Current Date

Search
Close this search box.
Search
Close this search box.

നങ്ങേലിയുടെ രക്ത സാക്ഷ്യം

ഇന്ത്യയുടെ ഇതരഭാഗങ്ങളിലെന്ന പോലെത്തന്നെ കേരളത്തിലും ജാതി വ്യവസ്ഥ അതിൻറെ കൊടുംക്രൂരതകൾ കാണിച്ച കാലമുണ്ടായിരുന്നു. താഴ്ന്ന ജാതിക്കാർക്ക് മാറ് മറക്കാൻ പാടില്ലായിരുന്നു എന്നതിൽ നിന്ന് തന്നെ അതിൻറെ കാഠിന്യവും ക്രൗര്യവും മനസ്സിലാക്കാവുന്നതേയുള്ളൂ. അവരിലെ സ്ത്രീകളുടെ മേൽ മുലക്കരം പോലും നടപ്പാക്കിയിരുന്നു. അതിനെതിരെ നങ്ങേലി നടത്തിയ ജീവത്യാഗം ഐതിഹാസികമത്രേ.

മുലക്കരം പിരിക്കുന്നതിൽ പ്രതിഷേധിച്ച് മുലച്ചി പറമ്പിലെ നങ്ങേലി മുല മുറിച്ച് രക്തസാക്ഷിത്വം വരിച്ചു. കരം പിരിക്കാൻ വന്ന് പ്രവൃത്ത്യാറുടെ മുമ്പിൽ കുളിച്ചൊരുങ്ങി വന്നാണ് ആ വിപ്ലവകാരി മൂർച്ചയുള്ള കത്തിയെടുത്ത് തൻറെ മുല മുറിച്ച് വാഴയിലയിൽ വെച്ചു കൊടുത്തത്. നങ്ങേലിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ഭർത്താവ് അവരുടെ ചിതയിൽ ചാടി മരിക്കുകയും ചെയ്തു.ജാതിപ്പിശാചിനെതിരെയുള്ള പോരാട്ടത്തിൽ മാത്രമാണ് പുരുഷൻ ചിതയിൽ ചാടി മരിച്ചത്.

മനുഷ്യർക്കിടയിൽ കടുത്ത വിവേചനം കാണിക്കുന്ന മനുഷ്യത്വരഹിതമായ ഹീന വൃത്തിയെ സഹസ്രാബ്ദങ്ങളിലൂടെ നമ്മുടെ നാട്ടിൽ വിശേഷിപ്പിച്ചു പോന്നത് ധർമ്മമെന്നാണ്. ജനമനസ്സുകളിൽ എത്രമേൽ അത് ആഴത്തിൽ വേരൂന്നുകയും സ്വാധീനിക്കുകയും ചെയ്തിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. പൊതുവഴിയിലൂടെ സഞ്ചരിക്കാനും അക്ഷരം പഠിക്കാനുമുള്ള പ്രാഥമികാവകാശം പോലും നിഷേധിക്കപ്പെട്ട ഒരു ജനത അനുഭവിച്ച യാതനകളും വേദനകളും വാക്കുകളിൽ വിവരിക്കാനാവില്ല. അതുണ്ടാക്കുന്ന ആത്മനിന്ദയും അപകർഷബോധവും അപമാന ഭാരവും സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല.

ഈ കിരാത വ്യവസ്ഥയുടെ ബാക്കി പത്രങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ വിരളമെങ്കിലും സമൂഹത്തിൻറെ ആന്തരിക ഘടനയെ നീരാളി പോലെ അത് വരിഞ്ഞു മുറുക്കുന്നുണ്ട്. ശാസ്ത്രപുരോഗതിക്കോ സാങ്കേതിക സിദ്ധികൾക്കോ വിദ്യാഭ്യാസ വളർച്ചക്കോ മനുഷ്യമനസ്സുകളിൽ അടിഞ്ഞുകൂടിയ ജാതി മാലിന്യം വേരോടെ പിഴുതെറിയാൻ കഴിയില്ലെന്നാണ് സമകാലികാനുഭവങ്ങൾ പോലും തെളിയിക്കുന്നത്. മനുഷ്യരെല്ലാം ഒരേ ദൈവത്തിൻറെ സൃഷ്ടികളാണെന്നും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള ഏക മാനവിക ദർശനം അടിസ്ഥാന വിശ്വാസമായി മാനവ മനസ്സുകളിൽ ആഴത്തിൽ വരൂന്നുമ്പോൾ മാത്രമേ വർഗ്ഗ, വർണ്ണ, ദേശ, ഭാഷാ, ഭേദങ്ങൾക്കതീതമായ സാമൂഹ്യവ്യവസ്ഥ പ്രയോഗ വൽക്കരിക്കപ്പെടുകയുള്ളു. ചരിത്രവും വംശീയ ഭ്രാന്തിനടിപ്പെട്ട സമകാലീന ലോകവും അതിന് സാക്ഷ്യം വഹിക്കുന്നു.

Related Articles