Current Date

Search
Close this search box.
Search
Close this search box.

ആരും കാണാതെ പോവുന്ന ശഅ്ബാനിലെ നന്മകൾ

ഉസാമ ബിൻ സൈദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ നബി തങ്ങളോട് ‘ശഅ്ബാനിലേതു പോലെ മറ്റേതു മാസവും അങ്ങ് നോമ്പനുഷ്ഠിക്കുന്നത് ഞാൻ കണ്ടില്ലല്ലോ’ എന്ന് ഞാൻ തിരക്കിയപ്പോൾ നബി തങ്ങളുടെ മറുപടി ‘റജബിന്റെയും റമദാനിന്റെയുമിടയിൽ ജനങ്ങൾ ശ്രദ്ധിക്കാതെ പോവുന്ന മാസമാണത്. അല്ലാഹുവിങ്കലേക്ക് നമ്മുടെ കർമങ്ങൾ ഉയർത്തപ്പെടുന്ന മാസവുമാണത്. ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമങ്ങൾ ഉയർത്തപ്പെടാൻ ഞാനാഗ്രഹിക്കുന്നു’ എന്നായിരുന്നു.(അഹ്‌മദ്, നസാഈ).

ഇത്തരത്തിൽ നബി തങ്ങളുടെ ഓരോ ചലനനിശ്ചലനങ്ങളും സ്വഹാബികൾ സാകൂതം വീക്ഷിക്കുകയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു.

ഉസാമ(റ)യുടെ ഉപര്യുക്ത ഹദീസിനെ വിശദീകരിക്കുന്ന ആഇശാ ബീവിയുടെ മറ്റൊരു ഹദീസ് കാണാം. നോമ്പ് തുറക്കാറേയില്ല എന്ന് പറയിക്കും വിധത്തിൽ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കാറേയില്ല എന്ന് പറയിക്കും വിധത്തിൽ ഇഫ്ത്വാർ നിർവഹിക്കുകയും ചെയ്യാറുണ്ടായിരുന്നു നബി തങ്ങൾ. റമദാനൊഴികെ മറ്റൊരു മാസത്തിലും എല്ലാ ദിവസങ്ങളിലും നബി തങ്ങൾ നോമ്പനുഷ്ഠിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ശഅ്ബാനിലേതു പോലെ മറ്റൊരു മാസവും നോമ്പനുഷ്ഠിക്കുന്നതും കണ്ടില്ല.

ഹദീസിൽ പരാമർശിക്കപ്പെട്ട, ശഅ്ബാൻ മാസത്തിൽ ഉയർത്തപ്പെടുന്ന അമലുകൾ ഒരു വർഷത്തിലെ മുഴുവൻ അമലുകളാണെന്ന് പണ്ഡിതാഭിപ്രായം കാണാം. കാരണം, രാത്രിയിലെ അമലുകൾ പകലിന് മുമ്പായും പകലിലെ അമലുകൾ രാത്രിക്ക് മുമ്പായും ഉയർത്തപ്പെടുമെന്ന് അബൂ മൂസൽ അശ്അരി റിപ്പോർട്ട് ചെയ്ത ഹദീസുണ്ട്. ആഴ്ചയിലെ അമലുകൾ തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് ഉയർത്തപ്പെടുകയെന്നും ഹദീസുകളിൽ കാണാം. ഓരോന്നിനും പിന്നിൽ അല്ലാഹു മാത്രമറിയുന്ന ഗൂഢമായ ഹിക്മത്തുകളും ഉണ്ടാവാം.

ശഅ്ബാൻ മാസം നോമ്പ് കൂടുതലായി നോൽക്കപ്പെടേണ്ട മാസമാണെന്ന് ഹദീസിൽ കാണാം. ഇബ്‌നു റജബിൽ ഹമ്പലി ‘ലത്വാഇഫുൽ മആരിഫ്’ എന്ന ഗ്രന്ഥത്തിൽ പറയുന്നു:’ഉപര്യുക്ത ഹദീസിന് ഒരുപാട് അർഥങ്ങളുണ്ട്. യുദ്ധം ഹറാമാക്കപ്പെട്ട, പവിത്രമാക്കപ്പെട്ട റജബ് മാസവും നോമ്പിന്റെ തന്നെ മാസമായ റമദാൻ മാസവും ഒരുമിച്ചു വന്നപ്പോൾ ജനങ്ങൾ കൂടുതലായി അതുമായി ബന്ധപ്പെടുകയും ശഅ്ബാൻ അത്രമേൽ പരിഗണിക്കപ്പെടാതെ പോവുകയും ചെയ്തു. യുദ്ധം ഹറാമാക്കപ്പെട്ട മാസമായതിനാൽ റജബിലെ നോമ്പിനാണ് ശഅ്ബാനിനെക്കാൾ പവിത്രതയെന്നാണ് പലരും കരുതുന്നത്. പക്ഷെ, വസ്തുത അതല്ല.’

ജനങ്ങൾ അശ്രദ്ധയിലായി ചെലവഴിക്കുന്ന നിമിഷങ്ങൾ സൽകർമങ്ങൾ കൊണ്ട് സജീവമാക്കണമെന്ന വ്യക്തമായ സന്ദേശം ഈ ഹദീസിലുണ്ട്. അശ്രദ്ധയുടെ സമയമായതിനാൽ മഗ്രിബിനും ഇശാഇനുമിടയിലുള്ള സമയം നിസ്‌കാരം കൊണ്ട് സജീവമാക്കാൻ മുൻഗാമികൾ നിർദേശിച്ചതുപോലെ, അശ്രദ്ധയുടെ കേന്ദ്രമായ അങ്ങാടികളിൽ വെച്ച് ദിക്‌റ് ചൊല്ലൽ മഹത്തരമായതുപോലെ ഇത്തരം സമയങ്ങളെ സദ്കർമങ്ങൾ കൊണ്ട് സജീവമാക്കുന്നതിന് ചെറുതല്ലാത്ത പുണ്യമാണുള്ളത്. നോമ്പായതിനാൽ രഹസ്യമായി ചെയ്തതിനുള്ള പ്രത്യേക പ്രതിഫലവും ലഭിക്കും. മുൻഗാമികളിൽ ചിലർ വർഷത്തിലുടനീളം എണ്ണമറ്റ നോമ്പുകളനുഷ്ഠിച്ചിരുന്നു. അങ്ങാടിയിലേക്ക് തിന്നാനെന്ന ഭാവേന കയ്യിൽ റൊട്ടിയുമായി പോവുകയും അത് സ്വദഖ ചെയ്തശേഷം നോമ്പനുഷ്ഠിച്ച് വീട്ടിലേക്ക് വരികയും ചെയ്യുമായിരുന്നു അവർ. നോമ്പുകാരനായാൽ എണ്ണയിടൽ സുന്നത്താണെന്ന് ഇബ്‌നു മസ്ഊദി(റ)ന്റെ ഹദീസുദ്ധരിച്ച് ഖതാദ എന്നവർ പറയുന്നു.

അവലംബം- islamonline.net

Related Articles