Current Date

Search
Close this search box.
Search
Close this search box.

ശഅ്ബാനിലെ നബിചര്യകൾ

ശഅ്ബാൻ മാസത്തിൽ നോമ്പനുഷ്ഠിക്കൽ സുന്നത്താണെന്ന കാര്യം അവിതർക്കിതമാണ്. നബി തങ്ങൾ ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുകയും അനുഷ്ഠിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. നബി തങ്ങൾ ശഅ്ബാൻ മുഴുവനും നോമ്പനുഷ്ഠിച്ചിരുന്നുവെന്നും അല്ല ചില ദിവസങ്ങൾ വിട്ടുപോയിരുന്നുവെന്നും പണ്ഡിതസ്വരങ്ങളുണ്ട്. ശഅ്ബാനിൽ നബി തങ്ങൾ ഇത്രയധികം നോമ്പനുഷ്ഠിക്കാനുണ്ടായ കാരണത്തെ കുറിച്ചും പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങൾ കാണാം. എല്ലാ മാസത്തിലും നബിതങ്ങൾ അനുഷ്ഠിക്കാറുണ്ടായ മൂന്നു നോമ്പ് വല്ല മാസത്തിലും യാത്രകാരണമോ മറ്റോ നഷ്ടപ്പെട്ടാൽ അതൊക്കെയും നോറ്റുവീട്ടാറുണ്ടായിരുന്നത് ശഅ്ബാനിലായിരുന്നു എന്നാണ് ഇബ്‌നു ബത്ത്വാലിനെ പോലുള്ള പണ്ഡിതർ പറയുന്നത്. റമദാനിനെ ബഹുമാനിച്ചു കൊണ്ടാണെന്നും അല്ല, ഖദാആയ നോമ്പുകൾ ശഅ്ബാൻ മാസത്തിൽ നോറ്റുവീട്ടുന്ന തന്റെ ഭാര്യമാർക്കൊപ്പം ചേർന്നാണ് നബി തങ്ങൾ നോമ്പനുഷ്ഠിച്ചതെന്നും അഭിപ്രായങ്ങളുണ്ട്.

എന്തായാലും നബി തങ്ങൾ നോമ്പനുഷ്ഠിച്ചുവെന്നത് എന്തുകൊണ്ടും ശഅ്ബാനിന്റെ മഹത്വം വിളിച്ചോതുന്നുണ്ട്. വിശേഷിച്ച്, റജബിന്റെയും റമദാനിന്റെയുമിടയിൽ ആരും ശ്രദ്ധിക്കാതെ പോവുന്ന മാസമാണ് ശഅ്ബാനെന്ന് നബിതങ്ങൾ തന്നെ പറയുന്നുണ്ടല്ലോ. അപ്രകാരം, റമദാനിനു വേണ്ടിയുള്ള തയ്യാറെടുപ്പും പരിശീലനവും കൂടിയാണ് ശഅ്ബാൻ നോമ്പ്. വിശുദ്ധ റമദാൻ കഴിഞ്ഞാൽ നബിതങ്ങൾ ഏറ്റവുമധികം നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലാണെന്ന് പല ഹദീസുകളും സാക്ഷ്യം വഹിക്കുന്നുണ്ട്. ആഇശാ ബീവി(റ) റിപ്പോർട്ട് ചെയ്ത ‘റമദാനിലല്ലാതെ നബി തങ്ങൾ മാസം പൂർണമായി നോമ്പനുഷ്ഠിക്കുന്നത് ഞാൻ കണ്ടിട്ടില്ലെന്ന’ ഹദീസുവെച്ച് ശഅ്ബാനിലെ എല്ലാ ദിവസവും നബി തങ്ങൾ നോമ്പനുഷ്ഠിച്ചില്ലെന്ന് ഇബ്‌നുൽ മുബാറക് പോലുള്ള ചില പണ്ഡിതർ പറയുന്നു. ഇബ്‌നു അബ്ബാസ്(റ) റമദാനല്ലാത്ത മാസങ്ങളിൽ സമ്പൂർണമായി നോമ്പനുഷ്ഠിക്കുന്നത് വെറുക്കുന്നവരായിരുന്നു. പക്ഷെ, റമദാനല്ലാത്ത മറ്റു മാസങ്ങളിൽ നബിതങ്ങൾ ഏറ്റവുമധികം നോമ്പനുഷ്ഠിച്ചത് ശഅ്ബാനിലാണെന്ന് ഇബ്‌നു ഹജറും(റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ശഅ്ബാനിൽ നോമ്പനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസവും ഞാൻ തങ്ങളെ കണ്ടില്ലല്ലോ എന്ന ഉസാമ ബിൻ സൈദി(റ)ന്റെ ചോദ്യത്തിന് റജബിനും റമദാനിനുമിടയിൽ ജനങ്ങൾ അശ്രദ്ധരാവുന്നതും അല്ലാഹുവിലേക്ക് അടിമകളുടെ കർമങ്ങൾ ഉയർത്തപ്പെടുന്നതുമായ മാസമാണെന്നും ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമങ്ങൾ ഉയർത്തപ്പെടാൻ ഞാനിഷ്ടപ്പെടുന്നുവെന്നും നബി തങ്ങൾ ഒരു ഹദീസിൽ മറുപടി പറയുന്നുണ്ട്. മറ്റൊരു റിപ്പോർട്ടിൽ ‘നബിതങ്ങൾക്ക് ഏറ്റവുമിഷ്ടപ്പെട്ട നോമ്പ് ശഅ്ബാനിൽ നോമ്പനുഷ്ഠിച്ച് റമദാനിലേക്ക് കടക്കലാണെന്ന്’ കാണാം. ഇബ്‌നു റജബ് പറയുന്നു:’യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളെക്കാൾ ശ്രേഷ്ഠമാണ് ശഅ്ബാനിലെ നോമ്പ്. കാരണം, സുന്നത്തുകളിൽ ഏറ്റവും ശ്രേഷ്ഠം റമദാനിന് തൊട്ടു മുമ്പോ ശേഷമോ ഉള്ളതാണ്. ഫർള് നമസ്‌കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നമസ്‌കാരങ്ങൾക്ക് തുല്യമാണിത്. യുദ്ധം ഹറാമായ, വിശുദ്ധമായ മാസമായ റജബാണ് ശഅ്ബാനെക്കാൾ ശ്രേഷ്ഠമെന്നാണ് പലരും കരുതുന്നതെങ്കിലും വസ്തുത അതല്ല.

ചില പ്രത്യേക സമയങ്ങൾക്കും സ്ഥലങ്ങൾക്കും പ്രത്യേകതകളുണ്ടെന്ന് ഈ ഹദീസുകൾ സൂചിപ്പിക്കുന്നു. അശ്രദ്ധയുടെ സമയമായതിനാൽ മഗ്രിബിനും ഇശാഇനുമിടയിലുള്ള സമയം നിസ്‌കാരം കൊണ്ട് സജീവമാക്കാൻ മുൻഗാമികൾ നിർദേശിച്ചതുപോലെ, അശ്രദ്ധയുടെ കേന്ദ്രമായ അങ്ങാടികളിൽ വെച്ച് ദിക്‌റ് ചൊല്ലൽ മഹത്തരമായതുപോലെ ഇത്തരം സമയങ്ങളെ സദ്കർമങ്ങൾ കൊണ്ട് സജീവമാക്കുന്നതിന് ചെറുതല്ലാത്ത പുണ്യമാണുള്ളത്. നോമ്പായതിനാൽ രഹസ്യമായി ചെയ്തതിനുള്ള പ്രത്യേക പ്രതിഫലവും ലഭിക്കും. മുൻഗാമികളിൽ ചിലർ വർഷത്തിലുടനീളം എണ്ണമറ്റ നോമ്പുകളനുഷ്ഠിച്ചിരുന്നു. അങ്ങാടിയിലേക്ക് തിന്നാനെന്ന ഭാവേന കയ്യിൽ റൊട്ടിയുമായി പോവുകയും അത് സ്വദഖ ചെയ്തശേഷം നോമ്പനുഷ്ഠിച്ച് വീട്ടിലേക്ക് വരികയും ചെയ്യുമായിരുന്നു അവർ. നോമ്പുകാരനായാൽ എണ്ണയിടൽ സുന്നത്താണെന്ന് ഇബ്‌നു മസ്ഊദി(റ)ന്റെ ഹദീസുദ്ധരിച്ച് ഖതാദ എന്നവർ പറയുന്നു.’

