Current Date

Search
Close this search box.
Search
Close this search box.

താരാരാധനയിലെ തൗഹീദും ശിർക്കും

“ചോദിക്കുക, അല്ലാഹു തന്റെ അടിമകൾക്കു വേണ്ടി സജ്ജമാക്കിയ അവന്റെ അലങ്കാര വസ്തുക്കളും ഉത്തമ വിഭവങ്ങളും നിഷിദ്ധമാക്കുന്നത് ആര്? പറയുക: ഐഹിക ജീവിതത്തിൽ അവ വിശ്വാസികൾക്കുള്ളതാണ്. ഉയിർത്തെഴുന്നേൽപ്പു നാളിൽ അവർക്കു മാത്രവും. അറിയുന്ന ആളുകൾക്ക് നാമിങ്ങനെ കാര്യങ്ങൾ വിശദീകരിക്കുന്നു. പറയുക: പ്രത്യക്ഷവും പരോക്ഷവുമായ നീച വൃത്തികൾ, കുറ്റകൃത്യങ്ങൾ, അന്യായമായ അതിക്രമം, യാതൊരു നീതീകരണവുമില്ലാതെ അല്ലാഹുവിൽ പങ്കു ചേർക്കൽ, അറിവില്ലാത്ത കാര്യങ്ങൾ അവന്റെ മേൽ ആരോപിക്കൽ ഇവ മാത്രമാണ് എന്റെ നാഥൻ നിരോധിച്ചത് ” (അൽ അഅറാഫ്: 32-33)

സമഗ്ര ജീവിത പദ്ധതി എന്ന നിലയിൽ ഇസ് ലാം കലയും സാഹിത്യവും സ്പോട്സുമെല്ലാം അനുവദിച്ചിരിക്കുന്നു.
അതുകൊണ്ടു തന്നെ ഉപര്യുക്ത മേഖലകളിൽ വിഹരിക്കുന്ന യുവാക്കളെ അടച്ചാക്ഷേപിക്കുക വയ്യ. ( ഈരംഗങ്ങളിലെല്ലാം ഇസ് ലാമിക ബദൽ സമർപ്പിക്കുന്നവരുടെ ചലനങ്ങളെയാവട്ടെ ആരോഗ്യകരമായ നിലയിൽ പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട് )

അതേയവസരം ഇവ്വിധ വിനോദങ്ങളിലെ അമിതത്വവും അതിരുകവിയലും ഇസ് ലാം അനുവദിക്കുന്നില്ല. അല്ലാഹു പറയുന്നു:

“നന്നായി അറിഞ്ഞു കൊള്ളുക! ഈ ഭൗതിക ജീവിതം കേവലം കളിയും വിനോദവും ബാഹ്യമോടിയും തമ്മിൽ തമ്മിലുള്ള പൊങ്ങച്ച പ്രകടനങ്ങളും സമ്പത്തിലും സന്തതികളിലും പരസ്പരം മികച്ചു നിൽക്കാനുള്ള ത്വരയുമല്ലാതെ മറ്റൊന്നുമല്ല..ഭൗതിക ജീവിതമോ, ഒരു ചതിച്ചരക്കുമാത്രം! ” (അൽ ഹദീദ് : 20)

ഇപ്പറഞ്ഞ അതിരടയാളങ്ങൾ സൂക്ഷിച്ചു വേണം നമ്മുടെ കലയും സാഹിത്യവും സ്പോട്സും രൂപപ്പെടാൻ. ഇസ് ലാമും ജാഹിലിയ്യത്തും തമ്മിലുള്ള അതിർവരമ്പുകൾ (ഹു ദൂദുല്ലാഹ്) പാലിക്കാൻ ഖുർആനും സുന്നത്തും പേർത്തും പേർത്തും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഒരു കാര്യത്തോടുള്ള തീവ്രമായ ഭ്രമം അതിനെ അന്ധമായി അനുസരിക്കാൻ പ്രേരിപ്പിക്കുന്നു. ആ അർത്ഥത്തിൽ ചിന്തിച്ചാൽ ഇപ്പോൾ ഫുട്ബോൾ പലർക്കും ഒരു കളി എന്ന നിലവിട്ട് അവരുടെ “ഇലാഹും” “ദീനും” തന്നെ ആയിരിക്കുന്നു!!

