Current Date

Search
Close this search box.
Search
Close this search box.

സൗഹൃദ നാളുകളുടെ വീണ്ടെടുപ്പിന് -3

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന മുസ്ലിം സമൂഹത്തിനെ കുറിച്ച മറുപക്ഷത്തിരുന്നുള്ള
സാക്ഷ്യങ്ങൾ അക്കാലത്തെ മുസ്ലിം വ്യക്തികളുടേയും ഭരണകൂടങ്ങളുടേയും നന്മകളും നേട്ടങ്ങളും വ്യക്തമാക്കുന്നതും അവയുമായി ബന്ധപ്പെട്ട സംശയങ്ങളെ നിരാകരിക്കുന്നതുമാണെന്നും മതങ്ങൾക്കിടയിലെ സഹിഷ്ണുതയുടെയും സൗഹൃദത്തിന്റെയും വശങ്ങൾ വ്യക്തമാക്കുന്ന തെളിവുകൾ അനാവരണം ചെയ്യുന്നവയാണതെന്നും നാമറിഞ്ഞു. ചരിത്രത്തിൽ മുൻ മാതൃകകളില്ലാത്ത ഉൾക്കൊള്ളലിന്റെയും പരസ്പരമുള്ള മനസ്സിലാക്കലിന്റെയും ഉദാത്ത മാതൃകകളാണവ.

മൻസ്വൂർ സൈഫുദ്ദീൻ ഖലാവൂൻ (CE 1222 – 1290) മംലൂക്കുകളിലെ ഏറ്റവും പ്രശസ്തരായ സുൽത്താന്മാരിലെ പ്രമുഖനാണ്. അദ്ദേഹം അര നൂറ്റാണ്ടിലേറെ കാലം ഈജിപ്തും കിഴക്കേ അറബിയും ഭരിച്ചിരുന്ന കാലത്ത് ചില ദിമ്മികളെ ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിക്കുകയും അവരങ്ങനെ ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്ത ഒറ്റപ്പെട്ട സംഭവമെടുത്താണ് ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന നിലയിൽ എക്കാലത്തും ഓറിയന്റലിസ്റ്റുകൾ അവതരിപ്പിക്കുന്നത്.ഇന്നു വരെയുള്ള ഇസ്‌ലാമിക സമൂഹത്തിലെ പണ്ഡിതന്മാരും ന്യായാധിപന്മാരും ആ രാജാവിന്റെ ഈ പ്രവൃത്തി അബദ്ധവും ഇസ്ലാമികമായി തെറ്റുമായിരുന്നുവെന്നും “മതത്തിൽ യാതൊരു നിർബന്ധവും പാടില്ല (2:256) എന്ന ഖുർആനിന്റെ മൗലിക അധ്യാപനത്തിനെതിരാണെന്നും അഭിപ്രായപ്പെടുന്നു. ആൾക്കൂട്ടത്തിൽ നിർബന്ധ പൂർവ്വം ഒരു സുപ്രഭാതത്തിൽ ഉണ്ടാക്കിയെടുത്ത മത വിശ്വാസം അനുകൂല സമയം വന്നപ്പോൾ അവർ ഒഴിവാക്കുകയും അവരുടെ പരമ്പരാഗത മതത്തിലേക്ക് തന്നെ സ്വാഭാവികമായി മടങ്ങിയെത്തുകയും ചെയ്തു. [ അൽ ബിദായ വന്നിഹായ (17/573)]

ഒരു മഴയത്തുണ്ടായത് തൊട്ടടുത്ത പ്രളയത്തിലൊലിച്ചു പോവുമെന്ന് മതജീവിയായ ഖലാവൂൻ അറിയാതെ പോയി. ഇസ്ലാം അധികാരം ഉപയോഗിച്ച് പ്രചരിച്ചു എന്ന നിലയിലുള്ള സകല പ്രോപഗണ്ടക്കും നിമിത്തമായ സംഭവമായി ആ കറ ഇന്നും ഇസ്ലാമിക ചരിത്രത്തിലവശേഷിക്കുന്നു. നിമിഷങ്ങൾ കൊണ്ട് ഒരാൾ ചെയ്ത തെറ്റിന് സഹസ്രാബ്ദങ്ങൾ ഒരു സമുദായമൊന്നടങ്കം മറുപടി പറയേണ്ടി വരുന്നു.

