Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് ഇബ്രാഹീം നബി സമാനതകളില്ലാത്ത നേതാവായി?

വിശുദ്ധ ഖുർആനിൽ അല്ലാഹു ഏറ്റവും കൂടുതൽ പ്രശംസിച്ചത് ഇബ്രാഹിം നബി(അ)യെയാണ്. അദ്ദേഹം അല്ലാഹുവിൻറെ കൂട്ടുകാരനായിരുന്നു.,(4:125)
ഒരു സമുദായമായിരുന്നു. സത്യപാതയിൽ ഉറച്ച് നിന്നവനും അല്ലാഹുവിന് പൂർണമായി വഴങ്ങിയവനുമായിരുന്നു. അല്ലാഹുവിൻറെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവനായിരുന്നു. അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്തവനും നേരായ വഴിയിൽ നയിച്ചവനുമായിരുന്നു. (16:120,121)

ക്ഷമാശീലനും ഏറെ ദയാലുവും സദാ പശ്ചാത്തപിക്കുന്നവനും ആയിരുന്നു. (11:75)
ജനങ്ങളുടെ നേതാവ്. (2:124)
വിഡ്ഢികളല്ലാത്ത ആരും വെറുക്കാത്ത മാതൃക കാഴ്ച വെച്ചവൻ.(2:130)
മുഴുവൻ വിശ്വാസികളും പിന്തുടരാൻ കൽപ്പിക്കപ്പെട്ട ഉത്തമ മാതൃകയുടെ ഉടമ. (3:95,4:125,60:4))
ഉത്തരവാദിത്വങ്ങൾ പൂർത്തീകരിച്ചവൻ.(53:37)
സത്യവാനായ പ്രവാചകൻ. (19:41)
ബഹുദൈവ വിശ്വാസം നിരാകരിച്ച് അല്ലാഹുവിന് വഴങ്ങി സത്യപാതയിൽ ഉറച്ച് നിന്നവൻ.(16:120)
വലിയ വിവേകശാലി. (21:51)
ആകാശഭൂമികളിലെ അല്ലാഹുവിൻറെ ആധിപത്യ വ്യവസ്ഥ കണ്ട ദൃഢ വിശ്വാസി.(6:75)

എന്തുകൊണ്ട് ഇബ്രാഹീം പ്രവാചകൻ അല്ലാഹുവിനാൽ ഇത്രയേറെ പ്രശംസിക്കപ്പെട്ട് മുഴുവൻ മനുഷ്യർക്കും മാതൃകയായി മാറി? മൂന്ന് മതാനിയായികൾ ഉൾപ്പെടെ ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ആദരിക്കുന്ന നേതാവായി മാറി?
1) മറ്റെല്ലാ പ്രവാചകന്മാരിൽ നിന്നും വ്യത്യസ്തമായി ഇസ്ലാമിക പ്രബോധനാവശ്യാർത്ഥം നിരവധി നാടുകൾ ചുറ്റിക്കറങ്ങിയ മഹൽ വ്യക്തിയാണ് അദ്ദേഹം. ഇറാഖ്, സിറിയ, ഫലസ്തീൻ, ഈജിപ്ത്, ഹിജാസ് തുടങ്ങിയ നാടുകളിലൂടെയെല്ലാം സത്യ സന്ദേശവുമായി അദ്ദേഹം സഞ്ചരിച്ചു. അതിനായി തീവ്രമായി അധ്വാനിച്ചു. കഠിനമായ ത്യാഗം സഹിച്ചു.

2) തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകനെ അല്ലാഹുവിന് വേണ്ടി ബലിയർപ്പിക്കാൻ സന്നദ്ധനായി. അങ്ങനെ ഏറ്റവും ഇഷ്ടപ്പെട്ടത് അല്ലാഹുവിന് നൽകാനും അവൻറെ പ്രീതിക്കായി ഏറ്റവും പ്രയാസകരമായത് ചെയ്യാനും സന്നദ്ധനായി.അങ്ങനെ, സ്വന്തത്തെ സമ്പൂർണ്ണമായി സൃഷ്ടാവിന് സമർപ്പിച്ചു.

3) തന്നെ ധിക്കരിച്ച സത്യനിഷേധികളോടുൾപ്പെടെ എല്ലാവരോടും കാരുണ്യവും വിട്ടുവീഴ്ചയും ഗുണകാംക്ഷയും അനുകമ്പയും പുലർത്തി.അവരുടെ രക്ഷക്കായി അതിയായി ആഗ്രഹിച്ചു.അദ്ദേഹം പ്രാർത്ഥിച്ചു:”ആരെങ്കിലും എന്നെ പിന്തുടരുന്നുവോ അവർ എന്റേതാവുന്നു. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവോ നീ നിശ്ചയമായും മാപ്പ് നൽകുന്നവനും ദയാപരനുമല്ലോ”.(14:36)
അതോടൊപ്പം ആരോടും പ്രതികാരം ചെയ്തില്ല. അങ്ങനെ തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ട് പ്രതിരോധിക്കുകയെന്ന ദൈവിക നിർദ്ദേശത്തിന്റെ ശക്തനായ വക്താവായി മാറി.

4) നാട് വിടേണ്ടി വന്നപ്പോഴും സ്വന്തം കൈകൊണ്ട് പ്രിയ പുത്രനെ ബലിയർപ്പിക്കാൻ കല്പിക്കപ്പെട്ടപ്പോഴും കുടുംബിനിയെയും കൊച്ചു മകനെയും ജനശൂന്യമായ മക്കാ മരുഭൂമിയിൽ താമസിപ്പിക്കേണ്ടി വന്നപ്പോഴും അല്ലാഹുവോട് ആവലാതിപ്പെടുകയോ പരാതി പറയുകയോ ചെയ്യാത്ത ഇബ്രാഹീം നബി (അ) നികൃഷ്ട കൃത്യങ്ങളിൽ മുഴുകിയ ലൂത്ത് നബിയുടെ ജനതയായ സദൂം സമൂഹത്തെ ശിക്ഷിക്കുന്നുവെന്നറിഞ്ഞപ്പോൾ അവർക്ക് വേണ്ടി അല്ലാഹുവോട് തർക്കിക്കാൻ മാത്രം കാരുണ്യവും ഗുണകാംക്ഷയും പുലർത്തിയിരുന്ന വിശ്വത്തോളം വിശാലമായ മനസ്സിൻറെ ഉടമയായിരുന്നു അദ്ദേഹം.

ഇബ്രാഹീം പ്രവാചകൻ പ്രാർത്ഥിച്ചു:’ഇബ്രാഹിം ലൂത്തിന്റെ ജനതയുടെ കാര്യത്തിൽ നമ്മോട് തർക്കിച്ചു തുടങ്ങി. ഇബ്രാഹീം വളരെ ക്ഷമാശീലനും ദയാലുവും പശ്ചാത്തപിച്ചു മടങ്ങുന്നവനുമായിരുന്നു.’
(74,75)

Related Articles