വിശുദ്ധ ഖുർആൻ കാണുക: “ചില ജനം അല്ലാഹു അല്ലാത്ത ചിലരെ അവന്റെ സമന്മാരായി സങ്കൽപ്പിക്കുന്നു. അല്ലാഹുവിനെ സ്നേഹിക്കേണ്ടതുപോലെ അവരെ സ്നേഹിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളാവട്ടെ സർവ്വോപരി അല്ലാഹുവിനെയാണ് സ്നേഹിക്കുന്നത് ” (അൽബഖറ : 165)

ഈ സൂക്തം വിശദീകരിച്ചു കൊണ്ട് സയ്യിദ് മൗദൂദി എഴുതുന്നു: “അല്ലാഹുവിന്റെ പ്രീതി മറ്റുള്ളവരുടെ പ്രീതിയെ കവിഞ്ഞു നിൽക്കണം. അല്ലാഹുവിനോടുള്ള പ്രേമത്തിന്റെ പേരിൽ ബലിയർപ്പിക്കാൻ സാധ്യമല്ലാത്ത വിധം യാതൊന്നിനോടുമുള്ള പ്രേമം ഹൃദയത്തിൽ സ്ഥലം പിടിക്കരുത് – ഇതത്രെ ഈമാനിന്റെ താല്പര്യം” (തഫ്ഹീം )

അറിയന്ത്രിതമായ ജഡികമോഹങ്ങളെക്കൂടി പരാമർശിക്കേണ്ടതുണ്ട് : “ദേഹേച്ഛയെ ദൈവമാക്കിയ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ?” എന്ന അൽ ഫുർഖാൻ, സൂക്തം: 43 ന് ഇമാം ശൗക്കാനി നൽകിയ വ്യാഖ്യാനം ഇങ്ങനെ: “അതായത് അല്ലാഹുവിനെ അനുസരിക്കുന്നതു പോലെ തന്റെ ഇച്ഛയെ അവൻ അനുസരിച്ചു!” (ഫത്ഹുൽ ഖദീർ )

വാൽക്കഷണം: സൂര്യൻ, ചന്ദ്രൻ, നക്ഷത്രം, പുരോഹിതൻ, പ്രേമഭാജനം, സമ്പത്ത്, സ്ഥാനമാനങ്ങൾ, സിനിമാ സ്പോർട്സ് താരങ്ങൾ… എന്നിങ്ങനെ ഒന്നിനോടും ദിവ്യത്വത്തോളം ഉയരുന്ന വിധേയത്വം കാട്ടരുത്. അപ്പോൾ തൗഹീദും ശിർക്കും കടന്നുവരും. അതേയവസരം പരിധി വിടാത്ത രീതിയിൽ മാന്യമായ എല്ലാ വിനോദങ്ങളും ഇസ് ലാം അനുവദിച്ചിട്ടുണ്ട്. പരിധി ലംഘനമാവട്ടെ ആരാധനകളിൽപ്പോലും ഇസ് ലാം അനുവദിച്ചിട്ടുമില്ല. മനോഹരമായ “മധ്യമാവസ്ഥ” – വസത്വിയത് – ആണ് ദീനിന്റെ കാതൽ. (കൂടുതൽ അറിയാൻ: ശൈഖ് യൂസുഫുൽ ഖറദാവിയുടെ വിധിവിലക്കുകൾ, ഇസ് ലാമും കലയും എന്നീ ഗ്രന്ഥങ്ങൾ വായിക്കാം. ഐ.പി.എച്ച്)

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles