Current Date

Search
Close this search box.
Search
Close this search box.

ഉറുമ്പുകളുടെ താഴ്‌വര സുലൈമാൻ്റെ പുഞ്ചിരി

ഒരു രാത്രി എഴുതാനിക്കുമ്പോഴാണ് ഉറുമ്പുകൾ കൈകളിലൂടെ അരിച്ചു കയറാൻ തുടങ്ങിയത്. തട്ടിമാറ്റാനെടുത്ത കൈ നിശ്ചലമാക്കി ഒരു നിമിഷം അവയെ ശ്രദ്ധിച്ചു. ആ രാത്രിയിൽ മധുരത്തിൻ്റെ മണം കിട്ടിയപ്പോൾ, അന്നം തേടി ഇറങ്ങിയതാണവ. മനുഷ്യർ ഈ ഉറുമ്പുകളെക്കണ്ട് പഠിക്കണം! തൻ്റെ ദൗത്യത്തെക്കുറിച്ച് സദാ ജാഗ്രത പുലർത്തുക, ലക്ഷ്യം നേടാൻ ഏതു പാതിരാത്രിയിലും പരിശ്രമിക്കാൻ ത്യാഗസന്നദ്ധനാവുക! എല്ലാവരും ഉറങ്ങിക്കിടക്കവെ ഉണർന്നിരിക്കുന്ന ഉറുമ്പുകൾ ചിന്തകളെ ഉണർത്തിയത് ഈ വിധത്തിലാണ്. അപ്പോഴാണ് സത്യവേദത്തിലെ ഉറുമ്പുകൾ മനസ്സിൽ നിറഞ്ഞത്.

‘ഉറുമ്പുകൾ’ എന്ന പേരിൽ ഒരു അധ്യായമുണ്ട് സത്യവേദത്തിൽ! ഏറെ മഹത്തരമായ വേദഗ്രന്ഥത്തിൽ ഇത്ര ചെറിയ ജീവിയുടെ പേരിൽ ഒരു അധ്യായം തന്നെ ദൈവം എന്തിന് നിശ്ചയിച്ചു? അൽഭുതം തോന്നേണ്ടതു തന്നെ! പ്രപഞ്ചത്തിൽ ഒന്നും നിസാരമല്ലെന്നും ദൈവത്തിൻ്റെ ദൃഷ്ടാന്തങ്ങൾ എല്ലാറ്റിലും തുടികൊട്ടുന്നുവെന്നു മാത്രം ഇപ്പോൾ പറയാം. “അവര്‍ ഉറുമ്പുകളുടെ താഴ്‌വരയിൽ എത്തിച്ചേര്‍ന്നു. അപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ‘അല്ലയോ ഉറുമ്പുകളേ, സ്വന്തം മാളങ്ങളില്‍ പോയി ഒളിച്ചുകൊള്ളുവിന്‍. സുലൈമാനും സൈന്യവും അറിയാതെ നിങ്ങളെ ചവിട്ടിയരക്കാൻ ഇടയാവാതിരിക്കട്ടെ.” ഇരുപത്തിയേഴാം അധ്യായത്തിലെ പതിനെട്ടാം വചനമാണിത്. എന്തുമാത്രം മനോഹരവും വശ്യവുമായ കഥാകഥനം! ‘ഉറുമ്പുകളുടെ താഴ്‌വര’ ഏറെ കാവ്യാത്മകം തന്നെ!

ഒരു സെൻ്റീമീറ്റർ പോലും വലുപ്പമില്ലാത്ത ഒരു ഉറുമ്പ്, ആകാശത്തെക്കാൾ വലുതായ അനുഭവമാണിത്! എപ്പോഴെന്നല്ലേ, എല്ലാ ഉറുമ്പുകളും സുരക്ഷിതമായിരിക്കണമെന്ന്  ഒരു ഉറുമ്പ് ആഗ്രഹിക്കുന്നു. തന്നാലാകും വിധം അതിനുവേണ്ടി പരിശ്രമിക്കുന്നു. അവയെ രക്ഷപ്പെടുത്താൻ മറ്റൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും, ഉറക്കെ ഒച്ചവെക്കുന്നു. ഉറങ്ങുന്നവനെ ഉണർത്തും വിധം ശബ്ദമുയർത്തുന്നു! ജീവനെടുക്കുന്ന ആപത്തിനെക്കുറിച്ച് അവരെ ജാഗ്രത്താക്കുന്നു. ഒരു ഉറുമ്പ് തൻ്റെ സഹോദരങ്ങൾക്ക് നൽകുന്ന ആ കരുതലാണ് ഈ കഥയിലെ വലിയ പാഠം. സഹജീവികൾക്ക് നൽകുന്ന ഈ കരുതലാണ്, ആ ഉറുമ്പിനെ ചെറിയ ശരീരമുള്ള വലിയ ജീവിതത്തിൻ്റെ ഉടമയാക്കിയത്. ഉറുമ്പുകളുടെ താഴ്‌വരയിലെ ആ കഥാനായകനെപ്പോലെ വലിയ ജീവിതത്തിൻ്റെ ഉടമകളാവുക നമുക്കും മഹത്തരം തന്നെ. വലിയവൻ ആവുകയെന്നാൽ നമുക്ക് പലതുമാണ്, ഭൗതികമായി എന്തൊക്കെയോ ഉണ്ടാകണം! എന്നാൽ, യഥാർത്ഥത്തിൽ വലിയ മനുഷ്യനാകാൻ വലിയ മനസ്സുണ്ടായാൽ മതി. ആ മനസ്സ് നിറയെ സ്നേഹവും കരുതലും കാരുണ്യവും ഉണ്ടായാൽ മതി! ഇനി ചോദിക്കട്ടെ, നമ്മൾ വലിയ മനുഷ്യരാണോ?