ഇബ്നു തൈമിയയും അമുസ്ലിം തടവുകാരും
താർത്താരികൾ ശാം കീഴടക്കിയപ്പോൾ (AH 728 ) മുസ്ലീംകളെയും അമുസ്‌ലിംകളെയും അവർ ഒരുപോലെ ബന്ധികളാക്കി . തടവുകാരെ മോചിപ്പിക്കാൻ ശൈഖ് ഇബ്‌നു തൈമിയ (റഹ്) താർത്താരീ ഭരണാധികാരി ഖത്വലൂഥിനോട് അനുവാദം വാങ്ങാൻ പോയി. മുസ്ലീം തടവുകാരെ മാത്രം മോചിപ്പിക്കാൻ അയാൾക്കു സമ്മതമായിരുന്നു. അഥവാ ദിമ്മികളെ മോചിപ്പിക്കാൻ രാജാവ് അനുവദിച്ചില്ല. എല്ലാവരേയും മോചിപ്പിക്കണണമെന്ന ശൈഖിന്റെ സമ്മർദ്ദത്തിന് ഖത്വലൂഥിന് വഴങ്ങേണ്ടി വന്നു എന്ന് അദ്ദേഹത്തിന്റെ രിസാല ഖുബ്റുസ്വിയ്യയിൽ (P 40 ൽ ) നമുക്ക് വായിക്കാം.

ഇസ്‌ലാമിന്റെ സഹിഷ്ണുത

മറ്റ് മതക്കാരോടുള്ള പെരുമാറ്റത്തിന്റെ ആർദ്രതയും സഹിഷ്ണുതയും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. ഖുർആൻ പറയുന്നു :
“മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നൻമ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” ( മുംതഹിന: 8 )
ഇസ്ലാമിക സമൂഹത്തിലെ സമാധാന കാംക്ഷികളായ മറ്റു മതസ്ഥരെ സംരക്ഷിക്കാനും അവരുടെ ആരാധനാ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കാനും ഈ വാക്യം തന്നെ ധാരാളം.

” ഉടമ്പടി ലംഘിക്കപ്പെടുന്നവനു വേണ്ടിയും അവനെ ഇകഴ്ത്തപ്പെടുകയോ, അവന്റെ കഴിവിനപ്പുറം ചുമത്തപ്പെടുകയോ ചെയ്യുകയോ അവന്റെ സമ്മതമില്ലാതെ അവന്റെ വസ്തുവകകൾ തട്ടിയെടുക്കപ്പെടുകയും ചെയ്യപ്പെട്ടാൽ , അവനു വേണ്ടി അന്ത്യദിനത്തിൽ വാദിക്കാൻ ഞാനുണ്ടാവുമെന്ന അബൂദാവൂദ് ( 3052) ഉദ്ധരിച്ച ഹദീസ് ഇവിടെ സ്മരണീയമാണ്.

ألا مَن ظلمَ مُعاهدًا، أوِ انتقصَهُ، أو كلَّفَهُ فوقَ طاقتِهِ، أو أخذَ منهُ شيئًا بغَيرِ طيبِ نفسٍ، فأَنا حَجيجُهُ يومَ القيامةِ

മക്കാവിജയത്തിന്റെ ദിവസം നബി (സ) പ്രവാചകന്റെ അടുക്കൽ വന്നവരോട് ചോദിച്ചു : “ഞാൻ നിങ്ങളോട് എന്താണ് ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾ കരുതുന്നത്?”
അവർ പറഞ്ഞു: മാന്യനായ സഹോദരനും മാന്യനായ സഹോദരന്റെ മകനുമാണ് താങ്കൾ ”
എന്ന പറഞ്ഞ സംഭവവും മക്ക കീഴടങ്ങിയതിന് ശേഷം ഖുറൈശികളിലെ തന്നെ ഇതുവരെ അപലപിച്ചുവന്ന ബഹുദൈവാരാധകരോട്
അദ്ദേഹം പറഞ്ഞ : “പോകൂ, നിങ്ങൾ സ്വതന്ത്ര്യരാണ്.” എന്ന സംഭവവും അന്യ സംസ്കാരങ്ങളെയും അതിന്റെ വക്താക്കളെയും ഇസ്ലാം എത്രമാത്രം പരിഗണിക്കുന്നുവെന്നതിന്റെ ചില മാതൃകകളാണ്.
ഉമർ ഇബ്‌നു ഖത്വാബ്(റ) ജറുസലേം കീഴടക്കിയപ്പോൾ അതേ ചരിത്രം വീണ്ടും ആവർത്തിക്കുകയായിരുന്നു.അദ്ദേഹവും പട്ടണത്തിലെ താമസക്കാരും തമ്മിൽ സുപ്രസിദ്ധ രേഖയിൽ ഒപ്പുവച്ചു. ആ സന്ധിയുടെ ചില ഭാഗങ്ങൾ റവറന്റ് കോളിൻ ചാപ്മാൻ ( 1928 – 1982) തന്റെ അൽ ഖുദ്സ് ലിമൻ P 105 ൽ പരാമർശിക്കുന്നുണ്ട് : “പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്റെ നാമത്തിൽ, ദൈവത്തിന്റെ സേവകനായ ഉമർ “ഏലിയ” നിവാസികളുമായി ചെയ്യുന്ന ഉറപ്പാണിത് : വസ്തുവകകൾ, പള്ളികൾ, കുരിശുകൾ – ഇവ എത്ര മോശം അവസ്ഥയിലായിരുന്നാലും – കണ്ടുകെട്ടുകയോ നശിപ്പിക്കുകയോ ചെയ്യില്ല. മതത്തിന്റെ കാര്യത്തിൽ യാതൊരു വിധ നിയന്ത്രണവും അവർക്കുമേൽ ചുമത്തില്ല, യാതൊരു വിധ ബാഹ്യ ഇടപെടലുകളും അവർക്കുണ്ടാവില്ല ”

