Vazhivilakk

അര്‍ഥമറിയാതെ ഖുര്‍ആന്‍ മന:പാഠമാക്കുന്നത് ?

അൗഫ് ബിന്‍ മാലിക്ക് അശ്ജഇയില്‍ നിന്ന് ജുബൈര്‍ ബിന്‍ നുഫൈര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഞങ്ങള്‍ പ്രവാചകന്‍(സ)യുടെ കൂടെ ഇരിക്കുകയായിരുന്നു. അന്നേരം പ്രവാചകന്‍ അകാശത്തേക്ക് നോക്കുകയായിരുന്നു. തുടര്‍ന്ന് പ്രവാചകന്‍(സ) പറഞ്ഞു: ഇത് ആളുകളില്‍ നിന്ന് ജ്ഞാനം ( الْعِلْمِ )നഷ്ടപ്പെട്ടുപോകുന്ന സമയമാണ്. അന്‍സാറുകളില്‍പ്പെട്ട ഒരാള്‍ (സിയാദ് ബിന്‍ ലബീദ്) ചോദിച്ചു: ഞങ്ങളില്‍ വിശുദ്ധ ഗ്രന്ഥം ഉണ്ടായിരിക്കുകയും, അത് ഞങ്ങളുടെ പത്‌നിമാര്‍ക്കും മക്കള്‍ക്കും പഠിപ്പിച്ചുകൊടുക്കുകയും ചെയ്തുകൊണ്ടിരിക്കെ എങ്ങനെയാണ് നഷ്ടപ്പെട്ടുപോകുന്നത്? പ്രവാചകന്‍ പറഞ്ഞു: താങ്കളെ ഞാന്‍ മദീനിയിലെ ഉയര്‍ന്ന വിജ്ഞാനമുള്ളവനായിട്ടാണ് കാണുന്നത്. ശേഷം പറഞ്ഞു: ദൈവത്തില്‍ നിന്ന് അവതീര്‍ണമായ വേദ ഗ്രന്ഥം കൈയിലുണ്ടായിരുന്നിട്ടും ജൂതന്മാരും ക്രിസ്ത്യാനികളും വഴിതെറ്റി പോവുകയാണുണ്ടായത്. പിന്നീട് ജുബൈര്‍ ബിന്‍ നുഫൈര്‍ അൗഫ് ബിന്‍ മാലിക്കില്‍ നിന്ന് കേട്ട ഹദീസ് ശദാദ് ബിന്‍ അൗസിനെ അറിയിച്ചു. അപ്പോള്‍ ശദാദ് പറഞ്ഞു: അൗഫ് പറഞ്ഞത് ശരിയാണ്. തുടര്‍ന്ന് ചോദിച്ചു: ഏത് ജ്ഞാനമാണ് നഷ്ടപ്പെട്ടുപോകുന്നതെന്ന് നിനക്ക് അറിയാമോ? അത് വിശുദ്ധ ഖുര്‍ആന്‍ ഗ്രഹിക്കുന്നതിലും മനസ്സിലാക്കുന്നതിലുമുള്ള കുറവാണ്. ഏത് ജ്ഞാനമാണ് ഇല്ലാതായിപോകുന്നതെന്ന് നിനക്ക് അറിയാമോ? അത് ഭയഭക്തിയാണ്. അവസാനം ഒരുവനെയും ഭയഭക്തയുള്ളവനായി കാണാന്‍ കഴിയുകയുമില്ല (ഇബ്‌നു അബ്ദില്‍ബര്‍റ്- جامع بيان العلم وفضله)

