹതിനെ അവിടെ നിശ്ചയിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനിലെ അദ്ധ്യായം 105- ല്‍ പരാമര്‍ശിച്ച ആനക്കലഹ സംഭവത്തിലെ വില്ലൻ ഈ അബ്റഹതാണ്. പ്രവാചക തിരുമേനിയുടെ ആഗമനത്തോടെ ഉഖ്‌ദൂദ് നിവാസികള്‍ ഇസ്ലാമിന് കീഴ്പെട്ടു. നജ്റാനില്‍ നിന്നുള്ള നിവേദക സംഘങ്ങള്‍ പ്രവാചക സദസ്സില്‍ പലപ്പോഴും വന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി അവിടെ സ്ഥാപിക്കപ്പെട്ട പള്ളിയുടെ ആല്‍ത്താറയും അവശിഷ്ടങ്ങളും ഇന്നും കാണാം. ഇന്നത്തെ ഉഖ്‌ദൂദ് ഒരു ചരിത്ര സ്മാരക സുരക്ഷിത കേന്ദ്രം കൂടിയാണ്. ഭൂമിശാസ്ത്രപരമായി കാണുവാന്‍ കുറെയോന്നുമില്ലെങ്കിലും ചരിത്രത്തോട് ചേര്‍ത്ത് വായിക്കുമ്പോൾ ‍അകം വിങ്ങുന്ന ഒരു അനുഭവമാണ് ഉഖ്‌ദൂദ്!. ഖുദ്സിലെ ശൈഖ് ജർറാഹിലെ ചിത്രങ്ങൾ കാണുമ്പോൾ ഉണ്ടാകുന്നതും അതേ വിങ്ങൽ.

അതെ, ഖുദ്സിൽ ഉഖ്ദൂദ് ആവർത്തിക്കുകയാണ്. CE 523 ഒക്‌ടോബറില്‍ ഉഖ്ദൂദ് സംഭവം നടന്ന് രണ്ടു വര്‍ഷത്തിനുശേഷം 525-ലാണ് അബിസീനിയന്‍ സേന ദൂനവാസിനെയും അയാളുടെ ഭരണകൂടത്തെയും ഉന്മൂലനം ചെയ്തത്. ( കാല ദൈർഘ്യം സൂചിപ്പിച്ചു എന്ന് മാത്രം )

റഫറൻസ് : വഴിയടയാളങ്ങൾ, ഫേസ്ബുക്ക് പോസ്റ്റുകൾ , കുറിപ്പുകാരന്റെ ഖുർആൻ മഴ – 30

Related Articles