Current Date

Search
Close this search box.
Search
Close this search box.

സർവ്വനാശത്തിലേക്ക് നയിക്കുന്ന കയ്യേറ്റം

പ്രശസ്ത പാശ്ചാത്യ പണ്ഡിതനും ചിന്തകനുമായ ഗ്രിഗറി ബാറ്റ്സൺ ആധുനിക വിജ്ഞാനശാസ്ത്രം സൃഷ്ടിച്ച ആശങ്കാകുലമായ അവസ്ഥ അനാവരണം ചെയ്തു കൊണ്ട് തൻറെ “സ്റ്റപ്സു ടു ഏൻ എക്കോളജി ഓഫ് മൈൻറ്” എന്ന ഗ്രന്ഥത്തിൽ എഴുതുന്നു “പടിഞ്ഞാറൻ വിജ്ഞാന ശാസ്ത്രത്തിൻറെ പാതകങ്ങളിൽ നിന്ന് ഉയിരെടുത്ത വൻ വിപത്തുകളെ സംബന്ധിച്ച് സമൂഹം ഇപ്പോൾ നല്ലപോലെ ബോധവാന്മാരാണ്. അണു നശീകരണികളിൽ  നിന്നാരംഭിച്ച പരിസര മലിനീകരണവും ആണവദുരന്തവും ഉൾപ്പെടെ  ദക്ഷിണധ്രുവത്തിൽ മഞ്ഞുരുക്കത്തിൻറെ സാധ്യത വളരെ വ്യാപിച്ചു നിൽക്കുന്നു ഈ വിപത്തുകൾ.വ്യക്തികൾക്ക് നേട്ടമുണ്ടാക്കാനുള്ള നമ്മുടെ വിചിത്രമായ നിർബന്ധബുദ്ധി സമീപ ഭാവിയിൽതന്നെ ലോകവ്യാപകമായ വരൾച്ച ഉണ്ടാക്കാനുള്ള സാധ്യത വരുത്തി വെച്ചിരിക്കുന്നു. മനുഷ്യനും അവൻറെ പരിസ്ഥിതിക്കും നേരെയുള്ള അതിശക്തമായ ഭീഷണികൾ നമ്മുടെതന്നെ ചിന്താരീതികളിലെ അബദ്ധങ്ങളുടെ അനന്തരഫലമാണെന്ന് ഞാൻ വിശ്വസിക്കുന്നു.”

മനുഷ്യൻ ഇന്ന് വളരെയേറെ നിസ്സഹായനാണ്.ശ്വസിക്കാൻ ശുദ്ധവായു ഇല്ല. കുടിക്കാൻ നിർമ്മലമായ വെള്ളമില്ല. കിടക്കാൻ ശാന്തമായ ഇടമില്ല. സ്വൈര്യമായി ഇറങ്ങാൻ സ്വസ്ഥമായ മനസ്സുമില്ല. വായുവിലും വെള്ളത്തിലും വിഷം. വിണ്ണിലും മണ്ണിലും മാലിന്യം. കടലിലും കരയിലും കുഴപ്പം. എങ്ങും അസഹ്യമായ അലർച്ച. വാഹനങ്ങളുടെ ഇരമ്പലുകൾ. യന്ത്രങ്ങളുടെ ഗർജ്ജനങ്ങൾ.

നാം കാടുകൾ വെട്ടിത്തെളിയിച്ചു. അതോടെ വായു ശുദ്ധീകരണം വരുത്തുന്ന വൃക്ഷങ്ങൾ അപ്രത്യക്ഷമായി. അതിനാൽ ഭൂമിയിന്ന് വിഷമയം. ഫലമോ മനുഷ്യരൊക്കെയും മാറാ രോഗികൾ. മരം വെട്ട് വ്യാപകമായ മണ്ണൊലിപ്പിന് കാരണമായി. അത് ഭൂമിയുടെ താളം തെറ്റിച്ചു. അന്തരീക്ഷത്തിൻറെ അവസ്ഥ മാറി. ജീവിതം ദുസ്സഹമായി. ഭാവിയോ കൂടുതൽ ഭയാനകവും. ആലോചിക്കുന്നവരൊക്കെയും അശുഭ ചിന്തയിലാണ്ടു പോകുന്നു. അതിഗുരുതരമായ ആപത്തുകളെ സംബന്ധിച്ച ആശങ്കക്കടിപ്പെടുന്നു. സൂര്യതാപം തണുപ്പിക്കുന്ന ഓസോൺ പടലം പാടെ പൊളിഞ്ഞില്ലാതാവുമെന്ന പേടിയിന്ന് പലരെയും പിടി കൂടിയിരിക്കുന്നു. അങ്ങനെ സംഭവിച്ചാൽ ഭൂമിയിലെ പച്ചപ്പുകൾ പഴങ്കഥയാകും. അത് പറയാൻ പിന്നെയിവിടെ ആരും ഇല്ലാതാവുകയും ചെയ്യും.

