Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ പാരായണത്തെ സംഗീതത്തോട് ഉപമിക്കുന്നു

സുന്ദരവും പ്രിയങ്കരവും ആസ്വാദ്യജനകവുമായ ശബ്ദമുള്ളവരെ സംഗീതത്തോടുപമിക്കുക എന്നത് പണ്ടുമുതലേ ഉണ്ടായിരുന്നു. അത് ഖുർആൻ പാരായണമെന്ന ഇബാദത്താണെങ്കിലും. കർണാനന്ദകരമായ ശബ്ദമാധുര്യത്തോടെ ഖുർആൻ പാരായണം ചെയ്തിരുന്ന മഹാനായിരുന്നു അബൂ മൂസൽ അശ്അരി(റ). അദ്ദേഹത്തിന്റെ പാരായണത്തിലാകൃഷ്ടനായി തിരുമേനി ഒരിക്കൽ ഇങ്ങനെ പറഞ്ഞു:

” ദാവൂദ് നബി (അ) ക്ക് നൽകപ്പെട്ട പുല്ലാങ്കുഴലിൻറെ രാഗം പോലുള്ളത് (ദാവീദിന്റെ സങ്കീർത്തനങ്ങൾ പോലുള്ളത്) താങ്കൾക്കും നൽകപ്പെട്ടിരിക്കുന്നു ”.-(ബുഖാരി: 5048).
عَنْ أَبِي مُوسَى رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ :لَهُ « يَا أَبَا مُوسَى لَقَدْ أُوتِيتَ مِزْمَارًا مِنْ مَزَامِيرِ آلِ دَاوُدَ » .-رَوَاهُ الْبُخَارِىُّ: 5048.

പുല്ലാങ്കുഴലിൽ നിന്നുയരുന്ന സംഗീതത്തോട് ഖുർആൻ പാരായണം പോലുള്ള ആരാധനയെ ഉപമിക്കുമ്പോൾ ആ സംഗീതം ഇസ്‌ലാം ഹറാമാക്കിയ ഒന്നാകാൻ തരമില്ല.

കാരണം ‘മോശമായ ഉപമകൾ നമുക്ക് ചേർന്നതല്ല ‘(ബുഖാരി: 2479). എന്ന് പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട്.
« لَيْسَ لَنَا مَثَلُ السَّوْءِ ». رَوَاهُ الْبُخَارِىُّ: 2622.

അബൂമൂസ(റ)വിന്റെ ശബ്ദമാധുര്യത്തെക്കുറിച്ച് മഹാനായ താബിഇ അബൂ ഉസ്മാൻ പറയുന്നത് നോക്കൂ:
قَالَ أَبُو عُثْمَانَ النَّهْدِيُّ: مَا سَمِعْتُ مِزْمَاراً وَلاَ طُنْبُوْراً وَلاَ صَنْجاً أَحْسَنَ مِنْ صَوْتِ أَبِي مُوْسَى الأَشْعَرِيِّ؛ إِنْ كَانَ لَيُصَلِّي بِنَا فَنَوَدُّ أَنَّه قَرَأَ البَقَرَةَ مِنْ حُسْنِ صَوْتِهِ.-سِيَرُ أَعْلَامِ النُّبَلَاءِ: 345/3.
” അബൂമൂസയുടെ ശബ്ദത്തെക്കാൾ സുന്ദരമായ പുല്ലാങ്കുഴലോ തംബുരുവോ, വീണയോ രാഗമോ ഒന്നും ഞാൻ ശ്രവിച്ചിട്ടില്ല. അദ്ദേഹം ഞങ്ങൾക്ക് ഇമാമായി നമസ്‌കരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദമാധുരി കാരണം അദ്ദേഹം അൽ ബഖറ പാരായണം ചെയ്തിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിച്ചുപോകും ”.- (സിയറു അഅ്ലാമിന്നുബലാഅ്: 3/345, ഫദാഇലുൽ ഖുർആൻ: 163).
وَقَالَ الْحَافِظُ ابْنُ حَجَرٍ: وَأَخْرَجَ اِبْن أَبِي دَاوُدَ مِنْ طَرِيق أَبِي عُثْمَان النَّهْدِيّ قَالَ ” دَخَلْت دَار أَبِي مُوسَى الْأَشْعَرِيّ فَمَا سَمِعْت صَوْت صَنْجٍ وَلَا بَرَبْطٍ وَلَا نَايٍ أَحْسَن مِنْ صَوْته ” سَنَدهُ صَحِيحٌ، ….. وَالْمُرَاد بِالْمِزْمَارِ الصَّوْت الْحَسَن، وَأَصْله الْآلَة أُطْلِقَ اِسْمه عَلَى الصَّوْت لِلْمُشَابَهَةِ.-فَتْحُ الْبَارِي: 4660.

വീണ, തംബുരു, പുല്ലാങ്കുഴൽ തുടങ്ങി പല രാഗങ്ങളും ഞാൻ കേട്ടിട്ടുണ്ടെങ്കിലും അബൂമൂസയുടെ ഖുർആൻ പാരായണത്തെക്കാൾ ഇമ്പമാർന്ന മറ്റൊന്നും താൻ കേട്ടിട്ടില്ല എന്നാണദ്ദേഹം പറയുന്നത്. ഇതിൽ നിന്ന് മഹാനായ താബിഈ അബൂ ഉസ്മാൻ അതൊക്കെ കേട്ടിട്ട് തന്നെയാണ് ആ താരതമ്യം നടത്തിയത് എന്നത് വളരെ വ്യക്തമാണല്ലോ.

ഇവിടെ അബൂമൂസ (റ) യുടെ പാരായണത്തെ പുല്ലാങ്കുഴലിനോട് ഉപമിക്കുമ്പോൾ, അത് ഹറാമായ ഒന്നാകാൻ തരമില്ല, അത് സംസം വെള്ളത്തെക്കാൾ ഹൃദ്യമായ ഒരു കള്ളും ഞാൻ കുടിച്ചിട്ടില്ല എന്ന് പറയും പോലെയാവും?

പോത്തിറച്ചിയേക്കാൾ രുചിയുള്ള ഒരു പന്നിയിറച്ചിയും ഞാൻ തിന്നിട്ടില്ല എന്നു പറഞ്ഞാൽ എങ്ങനെയുണ്ടാവും ?! അതേ സമയം ആട്ടിറച്ചിയേക്കാൾ രുചിയുള്ള ഒരു പോത്തിറച്ചിയും ഞാൻ തിന്നിട്ടില്ല എന്നു പറഞ്ഞാൽ അത് മനസ്സിലാക്കാൻ കഴിയും.
മോശമായതോ, ഹറാമായതോ ആയ കാര്യത്തോട് ഖുർആൻ പാരായണത്തെ ഉപമിക്കുകയില്ല എന്ന് പറയേണ്ട കാര്യം തന്നെയില്ല.

Related Articles