Current Date

Search
Close this search box.
Search
Close this search box.

സൗഹൃദ നാളുകളുടെ വീണ്ടെടുപ്പിന് -1

ഇസ്ലാം യുക്തിയുടെയും സഹജവാസനയുടെയും മതമാണ്. ആരെയും നിർബന്ധിച്ച് അതിൽ പ്രവേശിക്കുന്നത് അതംഗീകരിക്കുന്നില്ല. ഏതെങ്കിലും യഹൂദ / ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള ഒരാൾ ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിക്കപ്പെട്ട ചരിത്രം താൻ കേട്ടിട്ടില്ലെന്ന് തോമസ് അർനോൾഡ് തന്റെ ഇസ്ലാം പ്രബോധനവും പ്രചാരവും എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.

ഇസ്ലാമിക ചരിത്രത്തിലെ ആദ്യ നാലു ഖലീഫമാരുടെ കാലഘട്ടം പ്രവാചകന്റെ കാലഘട്ടത്തിന്റെ നേർ തുടർച്ചയായിരുന്നു. ഒരുവേള മുസ്ലിം പ്രജകളേക്കാൾ സ്വാതന്ത്യവും സൗകര്യങ്ങളും ആസ്വദിച്ചാണ് അക്കാലത്ത് അമുസ്ലിം സഹോദരർ ജീവിച്ചിരുന്നത്. ആ മഹാ സഹിഷ്ണുതയുടെയും കൊള്ളക്കൊടുക്കലുകളുടെയും ചില ചിത്രങ്ങൾ തെളിവുകളും ഉദാഹരണങ്ങളും സഹിതം അവതരിപ്പിക്കുകയാണിവിടെ :-

1 – അബൂബക്റി(റ)ന്റെ ഖിലാഫത്ത് കാലത്ത്, ഖാലിദ് ബിനു വലീദ് (റ), ഇറാഖിലെ ഹീറയിലെ ക്രിസ്ത്യാനികളായിരുന്ന നിസ്വരായ ദിമ്മികളായ പൗരന്മാർക്ക് ദാനം നല്കുകയും അവരുടെ ജിസ്‌യ ഒഴിവാക്കുകയും അവരിലെ പല കുടുംബങ്ങൾക്കും ബൈതുൽ മാലിൽ നിന്നും റേഷൻ ഏർപ്പെടുത്തുകയും ചെയ്തുപോന്നുവെന്ന് ഇമാം അബൂ യൂസുഫ് (റഹ്) തന്റെ കിതാബുൽ ഖറാജിൽ (P. 306) രേഖപ്പെടുത്തുന്നു. അവരോട് യാതൊരു കാരണവശാലുമുള്ള വിവേചനം പാടില്ലെന്ന് ഖലീഫ: പ്രത്യേകം ഉണർത്തിയിരുന്നു.

2 – അബൂബക്ർ (റ) സൈന്യങ്ങളെ റിക്രൂട്ട് ചെയ്യുമ്പോൾ നിർദേശം നൽകിയത് ഇങ്ങനെ: “നിങ്ങൾ മഠങ്ങളും അവയി
ലെ ആളുകളെയും, സന്യാസിമാരെയും ഒരു കാരണ വശാലും ഉപദ്രവിക്കരുത്. (ഫുതൂഹുശ്ശാം P 6 / വാഖിദി)

3 – ഉമർ (റ) തനിക്ക് ശേഷം പ്രതീക്ഷിക്കപ്പെട്ടിരുന്ന ഖലീഫയായ ഉസ്മാൻ (റ) യോട് ദിമ്മികളുടെ ഉടമ്പടി നിറവേറ്റാനും അവരോട് യുദ്ധം ചെയ്യാതിരിക്കാനും അവരുടെ കഴിവിനപ്പുറമുള്ള ബാധ്യതകൾ അവരെ ഏല്പിക്കാതിരിക്കാനും ശുപാർശ ചെയ്തു എന്ന് ചരിത്രകാരന്മാർ പറയുന്നു.

4 – ഉമർ (റ) അന്ധനായ ഒരു യഹൂദന് ബൈതുൽ മാലിൽ നിന്നും ദാനം നല്കിയിട്ട് പറഞ്ഞു: “ഖുർആൻ പറഞ്ഞ അഗതി (മിസ്കീൻ) കളിലൊരാളാണിദ്ദേഹം.” തുടർന്ന് അദ്ദേഹത്തിന്റെ നികുതിയെല്ലാം വേണ്ടെന്ന് വെക്കുകയും ചെയ്തു. ( ഖറാജ് 126)

5 – അംറുബ്നുആസ്വ് (റ)ഒരു ക്രൈസ്തവ സ്ത്രീയുടെ വീട് പൊളിച്ച് നിർബന്ധപൂർവ്വം പള്ളിയോട് ചേർത്തു.ആ സ്ത്രീ ഖലീഫ ഉമർ(റ)നോട് പരാതിപ്പെട്ടു. ഉമർ ഗവർണറെ പരാതിയുടെ അടിസ്ഥാനത്തിൽ വിചാരണക്ക് വിളിച്ചു.ഖലീഫയോട് അംറ് (റ)ഇപ്രകാരം മറുപടി നൽകി;’മുസ്ലിങ്ങളുടെ സംഖ്യ വളരെയേറെ വർദ്ധിച്ചു.പള്ളിയിൽ സ്ഥലമില്ലാതെ നമസ്കരിക്കാൻ പ്രയാസം നേരിട്ടു.അത് വിശാലമാക്കാൻ ശ്രമിച്ചപ്പോൾ അതിൻറെ അടുത്ത് ആ സ്ത്രീയുടെ വീടുണ്ടായിരുന്നു.അതിന് ന്യായമായ വില നൽകാമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടെങ്കിലും അവർ അത് വിൽക്കാൻ തയ്യാറായില്ല.അതിനാൽ വീട് പൊളിച്ച് പള്ളിയോട് ചേർക്കുകയാണ് ഉണ്ടായത്.അതിൻറെ വില ആ സ്ത്രീക്ക് ഏത് നേരവും സ്വീകരിക്കാൻ സാധിക്കുന്ന വിധത്തിൽ പൊതു ഖജനാവിൽ നിക്ഷേപിച്ചിട്ടുണ്ട്’. എന്നാൽ ഈ മറുപടി ഉമറോ (റ) ആ സ്ത്രീയോ സ്വീകരിച്ചില്ല.പ്രസ്തുത പള്ളിയുടെ ഭാഗം പൊളിച്ച് നീക്കി പകരം ആ സ്ത്രീയുടെ വീട് നിർമ്മിച്ച് നൽകാൻ നിർദേശിക്കുകയും ചെയ്തു.

6 – ഉമർ (റ) ഒരിക്കൽ ശാമിൽ നിന്ന് വരുന്ന വഴി ഒരു ക്രിസ്ത്യാനിയിൽ നിന്ന് വസ്‌ത്രം കടംവാങ്ങി അദ്ദേഹം നല്കിയ കലത്തിൽ നിന്ന് വുദു ചെയ്തുകൊണ്ട് നമസ്കരിച്ചുവെന്ന് ഇബ്നു ഖയ്യിമിൽ ജൗസിയ്യ إغاثة اللهفان من مصايد الشيطان، ج1و ص: ( 153، 157 ) ൽ എഴുതിയത് വായിക്കാം.

7 – അബ്ദുല്ല ബിൻ ഖൈസ്(റ) പറഞ്ഞു: ഉമർ (റ) മറ്റൊരിക്കൽ ശാമിൽ നിന്ന് അബു ഉബൈദയുമായി വരുമ്പോൾ അബൂ ഉബൈദ ആവശ്യപ്പെട്ടത് പ്രകാരം വാളുകളും തുളസിയുമായി മുഖ്ലിസുകളുടെ / ഖലാസികളുടെ വിനോദം ആവോളം ആസ്വദിച്ചു. അവർ മുസ്ലിംകളായിരുന്നില്ല; രാജാക്കന്മാരേയും നേതാക്കളേയും സ്വീകരിക്കുമ്പോൾ പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ ആയോധനകല കണ്ടിരുന്നുവെന്ന് ഇമാം അബൂ ഉബൈദിന്റെ കിതാബുൽ അംവാലിലും വായിക്കാനാവും (P. 180)