ഈ വൻ വിപത്തുകൾക്കെല്ലാം വഴിവെക്കുന്നത് മനുഷ്യൻറെ അതിരുകളില്ലാത്ത ആർത്തിയും സ്വാർത്ഥതയുമാണ്. അറ്റമില്ലാത്ത ഭോഗാസക്തിയും. സ്വന്തം ജീവിതം സുഖകരമാക്കാൻ അവൻ ആവുന്നതൊക്കെ ചെയ്തു. വിഭവ വർദ്ധനവിനു വേണ്ടിയുള്ള  തീവ്ര യത്നത്തിനിടയിൽ വരും തലമുറയ്ക്ക് വന്നേക്കാവുന്ന ആപത്തുകളെക്കുറിച്ച് ആലോചിച്ചതേയില്ല. തങ്ങളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന കാര്യം ആരും പരിഗണിച്ചില്ല. സമകാലികരെ വിസ്മരിക്കുന്നവരുന്നുണ്ടോ പിന്മുറക്കാരെ ഓർക്കുന്നു! മലിന ജലം പ്രവഹിക്കുകയും വിഷപ്പുക വമിക്കുകയും ചെയ്യുന്ന വൻ  വ്യവസായങ്ങൾ സ്ഥാപിക്കുമ്പോഴും  ലാഭക്കൊതിയാൽ മരങ്ങൾ വെട്ടി നശിപ്പിക്കുമ്പോഴും  സംഭവിക്കുന്നതും അതു തന്നെ.

മതം അനന്തമായ ഭാവിയെക്കുറിച്ച് സംസാരിക്കുന്നു. അതിൻറെ മുഖ്യമായ ഊന്നൽ മരണശേഷമുള്ള മറു ലോകത്തിലാണല്ലോ. ഭാവിയുടെ ഭാസുരതക്കായി വർത്തമാനത്തിലെ വിപത്തുകൾ അവഗണിക്കാൻ അതാവശ്യപ്പെടുന്നു. നാളെയുടെ സുഖത്തിന് അനിവാര്യമെങ്കിൽ ഇന്നിൻറെ ആയാസങ്ങളെ അലോസരമില്ലാതെ അഭിമുഖീകരിക്കാൻ മതം  ശീലിപ്പിക്കുന്നു. എന്നാൽ ഭൗതികതയുടെ ഊന്നലൊക്കെയും ഇന്നിലാണ്. ഭാവിയെ സംബന്ധിച്ച ചിന്ത വർത്തമാനകാലത്തെ വാരിപ്പുണരുന്നതിന് വിഘാതമാവരുതെന്ന് അതിന് നിർബന്ധമുണ്ട്.ഗ്രിഗറി സൂചിപ്പിച്ചപോലെ പോലെ അത്തരമൊരു ചിന്തയ്ക്ക് മാനവസമൂഹം അടിപ്പെട്ടതിൻറെ അനിവാര്യമായ അനന്തരഫലമാണ് ലോകത്തെയാസകലം ആവരണം ചെയ്ത സമൂല നാശത്തെ സംബന്ധിച്ച ആശങ്ക. മാനവിക മൂല്യങ്ങൾ മുറുകെപ്പിടിച്ച് മോഹങ്ങളെ മെരുക്കിയെടുക്കുകയും ഇഛകളെ നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ പ്രകൃതിയുടെ സന്തുലിതത്വവും ഭൂമിയുടെ സുരക്ഷിതത്വവും ഉറപ്പു വരുത്താനാവുകയുള്ളൂ. അതിൻറെ അഭാവത്തിൽ ഭൂമിയുടെ ചരമത്തെയും അന്തരീക്ഷ മലിനീകരണത്തെയും സംബന്ധിച്ച സകല വിലാപങ്ങളും വേവലാതികളും വിഫലമാവുകയേയുള്ളൂ.

Related Articles