Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം നാടുകളിലെ മത ന്യൂനപക്ഷങ്ങൾ

പ്രവാചകൻറെ എത്യോപ്യൻ ഗവർണർ അംറ്ബ്നു ഉമയ്യദ്ദരിയ എന്ന അമുസ്ലിം സഹോദരനായിരുന്നുവെന്ന് മസ്ഊദ് ആലം നദ്‌വി തൻറെ താരീഖുദ്ദഅവതിൽ ഇസ്ലാമിയ്യയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഖലീഫാ ഉമറുൽ ഫാറൂഖിൻറെ ചീഫ് അക്കൗണ്ടൻറ് ഒരു ഗ്രീക്ക് ക്രിസ്ത്യാനിയായിരുന്നു. ദമാസ്കസിലെ സെയിൻറ് ജോണിൻറെ അച്ഛനായിരുന്നു ഖലീഫാ അബ്ദുൽ മലികിൻറെ കൗൺസിലർമാരിലൊരാൾ.ഖലീഫാ മുഅതസിമിൻറെ സ്റ്റേറ്റ് സെക്രട്ടറി സൽമൂയ എന്ന ക്രൈസ്തവ സഹോദരനായിരുന്നു.ഖലീഫാ മുഅതദിദിൻറെ കാലത്ത് അംബാറിലെ ഗവർണർ ഉമറു ബ്നു യൂസുഫ് എന്ന ക്രിസ്ത്യാനിയായിരുന്നു. മുസ്ലിം ഭരണത്തിലുടനീളം സഹോദര സമുദായങ്ങൾക്ക് പൂർണ്ണമായ സംരക്ഷണവും സുരക്ഷിതത്വവും സ്വാതന്ത്ര്യവും നൽകപ്പെട്ടു. എല്ലാ മത സമൂഹങ്ങളുടെയും വ്യക്തിനിയമങ്ങൾ പൂർണമായും സംരക്ഷിക്കപ്പെട്ടു.

മദീനയിലെ ബൈത്തുൽ മിദ്റാസ് എന്ന ജൂത സെമിനാരിയുമായി ബന്ധപ്പെട്ടു കൊണ്ടായിരുന്നു പ്രവാചകൻ അവരുടെ വ്യക്തിനിയമ സംബന്ധമായ കേസുകൾക്ക് തീർപ്പ് കൽപ്പിച്ചിരുന്നത്. മദ്യനിരോധം പോലും അമുസ്ലിംകളുടെ മേൽ അടിച്ചേൽപ്പിച്ചിരുന്നില്ല.മദ്യപിച്ച് പൊതു സ്ഥലത്ത് ശല്യമുണ്ടാക്കുന്നത് മാത്രമാണ് വിലക്കപ്പെട്ടിരുന്നത്. ഇന്നും മുസ്ലിം നാടുകളിലെല്ലാം എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങൾ അവയുടെ അനുയായികൾക്ക് പിന്തുടരാനുള്ള പൂർണ്ണമായ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. മതേതര ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നതിനെക്കാൾ മതസ്വാതന്ത്ര്യം മുസ്ലിം നാടുകളിലെ സഹോദര സമുദായങ്ങൾക്ക് അനുഭവിക്കുന്നുണ്ടെന്നർത്ഥം.

ഈജിപ്തിൽ ഇപ്പോഴും ഒമ്പത് ശതമാനം ക്രിസ്ത്യാനികളുണ്ട്. അഞ്ഞൂറ് കോപ്റ്റ് ചർച്ചുകളുണ്ട്. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായിരുന്ന ബുത്വറുസ് ഗാലി ഈജിപ്തിലെ വിദേശകാര്യ മന്ത്രിയായിരുന്നു. യാക്കോബായ വിഭാഗത്തിൻറെ ലോക ആസ്ഥാനം ഇപ്പോഴും ഇറാഖിലാണ്. സിറിയയിലും ഫലസ്തീനിലുമെല്ലാം പതിനാല് നൂറ്റാണ്ടിനു ശേഷവും ക്രൈസ്തവ സമൂഹം സ്വൈരമായി ജീവിച്ചുപോരുന്നു. ലബനോനിൽ ഇപ്പോഴും നാല്പത്തഞ്ച് ശതമാനം ക്രിസ്ത്യാനികളാണ്. ഇറാനിലെ പാർലമെൻറിൽ യഹൂദ സമൂഹത്തിന് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യമുണ്ട്. ഈജിപ്തിലും പാകിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാം ജനസംഖ്യാനുപാതികമായി നിയമ നിർമാണ വേദികളിൽ പങ്കാളിത്തമുണ്ട്. മതേതര ഇന്ത്യയിലെ മുസ്‌ലിംകൾക്കുള്ളതിനെക്കാൾ അവകാശങ്ങളും സ്വാതന്ത്ര്യവും മുസ്ലിം നാടുകളിലെ മതന്യൂനപക്ഷങ്ങൾക്കുണ്ട്.ഇസ്‌ലാമിക പ്രമാണങ്ങളായ ഖുർആൻറെയും പ്രവാചകചര്യയുടെയും അധ്യാപനങ്ങളാണതിന് കാരണം. അവ എല്ലാ ജന സമൂഹങ്ങൾക്കും സമ്പൂർണ്ണ മതം സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നു.

Related Articles