അപ്രകാരം, അശ്രദ്ധാസമയങ്ങളിൽ സുകൃതങ്ങൾ ചെയ്യുകയെന്നത് ശരീരത്തിന് അത്യധികം പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. ആരാധനകൾ ശ്രേഷ്ഠമാവാനുള്ള മാനദണ്ഡങ്ങളിലൊന്ന് അത് പ്രയാസമേറിയതാവുക എന്നതുകൂടിയാണ്. കാരണം, അശ്രദ്ധയേറിയ സമയങ്ങളിൽ, അവർക്കിടയിൽ ആരാധനകൾ നിലനിറുത്തുകയെന്നത് അത്യധികം പ്രയാസകരമാണല്ലോ. ഫിത്‌നയുടെ കാലത്ത് ആരാധനകൾ നിർവഹിക്കുന്നത് എന്നിലേക്ക് ഹിജ്‌റ ചെയ്യുന്നതിനു സമാനമാണെന്ന് മിഅ്ഖൽ ബിൻ യസാർ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.
നബി തങ്ങൾ എന്തുകൊണ്ടാണ് ശഅ്ബാനിൽ ധാരാളമായി നോമ്പനുഷ്ഠിച്ചിരുന്നത് എന്ന വിഷയത്തിൽ പണ്ഡിതർ വ്യത്യസ്താഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതിൽ ചിലതു പരിശോധിക്കാം.

1- എല്ലാ മാസത്തിലും നബി തങ്ങൾ അനുഷ്ഠിച്ചിരുന്ന മൂന്ന് നോമ്പ് യാത്രകാരണമോ മറ്റോ അനുഷ്ഠിക്കാൻ കഴിയാതെ വന്നാൽ എല്ലാംചേർന്ന് ഖദാ വീട്ടിയിരുന്നത് ശഅ്ബാനിലായിരുന്നു. സ്ഥിരമായി ചെയ്തിരുന്ന സുന്നത്തു കർമങ്ങൾ നഷ്ടമായാൽ ഖദാ വീട്ടുന്ന പതിവ് നബിക്കുണ്ടായിരുന്നു.

2- നബിപത്‌നിമാരുടെ നഷ്ടമായ റമദാൻ നോമ്പുകൾ അവർ വീട്ടിയിരുന്നത് ശഅ്ബാൻ മാസത്തിലായിരുന്നു. നബി തങ്ങളും അപ്പോൾ അവരോടൊപ്പം നോമ്പനുഷ്ഠിച്ചതായിരുന്നു. ഇക്കാര്യം, ആഇശാ ബീവി(റ) നിവേദനം ചെയ്തിട്ടുള്ള ‘നബി തങ്ങളോടൊപ്പം കഴിയുന്നതിനാൽ റമദാനിലെ ഖദാ വീട്ടാനുള്ള നോമ്പുകൾ വീട്ടിയിരുന്നത് ശഅ്ബാനിലായിരുന്നു’ എന്ന ഹദീസിന് വിരുദ്ധമാണ്.

3- ജനങ്ങൾ അശ്രദ്ധരാവുന്ന മാസമായതിനാലാണത്. ഉസാമ(റ)യുടെ ഹദീസിലുള്ളത് പ്രകാരം ഇക്കാര്യമാണ് കൂടുതൽ പണ്ഡിതരും അഭിപ്രായപ്പെട്ടത്.

ശഅ്ബാൻ മാസമായാൽ, അതുവരെയുള്ള സുന്നത്ത് നോമ്പുകളിൽ വല്ലതും ഖദാ വീട്ടാനുണ്ടെങ്കിൽ അവയൊക്കെയും ശഅ്ബാനിൽ വീട്ടാറായിരുന്നു പതിവ്. റമദാനിനു മുമ്പായി എല്ലാം നോറ്റുവീട്ടുകയെന്നതായിരുന്നു ലക്ഷ്യം. നഷ്ടമായ സുന്നത്ത് നമസ്‌കാരങ്ങൾ ഖദാ വീട്ടുന്നതുപോലെ നോമ്പും ചെയ്തിരുന്നുവെന്നർഥം. റമദാനിൽ നിന്ന് നഷ്ടമായ വല്ലതുമുണ്ടെങ്കിൽ അടുത്ത റമദാനിന് മുമ്പായി നോറ്റുവീട്ടൽ നിർബന്ധമാണെന്ന് ഇത് വ്യക്തമാക്കുന്നു. കാരണമില്ലാതെ അടുത്ത റമദാൻ വരെ നഷ്ടമായവ ഖദാ വീട്ടാത്തപക്ഷം, തൗബയും ഖദാ വീട്ടലും ഓരോ ദിവസത്തെയും കണക്കിന് പാവങ്ങൾക്ക് ഭക്ഷണം നൽകലും നിർബന്ധമാണ്.

