Current Date

Search
Close this search box.
Search
Close this search box.

അടയണ്ട ; അലിയുകയും വേണ്ട;അബസയിൽ നിന്ന് സബ്അ:യിലേക്ക് വഴി നടക്കാം

ബഹുസ്വര മത സമൂഹത്തിലെ കൊള്ളക്കൊടുക്കലുകൾ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചേടത്തോളം പ്രധാനമാണ്. ആധുനിക ഇസ്ലാമിക ലോകത്ത് തദ്സംബന്ധിയായി മൂന്നു നിലപാടുകൾ കാണാം.
1 – ഇൻഗിലാഖ് : – എല്ലാത്തിനോടും അടഞ്ഞ നിലപാടാണിത്. സാമൂഹിക ദുർജ്ഞേയതാ വാദം. തനി ഇസ്ലാമിക സമൂഹത്തിലെ വലാ – ബറാ ചർച്ചകളെല്ലാം സംഗതമാവുന്നത് ഈ അടയൽ സമൂഹത്തിലാണ്
2-ഇൻദിമാജ് :-എല്ലാത്തിലും അലിഞ്ഞ് ചേരാൻ തയ്യാറുള്ള സ്വാത്മീകരണ വാദമാണത്. കുനിയാൻ പറയുമ്പേഴേക്കും നിലത്ത് കിടന്ന് ഇഴയുന്ന ക്ഷമാപണ നിലപാടിന്റെ പേരാണിത്. Melting Pot മനസ്ഥിതി എന്ന് വിളിക്കുന്ന തികഞ്ഞ ദേശീയ – ലിബറൽ മനസ്സിന്റെ മുദ്രിത ഭാവം. My Nation right or wrong എന്ന പഴയ ദേശീയതയുടെ പുതിയ പതിപ്പ്.
3 – ത’ആയുശ്: – പരസ്പര സഹകരണാധിഷ്ഠിത അതിജീവനം എന്ന് വേണമെങ്കിൽ നമുക്കിതിനെ വിളിക്കാം. ബഹുസ്വരതയിൽ അലിയാതെ , അടയാതെയും സ്വന്തം രസങ്ങളേയും അരുചികളേയും പ്രകടിപ്പിച്ചുള്ള പ്രശമനത്തിന്റെ ജീവിത രീതി. ആധുനിക സാമൂഹ്യ – മനശാസ്ത്ര പഠനങ്ങൾ Salad Bawl അവസ്ഥാന്തരം എന്ന് വിളിക്കുന്ന പ്രശ്നാധിഷ്ഠിത സഹകരണ മനസ്സ് .

വിശുദ്ധ ഖുർആൻ പ്രസരിപ്പിക്കുന്നത് ഈ പാരസ്പര്യത്തിന്റെ പാഠമാണ്. സൂറ: മുംതഹിന: എട്ടാം സൂക്തം ഇങ്ങിനെയാണ് :- لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു നിരോധിക്കുന്നില്ല. തീര്ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

ആകാശത്ത് പാറിനടക്കുന്ന പക്ഷികളും കൂട്ടില്‍ കഴിയുന്നവയും തമ്മിലുള്ള താത്ത്വികാന്തരമാണ് വാസ്തവത്തില്‍ ഭൂരിപക്ഷ മുസ്‌ലിം നാടുകളില്‍ കഴിയുന്നവരും ന്യൂനപക്ഷ സമൂഹമായി കഴിയുന്നവരും തമ്മിലുള്ളത്. രണ്ടു പക്ഷിക്കൂട്ടങ്ങൾക്കും മുകളിലുള്ള ആകാശവും ലഭിക്കുന്ന വെള്ളവും മാത്രമേ ഒന്നായുള്ളൂ. ബാക്കി എല്ലാ മേഖലകളിലും അവ വ്യത്യസ്തമാണ്. ബഹുസ്വര സമൂഹത്തില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികള്‍ അവരുടെ സാഹചര്യങ്ങളുമായും സ്ഥലകാലങ്ങളുമായും ബന്ധപ്പെട്ട് ആവിഷ്‌കരിക്കുന്ന അതിജീവന കലയുടെ മതകീയ ഭാവമാണ് ഫിഖ്ഹുല്‍ അഖല്ലിയ്യ. സവിശേഷമായ സാഹചര്യങ്ങളുടെ സൃഷ്ടിയെന്നര്ഥം. പൊതു മുസ്‌ലിം സമൂഹത്തിന് ഹിതകരമല്ലാത്തത് ഇവർക്ക് ഹിതകരമാവാം. എന്നാലും ജീവിക്കുന്നത് ശരീഅത്തിന്റെ അന്തഃസത്ത നെഞ്ചിലേറ്റിയാവണം. ജനങ്ങള്ക്കു വേണ്ടി ഉയിർത്തെഴുന്നേറ്റ ഉത്തമ സമുദായം (ഖൈരിയ്യത്ത്, ഇഖ്‌റാജ്, ഖുര്ആറന്‍ 3:110) എന്ന വിതാനത്തില്‍ നിന്ന് അവന് താഴേക്ക് വരാന്‍ നിവൃത്തിയില്ല എന്ന് ചുരുക്കം. അഥവാ നിയോഗിത ലക്ഷ്യനിർവഹണത്തിന് ദാറുല്‍ ഇസ്‌ലാം, ദാറുൽ ഹർബ്, ദാറുൽ കുഫ്ര്‍, ദാറുൽ അംന് എന്നീ സംജ്ഞകള്‍ വെറും താർക്കികം. ‘നിഷേധികൾക്കിടയില്‍ അധിവസിക്കുന്ന മുസ്‌ലിമുമായി എനിക്ക് ബന്ധമില്ല’ എന്നയർഥത്തിലുള്ള വാചകം പ്രവാചകനിലേക്ക് ചേർത്ത് ഹിജ്‌റ : (പലായനം) നിര്ബന്ധമാണെന്ന രീതിയിലുള്ള ചര്ച്ചകള്‍ പണ്ട് പലയിടങ്ങളിലും നടന്നിരുന്നു.
‘ഇനി ഹിജ്‌റയില്ല’ എന്ന ഹദീസിന്റെ വിശദീകരണം ചോദിച്ച ഉബൈദുബ്‌നു ഉമൈറി(റ)നോട് മഹതി ആഇശ(റ) പ്രതികരിച്ചതിങ്ങനെ: ”ഒരാൾക്ക് അവന്റെ റബ്ബിനെ ഇബാദത്ത് ചെയ്യണമെന്ന് കരുതുന്നിടത്ത് നിൽക്കാം .”

