Current Date

Search
Close this search box.
Search
Close this search box.

സ്ത്രീയും പ്രവാചകനും: പ്രവാചക വിവാഹങ്ങളെപറ്റി അലി ശരീഅത്തി

വിഖ്യാത ഇറാൻ ഇസ് ലാമിക ചിന്തകൻ ശഹീദ് ഡോ: അലി ശരീഅത്തി, മുഹമ്മദ് നബി(സ)യുടെ വിവാഹങ്ങളെ കുറിച്ചു നടത്തിയ ശ്രദ്ധേയമായ പഠനമാണ് “സ്ത്രീയും പ്രവാചകനും ” എന്ന കൃതി. എ.കെ അബ്ദുൽ മജീദ് വിവർത്തനം ചെയ്ത് ഇസ് ലാമിക് ഫൗണ്ടേഷൻ പ്രസ് ഈ പുസ്തകം മലയാളത്തിൽ പുറത്തിറക്കിയിട്ടുണ്ട്.

പ്രവാചക വിവാഹങ്ങളെ പറ്റി ഇസ് ലാമിൻ്റെ ശത്രുക്കൾ പ്രചരിപ്പിക്കുന്ന തെറ്റായ ആരോപണങ്ങളുടെയും കുതന്ത്രങ്ങളുടെയും നാഡി പിടിച്ചു പരിശോധിച്ച് അവയുടെ മുനയൊടിക്കുന്നുവെന്നതാണ് ഈ രചനയുടെ സവിശേഷത. ഒപ്പം ഇസ് ലാം അനുവദിച്ച ബഹുഭാര്യത്വത്തിൻ്റെ യുക്തികളും ചർച്ച ചെയ്യുന്നു.

ശരീഅത്തി എഴുതുന്നു: “ആഇശയായിരുന്നു പ്രവാചകൻ വിവാഹം ചെയ്ത ഏക കന്യക. രാഷ്ട്രീയവും ധാർമ്മികവുമായ അനിവാര്യതകളാൽ വിവാഹം ചെയ്ത വിധവകളായിരുന്നു ബാക്കിയുള്ളവരെല്ലാം. സ്ത്രീ പ്രവാചക ഹൃദയത്തിലും ജീവിതത്തിലും ഒരു ദൗർബല്യമായിരുന്നില്ല. മറിച്ച് അദ്ദേഹത്തിൻ്റെ മഹാമനസ്കതയുടെയും ഉദാരതയുടെയും ഉജ്ജ്വല ഭാവങ്ങളിലൊന്നായിരുന്നു ”

ഉദാഹരണത്തിന് സൗദ(റ)യെ ശരീഅത്തി പരിചയപ്പെടുത്തുന്നു: “ഇസ് ലാമിൻ്റെ ഭയജനകവും ഇരുണ്ടതുമായ ആദ്യഘട്ടത്തിൽ തന്നെ ഭർത്താവൊന്നിച്ച് അവർ ഇസ് ലാം ആശ്ലേഷിച്ചു. വിശ്വാസത്തിൻ്റെ പേരിൽ പീഡനങ്ങൾക്കിരയായ അവർ അബ്സീനിയയിലേക്ക് പലായനം ചെയ്തു. മടങ്ങി വരുമ്പോൾ ഭർത്താവ് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. തുണയില്ലാതെ സൗദ ഒറ്റപ്പെട്ടു. വറുതിയും ദുരിതവും മാത്രമായിരുന്നു ആ വിധവയെ വരവേൽക്കാനുണ്ടായത്. കടുത്ത പരീക്ഷണങ്ങൾ സഹിച്ച ശേഷം ജീവിതം തകർന്നു പോയ ധീരയും ചാരിത്രവതിയുമായ ഈ സ്ത്രീയെ പ്രവാചകൻ വിവാഹം ചെയ്തു”

തുടർന്ന് ഓരോ പ്രവാചക പത്നിമാരെ കുറിച്ചും, അവരെ വിവാഹം കഴിക്കാനുണ്ടായ പശ്ചാത്തലങ്ങളെയും സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളെയും കുറിച്ചും ശരീഅത്തി വിശദമാക്കുന്നു. ആഇശയെയും ജഹ്ശിൻ്റെ മകൾ സൈനബിനെയും സവിശേഷമായി വിലയിരുത്തുന്നു.

ആഇശ(റ)യെ പറ്റിയുള്ള ശരീഅത്തിയുടെ വാക്കുകൾ: “ഇസ് ലാമിൽ ജനിച്ച ആദ്യത്തെ പെൺതരിയാണ് അബൂബക്കറിൻ്റെ മകൾ ആഇശ. ജാഹിലിയ്യാ (അപരിഷ്കൃത ) യുഗത്തിൻ്റെ സ്മരണകളില്ലാത്ത അവർ പ്രവാചകൻ്റെ ഭാര്യയാവട്ടെ എന്ന് അദ്ദേഹത്തിൻ്റെ അനുചരന്മാരും സുഹൃത്തുക്കളും നിർദ്ദേശിച്ചു. മൃദുലമായ ഹൃദയത്തിനേ ഈ ആശയത്തിൻ്റെ സൗന്ദര്യവും സുഭഗതയും ഉൾക്കൊള്ളാനാവൂ. യുക്തിയും തർക്കവുമല്ല അതിനു വേണ്ടത്. പുതുതായി നട്ടുവളർത്തിയ പൂന്തോപ്പിലെ പ്രഥമ പുഷ്പം തോട്ടക്കാരൻ്റെ അധ്വാനത്തിനുള്ള സ്മരണയാണ്. ലോല വികാരമുള്ള വ്യക്തിയായിരുന്നു അബൂബക്കർ. പ്രവാചകനിലുള്ള വിശ്വാസത്തിനു പുറമെ പ്രവാചക സ്നേഹം കരകവിഞ്ഞൊഴുകുന്ന ഹൃദയത്തിൻ്റെ ഉടമ. തൻ്റെ മകളെ പ്രവാചകൻ വിവാഹം കഴിക്കട്ടെ എന്നദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെ ഇസ് ലാമിക യുഗത്തിൽ പിറന്ന ഒന്നാമത്തെ പെൺകുട്ടിയും പ്രഥമ മുസ് ലിം തലമുറയുടെ മുന്നണി നായികയുമായ ആഇശ പ്രവാചകൻ്റെ ജീവിത പങ്കാളിയായി. ഈ വിവാഹം പ്രവാചകനെയും അദ്ദേഹത്തിൻ്റെ സഹചാരിയും സുഹൃത്തുമായ അബൂബക്കറിനെയും ബന്ധുക്കളാക്കി.അന്നത്തെ ചുറ്റുപാടിൽ രണ്ടു വ്യക്തികളെ കൂട്ടിയിണക്കുന്ന ഏറ്റവും ശക്തമായ പാശം കുടുംബ ബന്ധമാണെന്ന് ബദവീ ഗോത്രവർഗ സാമൂഹ്യ ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.

പ്രവാചകനിലേക്ക് ചെറുപ്പവും സൗന്ദര്യവുമായി കടന്നു വന്ന ഏക വനിത ആഇശ മാത്രം. പക്ഷെ സൗന്ദര്യമായിരുന്നില്ല അവരുടെ ചേർച്ചക്കാധാരം. ന്യായബദ്ധമായ പ്രയോജന പരതയിൽ ഊന്നിയ പ്രതീകാത്മകമായ വിവാഹമായിരുന്നു അവരുടേത്. സാമൂഹികവും രാഷ്ട്രീയവുമായ പ്രയോജന പരതയുടെ ഫലമായിരുന്നു അത് ”

എന്നും ഇരകളുടെയും അരികു വൽകരിക്ക പ്പെട്ടവരുടെയും കൂടെ നിന്ന മുഹമ്മദ് നബി ഒരിക്കലും സുഖലോലുപനായിരുന്നില്ല.

ശരീഅത്തി പറയുന്നു: “റോമിലെയും പേർഷ്യയിലെയും യമൻ, ഗസ്സാൻ, ഹീറ, ഈജിപ്ത് എന്നിവിടങ്ങളിലെയും ആഡംബരക്കൊട്ടാരങ്ങളുമായി മുഹമ്മദി ൻ്റെ “അന്ത:പുരം ” ഒന്ന് താരതമ്യം ചെയ്യൂ. മദീനയുടെ പള്ളിയോടു ചേർന്ന് മൺകട്ടകൾ കൊണ്ട് പടുത്തുയർത്തിയ, ഈന്തപ്പനയോലകൾ മേൽക്കൂര പാകിയ ഏതാനും കുടിലുകളായിരുന്നു അവ. പ്രവാചകൻ്റെ ജീവിതത്തെയും ഗൃഹത്തെയും കുറിച്ച് ആലോചിക്കുമ്പോൾ തൻ്റെ യുവത്വം അമ്പത് വയസ്സുള്ള വിധവയായ ഖദീജയോടൊപ്പം അദ്ദേഹം എങ്ങനെ ചെലവഴിച്ചു എന്നോർക്കുമ്പോൾ, ഉമ്മുസലമയെയും പാവങ്ങളുടെ മാതാവായ സൈനബ് ബിന്തു ഖുസൈമയെയും ഹഫ്സയെയും പോലുള്ള പ്രായാധിക്യത്തിൻ്റെ ക്ഷീണം ബാധിച്ച, കുട്ടികളുള്ള വിധവകൾക്കു വേണ്ടി സ്വയം ഭക്ഷണം കഴിക്കാതെയും ഉള്ളത് ഭാഗിച്ചു കൊടുത്തും അദ്ദേഹം തൻ്റെ ജീവിതം ഹോമിച്ചതിനെക്കുറിച്ചാലോചിക്കുമ്പോൾ, അദ്ദേഹത്തിന് കുറേക്കൂടി നല്ല ജീവിതം നയിക്കാൻ സാധിക്കുമായിരുന്നു എന്നും കുറേക്കൂടി സുന്ദരികളായ സ്ത്രീകളെ വിവാഹം ചെയ്യാൻ കഴിയുമായിരുന്നു എന്നും ഞാൻ സങ്കടപ്പെടാറുണ്ട് ”

എന്നാൽ വസ്തുതകൾ എത്ര ഉറക്കെ പറഞ്ഞാലും ശത്രുക്കൾ അടങ്ങിക്കൊള്ളണമെന്നില്ല. കാരണം അവരുടെ ഉദ്ദേശ്യം പ്രവാചക നിരൂപണമല്ല. പ്രവാചക നിന്ദയാണ്. “ഇസ് ലാം വെറുപ്പ് ” വളർത്തലാണ്.

ശരീഅത്തിയുടെ വാക്കുകൾ: “സ്ത്രീകളോടുള്ള പ്രവാചകൻ്റെ സമീപനത്തെ പറ്റി പലരും ചർച്ച ചെയ്തിട്ടുണ്ട്. ഇനിയുമേറെ ചർച്ചകൾ നടന്നേക്കാം. പക്ഷെ പറഞ്ഞു കഴിഞ്ഞ പലതും എതിരാളികളുടെ ശത്രുതയിൽ നിന്നുടലെടുത്ത പരിഹാസ നിന്ദകളും അതിശയോക്തികളും നുണകളും ദുരാരോപണങ്ങളും ചരിത്ര സത്യങ്ങളുടെ വളച്ചൊടിക്കലുമാണ് “

Related Articles