Current Date

Search
Close this search box.
Search
Close this search box.

സമാനതകളില്ലാത്ത മനുഷ്യൻ

പ്രവാചകനെ അപഹസിക്കാനും അപവദിക്കാനും ഒരുമ്പെട്ട പാശ്ചാത്യ എഴുത്തുകാർക്കിടയിൽ സത്യസന്ധമായി അദ്ദേഹത്തെ വിലയിരുത്താൻ ശ്രമിച്ച പ്രഗൽഭരായ ചിലരുണ്ട്. അവരിൽ ഏറെ ശ്രദ്ധേയനാണ് ലാമാർട്ടിൻ. പ്രവാചകനെപ്പറ്റി അദ്ദേഹമെഴുതി:

“സൃഷ്ടിക്കും സ്രഷ്ടാവിനുമിടയിൽ മാർഗ്ഗ തടസ്സമായി നിന്ന അന്ധവിശ്വാസങ്ങളെ ധ്വംസിക്കുക, മനുഷ്യന് ദൈവത്തെ പരിചയപ്പെടുത്തുകയും ദൈവത്തിന് മനുഷ്യരെ അർപ്പിക്കുകയും ചെയ്യുക,യുക്തി സഹവും പവിത്രവുമായ ദൈവികാശയത്തെ നിലവിലിരുന്ന പ്രാകൃത നിയമങ്ങളുടെ പ്രക്ഷുബ്ധതയുടെയും ബിംബാരാധനയുടേതായ വൈകൃത ദൈവങ്ങളുടെയും മധ്യത്തിൽ പുന:പ്രതിഷ്ഠിക്കുക-മുഹമ്മദിനെപ്പോലെ ചരിത്രത്തിൽ മറ്റൊരു മനുഷ്യനും ഇതിലേറെ ഉദാത്തമായൊരു ലക്ഷ്യം ഉന്നം വെച്ചിട്ടില്ല. മനുഷ്യാതീതമായിരുന്നു ആ ലക്ഷ്യം. അതിനിസ്സാരമായ വസ്തുക്കൾ കൈമുതലാക്കിക്കൊണ്ട് മനുഷ്യ കഴിവുകൾക്കതീതമായ ഒരു യത്നം ആരും സമാരംഭിക്കുകയില്ല.എന്നാൽ മുഹമ്മദിൻറെ വിശ്വാസത്തിലും പ്രവർത്തനത്തിലും അത്തരം മഹത്തായ ഒരു ലക്ഷ്യമാണുണ്ടായിരുന്നത്. തനിക്കുപരി മറ്റൊരു ആയുധമോ മരുഭൂമിയുടെ ഒരു മൂലയിൽ വസിച്ചിരുന്ന ഏതാനും അംഗുലീ പരിമിതരായ വ്യക്തികളോ അല്ലാതെ മറ്റു സഹായമൊന്നും മുഹമ്മദിനുണ്ടായിരുന്നില്ല. അന്തിമമായി അതുപോലെ ലോകത്ത് മഹത്തരവും സ്ഥിരപ്രതിഷ്ഠവുമായ ഒരു വിപ്ലവം മറ്റൊരു വ്യക്തിയും സൃഷ്ടിച്ചിട്ടില്ല. കാരണം ഇസ്ലാം സമാഗതമായ ശേഷം രണ്ടു ശതാബ്ദത്തിലും കുറഞ്ഞ കാലം കൊണ്ട് വിശ്വാസത്തിലും ശക്തിയിലും അറേബ്യയിലഖിലം അതിൻറെ ആധിപത്യമുറപ്പിക്കുകയും പേർഷ്യ ഖുറാസാൻ, ട്രാൻസോക്സാനിയ, പശ്ചിമേഷ്യ, സിറിയ, ഈജിപ്ത്, അബ്സീനിയ, ഉത്തരാഫ്രിക്കയുടെ അറിയപ്പെട്ട ഭാഗങ്ങൾ, മധ്യധരണ്യാഴിയിലെ അസംഖ്യം ദ്വീപുകൾ, സ്പെയിൻ, ഗോളിന്റെ ഒരു ഭാഗം എന്നിവ ദൈവനാമത്തിൽ ജയിച്ചടക്കുകയും ചെയ്തു.

ഉദ്ദേശ്യ മഹാത്മ്യവും ആയുധ സാമഗ്രികളുടെ കമ്മിയും അതിമഹത്തായ ഫലവുമാണ് മനുഷ്യ പ്രതിഭയുടെ മാനദണ്ഡമെങ്കിൽ ആധുനിക ചരിത്രത്തിലെ ഒരു മഹാ പുരുഷനെ മുഹമ്മദുമായി താരതമ്യം ചെയ്യുവാൻ ആർക്കാണ് ധൈര്യം വരിക? ബാക്കി പ്രശസ്തരായ വ്യക്തികൾ ആയുധങ്ങളും നിയമങ്ങളും സാമ്രാജ്യങ്ങളും മാത്രം നിർമ്മിക്കുകയുണ്ടായി. അവർ വല്ലതിനും അടിത്തറപാകിയിട്ടുണ്ടെങ്കിൽ അത് ഭൗതിക ശക്തികൾക്ക് മാത്രമായിരുന്നു. അവ പലപ്പോഴും അവരുടെ കൺമുമ്പിൽ വെച്ച് തന്നെ തകർന്നു പോവുകയും ചെയ്തു. ഈ മനുഷ്യൻ സൈന്യങ്ങളെയോ നിയമച്ചട്ടങ്ങളെയോ സാമ്രാജ്യങ്ങളെയോ ജനവിഭാഗങ്ങളെയോ രാജവംശങ്ങളെയോ മാത്രമല്ല, അന്ന് വാസയോഗ്യമായിരുന്ന ലോകത്തിൻറെ മൂന്നിലൊന്ന് ഭാഗത്തെ ജന മഹാ ലക്ഷങ്ങളെത്തന്നെ ഇളക്കിമറിച്ചു.അതിലുപരി യജ്ഞവേദികളെയും ദൈവങ്ങളെയും മതങ്ങളെയും ആശയങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം പ്രകമ്പനം കൊള്ളിച്ചു. ഏതൊരു പവിത്ര ഗ്രന്ഥത്തിൻറെ ഓരോ അക്ഷരവും നിയമമായിത്തീർന്നോ ആ ദിവ്യ ഗ്രന്ഥത്തിൻറെ അടിസ്ഥാനത്തിൽ അദ്ദേഹം ഒരു ആത്മീയ ദേശീയത്വം കെട്ടിപ്പടുക്കുകയും അതുവഴി വിവിധ ഭാഷക്കാരും വ്യത്യസ്ത വംശക്കാരുമായ ജനവിഭാഗങ്ങളെ അദ്ദേഹം കൂട്ടിയിണക്കുകയുണ്ടായി….

Also read: ഹിജാബ് വിരുദ്ധതയും ജെന്‍റേര്‍ഡ് ഇസ്ലാമോഫോബിയയും

തത്വജ്ഞാനി, പ്രസംഗകൻ, ദൈവദൂതൻ,നിയമ നിർമാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്,അബദ്ധ സങ്കൽപ്പങ്ങളിൽ നിന്നും മുക്തമായ ആചാര വിശേഷങ്ങളുടെയും യുക്തിഭദ്രമായ വിശ്വാസപ്രമാണങ്ങളുടെയും പുന:സ്ഥാപകൻ,ഇരുപത് ഭൗതിക സാമ്രാജ്യങ്ങളുടെയും ഒരു ആത്മീയ സാമ്രാജ്യത്വത്തിൻറയും സ്ഥാപകൻ-അതായിരുന്നു മുഹമ്മദ്. മനുഷ്യ മഹത്വത്തിൻറെ എല്ലാ മാനദണ്ഡങ്ങളും പരിഗണിക്കുമ്പോൾ നാം വ്യക്തമായും ചോദിച്ചേക്കാം: മുഹമ്മദിനേക്കാൾ മഹാനായ മറ്റു വല്ല മനുഷ്യനുമുണ്ടോ?”(പ്രബോധനം ധനം വാർഷികപതിപ്പ് 1989. പുറം: 21, 22)

Related Articles