8 – മുജാഹിദിൽ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: ഞാൻ അബ്ദുല്ല ബിൻ അംറി(റ)നൊപ്പമായിരുന്നു. അദ്ദേഹത്തിന് വേണ്ടി വേലക്കാരൻ ഒരാടിനെയറുത്ത് തോലുരിയുകയായിരുന്നു. അദ്ദേഹം അയാളോട് പറഞ്ഞു: “കുട്ടി, അറവ് പൂർത്തിയാക്കിയാൽ, നമ്മുടെ ജൂത അയൽക്കാരനിൽ നിന്ന് ആരംഭിക്കുക. അപ്പോ കൂട്ടത്തിലൊരാൾ അത്ഭുതത്തോടെ: യഹൂദനോ ?
അപ്പോളദ്ദേഹം പറഞ്ഞു: അതെ ,പ്രവാചകൻ (സ) അയൽക്കാരനെ സംബന്ധിച്ച് ഉപദേശിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.(ബുഖാരി /72 അദബുൽ മുഫ്റദ്)

9 – ഉമർ ബിൻ അബ്ദുൾ അസീസ് (റഹ്) ഖലീഫയായിരിക്കുമ്പോൾ അദ് യ്യ് ബിൻ അർത്വഅക്ക് എഴുതി: “ദിമ്മികളിൽ നിന്ന് പ്രായം കൂടിയ , ശക്തി ക്ഷയിച്ച, സമ്പാദ്യം ഇല്ലാത്തവർക്ക്ഖ ജനാവിൽ നിന്ന് പെൻഷൻ നൽകണം (അംവാൽ 57)

10 – ഉമർ ബിൻ അബ്ദുൾ അസീസ് (റഹ്) ന്റെ ഖിലാഫതിന്റെ ഘട്ടത്തിലൊരിക്കൽ ഔദ്യോഗിക വിളംബരമുണ്ടായി :
“അനീതിയുണ്ടായി എന്ന് പരാതിയുള്ളവർ വരട്ടെ ” ഹിംസ്വിലെ നിന്നുള്ള ഒരു ദിമ്മി ഖലീഫയുടെ അടുത്ത് വന്ന് പറഞ്ഞു. : അമീറുൽ മുഅ്മിനീൻ, പടച്ചവന്റെ ഗ്രന്ഥത്തിന്റെ വിധി നടപ്പിലാക്കണം. അദ്ദേഹം ചോദിച്ചു: അതെന്താണ്? പരാതിക്കാരൻ പറഞ്ഞു: അബ്ബാസു ബിൻ വലീദ് എന്റെ ഭൂമി തട്ടിയെടുത്തിരിക്കുന്നു. (സദസ്സിൽ അബ്ബാസ് ഇരിക്കുന്നുണ്ടായിരുന്നു) ഖലീഫ അദ്ദേഹത്തോട് പറഞ്ഞു: അബ്ബാസ്, നിങ്ങൾ എന്താണ് പറയുന്നത്? അബ്ബാസ് : അത് രജിസ്റ്ററിൽ എഴുതിപ്പോയല്ലോ ? ഖലീഫ: ദിമ്മി, താങ്കളെന്തു പറയുന്നു ? ദിമ്മി : “പടച്ചവന്റെ ഗ്രന്ഥത്തിന്റെ
വിധി നടപ്പിലാക്കണം. എനിക്ക് നീതി വേണം.” ഖലീഫ: “അല്ലാഹുവിന്റെ ഗ്രന്ഥം വലീദിന്റെ എഴുത്തു പുസ്തകത്തേക്കാൾ പിന്തുടരാൻ യോഗ്യമാണ്.അതിനാൽ എഴുന്നേറ്റ് അവന്റെ സ്വത്ത് തിരികെ നൽകുക ” അങ്ങനെ ആ ഭൂമി അയാൾക്ക് തിരികെ നൽകി . البداية والنهاية،: (213/9 )

Related Articles