Vazhivilakk

ഏക ലോകവും ഏക രക്ഷകനും

വേദസാരം- രണ്ട്

ലോകം ഒന്നാണെന്ന് അനുഭവത്തിൽ നിന്നുതന്നെ നാമിന്ന് പഠിച്ചിരിക്കുന്നു. രാജ്യാതിർത്തികൾ ബാധകമേ അല്ലാതെ പടർന്ന ഒരു മഹാമാരി. പ്രയാസങ്ങളോടൊപ്പം അത് തന്ന തിരിച്ചറിവുകളിൽ പ്രധാനമാണ്, ‘ഏകലോകം’ എന്ന സുന്ദരമായ കാഴ്ച്ച. ‘ലോകജനത’ എന്ന ഒരൊറ്റ പ്രയോഗത്തിൽ, ഭൂഖണ്ഡങ്ങളിലെ ഭിന്നവിരുദ്ധരായ മനുഷ്യരെല്ലാം ഇന്ന്, ഒന്നായിത്തീർന്നിരിക്കുന്നു. അവസാനം ഒരു തുറന്ന മൈതാനിയിൽ മനുഷ്യ മഹാസംഗമം നടക്കുമല്ലോ! അതിനുമുമ്പേ, അതിനു മുന്നോടിയെന്നവണ്ണം, ‘ഏകലോകം’ എന്ന ബോധ്യത്തിലേക്ക് മാനസികമായി മാനവരാശി പെട്ടന്ന് എത്തിച്ചേർന്ന പോലെ. അതങ്ങനെത്തന്നെ സംഭവിക്കാനേ നിവൃത്തിയുള്ളൂ.

കാരണം, ‘സർവ്വലോകത്തിൻ്റെയും രക്ഷകർത്താവ്’ എന്നാണ്, സത്യവേദത്തിൻ്റെ പ്രഖ്യാപനം. ഒന്നാം അധ്യായത്തിലെ രണ്ടാം വചനമാണിത്. അവസാന അധ്യായത്തിലെ, അവസാന വചനവും സമാന ആശയമാണ്; ‘മുഴുവൻ മനുഷ്യരുടെയും ഏകനാഥൻ’. സത്യവേദത്തിൻ്റെ തുടക്കവും ഒടുക്കവും  ഒരു മഹാസത്യത്തെക്കുറിച്ച മനോഹരമായ പ്രഖ്യാപനങ്ങളാൽ സമ്പുഷ്ടമാണെന്നർത്ഥം; റബ്ബുൽ ആലമീൻ, റബ്ബുന്നാസ്! ‘ലോകജനത’ എന്ന,  ഏകതാബോധം ഉണർത്തുന്ന പ്രയോഗം വേദഗ്രന്ഥത്തിൽ നാൽപ്പത് തവണ ആവർത്തിച്ചിട്ടുണ്ട്. മറ്റു രീതികളിൽ അതിലേറെയും. എന്തുകൊണ്ടായിരിക്കുമത്?  ചിന്തകൾ ആഴത്തിലും ഉയരത്തിലും പായട്ടെ, ഉത്തരം കിട്ടാതിരിക്കില്ല.

Also read: വ്യക്തിത്വരൂപീകരണത്തിൽ ആദരവിനുള്ള സ്ഥാനം

‘സർവ്വ ലോകം, മുഴുവൻ മനുഷ്യർ’!  നോക്കൂ, എത്രമേൽ ആശയഗംഭീരമാണ് ഈ പ്രയോഗങ്ങൾ. എന്തെല്ലാം ഭിന്നതകളും വൈരുദ്ധ്യങ്ങളും ഉണ്ടെങ്കിലും, അനേക സംവത്സരങ്ങളിലൂടെ കടന്നുപോകുന്ന, വ്യത്യസ്ത രാജ്യങ്ങളിലെ പൗരത്വവും പാസ്പോർട്ടുമുള്ള മനുഷ്യരെല്ലാവരും, ‘ലോകജനത ‘ എന്ന ബാനറിൽ ഒന്നാണ്. നിഷേധിക്കാനാകുമോ, നമുക്കിത്? ആ ലോകത്തിനാകമാനം, നിത്യനായ ഏക ദൈവവും. ഈ പ്രഖ്യാപനത്തോടെയല്ലാതെ, സത്യവേദത്തിന് തുടങ്ങാനാവില്ല, ഒരിക്കലും. മറ്റേതൊരു തുടക്കവും ഖുർആൻ്റെ നിറംകെടുത്തുമായിരുന്നു.

അറേബ്യയിലായിരുന്നു അതിൻ്റെ അവതരണമെങ്കിലും, ആകാശ ലോകത്തായിരുന്നു, അതിൻ്റെ ആശയ രൂപീകരണം നടന്നത്! ആകാശത്തിൻ്റെ സവിശേഷത എന്തെന്നറിയുമോ? അതിരുകൾ ഏതുമില്ലാത്ത വിശാലത!  അതു കൊണ്ടു തന്നെ,  സർവ്വ വിഭാഗീയതകളെയും തച്ചുടക്കുന്ന, വംശവെറികളെ തൂത്ത് തുടച്ചു കളയുന്ന, ഉന്നതമായ സാമൂഹിക ബോധത്തിൻ്റെ അസ്ഥിവാരമാകുന്നു ഈ രണ്ട് പ്രയോഗങ്ങളും; ‘സർവ്വ ലോകം, മുഴുവൻ മനുഷ്യർ’!

ഈ അടിസ്ഥാനത്തിലുള്ള ഏക ലോകക്രമവും, ആഗോള ഗ്രാമവും എത്രമേൽ മനോഹരമായിരിക്കും! സർവാധിപത്യത്തിൻ്റെയും ചൂഷണത്തിൻ്റെയും ധിക്കാരത്തിൻ്റെയും കാപട്യത്തിൻ്റെയും ഏകലോക ക്രമമല്ല. നീതിയുടെയും സത്യസന്ധതയുടെയും മനുഷ്യസമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രകൃതി പരിപാലനത്തിൻ്റെയും ഏകലോക ക്രമം. അപ്പോഴാണ്, ‘സർവ്വലോകവും മുഴുവൻമനുഷ്യരും’ എന്ന വേദസൂക്തങ്ങൾ, മണ്ണിലെ അനുഭവങ്ങളാകൂ. അനുഭവങ്ങളാകാത്ത ആശയങ്ങൾക്ക് എന്ത് അർത്ഥമാണുളളത്!?

Facebook Comments
Related Articles
Close
Close