Also read: വിശുദ്ധ റമദാനിലും ഇബ്‌ലീസിന്റെ സൈന്യം രംഗത്തുണ്ട്!

എല്ലാ മനുഷ്യരും തൻ്റെ സഹജീവികളാണെന്ന ഉത്തമ ബോധ്യമുണ്ടാകുമ്പോൾ മാത്രമേ കരുതലിൻ്റെ കരങ്ങൾ അവരിലേക്ക് നീളൂ. കുബേരൻമാരെയല്ല, കഷ്ടപ്പെടുന്നവരെയാണ് താൻ കൂടുതൽ ചേർത്തു പിടിക്കേണ്ടതെന്ന തിരിച്ചറിവുണ്ടാകൂ. ആ ബോധ്യവും തിരിച്ചറിവ വും ഇല്ലാത്തവരുടെ കാലത്തും അധികാര സമയത്തും ജീവിക്കേണ്ടി വരുന്നത് വലിയ ദുരന്തം തന്നെ! ‘ആപത്ത് അണയാതിരിക്കാൻ സ്വന്തം വീട്ടിൽ കയറൂ’ എന്ന് ഉറുമ്പിൻ്റെ ജാഗ്രതാ നിർദ്ദേശം. പിന്നെയൊരു കാലം വന്നു; സുരക്ഷിതത്വത്തിന് വേണ്ടി, സ്വന്തം വീടെത്താൻ, നൂറുക്കണക്കിന് കിലോമീറ്ററുകൾ നടക്കുന്ന ഗർഭിണികൾ, വൃദ്ധർ, പിഞ്ചു പൈതങ്ങൾ, രോഗികൾ, സ്ത്രീജനങ്ങൾ, തീവണ്ടിപ്പാതയിൽ ചോരയിറ്റിയ കിനാവുകൾ…. കാരുണ്യലേശമില്ലാത്ത അധികാരത്തിൻ്റെ ക്രൂരതകളെ, വീണ്ടുകീറി ചോരയൊലിക്കുന്ന കാലുകൾ, കാലത്തിനുമേൽ അടയാളപ്പെടുത്തുന്നു.

അന്നൊരു കാലം! ജീവന്നുവേണ്ടിയുള്ള ഉറുമ്പുകളുടെ വിളി കേട്ട ഒരു ഭരണാധികാരിയുണ്ടായിരുന്നു. തൻ്റെ അധികാര പരിധിയിലെ ഉറുമ്പുകളുടെ ജീവന് പോലും അദ്ദേഹം വില കൽപ്പിച്ചുവെന്ന് കഥയുടെ തുടർച്ച. “അതു കേട്ട് സുലൈമാന്‍ പുഞ്ചിരി തൂകി. അദ്ദേഹം പറഞ്ഞു: ‘എന്റെ നാഥാ, എന്നിലും എന്റെ മാതാപിതാക്കളിലും നീ ചൊരിഞ്ഞിട്ടുള്ള ഈ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിനും നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മം ചെയ്യുന്നതിനും എന്നെ നിയന്ത്രിച്ചുനിര്‍ത്തേണമേ! നിന്റെ കാരുണ്യത്താല്‍ എന്നെ നിന്റെ സജ്ജനങ്ങളായ ദാസന്മാരില്‍ ചേര്‍ക്കുകയും ചെയ്യേണമേ”! സത്യവേദം ഇരുപത്തിയേഴാം അധ്യായത്തിലെ പത്തൊൻപതാം വചനം. കരുതലിൻ്റെ കാരുണ്യ സ്പർശമുള്ള ഭരണാധികാരിയെ ഉറുമ്പുകളുടെ താഴ്‌വര അന്ന് അനുഭവിച്ചറിഞ്ഞു. സുലൈമാൻ്റെ പുഞ്ചിരിക്കുവേണ്ടി കാലം കാത്തിരിക്കുന്നു!

Related Articles