Current Date

Search
Close this search box.
Search
Close this search box.

കാരുണ്യം ലഭ്യമാവാന്‍ ഈ കാര്യങ്ങള്‍ പതിവാക്കൂ

നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിന്‍റെ കാരുണ്യം അളവറ്റതാണ്. അറിഞ്ഞും അറിയാതെയും നാം ആ കാരുണ്യം ദിനേന അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ ജീവിതത്തിലും വരാനിരിക്കുന്ന പരലോക ജീവിതത്തിലും നമുക്ക് കാരുണ്യം അനിവാര്യമാണ്. അല്ലെങ്കില്‍ നമ്മുടെ ജീവിതം ദുരിതത്തിലകപ്പെട്ടുപോവും. സ്വന്തം കര്‍മ്മങ്ങള്‍കൊണ്ട് മാത്രം ഇരു ജീവിതത്തിലും വിജയം വരിക്കാന്‍ കഴിയുകയില്ല.

കാരുണ്യം ലഭ്യമാവാന്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഖുര്‍ആനും തിരുസുന്നത്തും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുന്നത് പ്രയോജനപ്രദമാണ്. അതില്‍ പ്രധാനം വിശ്വാസവും സല്‍പ്രവര്‍ത്തനങ്ങളുമാണെന്ന് ഖുര്‍ആന്‍ ഊന്നിപറയുന്നു.

“വിശ്വസിക്കുകയും പലായനം ചെയ്യുകയും ദൈവമാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്തവരാരൊ,അവരാകുന്നു ദൈവ കാരുണ്യം പ്രതീക്ഷിക്കാനര്‍ഹരായവര്‍.അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാലുവുമാണ്.”ബഖറ: 218.

“അല്ലാഹുവിനേയും റസൂലിനേയും അനുസരിക്കുവിന്‍. നിങ്ങള്‍ക്ക് കരുണ ലഭിക്കുമെന്ന് ആശിക്കാം.” ആലുഇംറാന്‍:132. അല്ലാുഹവിനേയും റസൂലിനേയും അനുസരിക്കണമെന്ന ആജ്ഞ നിറവേറ്റുന്നതില്‍ സംഭവിക്കുന്ന നിസ്സാരമായ വീഴ്ച പോലും ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുക എന്നതിന്, നബിയുടെ ജീവിതത്തിലെ ഉഹ്ദ് യുദ്ധത്തിലെ പരാജയം മതിയായ തെളിവാണ്. അനുചരന്മാരില്‍ ചിലര്‍ നബി (സ)യുടെ കല്‍പന ധിക്കരിച്ചപ്പോള്‍ ശത്രു സൈന്യം പെടുന്നനെ ആക്രമിച്ചത് ചരിത്രത്തില്‍ പാഠമാണ്.

ഖുര്‍ആന്‍ മറ്റൊരു സ്ഥലത്ത് പറയുന്നത് ഇങ്ങനെ: “ഇത് ഒരു അനുഗ്രഹപൂര്‍ണ്ണമായ ഗ്രന്ഥമായി നാം അവതരിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ ഖുര്‍ആനെ പിന്തുടരുകയും ദൈവ ഭക്തി കൈകൊള്ളുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.” അല്‍അന്‍ആം: 155.

കാരുണ്യം ലഭ്യമാവാനുള്ള മറ്റൊരു മാര്‍ഗ്ഗം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുക എന്നതാണ്. ഖുര്‍ആന്‍ പറയുന്നു: “നിങ്ങള്‍ക്കു മുമ്പില്‍ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ നിശ്ശബ്ദരായി അത് ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നിങ്ങള്‍ കാരുണ്യത്തിന് വിധേയമായേക്കാം” അല്‍അഅ്റാഫ്: 204.

“നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുക. സക്കാത്ത് നല്‍കുക. ദൈവ ദൂതനെ അനുസരിക്കുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിക്കുമെന്ന് ആശിക്കാം.” അന്നൂര്‍:56.

“സാലിഹ് നബി താന്‍ നിയോഗിക്കപ്പെട്ട സമൂദ് ഗോത്രക്കാരോട് പറഞ്ഞു: നന്മക്ക് മുമ്പായി നിങ്ങള്‍ തിന്മക്ക് തിടുക്കം കൂട്ടുന്നതെന്തിന്? അല്ലാഹുവിനോട് മാപ്പ് തേടിക്കൂടെ? നിങ്ങള്‍ കാരുണ്യം ലഭിച്ചേക്കാം.” അന്നംല്: 46.

“സത്യവിശ്വാസികള്‍ പരസ്പരം സഹോദരന്മാര്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ സഹോദരന്മാര്‍ക്കിടയില്‍ ബന്ധങ്ങള്‍ നന്നാക്കുവിന്‍. അല്ലാഹുവിനോട് ഭക്തിയുള്ളവാരാവുകയും ചെയ്യുവിന്‍. നങ്ങള്‍ അവന്‍റെ കാരുണ്യത്തിന് പാത്രീഭൂതമായേക്കാം. ഹുജ്റാത്ത്:10.

ഖുര്‍ആന്‍ പറയുന്നു: എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളേയും ഉള്‍കൊള്ളുന്നതാകുന്നു. എന്നാല്‍ ധര്‍മ്മ നിഷ്ട പുലര്‍ത്തുകയും സകാത്ത് നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഞാന്‍ അത് രേഖപ്പെടുത്തുന്നതാകുന്നു. അല്‍ അഅ്റാഫ് 156.

പ്രവാചകന്‍ (സ) പറഞ്ഞു: ഭൂമിയിലുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുക. എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കാരണ്യം കാണിക്കും. ചുരുക്കത്തില്‍ നമ്മുടെ എല്ലാ സല്‍കര്‍മ്മങ്ങളുടേയും അന്തിമ പരിണിതി, അവന് തന്നെ ലഭിക്കുന്ന അളവറ്റ അനുഗ്രഹങ്ങളും കരുണാകടാക്ഷവുമാണ്.

മുകളില്‍ നല്‍കിയ വാക്ക്യങ്ങളിലൂടെ മനസ്സിലാവുന്ന കാര്യം, നമ്മുടെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലമായി ലഭിക്കുന്നതാണ് അല്ലാഹുവിന്‍റെ കാരുണ്യം എന്നതാണ്. ആസ്ത്രലിയന്‍ വനാന്തരങ്ങളില്‍ ആദിവാസികള്‍ ഉപയോഗിക്കുന്ന ബൂമ്റാംഗ് എന്ന അസ്ത്രത്തെ കുറിച്ച് അറിയാമല്ലോ? ലക്ഷ്യസ്ഥാനത്തേക്ക് എയ്ത അസ്ത്രം ദൗത്യം നിര്‍വ്വഹിച്ച ശേഷം, അയാളിലേക്ക് തന്നെ മടങ്ങി വരുന്നതാണ് ഈ അമ്പിന്‍റെ പ്രത്യേകത. അത് പോലെ, അപരന് നല്‍കുന്ന കാരുണ്യമാണ് നമ്മിലേക്ക് തന്നെ പല മടങ്ങായി തിരിച്ച് വരുന്നത്.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles