Current Date

Search
Close this search box.
Search
Close this search box.

ജീവിത വിജയത്തിന് നാലാം ഖലീഫാ നൽകുന്ന നിർദേശങ്ങൾ

നാലാം ഖലീഫ ഹസ്റത്ത് അലി അറിയപ്പെടുന്ന ദാർശനികനും ഏറെ ശ്രദ്ധേയനായ പ്രഭാഷകനും പരമ സാത്വികനുമായിരുന്നു. അറബി സാഹിത്യത്തിൽ അദ്ദേഹത്തിൻറെ കഴിവ് അപാരമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ പ്രഭാഷണങ്ങളും ഉപദേശങ്ങളും ചരിത്രത്തിൽ ശ്രദ്ധേയമാം വിധം ഇടം നേടുകയുണ്ടായി.അദ്ദേഹം പറഞ്ഞു:

“പ്രാർത്ഥന കൊണ്ട് ഹൃദയത്തെ പ്രദീപ്തമാക്കുക. ദൈവഭക്തി കൊണ്ട് ഭോഗേഛകളെ നിയന്ത്രിക്കുക.വിശ്വാസത്താൽ ഹൃദയത്തെ കരുത്തുറ്റതാക്കുക. വിജ്ഞാനത്താൽ അതിനെ പ്രകാശപൂരിതമാക്കുക.മരണ സ്മരണയാൽ അതിനെ നിയന്ത്രിക്കുക. സദാചാര നിഷ്ഠ ഉറപ്പ് വരുത്താൻ മനസ്സിനെ പ്രാപ്തനാക്കുക.കാലത്തിൻറെ അവസ്ഥാന്തരങ്ങൾ അതിനെ തരളിതമാക്കട്ടെ.മരണപ്പെട്ടവരുടെ അനുഭവങ്ങളിൽ നിന്ന് അത് പാഠമുൾക്കൊള്ളട്ടെ.ഗതകാല സമൂഹങ്ങളുടെ ജീർണാവശിഷ്ടങ്ങൾ നിരീക്ഷിക്കുക.അവയോട് ചോദിച്ചു നോക്കൂ;അവിടെ ജീവിച്ചിരുന്നവർ എന്ത് ചെയ്തു? എവിടെ പോയി?ഇപ്പോഴെവിടെയാണ്? അവർ തങ്ങളുടെ കൂട്ടുകുടുംബങ്ങളെ വിട്ടേച്ച് പോയിരിക്കുന്നു.ഇന്നോ നാളെയോ നീയും പോകും. ശ്മശാനത്തിലെ ഏകാന്തതയിലേക്ക്.

നിൻറെ ധാർമിക ദൗർല്യങ്ങൾ പരിഹരിക്കുക. പരലോകത്തെ ഇഹലോകത്തിന് പകരമായി വിൽക്കാതിരിക്കുക. അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക. അനാവശ്യ സംസാരങ്ങളിൽ നിന്നകന്ന് നിൽക്കുക.വഴുതി വീഴാനിടയുള്ള വഴികളിലൂടെ സഞ്ചരിക്കാതിരിക്കുക. തിന്മകളിലേക്ക് നടക്കുന്നതിൽ നിന്ന് കാലുകളെ തടഞ്ഞു നിർത്തുക. നന്മകളുടെ പ്രചാരകനായാൽ സ്വാഭാവികമായും സദ്ഗുണ സമ്പന്നനാകും.തിന്മയെ നാവുകൊണ്ട് തടയുക.അധർമങ്ങളിൽ നിന്നകന്ന് നിൽക്കുക. ദൈവമാർഗത്തിലെ പോരാളിയാവുക. ദൈവമാർഗത്തിലെ ബാധ്യതാ നിർവഹണത്തിൽ ദുർവൃത്തരുടെ ആക്ഷേപങ്ങളെ അവഗണിക്കുക. സത്യസംസ്ഥാപന യത്നത്തിൽ പ്രതിബന്ധങ്ങളുടെ കൊടുങ്കാറ്റുകളെ
നേരിടാനൊട്ടും മടികാണിക്കാതിരിക്കുക.” (അവലംബം:നാലാം ഖലീഫ അലി)

Related Articles