ആ രേഖയെക്കുറിച്ചുള്ള ജൂതന്മാരുടെ വീക്ഷണം ചരിത്രകാരൻ ആഞ്ചലോസ് റാപ്പോപോർട്ട് തന്റെ (ഹിസ്റ്റോയർ ഡി പാലസ്തീൻ) എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്:

“ജറുസലേമിലെ നിവാസികളെ സംബന്ധിച്ചിടത്തോളം, ബൈസന്റൈൻ ചക്രവർത്തിമാരെ അവരുടെ രാജകീയ മഹത്വത്തിലും സ്വർണം കൊണ്ടുള്ള കരകൗശല വിദ്യകൾ ഉപയോഗിച്ച വസ്ത്രങ്ങളിലും മാത്രമേ അവർ കണ്ടിരുന്നിട്ടുള്ളൂ. ഉമറെന്ന ഖലീഫയെ അവർ കണ്ടത് അത്ഭുതകരമായ കാഴ്ചയായിരുന്നു. കാരണം പ്രവാചക (സ)ന്റെ ശരിയായ പിൻഗാമിയായി യാത്രയിൽ മുഷിഞ്ഞ മേലങ്കി ധരിച്ച് ഒട്ടകത്തിന്റെ രോമം കൊണ്ടുള്ള സാധാരണ വേഷവിധാനങ്ങളിലാണ് ജറുസലേമിലേക്ക് ഉമർ ആഗതനായത്.
പാത്രിയാർക്കീസ് ​​മൈക്കൽ ഗ്രേറ്റ് പറഞ്ഞത് : “ഉമർ ഇബ്നുൽ ഖത്വാബ് നമ്മുടെയിടയിൽ പ്രശംസയ്ക്ക് വിധേയനായിരുന്നു, അദ്ദേഹം അക്ഷരാർഥത്തിൽ നീതിമാനും സത്യസന്ധനുമായിരുന്നു. തനിക്ക് ലഭിച്ച പേർഷ്യയിലെയും റോമാക്കാരുടെയും സമ്പത്തിൽ നിന്നും തനിക്കായി ഒന്നും അദ്ദേഹം എടുത്തില്ല. തന്റെ ലളിതമായ വസ്ത്രങ്ങൾ പോലും മാറ്റിയില്ല. വളരെ വിനയാന്വിതനായിരുന്നു അദ്ദേഹം. ഭൂമിയായിരുന്നു അദ്ദേഹത്തിന്റെ ഇരിപ്പിടവും കിടക്കയും . മധ്യ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബൈസന്റൈൻ ചക്രവർത്തിമാർക്കോ സഭയിലെ ബിഷപ്പുമാർക്കോ ഒരിക്കലും ആ ലാളിത്യത്തിന്റെ വികാരങ്ങൾ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.. ആ ഒറ്റ രേഖയുടെ പ്രഖ്യാപനം യഹൂദരുടെ ആത്മാവിൽ മാത്രമല്ല, സിറിയയിലെയും ഫലസ്തീനിലെയും ക്രിസ്ത്യാനികളുടെ ആത്മാവിലും അഗാധമായ സ്വാധീനം ചെലുത്താൻ പ്രാപ്തമായിരുന്നു. അവരിലധികപേരും ഇക്കാലമത്രയും അടിച്ചമർത്തലും സ്വേച്ഛാധിപത്യവുംഅനുഭവിച്ചവരായിരുന്നു ,മറ്റു ചിലർ വല്ലാതെ കഷ്ടപ്പെട്ടവരും. വ്യത്യസ്ത മതപരമായ വീക്ഷണങ്ങളുടെ പേരിൽ സഭകളുടെ പീഡനം, സീസറിന്റെ ഉദ്യോഗസ്ഥരുണ്ടാക്കിയ മറ്റ് ചങ്ങലകൾ അമിതമായ നികുതിയുടെ ഭാരവുമായിരുന്നു അവരിത് വരെ അനുഭവിച്ചിരുന്നത്. (ഉദ്ധരണി : ഫലസ്തീൻ P 144 / രജാ ഗരോഡി )

ജറുസലേമുമായി ഇത്തരം സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കുരിശുയുദ്ധക്കാരുടെ കൈകളിൽ നിന്ന് ഖുദ്സിനെ മോചിപ്പിച്ച സ്വലാഹുദ്ദീൻ അയ്യൂബിയുമായുള്ള സന്ധി ജെയിംസ് റെസ്റ്റൺ ( 1909 – 1995 ) സംക്ഷിപ്തമായി ചിത്രീകരിക്കുന്നു : “1187-ൽ സ്വലാഹുദ്ദീൻ അയ്യൂബി ജറുസലേം നഗരം വീണ്ടെടുത്തു. മാതൃകാപരമായ പെരുമാറ്റത്തിലൂടെ, ഒരു ജ്ഞാനിയായ നേതാവെന്ന നിലയിൽ അദ്ദേഹം ജനങ്ങൾക്കിടയിൽ വളരെയധികം പ്രശംസ നേടി.പ്രത്യേകിച്ചും ആദ്യകാല കുരിശുയുദ്ധക്കാർ ഈ നഗരം കീഴടക്കിയപ്പോൾ ഉണ്ടാക്കിയ നാശവും അരാജകത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ. 1099 CE ൽ ഹോളി സെപൽച്ചർ ചർച്ചിനേയും മറ്റ് വിശുദ്ധ ക്രിസ്ത്യൻ സ്ഥലങ്ങളെയും സംരക്ഷിച്ചുകൊണ്ട്, അന്യമതങ്ങളോടുള്ള അദ്ദേഹത്തിന്റെ സഹിഷ്ണുത പ്രസ്താവ്യമാണ്. (അൽ ഖുദ്സ് ലിമൻ P 110-111)

ഹിംസയുടെ മാർഗമായിരുന്നു ഉമറും അയ്യൂബിയും മറ്റും തിരഞ്ഞെടുത്തിരുന്നെങ്കിൽ, ഫെർഡിനാൻഡും ഇസബെല്ലയും മറ്റും ഇസ്‌ലാമിനെ മുസ്ലിം സ്പെയിനിൽ നിന്ന് പുറത്താക്കിയത് പോലെയോ, ലൂയി പതിനാലാമൻ ശക്തിയുപയോഗിച്ച് പ്രൊട്ടസ്റ്റന്റ് വിഭാഗത്തെ നിർബന്ധ പൂർവ്വം ഒരു വിഭാഗമാക്കിയത് പോലെയോ അനായാസം ക്രിസ്തുമതത്തെ ഖുദ്സിൽ നിന്നെങ്കിലും തൂത്തുവാരാമായിരുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിലെ പോരാളികളായ അനുയായികൾ ഫ്രാൻസിൽ ഏറെക്കാലം ശിക്ഷിക്കപ്പെട്ടത് ക്രിസ്തീയ ഭരണകാലത്തായിരുന്നു. ബ്രിട്ടനിൽ ജൂതന്മാർ മുന്നൂറ്റമ്പത് വർഷക്കാലം ക്രൈസ്തവ സഭയുടെ കാലത്ത് എല്ലാ അർഥത്തിലും മാറ്റിനിർത്തപ്പെട്ടു. ഏഷ്യയിലെ പൗരസ്ത്യ സഭകൾ ക്രിസ്ത്യൻ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ടു. മതത്തിന് “പുറത്തു വന്ന ” വിഭാഗങ്ങളായതിനാൽ പാശ്ചാത്യ സഭകളൊന്നും അവരുടെ പക്ഷത്ത് നിന്നില്ല. അഥവാ ഇസ്ലാം സഹോദരമതങ്ങൾക്ക് നല്കിയ അംഗീകാരവും ആദരവുമൊന്നും മറ്റു മതങ്ങൾ അന്യമതങ്ങൾക്കോ ആഭ്യന്തര മത വിശ്വാസങ്ങൾക്കോ പോലും നല്കിയിരുന്നില്ലായെന്നതിന് പാശ്ചാത്യൻ നാഗരികത തന്നെ വലിയ സാക്ഷി .

Related Articles