Current Date

Search
Close this search box.
Search
Close this search box.

പാട്ടും സംഗീതവും പ്രവാചക സന്നിധിയിൽ

പാട്ടും സംഗീതവും നിരുപാധികം ഹറാമല്ല എന്ന് പറയുന്നവർ അത് വെറുതെ പറയുന്നതല്ല, പ്രത്യുത അങ്ങനെ പറയാൻ പ്രമാണങ്ങൾ അനുവദിക്കാത്തതു കൊണ്ടാണ്. സാക്ഷാൽ നബി (സ) യുടെ വീട്ടിൽ പോലും അതും അവിടുത്തെ തിരുസാന്നിദ്ധ്യത്തിൽ തന്നെ പാട്ടും ദഫ്ഫു മൊക്കെ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും പക്ഷെ അവിടുന്ന് അത് തടഞ്ഞില്ലെന്നു മാത്രമല്ല തടയാൻ തുനിഞ്ഞവരെ തടയുകയാണുണ്ടായത്. മാത്രമല്ല ദഫ്ഫു മുട്ടിയുള്ള ഗാനം തുടരാൻ അവസരം നൽകുകയുമാണുണ്ടായത്. ഇതാ ഒരു തെളിവ്:

അബൂൽ ഹുസൈൻ (അൽ മദനി) നിവേദനം ചെയ്യുന്നു: ആശൂറാ ദിവസം ഞങ്ങൾ മദീനയിലായിരുന്നു. ദാസിമാർ ദഫ്ഫു മുട്ടി പാട്ടു പാടിക്കൊണ്ടിരിക്കുന്നുമുണ്ട്, അങ്ങനെ മുഅവ്വദിന്റെ മകൾ റുബയ്യിഇന്റെയടുത്ത് ചെന്നു കൊണ്ട് ഞങ്ങൾ ഈ വിവരം പറഞ്ഞു. അപ്പോൾ റുബയ്യിഅ് പറഞ്ഞു: എന്റെ കല്ല്യാണദിവസം രാവിലെ അല്ലാഹുവിന്റെ റസൂൽ (സ) എന്റെയടുത്ത് വരികയുണ്ടായി, അന്നേരം എന്റെയടുത്ത് രണ്ട് ദാസിമാർ പാട്ടു പാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവർ പലതും ചൊല്ലിയിരുന്ന കൂട്ടത്തിൽ ഇങ്ങനെയും ഉണ്ടായിരുന്നു: ” ഞങ്ങളുടെ കൂട്ടത്തിൽ നാളെ എന്ത് സംഭവിക്കുമെന്ന് അറിയുന്ന ഒരു പ്രവാചകൻ ഉണ്ട് “. ഇത് കേട്ട തിരുനബി ഇങ്ങനെ പറഞ്ഞു: ഈ ചൊല്ലിയതുണ്ടല്ലോ, അത് നിങ്ങൾ ചൊല്ലരുത്, നാളെ എന്ത് സംഭവിക്കുമെന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയില്ല. (ഇബ്നുമാജ: 1898).

عَنْ أَبِي الْحُسَيْنِ اسْمُهُ: الْمَدَنِيُّ، قَالَ: كُنَّا بِالْمَدِينَةِ يَوْمَ عَاشُورَاءَ، وَالْجَوَارِي يَضْرِبْنَ بِالدَّفِّ وَيَتَغَنَّيْنَ، فَدَخَلْنَا عَلَى الرُّبَيِّعِ بِنْتِ مُعَوِّذٍ، فَذَكَرْنَا ذَلِكَ لَهَا، فَقَالَتْ: دَخَلَ عَلَيَّ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ صَبِيحَةَ عُرْسِي، وَعِنْدِي جَارِيَتَانِ يَتَغَنَّيَانِ، وَتَنْدُبَانِ آبَائِي الَّذِينَ قُتِلُوا يَوْمَ بَدْرٍ، وَتَقُولاَنِ فِيمَا تَقُولاَنِ: وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدِ، فَقَالَ: « أَمَّا هَذَا فَلاَ تَقُولُوهُ، مَا يَعْلَمُ مَا فِي غَدٍ إِلاَّ اللَّهُ ».- رَوَاهُ ابْنُ مَاجَةْ: 1897، بَابُ الْغِنَاءِ وَالدَّفِّ، وَصَحَّحَهُ الأَلْبَانِيُّ.
ഇമാം ഇബ്നുമാജ ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത്‌ ‘ബാബുൽ ഗിനാഅ് അഥവാ, സംഗീതത്തെ/പാട്ടിനെ കുറിച്ച് പറയുന്ന അധ്യായത്തിലാണ്; കവിതയെ കുറിച്ച് പറയുന്നേടത്തല്ല. ‘കവിത അനുവദനീയമാണ്, സംഗീതം നിഷിദ്ധവും’ എന്ന വാദം ഇവിടെയും പൊളിയുന്നു. ഇബ്നുമാജക്ക് പുറമേ ബുഖാരിയും അഹ്‌മദും ഇതുദ്ധരിച്ചിട്ടുണ്ട്. ‘നികാഹിന്റെ സന്ദർഭത്തിലും സദ്യയുടെ വേളയിലും ദഫ്ഫ് മുട്ടൽ’ എന്ന അധ്യായത്തിലാണ് ബുഖാരി ഈ സംഭവം ഉദ്ധരിക്കുന്നത്.

നബി(സ)യുടെ കാലഘട്ടത്തിൽ പെൺകുട്ടികൾ അല്ലെങ്കിൽ അടിമസ്ത്രീകൾ സംഗീതോപകരണങ്ങളുടെ കൂട്ടത്തിൽ അക്കാലത്ത് വ്യാപകമായിരുന്ന ദഫ്ഫ് മുട്ടി പ്രവാചക സാന്നിധ്യത്തിലും അല്ലാതെയും പാട്ട് പാടിയിരുന്നു എന്നും അത് പെരുന്നാളിന്റെ സന്ദർഭത്തിലോ വിവാഹ വേളയിലോ പരിമിതമായിരുന്നില്ല എന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. അതുപോലെ, ദഫ്ഫും പാട്ടും പ്രവാചകനും സ്വഹാബത്തും കണ്ടും കേട്ടും ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. സംഗീതോപകരണങ്ങളുടെ ഉപയോഗവും ശബ്ദം ശ്രവിക്കലും നിഷിദ്ധമായിരുന്നെങ്കിൽ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു.

Related Articles