Current Date

Search
Close this search box.
Search
Close this search box.

കാരുണ്യവാൻ, ദയാനിധി എന്തിന് രണ്ടു വിശേഷണങ്ങൾ!

മഴവെള്ളവും കിണറിലെ വെള്ളവും  തമ്മിലുള്ള വ്യത്യാസം എന്താണ്? ‘കാരുണ്യവാൻ’, ‘ദയാനിധി’ എന്നീ  ദൈവിക വിശേഷണങ്ങളുടെ അർത്ഥ ഭേദങ്ങൾ എന്താണ്?  വേദപാഠത്തിലെ ആദ്യ വചനത്തിൽ തന്നെ ആ ഇരട്ട വിശേഷണം ചേർത്തു പറഞ്ഞത് എന്തിനാവും; റഹ്മാൻ, റഹീം!?

തൊണ്ണൂറ്റിയൊമ്പത് വിശിഷ്ട നാമങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത്, ഒന്നാമത്തെയും മൂന്നാമത്തെയും വചനങ്ങളിൽ ആവർത്തിച്ച് ഉപയോഗിച്ച, ഒരേ ധാതുവിൽ നിന്നുള്ള ഈ രണ്ട് ഗുണവിശേഷങ്ങളുടെ അർത്ഥവ്യത്യാസങ്ങളും ആശയതലങ്ങളും ആലോചനാ വിഷയമാക്കിക്കൊണ്ടാകട്ടെ ഈ വിശുദ്ധമാസത്തിൽ വേദ പഠനത്തിൻ്റെ തുടക്കം.

വിശ്വാസികളും അവിശ്വാസികളുമായ  സർവ മനുഷ്യരിലേക്കും  ഇതര ജീവജാലങ്ങളിലേക്കും വഴിഞ്ഞൊഴുകുന്നതാണ്  ദൈവിക കാരുണ്യം. അതാണ് ‘കാരുണ്യവാൻ’, റഹ്മാൻ. വിശ്വാസത്തിൻ്റെയും ഭക്തിയുടെയും മതത്തിൻ്റെയും സമുദായത്തിൻ്റെയും അതിർവരമ്പുകളില്ലാതെ, എല്ലാവരിലേക്കും ദൈവിക കാരുണ്യം പടർന്ന്, പറന്നെത്തുന്നു.

Also read: ഖുർആൻ വായനക്കാരോട്

ദൈവത്തിൽ വിശ്വസിച്ച്, വഴങ്ങി, വണങ്ങി ജീവിക്കുന്നവരിലേക്ക് അവൻ്റെ ദയയുടെ കൈകൾ നീണ്ടുവരും, അതാണ് റഹീം. വിശ്വാസികളുടെയും ഭക്തരുടെയും പ്രാർത്ഥനകൾക്ക് ദയാപരനായ ദൈവം ഉത്തരമേകും. കാരണം, പ്രാർത്ഥിക്കുന്നവർക്ക് ഉള്ളതാണ് ദയ. സാക്ഷാൽ ദൈവത്തോട് അപേക്ഷിക്കാത്തവർക്ക് അവൻ്റെ ദയാവായ്പ്പിന് അർഹതയില്ല. പക്ഷേ, ദൈവിക കാരുണ്യത്തിന്, അപേക്ഷിക്കുന്നവരും അപേക്ഷിക്കാത്തവരും അർഹരാണ്. യഥാർത്ഥ വിശ്വാസവും ഭക്തിയും ഇല്ലാത്തവർക്ക്, അവിശ്വാസികൾക്ക് പോലും ദൈവം തൻ്റെ കാരുണ്യം നൽകുന്നു.

മഴ, വർഷിക്കുന്നിടത്തെ എല്ലാവർക്കും ലഭിക്കുന്നു. പക്ഷേ, കിണർ കുഴിച്ച്, അധ്വാനിച്ച് കോരിയെടുത്താൽ മാത്രമേ അതിൽ നിന്ന് വെള്ളം കിട്ടൂ. മഴവെള്ളം റഹ്മാൻ്റെയും കിണറ്റിലെ വെള്ളം റഹീമിൻ്റയും ആശയങ്ങളുടെ ഉദാഹരണമത്രെ! കാരുണ്യവാനായ ദൈവത്തിൽ വിശ്വസിക്കുന്നവർ,  മഴ പോലെയാകണം. അവരുടെ സ്നേഹവും സേവനവും സഹായവും എല്ലാ മനുഷ്യർക്കും ദാഹനീരായി, തണൽമരമായി, സഹായഹസ്തമായി പെയ്തിറങ്ങണം. മതത്തിൻ്റെ മതിലുകളും സമുദായത്തിൻ്റെ വേലിക്കെട്ടുകളും സംഘടനകളുടെ അതിർവരമ്പുകളുമില്ലാതെ. ഓർക്കുക, റഹീമിൽ മാത്രമല്ല, റഹ്മാനിലും വിശ്വസിക്കുന്നവരാകണം..

Related Articles