Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ലീഗിന്റെ മതവും രാഷ്ട്രീയവും!

ചോദ്യം: നിങ്ങൾ എന്തിനാണ് മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്?

ഉത്തരം: ഞങ്ങളങ്ങനെ ചെയ്യുന്നില്ല.എന്നാൽ യഥാർത്ഥത്തിൽ ജീവിതത്തിലെ എല്ലാ വശങ്ങളിലും മതം നില നിൽക്കുന്നുണ്ട്. നിങ്ങൾ ഒരു മത വിശ്വാസിയാണെങ്കിൽ അതിനെ ജീവിതത്തിലെ ഒരു ഭാഗത്തു നിന്നും വേർതിക്കാൻ നിങ്ങൾക്ക് കഴിയില്ല. രാഷ്ട്രീയത്തിൽ നിന്ന് ഒരിക്കലും സാധ്യമല്ല. രാഷ്ട്രീയം ജീവിതത്തിൻ്റെ എല്ലാ രംഗങ്ങളില്യം പ്രവേശിക്കുന്ന ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിൽ പ്രത്യേകിച്ചും. മതങ്ങളോട് ബന്ധപ്പെട്ട മതേതര പ്രവർത്തനങ്ങളെക്കുറിച്ചു പറയുമ്പോൾ രാഷ്ട്രത്തിൻ്റെ ഭരണഘടന ഈ വസ്തുത സമ്മതിക്കുന്നുണ്ട്. മഹാത്മാഗാന്ധി തൻ്റെ ആത്മകഥയിലും ഇത് പറയുന്നുണ്ട്.

1962 ആഗസ്റ്റ് 22 ന് ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗ് പ്രസിഡണ്ടായിരുന്ന ഖായിദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ വസതിയിൽ വെച്ച് ശ്രീ.അശോക് മേത്ത ചെയർമാനായ ദേശീയോദ്ഗ്രഥന സമിതിക്കു മുമ്പാകെ “ചോദ്യം ചെയ്യാൻ” ഹാജറാക്കപ്പെട്ട ചരിത്ര നിമിഷത്തിലെ ഒരു സംഭാഷണമാണ് മുകളിൽ ഉദ്ധരിച്ചത്! (മുസ് ലിം ലീഗ് രേഖകൾ.1948-1970. ഗ്രെയ്സ് ബുക്സ് )

ഇത് ചില്ലറക്കാര്യമല്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ചകിതരായിപ്പോയ ഒരു സമുദായത്തെ രാഷ്ട്രീയ ഇഛാശക്തി പകർന്ന് നട്ടെല്ലുള്ളവരാക്കി വളർത്താനുള്ള ഖായിദേമില്ലത്തിൻ്റെയും കെ.എം സീതി സാഹിബ് ഉൾപ്പെടെയുള്ള ഏതാനും നേതാക്കളുടെയും അകക്കാഴ്ച നിറഞ്ഞതും സുദൃഢവുമായ കാൽവെപ്പായിരുന്നു!

പണ്ട് ബംഗാൾ പ്രധാനമന്ത്രി എച്ച്. എസ് സുഹ്റ വർദി “ഇന്ത്യയിൽ ഇനി ലീഗ് വേണ്ട” എന്ന് പറഞ്ഞപ്പോൾ പാർലമെൻ്ററി രാഷ്ട്രീയത്തിലൂടെ രാജ്യത്തെ മർദ്ദിത ജനവിഭാഗങ്ങൾക്ക് അധികാരം പിടിച്ചുപറ്റാൻ മുസ് ലിംലീഗ് ഇവിടെ ജീവിച്ചേ പറ്റൂ എന്ന് പ്രഖ്യാപിച്ചതും ഈ രണ്ട് നേതാക്കളായിരുന്നു!

മുസ് ലിം ലീഗിനോട് നമുക്ക് ഒട്ടേറെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതിൻ്റെ പേരിൽ പക്ഷെ ചരിത്ര സത്യങ്ങളെ കണ്ടില്ലെന്നു നടിക്കാനോ വർത്തമാനകാല യാഥാർത്ഥ്യങ്ങൾക്കു നേരെ മുഖം തിരിക്കാനോ പാടില്ല.

മതേതരനാവുകയെന്നാൽ മുസ് ലിം പ്രശ്നങ്ങൾ നേർപ്പിച്ചു മറച്ചുവെക്കലാണെന്ന് തെറ്റിദ്ധരിച്ച ഒരു കാലഘട്ടത്തെ ഏറെ ഇച്ഛാശക്തിയോടെയാണ് മുസ് ലിം ലീഗ് മറികടന്നത്! പേരിൽ നിന്ന് മുസ് ലിം എന്നത് മാറ്റാൻ ആവശ്യപ്പെട്ട ക്ഷമാപണ മന:സ്ഥരോട് ഭാവി ഇന്ത്യയിൽ മുസ് ലിംകൾ മതപരവും സാംസ്കാരികവുമായ വെല്ലുവിളികൾ നേരിടുമ്പോൾ ഈ പേരിലടങ്ങിയ രാഷ്ട്രീയം ബോധ്യപ്പെടും എന്നത്രെ ഖായിദേമില്ലത്തിൻ്റെ മറുപടി! (മുസ് ലിം ലീഗ് എന്തിന്? കേരള സ്‌റ്റേറ്റ് മുസ് ലിം ലീഗ് പ്രസിദ്ധീകരണം. 1948)

സ്വന്തം പേരിലടങ്ങിയ സ്വത്വബോധം / കൾച്ചറൽ ഐഡൻ്റിറ്റി നിലനിർത്തിക്കൊണ്ടു തന്നെ മതേതരരാവാനും ഇതര സമൂഹങ്ങളുമായും വിശിഷ്യ ജനാധിപത്യ, മതനിരപേക്ഷ സംവിധാനങ്ങളുമായും എൻഗേജ് ചെയ്യാനും ലീഗിന് സാധിച്ചു!

ഭരണഘടനാ നിർമാണ സമിതിയിൽ അംഗങ്ങളായിരുന്ന ഖായിദേമില്ലത്തിൻ്റെയും ബി.പോക്കർ സാഹിബിൻ്റെയും ശാഠ്യം നിറഞ്ഞ വാശി കൊണ്ടാണ് മുസ് ലിംകളാദി ന്യൂനപക്ഷങ്ങൾക്ക് രാഷ്ട്ര ഭരണഘടനയിൽ അഭിമാനകരമായ അസ്തിത്വം ലഭിച്ചതെന്നതിന് ചരിത്രം സാക്ഷി!( സാക്ഷാൽ ഡോ: അംബേദ്ക്കറെപ്പോലും ഭരണഘടനാ സഭയിൽ എത്തിച്ചത് മുസ് ലിം ലീഗായിരുന്നു!) സർക്കാർ ഉദ്യോഗങ്ങളിൽ മുസ് ലിംകളെ നിയമിക്കരുതെന്ന കാടൻ ഉത്തരവിനെതിരെ പോലും ഖായിദേമില്ലത്ത് അധികൃതരെ കണ്ട് സംസാരിച്ചതിൻ്റെ രേഖകൾ ഇപ്പോൾ വായിച്ചാൽ നാം അദ്ഭുതപ്പെടും! (മുസ് ലിം ലീഗ് ചരിത്രം കൊല്ല ക്രമത്തിൽ. ജനറൽ എഡിറ്റർ ടി.പി ചെറൂപ്പ. ട്രൻറ് ബുക്സ് )

പീഡിത മുസ് ലിം ന്യൂനപക്ഷങ്ങളെ അധികാരത്തിൽ നിന്നു മാറ്റി നിർത്താൻ കേരളത്തിൽപ്പോലും ഉണ്ടായ ശ്രമങ്ങൾ നാം മറന്നിട്ടില്ല. അവയെ തന്മയത്വത്തോടെ ലീഗ് മറികടന്നു. ഒപ്പം മുസ് ലിം അപനിർമിതിക്കെതിരെ പ്രതിരോധവും കടന്നാക്രമണവും തീർക്കാവുന്ന രീതിയിൽ ബഹുസ്വര കേരളത്തെ നിർമിച്ചെടുക്കുന്നതിലും അദ്വൈതമായിരുന്നു മുസ് ലിം ലീഗിൻ്റെ പങ്ക് !