റശീദ് രിദാ, ഖറദാവി, ജാദുല്‍ ഹഖ്, മറാഗി എന്നീ ആധുനിക പണ്ഡിതര്‍ ഹിജ്‌റ : സംബന്ധിയായ അനുകൂല-പ്രതികൂല പ്രമാണങ്ങളെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ (മഖാസിദ്) പരിഗണിച്ച് വായിക്കാന്‍ ശ്രമിച്ചിട്ടുള്ളവരാണ്. ”എല്ലാ നാടും ദൈവത്തിന്റേത്; അടിമകളെല്ലാം അവന്റേതുതന്നെ. നന്മയെവിടെയാണോ അവിടെ നിനക്ക് നില്ക്കാം ” (അഹ്മദ്) എന്നാണ് പ്രവാചകാധ്യാപനം. ആയതിനാല്‍ അമുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് താമസിക്കുന്നതിനോ (മുവാത്വന) പൗരത്വം സ്വീകരിക്കുന്നതിനോ (തജന്നുസ്) പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കുഴപ്പമില്ല. വ്യത്യസ്തമായ താല്പര്യങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ കൂടുതല്‍ ഉന്നതമായത് നേടുക എന്ന് ഇബ്‌നു തൈമിയ്യ(റ) പഠിപ്പിച്ചിട്ടുള്ള നിദാനശാസ്ത്ര തത്ത്വമാണിത്. ഏതു നാട്ടിലേക്കും കടന്നുചെല്ലാനാണല്ലോ ഖുർആാന്റെ ആഹ്വാനം (6:11, 67:15). അഥവാ കടന്നുചെല്ലുന്ന നാടിന്റെ കൊടിയുടെ നിറമല്ല അവിടെ നമ്മുടെ നിലപാടും സാന്നിധ്യവുമാണ് പ്രാധാന്യമർഹിക്കുന്നത്.

ഇത്തരം നാടുകളില്‍ കുടിയേറിയവരും അല്ലാത്തവരുമായ മുസ്‌ലിം പൗരന്മാരുടെ ഭാഗധേയം ഒതുങ്ങിക്കൂടലിന്റേതാവരുതെന്ന് പ്രസംഗിക്കാനെളുപ്പമാണ്. വിഭജന/കോളനിവത്കരണാനന്തര നാടുകളിലെ മുസ്‌ലിംകള്‍ പൊതുവെ അന്തർമുഖികളായി ക്ഷമാപണ ഭാവത്തോടെയാണ് ജീവിച്ചു കാണുന്നത്. ബഹുസ്വര സമൂഹത്തിന്റെ ഭാഗമായി (ദേശീയധാരയില്‍ അന്ധമായി ലയിക്കലല്ല) ഇസ്‌ലാമിന്റെ പ്രാതിനിധ്യം എങ്ങനെ ഭദ്രമാക്കാമെന്ന് ഉറക്കെ ചിന്തിച്ചുകൊ ണ്ടിരിക്കുന്ന ഇസ്‌ലാമിസ്റ്റുകളാണ് ശൈഖ് ഖറദാവിയും ഉൽ വാനിയും റൈസൂനിയുമെല്ലാം .

ഇന്ത്യൻ ഭരണഘടനയിൽ ന്യൂനപക്ഷം എന്ന വാക്കിന് ഒരു നിർവചനം കൊടുത്തിട്ടില്ലെങ്കിലും ഭരണഘടനയിൽ അനേകം പ്രാവശ്യം ന്യൂനപക്ഷം എന്ന പദം ഉപയോഗിക്കുകയും അതിന്റെ അർത്ഥം കൃത്യമായി വിവക്ഷിക്കുകയും ചെയ്യുന്നുണ്ട്.മൊത്തം സംഖ്യയുടെ പകുതിയിൽ താഴെ വരുന്ന സംഖ്യയാണ് ന്യൂനപക്ഷം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.പകുതിയിൽ കൂടുതൽ ആണെങ്കിൽ ഭൂരിപക്ഷമെന്നും പറയുന്നു.ഒരു രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ മതത്തിന്റെയോ ജാതിയുടേയോ ഭാഷയുടേയോ അടിസ്ഥാനത്തിൽ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും ജനതയെ തിരിക്കുന്നു എന്നർത്ഥം. നമ്മുടെ രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം ജനസംഖ്യയുടെ പകുതിയിൽ താഴെ നിൽക്കുന്ന ആറു മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി അംഗീകരിച്ചിരിക്കുന്നത്.ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ 2013 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ 125 കോടി ആയിരുന്നു.

ഹിന്ദുക്കൾ 79.8%
മുസ്ലീങ്ങൾ 14.2%
കിസ്ത്യാനികൾ 2.3%
സിക്കുകാർ 1.7%
ബുദ്ധമതക്കാർ 0.7%
ജൈനമതക്കാർ 0 .4%
പാഴ്സികൾ 0.006%
പകുതിയിൽ കൂടുതലുള്ള ഹിന്ദുക്കള ഭൂരിപക്ഷമെന്നും പകുതിയിൽ താഴെയുള്ള 6 മതവിഭാഗങ്ങളെ ന്യനപക്ഷമെന്നും അംഗികരിച്ചിരിക്കുകയാണ്, ന്യൂനപക്ഷ പദവി കിട്ടിയിരിക്കുന്നത് മുസ്ലിംങ്ങൾ, കിസ്ത്യാനികൾ, സിക്കുകാർ, ബുദ്ധമതക്കാർ,
ജൈനമതക്കാർ, പാഴ്സികൾ എന്നിവർക്കാണ്. ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷങ്ങളും ഇന്ത്യൻ പൗരന്മാർക്കെല്ലാം നീതിയും, സ്വാതന്ത്ര്യവും, സമത്വവും, സാഹോദര്യവും ഉറപ്പുവരുത്തുന്ന ചുമതല ഇന്ത്യൻ ഭരണഘടനയ്ക്കുണ്ട് , ഭരണകൂടത്തിനുണ്ട് .ജനസംഖ്യയിൽ വളരെ കുറവായ വിഭാഗങ്ങളുടെ ജീവനും, സ്വത്തിനും, ക്ഷേമത്തിനും നിലനിൽപ്പിനും ഭീഷണി ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. ഭൂരിപക്ഷത്തിന് പ്രകോപനമോ, ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിൽ സംഘർഷമോ ഉണ്ടായാൽ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഇല്ലാതാവുകയും സാമൂഹ്യനീതി ഹനിക്കപ്പെടുകയും ചെയ്യപ്പെട്ടേക്കാം. ഇങ്ങനെയുള്ള സ്ഥിതിവിശേഷങ്ങൾ ഒഴിവാക്കി സാമൂഹ്യനീതി ഉറപ്പാക്കാനാണ് ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കിയിരിക്കുന്നത്. ഇതിലൂടെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സാമൂഹ്യവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ പുരോഗതിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇവയെ ഉറപ്പുവരുത്തുന്നതാവണം ഇവിടത്തെ നിയമ വ്യവസ്ഥയും അധികാരികളും. ഇവിടെ അധിവസിക്കുന്ന മുസ്ലിമിനുമുണ്ട് ചിലത് മനസ്സിലാക്കാൻ . ഇന്ത്യയെപ്പോലെയുള്ള ബഹുസ്വര – മഴവിൽ സമൂഹത്തിലെ മുസ്ലിം മുഖം ചുളിക്കലിന്റെ പര്യായമായ അബസയിൽ നിന്നും ബഹുസ്വരതയുടെ രൂപകമായ സബ്അ : (സപ്ത വർണ്ണങ്ങൾ )യിലേക്ക് , സഹജീവന രീതിയിലേക്ക് മാറേണ്ടതുണ്ട് .

(ഡിസംബർ 18 ദേശീയ ന്യൂനപക്ഷ ദിനമാണെന്നത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ വായിക്കാനുള്ള ശ്രമം )

Related Articles