Current Date

Search
Close this search box.
Search
Close this search box.

സൂര്യപ്രകാശം പോലെ ജീവവായു പോലെ

അദ്ദേഹം അത് ചെയ്യാൻ പാടില്ലായിരുന്നു. കാരണം, സത്യവേദത്തിന്റെ വക്താവാണ്. നേരു പറയേണ്ടവൻ, നന്മ ചെയ്യേണ്ടവൻ, നീതിക്ക് സാക്ഷിയാകേണ്ടവൻ. പക്ഷേ, സംഭവിച്ചത് മറിച്ചാണ്. കാലംതെറ്റി പെയ്ത മഴ പോലെ അദ്ദേഹം ഒരു കളവ് നടത്തി. വിശ്വാസം ദുർബലപ്പെട്ട നിമിഷങ്ങളിൽ എപ്പോഴോ അദ്ദേഹത്തിൻ്റെ കൈകൾ മറ്റൊരാളുടെ പടയങ്കിയിലേക്ക് നീണ്ടു. കളവ് പാടില്ലെന്ന് മനസ്സ് മന്ത്രിച്ചിട്ടുണ്ടാവണം. പക്ഷേ, മേൽക്കൈ നേടിയത് ചെകുത്താനായിരുന്നു. കളവുമുതൽ സുരക്ഷിതമായി വീട്ടിലെത്തി. പക്ഷേ, അന്നുമുതൽ അസ്വസ്ഥതകളുടെ തുടക്കമായിരുന്നു. അതങ്ങിനെയാണ്, അന്യന്റെ മുതലുകളിൽ അടയിരിക്കുന്നവർക്കൊന്നും അകത്ത് സമാധാനമുണ്ടാകില്ല, പുറംപൂച്ചിന് കുറവില്ലെങ്കിലും!

തുഅ്മ ഉബൈരിക്, അതാണ് പേര്. മദീനയിലെ അൻസാരികളിൽപ്പെട്ട വ്യക്തി. ദൈവദൂതനെയും വേദഗ്രന്ഥത്തെയും വിശ്വസിച്ച് . അംഗീകരിച്ചിട്ടുണ്ട്. എങ്കിലും തെറ്റിലേക്കുള്ള ഇടർച്ചകൾ മനുഷ്യ സഹജം. തെറ്റ് തിരുത്തി തിരിച്ചു വരാം. വിശ്വാസത്തിൽ ദൗർബല്യം സംഭവിച്ച തുഅ്മ പക്ഷേ, ചെയ്തത് മറ്റൊന്നാണ്. പിടിക്കപ്പെടുമെന്ന് തോന്നിയപ്പോൾ, തൊണ്ടിമുതൽ അയൽവാസിയായ ജൂതൻ്റെ കൈയിൽ സൂക്ഷിക്കാനേൽപ്പിച്ചു. രക്ഷപ്പെടാൻ വേണ്ടി! പ്രവാചക സന്നിധിയിൽ പരാതിയെത്തി. കേസ് അന്വേഷണം മുമ്പോട്ട് പോയപ്പോൾ, തൊണ്ടിമുതലായ പടയങ്കി കിട്ടിയത് അയൽവാസിയായ ജൂതസഹോദരൻ്റെ വീട്ടിൽ നിന്ന്. കുറ്റം അയാളിൽ ചുമത്തപ്പെട്ടു, അയാൾ നിഷേധിച്ചെങ്കിലും. കാരണം, തൊണ്ടിമുതൽ കിട്ടിയത് അയാളുടെ വീട്ടിൽ നിണാല്ലോ. ‘സത്യവിശ്വാസിയും സമുദായാംഗവുമായ തുഅ്മയെ വിശ്വാസത്തിലെടുക്കാനും, ശിക്ഷിക്കാതെ വെറുതെവിട്ട് സമുദായത്തിൻ്റെ മാനം കാക്കാനും ജൂതനെ ശിക്ഷിക്കാനും’ അവർ പ്രവാചകനിൽ സമ്മർദ്ദം ചെലുത്തി. തുഅ്മയുടെയും കുടുംബത്തിൻ്റേയും ന്യായവാദവും പ്രത്യക്ഷ തെളിവുകളും ആധാരമാക്കി ജൂത സഹോദരനെതിരെ പ്രവാചകൻ വിധി പ്രസ്താവിച്ചേക്കുമായിരുന്നു.

അനീതി സഹിക്കാനാകാതെ ആകാശം വിറകൊണ്ടു, മിന്നൽപിണർ പോലെ ദൈവ വചനങ്ങൾ മണ്ണിലെത്തി; ‘നാമിതാ ഈ വേദം സത്യസമേതം നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. ദൈവം കാണിച്ചുതന്നതു പ്രകാരം നീ ജനത്തിനിടയില്‍ വിധി കല്‍പിക്കുക.’ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെയായിരുന്നു നീതിക്കുവേണ്ടിയുള്ള ആ ഇടപെടൽ. നാലാം അധ്യായം നൂറ്റിയഞ്ചാം വചനത്തിൽ ഇതാരംഭിച്ചു. തുടർന്നങ്ങോട്ട് എട്ടു വചനങ്ങൾ കൂടി. നീതിയെക്കുറിച്ച ഉഗ്രശാസനകളാണവ. പ്രത്യക്ഷത്തിൽ വിധി പറയാനൊരുങ്ങിയ പ്രവാചകനെ ദൈവം തിരുത്തി; ‘വഞ്ചകന്മാര്‍ക്കുവേണ്ടി വാദിക്കുന്നവനാകാതിരിക്കുക’ എന്ന് താക്കീതിൻ്റെ സ്വരത്തിൽ ഉപദേശിച്ചു. അടുത്തടുത്ത് രണ്ടുതവണ; ‘ആത്മവഞ്ചകരായ ആളുകള്‍ക്കുവേണ്ടി നീ വാദിക്കരുത്. കൊടുംവഞ്ചകനും മഹാപാപിയുമായ ആരെയും ദൈവം ഇഷ്ടപ്പെടുന്നില്ല’. അതേ അധ്യായം നൂറ്റിയേഴാം വചനം. അനീതിക്കുവേണ്ടി നിലക്കൊള്ളുന്നത് അസഹനീയമാണ്. അതുകൊണ്ടാണ്, പ്രവാചകനോട് ഇതിൻ്റെ പേരിൽ പശ്ചാതപിക്കാൻ പറഞ്ഞത്. തൊട്ടടുത്ത വചനത്തിൽ തന്നെ; ‘അല്ലാഹുവിനോട് മാപ്പിരക്കുക. അവന്‍ വളരെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.’ ചിന്തിച്ചു നോക്കൂ, നിങ്ങളെപ്പോഴെങ്കിലും അന്യായമായി ഒരു വിധി പറഞ്ഞിട്ടുണ്ടോ? ആരെയെങ്കിലും എതിർത്തോ, അനുകൂലിച്ചോ തെറ്റായ തീരുമാനം എടുത്തിട്ടുണ്ടോ, മതത്തിൻ്റെ, സമുദായത്തിൻ്റെ, സംഘടനയുടെ, കുടുംബത്തിൻ്റെ പേരിൽ? എങ്കിൽ, തെറ്റ് തിരുത്തി, പശ്ചാതപിച്ചേ തീരൂ!

Also read: അല്ലാഹുവിൻ്റെ വർണത്തേക്കാൾ സുന്ദരമായ വർണം മറ്റേതുണ്ട്

കാരണം, സത്യവേദത്തിൻ്റെ കാമ്പും കാതലുമാണ് നീതി. സൂര്യപ്രകാശം പോലെ, ജീവവായു പോലെ മണ്ണിൽ നീതി പുലരണം. അവകാശങ്ങളെല്ലാം അതിൻ്റെ പൂർണ്ണതയിൽ വകവെച്ച് കൊടുക്കണം. വേദർശനം ഊന്നി നിൽക്കുന്നതു തന്നെ നീതിയിലാണ്. ഭൂമിയിൽ നീതി സ്ഥാപിക്കുക, അതാണ് മഹത്തായ ദൗത്യം. ജാതി, സമുദായം, വർഗ്ഗം, കുടുംബം തുടങ്ങിയ താൽപര്യങ്ങളൊന്നും നീതിക്കുമേൽ വട്ടമിട്ട് പറക്കരുത്. സ്വന്തക്കാർക്ക് വേണ്ടി നീതിയെ അട്ടിമറിക്കരുത്. ജൂത സഹോദരൻ്റെ നീതിക്ക് വേണ്ടി ഒമ്പത് സൂക്തങ്ങളാണ് സത്യവേദത്തിൽ അവതീർണമായത്! തൻ്റെ അനുയായിക്ക് എതിരെത്തന്നെയാണ് വേദഗ്രന്ഥം ശബ്ദിച്ചതെന്നോർക്കണം. സ്വന്തക്കാരുടെ തെറ്റുകൾക്ക് നേരെ കണ്ണടക്കുന്നത്, കുറ്റം മറ്റുള്ളവരിൽ കെട്ടിവെക്കുന്നത് നികൃഷ്ട സ്വഭാവമാണ്. സത്യവേദം അതിനെ ചെറുക്കുന്നു. ജാതി മാറുമ്പോൾ നീതി മാറുന്ന, മതത്തിൻ്റെ മുഖം നോക്കി വിധിക്കുന്നവർ പെരുകുന്ന കുലവും കാലവും ലോകവും ഇതറിയണം. അന്യായങ്ങൾക്ക് കാവൽ നിൽക്കുന്ന നിയമപാലകരും, അനീതിക്ക് ഒപ്പു ചാർത്തുന്ന നീതിവാദങ്ങളും ഇതറിയണം. നീതിപൂർവ്വം വിധിക്കുമ്പോഴേ, നീതിപീഠങ്ങൾ പരമോന്നതമാകൂ!

Also read: ചരിത്രം ഉറങ്ങുന്ന അലക്സാണ്ടറിയ

നീതിയറ്റ ലോകമുണ്ടല്ലോ, നാശമാണതിനെ കാത്തിരിക്കുന്നത്. അനീതിയുടെ കാവൽക്കാരേ, ദൈവമത് സഹിക്കില്ല. നിങ്ങൾ കാണിക്കുന്ന അനീതി അറിയാത്തതുകൊണ്ടല്ല, അയച്ചിട്ടുതരികയാണ്. ഏതറ്റംവരെ പോകുമെന്നറിയാൻ! പിന്നെയൊരു പിടുത്തമുണ്ട്. പ്രപഞ്ചാധിപതിയുടെ പിടുത്തം. ഈ മണ്ണിൽത്തന്നെയാകാം, അല്ലെങ്കിൽ മരണാനന്തരം! നീതീ നിഷേധിക്കപ്പെട്ടവൻ്റെ വിജയ സുദിനമാണത്!

Related Articles