Current Date

Search
Close this search box.
Search
Close this search box.

പിഴക്കാത്ത പ്രവചനങ്ങൾ

ഹാതിം ത്വാഈ അറിയപ്പെടുന്ന ധർമ്മിഷ്ഠനായിരുന്നു. അദ്ദേഹത്തിൻറെ മകനാണ് അദിയ്യ്. അദ്ദേഹം ഇസ്‌ലാമിൻറെയും പ്രവാചകൻറെയും കഠിന ശത്രുവായിരുന്നു. സാധ്യമാവുന്ന എല്ലാ വിധേനയും പ്രവാചകനെ ദ്രോഹിച്ചു കൊണ്ടിരുന്നു. യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട സഹോദരിയോടുള്ള പ്രവാചകൻറെ അത്യുദാരമായ പെരുമാറ്റത്തെ സംബന്ധിച്ച് കേട്ടറിഞ്ഞ അദിയ്യ് അവരുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹത്തെ കാണാൻ മദീനയിലെത്തി. പ്രവാചകൻ അദ്ദേഹത്തെ മാന്യമായി സ്വീകരിച്ചു. അങ്ങേയറ്റം ഉദാരതയോടെ പെരുമാറി. പ്രാരംഭ സംഭാഷണങ്ങൾക്ക് ശേഷം പ്രവാചകൻ അദ്ദേഹത്തോട് പറഞ്ഞു.:”അദിയ്യ്! ഇപ്പോൾ മുസ്ലിംകൾ അനുഭവിക്കുന്ന പട്ടിണിയും പ്രയാസങ്ങളുമാണ് താങ്കളുടെ ഇസ്ലാം സ്വീകരണത്തിന് തടസ്സമെങ്കിൽ അല്ലാഹുവാണ് സത്യം! മുസ്ലിംകളുടെ വശം ഒട്ടും വൈകാതെ ധാരാളം സമ്പത്ത് വന്നുചേരും. അന്ന് അവരിൽ നിന്ന് ധനം സ്വീകരിക്കാൻ ആളില്ലാത്ത വിധം അവർ സമ്പന്നരായി മാറും.

മുസ്ലിംകളുടെ എണ്ണക്കുറവും എതിരാളികളുടെ സംഖ്യാ ബലവുമുണ്ടാക്കുന്ന സമകാലീന സമൂഹത്തിലെ ഭീതിതമായ അവസ്ഥയാണ് സന്മാർഗം സ്വീകരിക്കാൻ താങ്കൾക്ക് തടസ്സമെങ്കിൽ അറിയുക: അങ്ങകലെ ഖാദ്സിയയിൽ നിന്ന് ഒരു ചെറുപ്പക്കാരിക്ക് തനിച്ച് ഒട്ടകപ്പുറത്ത് അല്ലാഹുവിനെയല്ലാതെ മറ്റാരെയും പേടിക്കാതെ ഇവിടെ വന്ന് തിരിച്ചുപോകാൻ സാധ്യമാവും വിധം സുരക്ഷിതവും നിർഭയവുമായ അവസ്ഥ സംജാതമായതായി വൈകാതെ തന്നെ താങ്കൾക്ക് കേൾക്കാൻ കഴിയും.

അല്ലയോ അദിയ്യ്! അധികാരവും മേധാവിത്വവും മറ്റുചിലരുടെ കൈകളിലാണെന്നതാണ് താങ്കൾ ഇസ്ലാമിലേക്ക് വരാതിരിക്കാൻ കാരണമെങ്കിൽ അറിയുക: ബാബിലോണിയയിലെ വൈറ്റ് ഹൗസ്കളും കിസ്റായുടെ സമ്പത്തിൻറെ കൂമ്പാരങ്ങളും മുസ്ലിംകളുടെ അധീനതയിൽ ഇതിൽ വരുന്നത് താങ്കൾക്ക് കാണാൻ കഴിയും.”
“കിസ്റായുടെ കൊട്ടാരത്തിലെ ധനശേഖരം മുസ്ലിംകളുടെ അധീനതയിൽ വരികയോ?”അദിയ്യ് അത്ഭുതത്തോടെ ചോദിച്ചു.
“അതെ, തീർച്ചയായും.”പ്രവാചകൻ പ്രതിവചിച്ചു.

അദിയ്യിൻറെ ജീവിത കാലത്ത് തന്നെ മൂന്ന് പ്രവചനങ്ങളിൽ രണ്ടും യാഥാർത്ഥ്യമായി. പ്രവചനങ്ങൾ വിശ്വസിച്ച് ഇസ്ലാം സ്വീകരിച്ച അദിയ്യിന് കോസ്റോസിൻറെ കൊട്ടാരം മോചിപ്പിച്ച പോരാട്ടത്തിൽ പങ്കാളിയാകാൻ സാധിച്ചു.സകാത് സ്വീകരിക്കാൻ ആളില്ലാത്തവിധം സമൂഹം സമ്പന്നമായത് ഉമർ രണ്ടാമത്തെ കാലത്താണെന്ന് മാത്രം!

Related Articles