റമദാൻ നോമ്പിനു മുന്നോടിയായുള്ള കൃത്യമായ പരിശീലനമായിക്കൂടി ശഅ്ബാൻ നോമ്പിനെ കാണാം. റമദാൻ കൂടുതൽ ഉന്മേഷകരമാവാൻ ശഅ്ബാൻ നോമ്പ് സഹായിക്കും. റമദാനിലേക്കുള്ള ഒരു പടിവാതിലായതിനാൽ തന്നെ, നോമ്പിനുപുറമെ റമദാനിലെ പ്രത്യേക ആരാധനാ കർമങ്ങളായ ഖുർആൻ പാരായണം, സ്വദഖ എന്നിവയും ശഅ്ബാനിൽ പുണ്യകരമാണ്.

ശഅ്ബാൻ അവസാനത്തിലെ നോമ്പ്
ഇംറാൻ ബിൻ ഹുസൈൻ(റ) റിപ്പോർട്ട് ചെയ്യുന്ന ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഒരു ഹദീസുണ്ട്. നബി തങ്ങൾ ഒരാളോട് ‘ഈ മാസത്തിലെ അവസാനത്തിൽ നിങ്ങൾ നോമ്പനുഷ്ഠിച്ചിട്ടുണ്ടോ’ എന്ന് ചോദിക്കുകയും അയാൾ ഇല്ലായെന്ന് മറുപടി പറഞ്ഞപ്പോൾ ‘ഒരു ദിവസം നോമ്പനുഷ്ഠിച്ചില്ലെങ്കിൽ പിന്നെ തുടർച്ചയായി രണ്ടുദിവസം അനുഷ്ഠിക്കുക’യെന്ന് പറയുന്ന ഹദീസ്. ഈ പറയുന്നത് റമദാനിനെക്കുറിച്ചാണോയെന്ന് ഇമാം ബുഖാരിയും അല്ല ശഅ്ബാനിനെക്കുറിച്ചാണോ എന്ന് ഇമാം മുസ്‌ലിമും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇവിടെ മാസാവസാനം എന്ന് പറയാനുപയോഗിച്ച ‘സറാർ’ എന്ന പദത്തിന്റെ വിശദീകരണത്തിലും പണ്ഡിതർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങൾ കാണാം. മാസാവസാനം എന്ന അർഥം തന്നെയാണെന്നാണ് പ്രബലാഭിപ്രായം. മാസാവസാനമാവുമ്പഴേക്കും ചന്ദ്രൻ മറയുന്നതിലാനാണ് ‘മറയുക’ എന്നയർഥത്തിലുള്ള ‘സതറ’ എന്ന പദത്തിൽ നിന്നുള്ള ‘ഇസ്തർറ’യുടെ വകഭേദത്തിൽ നിന്നുള്ള ‘സറാർ’ എന്ന പദം ഇതിനായി ഉപയോഗിക്കപ്പെട്ടത്. മറ്റൊരു ഹദീസിൽ ‘നോമ്പ് പതിവുള്ളവരല്ലാതെ റമദാനിന് ഒന്നോ രണ്ടോ ദിവസം മുമ്പ് നോമ്പനുഷ്ഠിക്കരുതെ’ന്ന് കാണാം. പരസ്പര വിരുദ്ധമെന്ന് തോന്നിക്കുന്ന ഈ രണ്ടുഹദീസുകളുടെ വിശദീകരണമായി ആദ്യത്തെ ഹദീസിലെ വ്യക്തിക്ക് നോമ്പുനോൽക്കുന്ന പതിവുണ്ടെന്ന കാര്യം നബിതങ്ങൾ അറിയാമായിരുന്നുവെന്നാണ് പണ്ഡിതർ വിശദീകരിക്കുന്നത്. ചുരുക്കത്തിൽ, ശഅ്ബാൻ അവസാനത്തിലെ നോമ്പുമായി ബന്ധപ്പെട്ട പണ്ഡിതവചനങ്ങളെ മൂന്നായി സംഗ്രഹിക്കാം. ഒന്ന്, റമദാനിനോടുള്ള സൂക്ഷ്മത കാരണം റമദാൻ നോമ്പാണെന്നു കരുതി നോമ്പനുഷ്ഠിക്കുക. ഇത് ഹറാമാണെന്ന് പണ്ഡിതർ പറഞ്ഞിട്ടുണ്ട്. രണ്ടാമതായി, നേർച്ച, റമദാനിന്റെ ഖദാ വീട്ടൽ, മോചനദ്രവ്യം എന്നീ നിയ്യത്തോടെ അനുഷ്ഠിക്കുക. ഭൂരിപക്ഷവും ഇതിനെ അനുവദിച്ചിട്ടുണ്ട്. മൂന്നാമതായി, നിരുപാധികം സുന്നത്തെന്നു കരുതി നോമ്പനുഷ്ഠിക്കുക. ശഅ്ബാനിനെയും റമദാനിനെയും നോമ്പനുഷ്ഠിക്കാതെ വേർതിരിക്കണമെന്ന് പറഞ്ഞവർ അതിനെ കറാഹത്തായും മറ്റു ചിലർ പൊതുവായ രീതിയനുസരിച്ച് ചെയ്യാനും കൽപിക്കുന്നു.

