Current Date

Search
Close this search box.
Search
Close this search box.

പട്ടിണി പരിഹരിച്ച് പ്രാർത്ഥിക്കാൻ വരൂ

‘നാട്ടിലെ പട്ടിണി മാറ്റിയിട്ട് പ്രാർത്ഥിക്കാൻ വന്നാൽ മതി’ എന്ന് പഠിപ്പിച്ച ലോക ഗുരുവിന് അഭിവാദ്യങ്ങൾ! വയറൊഴിഞ്ഞ വ്രതകാലത്തിനൊടുവിലെ ആഘോഷ സുദിനത്തിൻ്റെ മുന്നുപാധിയായാണ് പട്ടിണിയുടെ പരിഹാരം നിയമമാക്കിയത്. ‘അയൽവാസിയുടെ വയർ ശൂന്യമായിക്കിടക്കവെ, സ്വന്തം വയർ നിറക്കുന്നവനെ സമുദായ അംഗത്വത്തിൽ നിന്ന് പുറത്തു നിർത്തിയതും’ ആ വലിയ മനുഷ്യൻ തന്നെ. പട്ടിണിയുടെ പരിഹാരം ആത്മീയതയുടെ ഉദാത്ത ഭാവമാണെന്ന പാഠം എവിടെ നിന്നാകണം അദ്ദേഹത്തിന് കിട്ടിയത്?

സത്യവേദം തന്നെയാണ് അതിൻ്റെ സ്രോതസ്! വേദവായന ചുണ്ടിൽ നിന്ന് ചിന്തയിലേക്ക് ഉയരട്ടെ! അപ്പോഴറിയാം, അനേക വചനങ്ങളിൽ, തെളിഞ്ഞുനിറഞ്ഞ് കിടക്കുന്ന വേദസാരമാണ് പ്രാർത്ഥനയും പട്ടിണി നിർമ്മാജനവും തമ്മിലുള്ള ഇഴപിരിക്കാൻ പറ്റാത്ത ബന്ധമെന്ന്. നിങ്ങൾ ദൈവത്തെ പ്രാർത്ഥിക്കുന്നുവോ, എങ്കിൽ പട്ടിണിക്കാരൻ്റെ വേദനക്കും പരിഹാരമുണ്ടാക്കിയിരിക്കണം. അയൽവാസിയുടെ പട്ടിണിക്കരച്ചിൽ കേൾക്കാതെ, ആരാധനാലയത്തിൽ ഓടിച്ചെന്ന് ദൈവത്തോട് കരയുന്നവരേ…. അയൽവാസിയുടെ പട്ടിണിക്കരച്ചിൽ കേൾക്കാൻ ദൈവം എപ്പോഴൊ ആരാധനാലയത്തിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്!

Also read: കൊറോണ കാലത്ത് വേഗത്തിലാക്കേണ്ട സകാത്ത്

‘നിത്യപ്രാർത്ഥനയും നിർബന്ധ ദാനവും’ വേദഗ്രന്ഥത്തിൻ്റെ ഇരട്ട സന്തതികളാണ്. സത്യവേദത്തിലെ രണ്ടാം അധ്യായത്തിലെ, മൂന്നാം വചനം മുതൽ ഇതാരംഭിക്കുന്നു. ‘നിത്യപ്രാർത്ഥനകൾ മുറപ്രകാരം നിർവഹിക്കുന്നവരും ദൈവാനുഗ്രഹമായ സമ്പത്ത് ദരിദ്രർക്ക് ദാനം ചെയ്യുന്നവരുമാണ് യഥാർത്ഥ ദൈവഭക്തർ’ എന്നാണ് സൂക്തസാരം. തുടർന്നങ്ങോട്ട്, പ്രയാസപ്പെടുന്നവൻ്റെ കണ്ണിലെ തിളക്കമായി, ഈ മഹാതത്വം സത്യവേദത്തിൻ്റെ ഹൃദയത്തുടിപ്പാകുന്നു. ‘നിത്യപ്രാർത്ഥയും നിർബന്ധ ദാനവും’ എന്ന ഇഴപിരിയാത്ത പ്രയോഗങ്ങൾ, നാൽപ്പതിലേറെ തവണയാണ് ഖുർആൻ ആവർത്തിച്ചിട്ടുള്ളത്! പ്രാർത്ഥന സ്വീകരിക്കാനുള്ള മാനദണ്ഡങ്ങളിലൊന്നായി, പട്ടിണി നിർമ്മാർജനം നിശ്ചയിച്ചിരിക്കുന്നു. പട്ടിണി മാറ്റാത്തവൻ്റെ പ്രാർത്ഥനകൾ അർത്ഥശൂന്യമാണെന്ന് ഇനി പറയേണ്ടതുണ്ടോ!

അതുകൊണ്ടാണല്ലോ, അന്ന് അറേബ്യയിൽ ഒരു ഭരണാധികാരി, നിർബന്ധ ദാനം നിഷേധിച്ചവർക്കു നേരെ സൈനിക നടപടി സ്വീകരിച്ചത്. നിത്യപ്രാർത്ഥനയിൽ ഉപേക്ഷവരുത്താത്ത ആ ഭക്തർക്ക്, നിർബന്ധ ദാനത്തിലൂടെ തെളിയേണ്ട മനുഷ്യപ്പറ്റ് ഇല്ലായിരുന്നു എന്നതാണ് കാരണം. ദൈവഭക്തിയുടെ ആരാധനകൾക്ക്, മനുഷ്യപ്പറ്റിൻ്റെ സേവനങ്ങൾ കൂടി കൂട്ടുണ്ടാക്കണം എന്നർത്ഥം. ‘നിത്യപ്രാർത്ഥനയും നിർബന്ധ ദാനവും’, രണ്ടു പേരും ഒരുമിച്ചു ചെന്നാലേ ദൈവ സന്നിധിയിലേക്ക് പ്രവേശനമുണ്ടാകൂ. നിത്യ പ്രാർത്ഥനകൾ പഠിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധരായ ആരാധനാ സംഘങ്ങളേ, നിങ്ങൾ നിർബന്ധദാനം കൂടി പ്രയോഗവൽക്കരിച്ച്, ആത്മീയത കൈവരിക്കൂ!

Also read: സ്ത്രീകൾ പുരുഷന്മാര്‍ക്ക് ഇമാമാകാമോ?

കഞ്ഞി, കച്ച, കുടിൽ…. മനുഷ്യൻ്റെ ജീവിത പ്രശ്നങ്ങളുടെ പരിഹാരം കേവല ഭൗതിക വിഷയമല്ല, അതൊരു ദൈവിക ദൗത്യമാണെന്ന് പ്രത്യയശാസ്ത്രങ്ങളും ഭക്തജനങ്ങളും ഒരുപോലെ തിരിച്ചറിയണം. സത്യവേദദർശനത്തിൽ, കേവലം പ്രാർത്ഥനാലയങ്ങൾ ഇല്ല, അവ പട്ടിണിക്കു പരിഹാരം കാണുകയും വേണം. പകർച്ചവ്യാധി വ്യാപനം തടയാൻ അടച്ചിട്ട ആരാധനാലയങ്ങളിൽ ചിലത്, (ചിലത് മാത്രം) ഭക്ഷ്യധാന്യ കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്ത വാർത്തകൾ കണ്ടില്ലേ! മനുഷ്യരില്ലാതെ ആരാധനാലയങ്ങൾ ശൂന്യമാകാം. പക്ഷേ, ആഹാരമില്ലാതെ മനുഷ്യരുടെ ആമാശയങ്ങൾ ശുന്യമാകരുതെന് തീരുമാനിച്ച അവയുടെ ഉത്തരവാദപെട്ടവരുണ്ടല്ലോ, അവരാണ് യഥാർത്ഥത്തിൽ ദൈവത്തെ അറിഞ്ഞവർ. അങ്ങനെവരുമ്പോൾ, നാം യഥാർത്ഥത്തിൽ ദൈവത്തെ അറിഞ്ഞിട്ടുണ്ടോ? അതോ, ആരാധിക്കുക മാത്രമാണോ!

Related Articles