Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനും അനുചരന്മാരും ക്ഷമ കൈകൊണ്ട നിമിഷങ്ങള്‍

സത്യമാര്‍ഗവും സന്മാര്‍ഗവും നല്‍കികൊണ്ടാണ് അല്ലാഹു പ്രവാചകന്‍ മുഹമ്മദ്(സ)യെ നിയോഗിച്ചത്. ഏകനായ അല്ലാഹുവിലേക്ക് ക്ഷണിച്ച് പ്രവാചകന്‍(സ) പതിമൂന്ന് വര്‍ഷം മക്കയില്‍ താമസിച്ചു. പ്രവാചകന്‍(സ) പറയുന്നു: ‘പറയുക, അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന്, എന്നാല്‍ നിങ്ങള്‍ വിജയംവരിക്കുന്നതാണ്. പറയുക, അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന്, എന്നാല്‍ അറബികളെയും അനറബികളെയും നിങ്ങള്‍ കീഴ്‌പ്പെടുത്തുന്നതാണ്. പറയുക, അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന്, അതുമുഖേന അല്ലാഹുവിന്റെ അടുക്കല്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി സാക്ഷി നില്‍ക്കുന്നതാണ്.’ പക്ഷേ, സമൂഹം പ്രവാചകനെ പരിഹസിക്കുകയാണ് ചെയ്തത്. ‘ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്.’ (നൂഹ്: 7) അവര്‍ പറയുന്നു: ‘ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും, ഇത് അത്ഭുതകരമായ കാര്യം തന്നെ.’ (സ്വാദ്: 5) ‘ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ ആക്ഷേപിച്ച് സംസാരിക്കുന്നവന്‍?’ (അല്‍അമ്പിയാഅ്: 36) ‘നാം എല്ലുകളും ജീര്‍ണാവശിഷ്ടങ്ങളുമായികഴിഞ്ഞാല്‍ തീര്‍ച്ചയായും നാം പുതിയൊരു സൃഷ്ടിയായി ഉയര്‍ത്തിഴുന്നേല്‍പ്പിക്കന്നതാണോ?’ (അല്‍ഇസ്‌റാഅ്:49) ഇത്തരത്തിലുള്ള കളിയാക്കലുകള്‍ക്കും പരിഹാസങ്ങള്‍ക്കും പ്രവാചകന്‍(സ) പാത്രമാകേണ്ടതായി വന്നു.

എന്നാല്‍, അവര്‍ ഇതുകൊണ്ട് മതിയാക്കിയിരുന്നില്ല. പ്രവാചകനും അനുചരന്മാര്‍ക്കുമെതിരില്‍ രണ്ട് രീതയിലുള്ള യുദ്ധ പ്രഖ്യാപനത്തിന് മുതിരുകയാണ് അവര്‍ ചെയ്തത്. ഒന്നാമത്തേത് സാമ്പത്തികമായ യുദ്ധമാണ്. അവര്‍ അബദ്ധപൂര്‍ണമായ അതിക്രമകരമായ പത്രിക എഴുതി തയാറാക്കി കഅ്ബക്കകത്ത് പതിച്ചു; മുസ്‌ലിംകള്‍ക്ക് വില്‍ക്കുകയോ അവരില്‍ നിന്ന് വാങ്ങുകയോ അരുത്, മുസ്‌ലിംകള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുകയോ അവരില്‍ നിന്ന് വിവാഹം കഴിക്കുകയോ അരുത്. പ്രവാചകനും അനുചരന്മാരും ബനൂ ഹാശിം ഗോത്രത്തില്‍ മൂന്ന് വര്‍ഷത്തോളം ഉപരോധിക്കപ്പെട്ടു. എത്രത്തോളമെന്നാല്‍ അവര്‍ക്ക് അവിടെ ഇലകള്‍ പോലും ഭക്ഷിക്കേണ്ടി വന്നു. സഅദ് ബിന്‍ അബീവഖാസ്(റ) പറയുന്നു: ആടുകള്‍ കാഷ്ഠിക്കുന്നതുപോലെയാണ് ഞങ്ങളില്‍ ഓരോരുത്തരും വിസര്‍ജിച്ചിരുന്നത് (ഉപരോധ കാലത്ത് ഇലകളായിരുന്നല്ലോ അവര്‍ ഭക്ഷിച്ചിരുന്നത്). ആവരില്‍ ആരെങ്കിലും തങ്ങളുടെ പ്രാഥമിക ആവശ്യം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ ആട് കാഷ്ഠിക്കിന്നതുപോലയാണ് പുറത്തുപോയിരുന്നത്. ശക്തമായ പട്ടിണിയും, സങ്കീര്‍ണമായ ജീവിതവുമാണ് അവര്‍ക്ക് അവിടെ നയിക്കേണ്ടി വന്നത്.

Also read: മിണ്ടുന്നതും മിണ്ടാത്തതുമായ എല്ലാ ജീവനുകളും വിലപ്പെട്ടതാണ്

രണ്ടാമത്തേത് ശാരീരികമായ ഉപദ്രവവും പീഡയുമായിരുന്നു. ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുകയും, പൊള്ളുന്ന വെയിലത്ത് നിര്‍ത്തുകയും, നെഞ്ചില്‍ വലിയ പാറ കഷ്ണങ്ങള്‍ വെക്കുകയും, ചമ്മട്ടികൊണ്ട് അിടിക്കുകയും, മക്കിയിലെ കുട്ടികള്‍ക്ക് കല്ലെറിയാന്‍ വിട്ടുകൊടുക്കുകയുമാണ് മക്കയിലെ നിഷേധികളായ പ്രമാണിമാര്‍ ചെയ്തത്. മക്കയിലെ പ്രമാണിമാര്‍ വിശ്വാസികളോട് പറഞ്ഞു: ലാത്തയും ഉസ്സയുമാണ് സത്യം! മുഹമ്മദിനെ നിഷേധിക്കുന്നതുവരെ നിങ്ങളെ ഞങ്ങള്‍ വെറുതെ വിടുകയില്ല. ഉപദ്രവവും പീഡനവും കാരണവുമായി ചില സ്വഹാബികളുടെ കണ്ണുകള്‍ പോലും നഷ്ടപ്പെടുകയുണ്ടായി. സിന്നീറ ജാരിയ റൂമിയ(റ)ക്ക് തന്റെ കണ്ണ് നഷ്ടപ്പെട്ടു. മക്കയിലെ നിഷേധികള്‍ പറഞ്ഞു: ലാത്തയും ഉസ്സയുമാണ് അവളുടെ കാഴ്ച ശക്തി നഷ്ടപ്പെടുത്തിയത്. സിന്നീറ(റ) പറഞ്ഞു: നിങ്ങള്‍ കളവാക്കുകയാണ്. ഉപകാരമോ ഉപദ്രവമോ ഏല്‍പ്പിക്കാന്‍ ലാത്തക്കും ഉസ്സക്കും കഴിയുകയില്ല. അല്ലാഹുവല്ലാതെ മറ്റാരുമല്ല എന്റെ കാഴ്ച ശക്തി നഷ്ടപ്പെടുത്തിയത്. അത് തിരിച്ച് നല്‍കാന്‍ കഴിവുള്ളനുമാകുന്നു അവന്‍. തുടര്‍ന്ന് അവര്‍ക്ക് അല്ലാഹു കാഴ്ച ശക്തി തിരിച്ചുനല്‍കി.

അമ്മാര്‍ ബിന്‍ യാസിറിന്റെ ഉമ്മ സുമയ്യ ബിന്‍ ഹയ്യാതിനെ മുശ്‌രിക്കുകള്‍ ഉപദ്രവിക്കുകയുണ്ടായി. അല്ലാഹുവിന്റെ ശത്രു അബൂജഹല്‍ അവരുടെ അടുക്കല്‍ വന്ന് മോശമായ രീതിയില്‍ പറഞ്ഞു: പുരുഷന്മാരെ കണ്ടുകൊണ്ടാണ് അവര്‍ ഇസ്‌ലാം സ്വീകരിച്ചത്. എന്നാല്‍, സുമയ്യ(റ) അതിനോട് പ്രതികരിക്കുകയുണ്ടായില്ല. അവര്‍ കാരുണ്യവാന്റെ ദാസിയായിരുന്നു. അല്ലാഹു തന്റെ ദാസന്മാരെയും ദാസിമാരെയും കുറിച്ച് പറയുന്നു: ‘അവിവേകികള്‍ തങ്ങളോട് സാസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.’ (അല്‍ഫുര്‍ഖാന്‍: 63) നിഷേധികള്‍ സുമയ്യ(റ)യെ ഉപദ്രവിക്കുകയും, ഗുഹ്യ ഭാഗത്തേക്ക് പ്രഹരിക്കുകയും, തുടര്‍ന്ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. അമ്മാര്‍(റ)വിനെ സ്വാന്തനിപ്പിച്ച് കൊണ്ട് പ്രവാചകന്‍(സ) പറഞ്ഞു: അമ്മാര്‍, നിന്റെ ഉമ്മയുടെ കൊലയാളിയെ അല്ലാഹു കൊന്നിരിക്കുന്നു-ശപിച്ചിരിക്കുന്നു. ഇത്തരുണത്തിലായിരുന്നു ഒരുപാട് സ്വഹാബികളുടെ അവസ്ഥയെന്ന് പറയാവുന്നതാണ്. തെമ്മാടികളായ നിഷേധികളില്‍ നിന്ന് വിശ്വാസികള്‍ കടുത്ത പീഡനങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും ഇരയാവുകയായിരുന്നു. പ്രവാചകന്‍(സ)യും അതില്‍ നിന്ന് ഒഴിവായിരുന്നില്ല. പ്രവാചകന്‍ അവരെ ഉപദ്രവിക്കുകയോ, അവരോട് മോശമായി സംസാരിക്കുകയോ ചെയ്തില്ല. പ്രവാചകന് ഒരുപാട് ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നു.

പ്രവാചകന്‍(സ) കഅ്ബക്ക് ചാരത്ത് സുജൂദിലായിരിക്കെ മുശ്‌രിക്കുകള്‍ പരസ്പരം പറയുകയുണ്ടായി: ഒട്ടകമുള്ള ഇന്നാലിന്ന ആളുടെ അടുക്കല്‍ പോയി മാലിന്യങ്ങള്‍ കൊണ്ടുവന്ന് മുഹമ്മദിന്റെ തലയില്‍ ആരാണ് ഇടുക? ഈയൊരു ദൗത്യത്തിനായി അവരില്‍ നിന്ന് ഉഖ്ബത് ബിന്‍ അബീ മുഗീത് പുറപ്പെട്ടു. ദുര്‍ഗന്ധം വമിക്കുന്ന മാലന്യം ഉഖ്ബത് ബിന്‍ അബീ മുഗീത് സുജൂദിലായിരുന്ന പ്രവാചകന്റെ മുതുകില്‍ കൊണ്ടുപോയിട്ടു. ചിലപ്പോള്‍ സുജൂദിലായിരിക്കുന്ന പ്രവാചകന്റെ തലയില്‍ അവര്‍ മണ്ണ് വാരിയിടുകയോ പിരടിയില്‍ ചവിട്ടുകയോ ചെയ്യുമായിരുന്നു. പിരടിയില്‍ കാലുകൊണ്ട് ചവിട്ടിയത് മൂലം പ്രവാചകന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ ഉറ്റിവീഴുമായരുന്നു.

Also read: ആനയും മലപ്പുറവും പിന്നെ സംഘ പരിവാറും

ഒരിക്കല്‍ അബൂബക്കര്‍(റ)വിന്റെ അടുക്കല്‍ വന്ന് ത്വാരിഖ് പറഞ്ഞു: താങ്കളുടെ കൂട്ടുകാരന്റെ അടുക്കലേക്ക് ചെല്ലുക, ജനം അദ്ദേഹത്തെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. വസ്ത്രം നിലത്ത് വലിച്ചഴച്ച് പെട്ടെന്ന് അബൂബക്കര്‍(റ) പുറപ്പെട്ടു. മുശ്‌രിക്കുകള്‍ പ്രവാചകനെ വലയം ചെയ്തിരിക്കുന്നതാണ് അബൂബക്കര്‍(റ) കണ്ടത്. അവര്‍ പ്രവാചകനെ പിടിച്ചുവെക്കുകയും, ചീത്തവിളിക്കുകയും, മുഖത്തിടിക്കുകയുമായിരുന്നു. അബൂബക്കര്‍(റ) വേഗത്തില്‍ അവിടെ ചെന്ന് പറഞ്ഞു: ‘എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടുണ്ട്.’ (ഗാഫിര്‍: 28) ഫിര്‍ഔന്റെ ആള്‍ക്കാരില്‍പ്പെട്ട വിശ്വാസം കൈകൊണ്ട മനുഷ്യന്‍ പറഞ്ഞതുപോലെ അബൂബക്കര്‍(റ) ഈ വാക്യം പറഞ്ഞുകൊണ്ടിരുന്നു. അവര്‍ പ്രവാചകനെ വിടുകയും അബൂബക്കര്‍(റ)വിലേക്ക് തിരിയുകയും അദ്ദേഹത്തെ അടിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഉത്ബത് ബിന്‍ റബീഅ അബൂബക്കര്‍(റ)വിന്റെ മുഖത്തേക്ക് രക്തം വരുന്നതുവരെ ചെരിപ്പുകൊണ്ട് അടിച്ചു. അവര്‍ ശക്തമായ രീതിയിലാണ് അബൂബക്കര്‍(റ)വിനെ അടിച്ചത്. അദ്ദേഹം തന്റെ വീട്ടിലേക്ക് കൊണ്ടുവരപ്പെട്ടു, അദ്ദേഹത്തിന് ഒന്നും ഓര്‍മയുണ്ടായിരുന്നില്ല. അദ്ദേഹം ഉണര്‍ന്ന് കണ്ണ് തുറന്നപ്പോള്‍ ഭക്ഷണം കൊണ്ടവരപ്പെട്ടു. എന്നാല്‍ ആദ്ദേഹം ആദ്യമായി ചോദിച്ചത്, പ്രവാചകന് എന്താണ് സംഭവിച്ചത് എന്നായിരുന്നു. അവര്‍ പറഞ്ഞു: അബൂബക്കര്‍, അദ്ദേഹം സുഖമായിരിക്കുന്നു. അബൂബക്കര്‍(റ) പറഞ്ഞു: അല്ലാഹുവാണ് സത്യം! അദ്ദേഹം വരുന്നതുവരെ ഞാന്‍ ഒന്നും കഴിക്കുകയോ രുചിക്കുകയോ ചെയ്യുകയില്ല; ഞാന്‍ അദ്ദേഹത്തെ കാത്തിരിക്കുകയാണ്.

ഉപദ്രവവും പീഡനവും കുതന്ത്രവും നിറഞ്ഞുനിന്നിരുന്ന ഇത്തരമൊരു പരിതസ്ഥിതിയിലെ പ്രവാചകന്റെയും അനുചരന്മാരുടെയും അവസ്ഥ ഇപ്രകാരമായിരുന്നു. തുടര്‍ന്ന് പ്രവാചകന്‍(സ) ഹബശയിലേക്ക് (എത്യോപ്യയിലേക്ക്) പുറപ്പെടാന്‍ അനുവാദം നല്‍കി. അവര്‍ ഒന്നാമത്തെ ഹിജ്‌റക്ക് പുറപ്പെട്ടു. പിന്നീട് രണ്ടാമത്തെ ഹിജ്‌റയും പുറപ്പെടുന്നതിനുള്ള അനുവാദവും ലഭിച്ചു. ഉപദ്രവം കഠിനമായികൊണ്ടിരിക്കുകയും, കൂടുതല്‍ തന്ത്രങ്ങള്‍ പ്രവാചകനെതിരില്‍ മെനയുകയുമായിരുന്നു അവര്‍. പ്രതിസന്ധികള്‍ കൂടിവരുകയായിരുന്നു. സമൂഹം പ്രവാചകനെ കൊലചെയ്യാന്‍ വേണ്ടി ഒരുമിച്ച് കൂടി. ‘നിന്നെ തടവിലാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ തന്ത്രം പ്രയോഗിക്കുന്നവരില്‍ ഏറ്റവും സമര്‍ഥന്‍ അല്ലാഹുവെത്രെ.’ (അല്‍അന്‍ഫാല്‍: 30) ‘വിവിധ രാജ്യക്കാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോള്‍ നിന്റെ രക്ഷിതാവിന്റെ പിടുത്തം അപ്രകാരമാകുന്നു. തീര്‍ച്ചയായും അവന്റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്. പരലോകശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്. സര്‍വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്. സര്‍വരുടെയും സാന്നിധ്യമുണ്ടാകുന്ന ഒരു ദിവസവുമാകുന്നു അത്.’ (ഹൂദ്: 102-103) കാര്യങ്ങള്‍ അതിന്റെ ഉച്ഛിയിലെത്തിയ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ അനുചരന്മാര്‍ക്ക് മദീനയിലേക്ക് ഹിജ്റക്ക് പുറപ്പെടാനുള്ള അനുവാദം നല്‍കി. ഏറ്റവും നല്ല അയല്‍ക്കാരുള്ള ഏറ്റവും നല്ല ദേശമായിരുന്ന മദീന. ഇതെല്ലാം അല്ലാഹുവില്‍ നിന്നുള്ള വഹ്യിന്റെയും, കല്‍പനയുടെയും, നടപടിക്രമത്തിന്റെയും ഭാഗമായിരുന്നു.

അവലംബം: iumsonline.org
വിവ: അര്‍ശദ് കാരക്കാട്

Related Articles