Current Date

Search
Close this search box.
Search
Close this search box.

മലബാർ സമരം പാരസ്പര്യത്തിന്റെ ഹൃദയമുദ്ര!

പ്രമുഖ ചരിത്രകാരനായ കെ. എൻ പണിക്കർ “മാപ്പിള ചെറുത്തുനിൽപ്പുകളെക്കുറിച്ച് എനിക്ക് ആദ്യമായി പറഞ്ഞു തന്ന എന്റെ അമ്മയുടെ സ്മരണയ്ക്ക് ” എന്നു പറഞ്ഞു കൊണ്ടാണ് “മലബാർ കലാപം പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരേ” എന്ന ഗ്രന്ഥം ആരംഭിക്കുന്നത്. മാത്രമല്ല, ഹിന്ദു – മുസ് ലിം ഐക്യത്തിന്റെ കസവ് തന്റെ രചനയിലുടനീളം അദ്ദേഹം കാത്തു സൂക്ഷിക്കുന്നുമുണ്ട്.

“കലാപകാരികളുടെ സാമൂഹിക പശ്ചാത്തലം ” എന്ന അധ്യായത്തിൽ പണിക്കർ എഴുതുന്നു: “ഹിന്ദുക്കളും പ്രക്ഷോഭത്തിന്റെ ഭാഗഭാക്കായി എന്നുള്ളത് മതം മാത്രമായിരുന്നില്ല കലാപത്തിൻ്റെ നിർണായക ഘടകമെന്നു കാണിക്കുന്നതാണ്. ഹിച്ച്കോക്ക് തയ്യാറാക്കിയ കലാപകാരികളുടെ ലിസ്റ്റിലും അറസ്റ്റു ചെയ്തു ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ധാരാളം ഹിന്ദു നാമങ്ങൾ ഉള്ളതായി കാണാം..
ഗവ: ഓഫീസുകളും ഹിന്ദു ഭൂവുടമകളുടെ വീടുകളും ആക്രമിച്ച ഏതാനും കേസുകളിൽ ഹിന്ദുക്കൾ പങ്കെടുത്തിരുന്നതായി രേഖകളിൽ ഉണ്ട്. മണ്ണാർക്കാട്ടും പെരിന്തൽമണ്ണയിലും പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുന്നതിൽ ഹിന്ദുക്കൾ സജീവമായി പങ്കെടുത്തിരുന്നു. ഭൂവുടമകൾക്കെതിരെ നടന്ന ആക്രമങ്ങളിൽ ഇവരുടെ പങ്കാളിത്തം ധാരാളമുണ്ടായിരുന്നു. വിളയിൽ, പാണ്ടിക്കാട്, മേലാറ്റൂർ, പാവൂർ, ആതവനാട്, വെട്ടിക്കാട്ടിരി, എടത്തനാട്ടുകര, നെല്ലായ്, ഇരിങ്ങല്ലൂർ, കോട്ടച്ചിറ തുടങ്ങിയ ഗ്രാമങ്ങളിലുണ്ടായ ആക്രമണങ്ങളിൽ ഹിന്ദുക്കൾ നല്ലയളവിൽ പങ്കെടുത്തിരുന്നു”

പ്രക്ഷോഭകാരികൾ ഭൂരിപക്ഷവും തൊഴിലാളികളും കൃഷിക്കാരുമായിരുന്നുവെന്ന് നിരീക്ഷിക്കുന്ന കെ.എൻ പണിക്കർ “ഭൂവുടമകൾക്കെതിരേ” എന്ന തലക്കെട്ടിനു താഴെ എഴുതുന്നു: “ജന്മിമാരെ ശാരീരികമായി ആക്രമിച്ച സംഭവങ്ങൾ വാസ്തവത്തിൽ വളരെ കുറവായിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ എത്തിയ 195 കവർച്ചക്കേസുകളിൽ 28 എണ്ണം നടന്നത് ആൾപാർപ്പില്ലാത്ത വീടുകളിലായിരുന്നു..159 കേസുകളിൽ ആരും ഉപദ്രവിക്കപ്പെട്ടില്ല”..

കൊല ചെയ്യപ്പെട്ട കൃഷിക്കാരിൽ ജാതിമതഭേദമന്യേ ആൾക്കാർ ഉള്ളതായി നിരീക്ഷിക്കുന്ന പണിക്കർ കൊള്ള നടത്തിയ വീടുകളിൽ മാപ്പിളമാരുടെ വീടുകളും ഉണ്ടായിരുന്നതായി പറയുന്നു.
കലാപത്തിന്റെ ഗതി നിയന്ത്രിക്കുന്നതിൽ കർഷകരുടെ യാതനകൾ വഹിച്ച പങ്ക് വലുതായിരുന്നുവെന്നും ദയാലുക്കളായ ജന്മിമാർ ഉപദ്രവിക്കപ്പെട്ടില്ലെന്നും മാത്രമല്ല, അവർ സംരക്ഷിക്കപ്പെട്ടിരുന്നുവെന്നും പണിക്കർ കണ്ടെത്തുന്നു. എന്നാൽ ചൂഷകരായ ജന്മിമാർ ആക്രമിക്കപ്പെട്ടു.

“മലബാർ സമരം എം.പി നാരായണ മേനോനും സഹപ്രവർത്തകരും” എന്ന കൃതിയിൽ പ്രഫ: എം.പി.എസ് മേനോൻ പറയുന്നതുപോലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മാസങ്ങളോളം ഉപരോധിച്ച മാപ്പിളമാർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വീര താരകങ്ങളാണ്.

10,000ൽപ്പരം പേർ കൊല്ലപ്പെട്ട, 20,000 പേർ നാടുകടത്തപ്പെട്ട, 50,000 പേർ തടവിലാക്കപ്പെട്ട, 10,000 പേരെ കാണാതായ (അതേ പുസ്തകം. പേജ്: 16) മലബാർ കലാപമെന്ന മഹാവിപ്ലവത്തിൽ, 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം നടന്ന ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിൽ യാതൊരു അപഭ്രംശങ്ങളും നടന്നില്ലായെന്നു കരുതേണ്ടതില്ല. എന്നാൽ പ്രക്ഷോഭകാരികളായ നേതാക്കളും മഹാ ഭൂരിപക്ഷം അനുയായികളും സാമ്രാജ്യത്വത്തിൽ നിന്നും ജന്മിത്വത്തിൽ നിന്നുമുള്ള സമ്പൂർണ മോചനവും സ്വാതന്ത്ര്യാനന്തരം ഹിന്ദുവും മുസ് ലിമും ക്രൈസ്തവനും ഐക്യത്തോടെ ജീവിക്കുന്ന ക്ഷേമ രാഷ്ട്രവുമായിരുന്നു സ്വപ്നം കണ്ടത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

Related Articles