വേദഗ്രന്ഥത്തെ മനസ്സിലാക്കുന്നതില്‍ വിശ്വാസി സമൂഹത്തിന്റെ പോരായ്മയാണ് ദീനിന് കൈമോശം വരുത്തിവെക്കുന്നത്. ഇതിനര്‍ഥം ഇസ്‌ലാമിന്റെ എല്ലാ ചിഹ്നങ്ങള്‍ നശിച്ചപോയെന്നോ, ദീനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വശ്വാസി പൂര്‍ണമായി പ്രാധാന്യം കല്‍പിക്കാതിരിക്കുകയോ ചെയ്യുന്നു എന്നതല്ല. അങ്ങനെ ചരിത്രത്തില്‍ എവിടെയും സംഭവിച്ചിട്ടില്ല. മറിച്ച്, ദീന്‍ വിശ്വാസികളില്‍ കാര്യമായ മാറ്റമുണ്ടാക്കാതെ അങ്ങനെ പരുക്കനായി നല്‍ക്കുന്നു എന്നതാണ്. വിശ്വാസികളില്‍ ഭയഭക്തി കുറഞ്ഞുവരികയും ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ച് കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോകുകയും തന്മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാഗികളാകുന്നു’ (അല്‍ഹദീദ്: 16).

തീര്‍ച്ചയായും, ഭയഭക്തിയുള്ള ദീനിന്റെ( الخشوع ) ഇടം മനസ്സാണ്. ഭയഭക്തിയില്ലാത്ത ദീനുകൊണ്ട് ( القسوة ) പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അത് അവരുടെ അവയവങ്ങളെയും വിചാരങ്ങളുടെയും ഭാഗമാകുന്നില്ല. വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്യുന്ന വ്യക്തിക്ക് സ്വന്തത്തെ സംസ്‌കരിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനുമുള്ള ആവേശമാണ് അതില്‍നിന്ന് ലഭിക്കുക. അങ്ങനെ സ്വഭാവത്തെ ശരിപ്പെടുത്താനും, ശരിയായ രീതിയില്‍ മുന്നോട്ടുപോകുവാനും, മോശമായതില്‍ നിന്ന് വിട്ട് നില്‍ക്കാനും കഴിയുന്നു. ദൈവികമായ മതത്തെ കേവലം കല എന്ന നിലക്ക് മാത്രം കാണുന്നതുകൊണ്ടാണ് ദീന്‍ അധ:പതിച്ച് പോകുന്നത്. കലയെന്നാല്‍ ( الفن ) യാഥാര്‍ഥ്യത്തെ മനോഹരമായി അവതരിപ്പിക്കുകയും, അതിന്റെ ഉള്ളിലുള്ള യാഥാര്‍ഥ്യങ്ങളെ തുറന്നുകാണിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നു. അത് കേവലം പുറമെയുള്ള യാഥാര്‍ഥ്യം മാത്രം പങ്കുവെക്കുന്നു. പ്രത്യക്ഷമായ ഇത്തരം രീതിയില്‍ കല വളരുമ്പോള്‍ അതിന്റെ യാഥാര്‍ഥ സൗന്ദര്യത്തെ മനസ്സിലാക്കാനും നിര്‍വചിക്കാനും ആരുമുണ്ടാകുന്നില്ല.

ഇബാദത്ത് എന്നാല്‍ മനസ്സിലെ ഭയഭക്തിയും, ആത്മീയവും അല്ലാതെയുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ അല്ലാഹുവിലേക്ക് നിരന്തരം അടുക്കുവാനുളള അതിയായ ആഗ്രഹവുമാണ്. ദൈവിക വേദഗ്രന്ഥത്തില്‍ നിന്ന് ഭയഭക്തി സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരിക്കലും ഭയഭക്തിയുള്ള വിശ്വാസവും നേടിയെടുക്കാന്‍ കഴിയുകയില്ല. യഥാര്‍ഥ ജീവിതമെന്നത് വിശുദ്ധ ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദ്(സ) കാണിച്ചുതന്നുതുമായ കാര്യങ്ങള്‍ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്ത് ജീവിതിത്തിലേക്ക് പകര്‍ത്തുകയാണ്.

അവലംബം: islamonline.net
വിവ: അര്‍ശദ് കാരക്കാട്

Facebook Comments
Related Articles
Show More
Close
Close