Current Date

Search
Close this search box.
Search
Close this search box.

രാത്രി നമസ്കാരം

സ്വൂഫീ വര്യൻ പാടി: രാത്രിയോട് / ചോദിക്കപ്പെട്ടു..?
നാഥനുമായി / സംവദിക്കുന്ന/ ജ്ഞാനികളുടെ / രോദനത്താൽ / ധന്യമാണ്/ എൻ്റെ അന്ത്യയാമങ്ങൾ / എൻ്റെ പാതിയും /
രാത്രി പറഞ്ഞു.

നക്ഷത്ര കോടികൾ കണ്ണ് ചിമ്മിത്തുറക്കുന്ന നീലാകാശത്തിൻ്റെ പ്രൗഢമായ ശാന്തതയാണ് രാത്രി..! ഉപരിലോകത്തെ പാതിരാക്കടലിൻ്റെ നീലിമയുടെ അഗാധഗർത്തങ്ങളിൽ എത്രയോ രഹസ്യങ്ങൾ ഒരുക്കപ്പെട്ടിരിക്കുന്നു..!

കവികളെയും കഥാകൃത്തുക്കളെയും എന്നും വിസ്മയിപ്പിച്ച പ്രതിഭാസമാണ് രാത്രി! ആയിരത്തൊന്നു രാവുകൾ സൃഷ്ടിച്ച ഫാൻ്റസിയിൽ ഇന്നും വിസ്മയം കൂറുന്ന ജനപദങ്ങൾ!

രാവും നിലാവും നക്ഷത്രങ്ങളും വിശുദ്ധ ഖുർആനിലുടനീളം പച്ചപ്പും കുളിരും പോലെ ചിതറിക്കിടക്കുന്നുണ്ട്! പ്രകൃതി വർണനകളുടെ മരതകപ്പച്ചകളാണ് ഖുർആനിലെ ഒരു പടി അധ്യായങ്ങൾ! നിലാവിൻ്റെ പുഴയിലാണ് മരണത്തിൻ്റെ മലക്കുകൾ പോലും നീന്തി വരുന്നത്!

വിശുദ്ധ ഖുർആൻ ഇറങ്ങിത്തുടങ്ങിയത് മരുഭൂമിയിൽ നിഴലും നിലാവും ചിത്ര വേല ചെയ്ത മഞ്ഞും തണുപ്പുമുള്ള ഒരു രാത്രിയിലായിരുന്നല്ലോ. ഖുർആൻ അനേകമിടങ്ങളിൽ രാത്രി പ്രതിഭാസങ്ങളെ പിടിച്ച് സത്യം ചെയ്തിരിക്കുന്നു. ഒപ്പം രാത്രികളിൽ നിന്നു നമസ്കരിക്കാൻ വിശ്വാസികളോട് ആജ്ഞാപിച്ചിരിക്കുന്നു..!

“പരലോകത്തെ ഭയപ്പെട്ടും തൻ്റെ റബ്ബിൻ്റെ കാരുണ്യം കൊതിക്കുകയും ചെയ്തു കൊണ്ട് സുജൂദ് ചെയ്തും നിന്ന് ഖുർആൻ പാരായണം ചെയ്തും ഭക്തിയോടെ രാത്രി കഴിച്ചുകൂട്ടുന്നവൻ (മറ്റുള്ളവരെപ്പോലെയാണോ?) ചോദിക്കുക: ജ്ഞാനമുള്ളവരും ജ്ഞാനമില്ലാത്തവരും സമമാണോ? ശരിയായ ചിന്തയുള്ളവർ മാത്രമേ ഉദ്ബോധനം ഉൾക്കൊള്ളുകയുള്ളൂ” ( സുമർ: 9 )

“ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ റബ്ബിനോട് പ്രാർത്ഥിക്കുവാനായി അവരുടെ പാർശ്വങ്ങൾ ശയ്യകളിൽ നിന്നും അകലുന്നതാണ്. നാം അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും” (സജദ: 16)

“മുത്തഖികൾ അവരുടെ റബ്ബ് നൽകിയത് ഏറ്റുവാങ്ങി സ്വർഗത്തോപ്പുകളിലായിരിക്കും. അവർ സദ് വൃത്തരായിരുന്നു. രാത്രിയിൽ കുറച്ചു മാത്രമേ അവർ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളിൽ പാപമോചനം ചോദിക്കുന്നവരായിരുന്നു
അവർ ” ( അദ്ദാരിയാത്ത്: 16-18)

“നീയും നിൻ്റെ കൂടെയുള്ളവരിൽ ഒരു വിഭാഗവും രാത്രിയിൽ മിക്കവാറും മൂന്നിൽ രണ്ടു ഭാഗവും (ചിലപ്പോൾ ) പകുതിയും (ചിലപ്പോൾ ) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ടെന്ന് തീർച്ചയായും നിൻ്റെ റബ്ബ് അറിയുന്നുണ്ട് ” (മുസ്സമ്മിൽ: 20)

ഖിയാമുല്ലൈൽ /തഹജ്ജുദ് നമസ്കാരം ലഘുവായ രണ്ടു റക്അത്തുകൾ കൊണ്ടാരംഭിക്കുകയും അനന്തരം ഉദ്ദേശിച്ചത്ര നമസ്കരിക്കുകയുമാണ് വേണ്ടത്. പതിവായും മിതമായും ചെയ്യുന്ന കർമങ്ങളാണ് അല്ലാഹുവിനിഷ്ടം. അതിനാൽ തൻ്റെ കഴിവനുസരിച്ചു മാത്രം നമസ്കരിക്കുകയും അത് പതിവാക്കുകയും ചെയ്യുക.

ഖുർആൻ ബോധന കർത്താവ് ടി.കെ ഉബൈദ് എഴുതുന്നു:
“വളരെ പുണ്യമേറിയ ഇബാദത്താണ് രാത്രി നമസ്കാരം. അതിന് പല സവിശേഷതകളുമുണ്ട്. സ്ഥിരവും നിഷ്കളങ്കവുമായ ദൈവഭക്തിയാൽ പ്രചോദിതനായിട്ടാണ് ഒരാൾ ലോകം സുഷുപ്തിയിലാണ്ട സമയത്ത് എഴുന്നേറ്റ് നമസ്കാരത്തിലേർപ്പെടുന്നത്. അതിൽ നാട്യത്തിൻ്റെയോ ലോകമാന്യത്തിൻ്റെയോ അംശമില്ല. അടിമ ഉടമയുമായി നടത്തുന്ന രഹസ്യ സംഭാഷണമാണത്. അടിമയുടെ ശ്രദ്ധ മറ്റൊന്നിലും പതിയാത്ത സന്ദർഭം. അപ്പോൾ മനസ്സിനോടൊപ്പം കണ്ണും കാതും കൈകാലുകളുമെല്ലാം അല്ലാഹുവുമായി ബന്ധിക്കുന്നു. ആത്മശോധനക്ക് ഇതിലും മികച്ച മറ്റൊരുപാധിയില്ല. അടിമ പൂർണമായി ദൈവ വിചാരത്തിൽ ലയിക്കുന്ന സന്ദർഭമാണത്! “

Related Articles