Vazhivilakk

പ്രണയവും മത പരിത്യാഗവും

നിത്യജീവിതത്തിൽ ഇസ്ലാമിക നിഷ്ഠ പുലർത്തുകയും മൂല്യങ്ങൾ പിന്തുടരുകയും പിന്നീട് അതുപേക്ഷിക്കുകയും ചെയ്ത ചില ചെറുപ്പക്കാരുമായി ബന്ധപ്പെടാൻ അവസരം ലഭിച്ചു. അതിലേറെ പേരെയും അത്തരമൊരവസ്ഥയിലെത്തിച്ചത് അവരുടെ പ്രണയബന്ധമാണ്. മതമില്ലാത്തവരെയോ മറ്റു മതക്കാരെയോ ജീവിത പങ്കാളികളാക്കാൻ ആഗ്രഹിക്കുന്നവർ അവരെ പ്രീതിപ്പെടുത്താനും അതിന് ആദർശത്തിൻറെ പരിവേഷം നൽകാനുമാണ് പലപ്പോഴും ഇസ്ലാം ഉപേക്ഷിക്കാറുള്ളത്.

ഇത് ഇവിടത്തെ മാത്രം സ്ഥിതിയല്ല. അറബ് നാടുകളിലെ പല ഭരണാധികാരികളെയും വഴി പിഴപ്പിച്ചതും ഇസ്ലാമിക, മുസ്ലിം വിരുദ്ധ നിലപാടുകൾക്ക് പ്രേരിപ്പിച്ചതും അവരുടെ ജീവിതപങ്കാളികളായിരുന്നു.

Also read: കുട്ടികളുടെ ശിക്ഷണത്തിന് പത്ത് കാര്യങ്ങള്‍

ഇത്തരം നിരവധി സംഭവങ്ങളിലൊന്ന് റാശിദുൽ ഗന്നൂശി തൻറെ ആത്മകഥയിൽ വിശദീകരിച്ചിട്ടുണ്ട്. തുനീഷ്യൻ ഭരണാധികാരി ബുർഖീബ അവിടെ ദത്ത് സമ്പ്രദായം നിയമാനുസൃതമാക്കി. വിവാഹ ബാഹ്യ ദാമ്പത്യ ബന്ധങ്ങൾക്ക് അനുമതി നൽകി. ഉഭയസമ്മതപ്രകാരമാണെങ്കിൽ സ്വതന്ത്ര ലൈംഗികബന്ധങ്ങൾ കുറ്റകൃത്യമല്ലാതാക്കി. വിവാഹമോചനത്തിന് താങ്ങാനാവാത്ത പിഴചുമത്തി. വിവാഹത്തോട് തന്നെ വിരക്തിയും ഭയവുമുണ്ടാക്കും വിധം വിവാഹമോചന നിയമങ്ങൾ അതസാധ്യമാക്കും വിധം കർക്കശമാക്കി. ഇങ്ങനെ ഇസ്ലാമിക ശരീരത്തിനെ മാറ്റി മറിച്ചു. ഇവ്വിധം ബുർഖീബ പാശ്ചാത്യ സംസ്കാരത്തിനും കത്തോലിക്കൻ സമീപനങ്ങൾക്കും അനുയോജ്യമാം വിധം നിയമ പരിഷ്കരണം വരുത്തിയത് ഫ്രഞ്ചുകാരി ഭാര്യ മാതീഡെ ലോറിയൻറെ(Mathiede Lorrian) സ്വാധീന ഫലമായായിരുന്നുവെന്ന് കരുതപ്പെടുന്നു.

വിവാഹമോചനത്തെ ശക്തമായി എതിർത്തിരുന്ന ബുർഖീബ അതുതന്നെ ചെയ്തു. ഒരിക്കലല്ല; രണ്ടുതവണ.സോർബോൺ സർവകലാശാലയിൽ വെച്ച് പരിചയപ്പെട്ട് വിവാഹം കഴിച്ച ഫ്രഞ്ച് വനിത മാതീഡെ ലോറിയനെ 1961 ൽ വിവാഹമോചനം ചെയ്തു. പിന്നീട് 1962 ൽ വിവാഹം ചെയ്ത വസീലയെ വാർദ്ധക്യകാലത്ത് മൊഴിചൊല്ലി. നമ്മുടെ നാട്ടിലെ ശരീഅത് വിരുദ്ധരും വിമർശകരും ചെയ്യുന്ന പോലെത്തന്നെ.

Also read: സ്ത്രീകളോടുള്ള ആദരവ്

ബുർഖീബയെപ്പോലെത്തന്നെയാണ് ഇസ്ലാമുപേക്ഷിക്കുന്ന നമ്മുടെ നാട്ടിലെ ചെറുപ്പക്കാരിൽ ചിലരെങ്കിലുമെന്ന കാര്യം തിരിച്ചറിയുന്നത് ഉപകാരപ്രദമായിരിക്കും.

Facebook Comments

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker