Current Date

Search
Close this search box.
Search
Close this search box.

പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്നത്

കുറച്ച് വർഷങ്ങൾക്ക്  മുമ്പ് കടലുണ്ടിയിൽ  ഉണ്ടായ  തീവണ്ടി അപകടത്തെക്കുറിച്ച്  ഈയിടെ ഒരു സുഹൃത്ത് അനുസ്മരിക്കുകയുണ്ടായി.  പ്രസ്തുത  വണ്ടിയിൽ  യാത്ര പോകാൻ ഉദ്ദേശിച്ച അദ്ദേഹം പക്ഷേ, വീട്ടിൽ നിന്ന് ഇറങ്ങാൻ  അല്പം വൈകി. സ്റ്റേഷനിലേക്ക് ധൃതിപ്പെട്ട് ഓടുമ്പോൾ  അദ്ദേഹം പ്രാർത്ഥിച്ചത്, ‘ദൈവമേ ആ തീവണ്ടി നഷ്ടപ്പെടാതെ ,
എനിക്ക് അതിൽ കയറാൻ അവസരം നൽകേണമേ’ , എന്നായിരുന്നു.
പക്ഷേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും തീവണ്ടി പോയി  ഞാൻ പ്രാർത്ഥിച്ചതിന്
ഫലം ഉണ്ടായില്ലല്ലോ എന്ന് അദ്ദേഹം വിഷമിച്ചു. ഫലം ലഭിക്കാതെ പോയ ഒട്ടനേകം പ്രാർത്ഥനകളിൽ  ഒന്നായി മനസ്സിലാക്കി അടുത്ത വണ്ടിയും പ്രതീക്ഷിച്ചു സ്റ്റേഷനിലെ ബെഞ്ചിലിരുന്നു.

അധികം വൈകിയില്ല. ആളുകളൊക്കെ പരിഭ്രാന്തരായി  പരസ്പരം സംസാരിക്കുന്നു.
തനിക്ക് കയറാൻ സാധിക്കാതെ  പോയ  വണ്ടി  അപകടത്തിൽ പെട്ടിരിക്കുന്നു.
ധാരാളം പേർ മരണപ്പെട്ടതായി കേൾക്കുന്നു. പുഴയിലേക്കാണ് മറിഞ്ഞത്.

തീവണ്ടിയിൽ കയറാൻ അവസരം നൽകേണമേ എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രാർത്ഥന  എന്നാൽ ദൈവം സ്വീകരിച്ചത്, യാത്ര സുഖകരമാവണമെന്ന അദ്ദേഹത്തിൻറെ യഥാർത്ഥ ആവശ്യവും.

Also read: കൊറോണ ബാധിച്ച നാസ്തികത

തീവണ്ടിയിൽ കയറാൻ  അവസരം നൽകാതിരുന്നത്, ദൈവം നൽകിയ അനുഗ്രഹം ആയിരുന്നുവെന്ന് വൈകിയാണ് മനസ്സിലായത് എന്ന് മാത്രം.

നമ്മുടെ പ്രാർത്ഥനകൾ സംബന്ധിച്ച് ചിലത് നാം മനസ്സിലാക്കണം. എന്താണ്  ദൈവത്തോട്  നാം  ചോദിക്കുന്നത്, അതുതന്നെ ലഭിച്ചു കൊള്ളണമെന്നില്ല. കാരണം,
ചോദിക്കുന്ന നമുക്ക് ഭാവി കാര്യങ്ങളെ അറിയില്ല. നാം ചോദിക്കുന്നത് നമുക്ക് ഗുണകരമായവ തന്നെയാണോ എന്ന് നമുക്കറിയില്ല.

പ്രാർത്ഥനകൾ എല്ലാം ദൈവം സ്വീകരിക്കും. ‘എന്നോട് ചോദിച്ചോളൂ ഞാൻ ഉത്തരം നൽകാം’ എന്നാണ് നാഥൻറെ വാഗ്ദാനം. പ്രാർത്ഥന സ്വീകരിക്കുക, നാം ചോദിക്കുന്നത് തന്നെ നൽകിക്കൊണ്ട് ആവണമെന്നില്ല എന്നതിൻറെ ഉദാഹരണമാണ് നേരത്തെ സൂചിപ്പിച്ചത്.

ചിലപ്പോൾ ചോദിക്കുന്നതിനേക്കാൾ ഉത്തമമായത് നൽകും. ചെറിയൊരു കുട്ടി തീക്കനൽ വേണമെന്ന് വാശി പിടിക്കുമ്പോൾ സ്നേഹനിധിയായ മാതാവ് കുട്ടിക്ക് പകരം കളിപ്പാട്ടം നൽകുന്നതുപോലെ.

മറ്റു ചിലപ്പോൾ നമുക്ക്  വരാനിരിക്കുന്ന ദുരന്തങ്ങളിൽ നിന്ന് പ്രാർത്ഥന കാരണം നമ്മെ പടച്ചവൻ രക്ഷിക്കും. എല്ലാറ്റിലുമുപരി പരലോകത്ത് പ്രതിഫലാർഹമായ ഒരു സമ്പാദ്യം ആയിരിക്കും നമ്മുടെ പ്രാർത്ഥന.

ഒരു പ്രാർത്ഥന പോലും ദൈവം നിരാകരിക്കുന്നില്ല. അവനോട് മാത്രമാണ് ചോദിക്കുന്നതെങ്കിൽ, കഴിക്കുന്ന ആഹാരം നിഷിദ്ധങ്ങൾ കലർന്നതല്ലെങ്കിൽ.

ഒരിക്കൽ,  പ്രവാചകനും അനുയായികളും  ഒരിടത്തു  നിൽക്കുമ്പോൾ
അവർക്ക്  മുന്നിലൂടെ ഒരാൾ  കടന്നു പോവുകയുണ്ടായി അദ്ദേഹം കൈകളുയർത്തി എൻറെ നാഥാ എന്ന ഉരുവിട്ടു കൊണ്ടാണ് പോകുന്നത്. അയാളെ കാണുമ്പോൾ തന്നെ അറിയാം ഒരു നല്ല ഭക്തൻ ആണെന്ന്.  പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തെ
ചൂണ്ടി പ്രവാചകൻ പറഞ്ഞു,  അദ്ദേഹത്തിൻറെ പ്രാർത്ഥന കൊണ്ട്
ഒരു പ്രയോജനവുമില്ല  എന്ന്.

ഭാവപ്രകടനങ്ങൾ കൊണ്ടൊക്കെ  ഒരു ഭക്തൻ എന്ന് തോന്നിച്ച മനുഷ്യനെക്കുറിച്ച് അയാളുടെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുകയില്ല, എന്ന് പ്രവാചകൻ പറഞ്ഞപ്പോൾ അനുയായികൾ കൗതുകത്തോടെയും ജിജ്ഞാസയോടെ യും നോക്കി. പ്രവാചകർ തുടർന്നു പറഞ്ഞു
അദ്ദേഹം കഴിക്കുന്ന ഭക്ഷണം നിഷിദ്ധമാണ്.
അദ്ദേഹം കുടിക്കുന്ന പാനീയം നിഷിദ്ധമാണ്
അദ്ദേഹം ധരിക്കുന്ന വസ്ത്രം നിഷിദ്ധമാണ്
അദ്ദേഹം വളർന്നത് തന്നെ നിഷിദ്ധ ത്തിലാണ്.
പിന്നെ എങ്ങനെയാണ് അദ്ദേഹത്തിൻറെ പ്രാർത്ഥന സ്വീകരിക്കുക ?

എങ്ങനെയെങ്കിലും വരുമാനമുണ്ടാക്കാം ആരുടേയും കട്ടും കവർന്നും സമ്പാദിക്കാം എന്ന് തീരുമാനിച്ചവരുടെ പ്രാർത്ഥന, ദൈവം സ്വീകരിക്കുകയില്ല.

മറ്റൊരിക്കൽ നബി പഠിപ്പിക്കുകയുണ്ടായി നിങ്ങൾ  സാഷ്ടാംഗം പ്രണമിച്ചു  നമസ്കരിച്ചു  എല്ലും  തോലുമായി തീർന്നാലും നിങ്ങളുടെ നട്ടെല്ല് വളഞ്ഞ് പോയാലും ഭക്ഷണത്തിൽ നിഷിദ്ധമായ മുതൽ കടന്നു കൂടിയിട്ടുണ്ടെങ്കിൽ ദൈവം നമസ്കാരം സ്വീകരിക്കുകയില്ല.
വ്രതമനുഷ്ഠിച്ചു നിങ്ങളുടെ ശരീരം ശോഷിച്ചു മെലിഞ്ഞ് ക്ഷീണിതനായി മാറിയാലും നിങ്ങളുടെ ഭക്ഷണത്തിൽ നിഷിദ്ധം കലർന്നിട്ടുണ്ടെങ്കിൽ അത് സ്വീകരിക്കുകയില്ല.
അഥവാ, അന്യായമായി സമ്പാദിച്ച മുതൽ നമ്മുടെ  സമ്പാദ്യത്തിൽ കലർന്നു  കിടക്കുന്ന
കാലത്തോളം ദൈവത്തിന് നമ്മെ ഇഷ്ടമില്ല എന്നർത്ഥം.

Also read: ആത്മബോധത്തിൽ നിന്നുണരുന്ന വ്യക്തിത്വബോധം

നമുക്ക് അർഹമായത് മാത്രമേ നാം എടുക്കാവൂ. ഒരു നയാപൈസ ആണെങ്കിലും ഒരു ഓലച്ചീന്ത് ആണെങ്കിൽ പോലും. നമുക്ക് അനുവദനീയമായത് മാത്രം സ്വന്തമാക്കുക അത്
നമ്മുടെ പ്രാർത്ഥന സ്വീകരിക്കപ്പെടാൻ നിർബന്ധമായി പൂർത്തീകരിക്കേണ്ട ഒരു ഉപാധിയാണ്. നാം ദൈവത്തോട് അടുക്കുമ്പോൾ മനുഷ്യനോടും അടുക്കുകയാണ് വേണ്ടത്.
നാം ദൈവത്തെ സ്നേഹിക്കുമ്പോൾ മനുഷ്യനെയും സ്നേഹിക്കുകയാണ് വേണ്ടത്.

എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം. (Sura 2 : Aya 186)

Related Articles