Vazhivilakk

ഹാജിമാരോട് ഒരഭ്യര്‍ത്ഥന

പരിശുദ്ധ ഹജ്ജ് കര്‍മം എല്ലാവരുടേതുമാണ്. അതിന് വിശാലമായ മാനവിക മുഖമുണ്ട്. അതിന്റെ പ്രയോജനങ്ങള്‍ സകല മനുഷ്യര്‍ക്കുമുള്ളതാണ്. ലോക ജനത അനുഭവിക്കുന്ന പ്രശ്ന സങ്കീര്‍ണതകളും ദുരിതങ്ങളും ഹാജിമാരുടെ പ്രാര്‍ത്ഥനാ വിഷയമാണ്. ഉള്‍കരുത്താര്‍ന്ന, വിശാല മാനവികതയിലൂന്നിയ, ആഗോളതലത്തിലുള്ള ഉദ്ഗ്രഥനമാണ് ഹജ്ജിലൂടെ ഉണ്ടായിത്തീരുന്നത്. ദേശീയത, വംശീയത, വര്‍ഗീയത ഉള്‍പ്പടെ എല്ലാവിധ സങ്കുചിത വീക്ഷണങ്ങളെയും വിപാടനം ചെയ്യുന്ന സംസ്‌കരണ പ്രക്രിയയാണ് ഹജ്ജിലൂടെ നടക്കുന്നത്.

കഴിഞ്ഞ കൊല്ലം ഹജ്ജ് സീസണിലായിരുന്നു കേരളത്തില്‍ പ്രളയം ഉണ്ടായത്. തദവസരത്തില്‍ ഹാജിമാര്‍ ഹജ്ജ് വേളയില്‍ ദുരിതത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ പ്രത്യേകം ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ അയച്ചുകൊടുക്കുകയും ചെയ്തു. മക്കയിലും മദീനയിലും അത്യാവശ്യ ചെലവുകള്‍ക്കായി കരുതിവെച്ച കാശില്‍നിന്നാണ് ഹാജിമാര്‍ ഇങ്ങനെ ചെയ്തത്. സര്‍ക്കാര്‍ നിധിയിലേക്ക് മാത്രമല്ല മറ്റ് സന്നദ്ധ സംഘടനകള്‍ നടത്തുന്ന നിധിയിലേക്കും ഹാജിമാര്‍ സംഭാവനകള്‍ അയച്ചിരുന്നു.

ഇപ്പോള്‍ നമ്മുടെ നാട് കൊടിയ വരള്‍ച്ചയുടെ പേടിയിലാണ്. മനുഷ്യരും കന്നുകാലികളും ഉള്‍പ്പടെ എല്ലാറ്റിനെയും ബാധിക്കുന്ന മഹാദുരിതത്തില്‍ നിന്ന് സകലര്‍ക്കും രക്ഷ കിട്ടാനായി സര്‍വ്വശക്തനായ അല്ലാഹുവിനോട് ഉള്ളുരുകി പ്രാര്‍ഥിക്കാന്‍ എല്ലാ ഹാജിമാരോടും അഭ്യര്‍ത്ഥിക്കുകയാണ്. നാട്ടില്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനകളിലും മറ്റും ഇക്കാര്യത്തില്‍ പ്രാര്‍ഥനകള്‍ നടക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തില്‍ നാം നേരിടുന്ന തിരിച്ചടികള്‍ നമുക്ക് നല്ലതായ തിരിച്ചറിവുകളുണ്ടാകാനും ഫലപ്രദമായ തിരുത്തുകള്‍ നടത്താനും പ്രേരണയാകേണ്ടതുണ്ട്. കേവല ഭൗതികമായ ആസൂത്രണങ്ങള്‍കൊണ്ട് എല്ലാം നടക്കില്ല. എല്ലാറ്റിനുമുപരി ജഗന്നിയന്താവായ ഏകമഹാശക്തിയോട് താഴ്മയോടെ കേഴുക തന്നെ വേണം.

സംഭവങ്ങള്‍ക്കും സംഗതികള്‍ക്കും ഭൗതിക വ്യാഖ്യാനം മാത്രം നല്‍കി മതിയാക്കരുത്. ദൈവനിഷേധവും ദൈവധിക്കാരവും അതില്‍ നിന്നുല്‍ഭൂതമാകുന്ന അധാര്‍മികതകളും അനര്‍ഥ ഹേതുകങ്ങളാണ്. മനുഷ്യസ്നേഹം ദൈവവിശ്വാസത്തിന്റെ തേട്ടമാണ്. സൃഷ്ടി നിരീക്ഷണത്തിലൂടെ സ്രഷ്ടാവിനെ തിരിച്ചറിയുന്ന മനുഷ്യന്‍ സൃഷ്ടി സേവയിലൂടെയാണ് സ്രഷ്ടാവിനെ പ്രാപിക്കേണ്ടത്. ഇത് ഹജ്ജിന്റെ പൊരുളുകളില്‍ പെട്ടതാണ്. അകയാല്‍ പ്രിയപ്പെട്ട ഹാജിമാര്‍ വരള്‍ച്ചയുടെ കെടുതികളില്‍നിന്ന് നാട്ടിനെ രക്ഷിക്കാനായി പ്രത്യേകം പ്രാര്‍ഥിക്കണമെന്ന് ഒരിക്കല്‍കൂടി വിനയപൂര്‍വം അപേക്ഷിക്കുകയാണ്.

( സംസ്ഥാന ഹജ്ജ് കമ്മിറ്റി മുന്‍ മെമ്പര്‍ ആണ് ലേഖകന്‍)

Facebook Comments
Related Articles

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ അംഗവുമാണ് പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി. 1956 ഏപ്രില്‍ 14 ന് വി.സി. അഹ്മദ് കുട്ടി  പി.പി. റാബിയ ദമ്പതികളുടെ മകനായി കറാച്ചിയില്‍ ജനിച്ചു.

 

Close
Close