മുസ് ലിം മതസംഘടനകളെ ഏകോപിപ്പിച്ചു നിർത്തുന്നതിലും ലീഗിൻ്റെ റോൾ മഹത്തരമായിരുന്നു. 1948 ൽ ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗിൻ്റെ മലബാർ കമ്മറ്റിയുണ്ടാക്കാൻ ചേർന്ന യോഗത്തിൽ “സുന്നി” യായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പേര് നിർദ്ദേശിച്ചത് “മുജാഹിദ് ” ആയ സാക്ഷാൽ കെ.എം മൗലവി! ആ “വിശാലത”ക്കു പിന്നിൽ ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു! ഐക്യത്തിൻ്റെ രാഷ്ട്രീയം!

ഇന്ത്യൻ മുസ് ലിംകൾ പൗരത്വ വിവേചനം മുതൽ നിരന്തര വംശഹത്യകളും സാംസ്കാരിക പ്രതിസന്ധികളും നേരിടുന്ന അഗ്നിപരീക്ഷണങ്ങളുടെ ഈ ഘട്ടത്തിൽ, പ്രബുദ്ധ കേരളത്തിൽ പോലും വഖ്ഫ് ബോർഡ് ഉൾപ്പെടെയുള്ള മുസ് ലിം / ഇസ് ലാം ചിഹ്നങ്ങൾ തുടച്ചു നീക്കാൻ ശ്രമിക്കുന്ന സന്നിഗ്ദ വേളയിൽ, തലമുറകൾ ഉഷ്ണിച്ചധ്വാനിച്ച് കെട്ടിപ്പടുത്ത മുസ് ലിം ലീഗ് എന്ന കൂട്ടായ്മയെ തകർക്കരുത് എന്നു മാത്രമാണ് അഭ്യർത്ഥിക്കാനുള്ളത് !

മുസ് ലിം ബേസ്ഡ് സംഘടനകളൊന്നും തകർക്കപ്പെട്ടു കൂടാ. സംഹാരം എളുപ്പമാണ്. നിർമ്മാണം അതികഠിനവും! സംഘടനകൾ തമ്മിൽ അഭിപ്രായാന്തരങ്ങൾ ഉണ്ടാവാം. ഐക്യമെന്നാൽ ലയനമല്ലല്ലോ. പക്ഷെ ഐക്യത്തിനു വിരുദ്ധമായ യാതൊന്നും സംഭവിച്ചു കൂട. വിശിഷ്യ പള്ളി മുതൽ പാർലമെൻൻ്റു വരെ നമ്മുടെ ശബ്ദം മുഴങ്ങേണ്ടതുണ്ട്!

മുന്നോട്ടുള്ള പ്രയാണത്തിൽ സമന്വയ പാതയാണോ, സമരപാതയാണോ അഭികാമ്യം? എന്നതൊക്കെ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യാം. പക്ഷെ നാം ഒരിക്കലും തല്പരകക്ഷികളുടെ കയ്യിലെ കളിപ്പാട്ടമാവരുത്. ഈമാൻ കഴിഞ്ഞാൽ പിന്നെ അല്ലാഹു നമുക്കു മേൽ ചൊരിഞ്ഞ മഹത്തായ അനുഗ്രഹം സാഹോദര്യവും ഐക്യവുമാണെന്ന് ഡോ: യൂസുഫുൽ ഖർദാവി നിരീക്ഷിക്കുന്നുണ്ട്! (മുസ് ലിം ഐക്യം. ഐ.പി.എച്ച്)

Related Articles