ചുരുക്കത്തിൽ, പതിവില്ലാത്തവരാണെങ്കിൽ, റമദാനോടു ചേർന്നുള്ള ശഅ്ബാനിന്റെ അവസാനത്തെ ഒന്നോ രണ്ടോ ദിവസം നോമ്പനുഷ്ഠിക്കൽ അഭികാമ്യമല്ലെന്ന് പണ്ഡിതർ രേഖപ്പെടുത്തുന്നത് കാണാം. ഇനി പതിവില്ലാത്തവരാണെങ്കിലും എന്തുകൊണ്ടാണ് കറാഹത്താവുന്നതെന്ന് ചോദിച്ചാൽ അതിന് പല മറുപടികളും കാണാം. ഒന്നാമതായി, റമദാൻ നോമ്പിന്റെ കൂട്ടത്തിൽ നിയമമാക്കപ്പെടാത്ത ഒന്നും കയറിക്കൂടാതിരിക്കാൻ. പെരുന്നാളിന് നോമ്പ് നിഷിദ്ധമാക്കപ്പെട്ടതും ഇതേയർഥത്തിലാണ്. മുൻകാല വേദക്കാർക്ക് സംഭിച്ചത് സംഭവിക്കാതിരിക്കാനാണിത്. മാസപ്പിറവി സംശയമുള്ള ദിവസവം നോമ്പനുഷ്ഠിക്കുന്നത് വിലക്കപ്പെട്ടതും ഇതിനാലാണ്. മറ്റൊരു കാരണം, ഫർള്, സുന്നത്ത് നോമ്പുകൾക്കിടയിൽ വേർതിരിക്കുകയെന്നതാണ്. ഫർള്, സുന്നത്ത് നിസ്‌കാരങ്ങൾക്കിടയിൽ സലാം കൊണ്ടോ സംസാരം കൊണ്ടോ ഇട നൽകണമെന്നും ഒരുമിച്ചു തുടർത്തരുതെന്നും നബി തങ്ങൾ പറഞ്ഞതും ഇതുകൊണ്ടാണ്. വിശേഷിച്ച്, ഫജ്‌റിന് മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തിന്റെ വിഷയത്തിൽ. കാരണം, അപ്രകാരം നിസ്‌കരിച്ച ഒരാളോട് ‘സുബഹ് നാലു റക്അത്താണോ നിസ്‌കരിച്ചതെന്ന്’ നബി തങ്ങൾ ചോദിച്ചതായി കാണാം. ഇതാണ് ഈ നിരോധനത്തിന്റെ താത്പര്യം. അല്ലാതെ, റമദാൻ നോമ്പ് തുടങ്ങുന്നതിനു മുമ്പായി പരമാവധി തിന്നുതീർക്കാനുള്ള അവസരമല്ല ഇത്.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles