Current Date

Search
Close this search box.
Search
Close this search box.

മതന്യൂനപക്ഷങ്ങൾ: ഇന്ത്യയിലും മുസ്ലിം നാടുകളിലും

മതേതര ഇന്ത്യയിൽ മുസ്‌ലിംകൾ അനുഭവിക്കുന്നതിനേക്കാൾ സ്വാതന്ത്ര്യവും സുരക്ഷയും അവകാശങ്ങളും മുസ്ലിം നാടുകളിലെ സഹോദര സമുദായങ്ങൾ അനുഭവിച്ചു പോന്നിട്ടുണ്ട്.

ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടനയായി പരിഗണിക്കപ്പെടുന്ന, പ്രവാചകൻ മദീനാ നിവാസികൾക്ക് എഴുതിക്കൊടുത്ത കരാർ പത്രിക ഡോക്ടർ മുഹമ്മദ് ഹമീദുല്ല ആധുനിക ഭരണഘടനാ രൂപത്തിൽ ഖണ്ഡികകളായി തിരിച്ചിട്ടുണ്ട്. ആകെയുള്ള 52 ഖണ്ഡികകളിൽ 27 ഉം മുസ്‌ലിംകളില്ലാത്ത ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും അധികാരങ്ങളും ബാധ്യതകളും വിവരിക്കുന്നവയാണ്.
അവർ ഇസ്ലാമിക രാഷ്ട്രത്തിൽ തുല്യ പൗരന്മാരായാണ് പരിഗണിക്കപ്പെട്ടു പോന്നത്. അവർക്ക് സമ്പൂർണ്ണ മതസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു. ഇന്ത്യയിൽ മുസ്ലിം വ്യക്തി നിയമം നിരന്തരം ഭീഷണികൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ. ഇതിനകം അവയിൽ പലതും മാറ്റിമറിച്ചു. എന്നാൽ ഇസ്ലാമിക രാഷ്ട്രത്തിൽ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങൾ ഇന്നോളം പൂർണ്ണമായും സംരക്ഷിക്കപ്പെട്ടു പോന്നിട്ടുണ്ട്. ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്.

ഇസ്ലാമിക രാഷ്ട്രത്തിൽ സഹോദര സമുദായങ്ങളിൽ ആരെങ്കിലും പീഡിപ്പിക്കപ്പെടുകയോ ആരുടെയെങ്കിലും അവകാശങ്ങൾ നിഷേധിക്കപ്പെടുകയോ ചെയ്താൽ മരണശേഷം മറു ലോകത്ത് അയാൾക്കുവേണ്ടി താൻ സാക്ഷി നിൽക്കുമെന്ന് പ്രവാചകൻ പറയുകയുണ്ടായി. അതോടൊപ്പം പ്രവാചകൻ എത്യോപ്യയിൽ തൻറെ സ്ഥാനപതിയായി നിശ്ചയിച്ചത് മുസ്ലിമല്ലാത്ത അംറ്ബ്നുഉമയ്യ:ദരിയ്യയെയാണ്.(താരീഖു ദഅവതിൽഇസ്ലാമിയ്യ: ഫിൽഹിന്ദ്:മസ്ഊദ് ആലം നദ്‌വി) പ്രവാചകൻറെ രണ്ടാം ഉത്തരാ ധികാരി ഖലീഫാ ഉമറുൽ ഫാറൂഖ് തൻറെ ചീഫ് അക്കൗണ്ടൻറായി നിശ്ചയിച്ചത് ഒരു ഗ്രീക്ക് ക്രിസ്ത്യാനിയെയാണ്. ദമാസ്കസിലെ സെയിൻറ് ജോണിൻറെ അച്ഛനായിരുന്നു ഖലീഫാ അബ്ദുൽ മലികിൻറെ കൗൺസിവർമാരിലൊരാൾ. ഖലീഫ മുഅതസിമിൻറെ സ്റ്റേറ്റ് സെക്രട്ടറി സൽമൂയ എന്ന് കൈസ്തവ സഹോദരനായിരുന്നു. ഖലീഫാ മുഅതദിദിൻറെ കാലത്ത് അംബാറിലെ ഗവർണർ ക്രിസ്ത്യാനിയായ ഉമറുബ്നു യൂസുഫായിരുന്നു.

മദീനയിലെ ബൈത്തുൽ മിദ്റാസ് എന്ന ജൂത സെമിനാരിയുമായി ബന്ധപ്പെട്ടു കൊണ്ടായിരുന്നു പ്രവാചകൻ അവരുടെ വ്യക്തിനിയമ സംബന്ധിയായ കേസുകൾ കൈകാര്യം ചെയ്യുകയും വിധിതീർപ്പ് കൽപിക്കുകയും ചെയ്തിരുന്നത്. മദ്യനിരോധം പോലും മുസ്ലിംകളല്ലാത്തവരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും പൊതുജനങ്ങൾക്കത് ശല്യമാകാത്തിടത്തോളം കാലം അതനുവദിക്കണമെന്നും പല പൂർവ്വകാല പണ്ഡിതൻമാരും ഊന്നിപ്പറഞ്ഞിട്ടുണ്ട്.

ഇന്നും മുസ്ലിം നാടുകളിൽ അവിടങ്ങളിലെ മതന്യൂനപക്ഷങ്ങൾ വ്യക്തി നിയമങ്ങളിലുൾപ്പെടെ സമ്പൂർണ്ണ മത സ്വാതന്ത്ര്യം അനുഭവിച്ചു പോരുന്നുണ്ട്.

Related Articles