Current Date

Search
Close this search box.
Search
Close this search box.

ജീവിതം മരണാനന്തരം

ഇസ്‌ലാമിക ദൃഷ്ട്യാ ജീവിതം ഒരു യാത്രയാണ്. ശുദ്ധ ശൂന്യതയില്‍ നിന്ന് മണ്ണിലേക്ക്, മണ്ണില്‍ നിന്ന് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍, പിന്നീട് ഭൂമിയിലേക്ക്. ഇനി മരണം, ഖബ്ര്‍, ഉയിര്‍ത്തെഴുന്നേല്‍പ്, കുറ്റവിചാരണ, സ്വര്‍ഗ നരകങ്ങളുടെ അനന്തത…

മരണാനന്തര ജീവിതമാണ് യഥാര്‍ത്ഥത്തില്‍ ഈ ഭൗതിക ജീവിതത്തെ തന്നെ അര്‍ത്ഥവത്താക്കുന്നത്. നമുക്കറിയാം ഈ ലോകത്ത് പാപികള്‍ പന പോലെ വളരുന്നു. കള്ളന്മാരും ജനവഞ്ചകരും ആര്‍ഭാടപൂര്‍ണമായി ജീവിക്കുമ്പോള്‍ വളരെ സാത്വികരായ മനുഷ്യര്‍ ഏറെ കഷ്ടപ്പെടുന്നു. തീര്‍ന്നില്ല,അന്ധര്‍, ബധിരര്‍, മൂകര്‍, തുടങ്ങി മാറാരോഗികള്‍, ദരിദ്രര്‍… എന്നിങ്ങനെ ലോകത്ത് ധാരാളം ജനങ്ങള്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നു. രാഷ്ടീയ നേതാക്കള്‍ കോടികള്‍ കട്ടുമുടിക്കുന്നു. അതിസമ്പന്നര്‍ ഭരണകര്‍ത്താക്കളുടെ പിന്തുണയോടെ ബാങ്കുകളില്‍ നിന്നും മറ്റുമായി ആയിര ക്കണക്കിനു കോടികള്‍ അടിച്ചു മാറ്റുന്നു!. ഇതിന്റെയെല്ലാം കെടുതികള്‍ അനുഭവിക്കുന്നത് പാവപ്പെട്ട മനുഷ്യരും.

ജനങ്ങളെ കൊന്നൊടുക്കുന്ന ഭീകര നേതാക്കള്‍, നിരപരാധികളെ ഭീകര മുദ്ര ചാര്‍ത്തി വര്‍ഷങ്ങളോളം ജയിലിലടക്കുന്ന ഭരണാധികാരികള്‍.. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ലോകം അതിഭീകരമായ അനീതികളില്‍ കൂടിയാണ് കടന്നു പോകുന്നതെന്നു വ്യക്തം. ഇവിടെയാണ് നീതിയുക്തമായ പരലോകം പ്രസക്തമാവുന്നത്.

പലപ്പോഴും പറയാറുള്ളതുപോലെ ഒരാളെ കൊന്നവനെ നമ്മുടെ നീതിപീഠത്തിന് ഒരു വട്ടം വധശിക്ഷ നല്‍കാം (അതും സമ്പത്ത് വാരിക്കോരി നല്‍കി രാത്രിയെ പക്കലാക്കുന്ന വക്കീലന്മാരെ വെച്ച് മിക്ക കുറ്റവാളികളും രക്ഷപ്പെടുന്നു)എന്നാല്‍ പതിനായിരങ്ങളെ കൊന്നൊടുക്കിയവരെ എന്തു ചെയ്യും?

ഒരു യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ കുറ്റവാളിയുടെ മാനസീകാവസ്ഥ പരിശോധിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഭൗതിക ലോകത്ത് അതിനുള്ള സംവിധാനങ്ങളില്ല. സമ്പൂര്‍ണ നീതിയുടെ രക്ഷാ ശിക്ഷകള്‍ പുലരുന്ന ഒരു മറുലോകം അനിവാര്യമാണെന്ന് ഇത്തരം വസ്തുതകള്‍ നമ്മെ പേര്‍ത്തും പേര്‍ത്തും ബോധ്യപ്പെടുത്തുന്നു.

എല്ലാ ആധ്യാത്മിക ഗ്രന്ഥങ്ങളും വിശദാംശ ങ്ങളില്‍ ചില്ലറ വ്യത്യാസങ്ങളോടെ മരണാന ന്തര ജീവിതത്തെ സത്യപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് ഋഗ്വേദം:1-35-6 ല്‍ പറയുന്നു: ‘സ്വര്‍ഗം, ഭൂമി, അന്തരീക്ഷം എന്നിങ്ങനെ പ്രകാശമാനങ്ങളായ ലോകങ്ങള്‍ മൂന്നുണ്ട് ‘

ഈ ലോകത്തെ മനുഷ്യ ജീവിതം മരണശേഷം നിശിതമായയ വിചാരണക്ക് വിധേയമാക്കുമെന്നും തദടിസ്ഥാനത്തില്‍ നാം ഓരോരുത്തരും രക്ഷാ ശിക്ഷകള്‍ അനുഭവിക്കേണ്ടി വരുമെന്നുമാണ് മരണാനന്തര ജീവിതത്തിന്റെ കാതല്‍.

അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും അന്ത്യനാളും അതിനു ശേഷമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പും രക്ഷാ ശിക്ഷകളുമെല്ലാം വിശദമായി തന്നെപരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗം പരലോകത്തെക്കുറിച്ചാണെന്ന് പറയപ്പെട്ടിട്ടുണ്ട്. ഖുര്‍ആനിന്റെ ഓരോ പേജിലും പരലോകം ഉണ്ടെന്നാണ് മറ്റു ചിലര്‍ പറഞ്ഞിട്ടുള്ളത്. ഭൂമിയിലെ സത്കര്‍മി കള്‍ക്ക് സുഖാനന്ദമയവും ശാശ്വതവുമായ സ്വര്‍ഗീയ ജീവിതവും ദുഷ്‌കര്‍മികള്‍ക്ക് കഠിനമായ നരക ശിക്ഷയും പരലോകത്ത് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു.

അല്ലാഹു / ദൈവം അരുള്‍ ചെയ്യുന്നു: ‘പരലോകത്ത് നിങ്ങളുടെ പ്രതിഫലം പൂര്‍ണമായി നല്‍കപ്പെടുക തന്നെ ചെയ്യും. അന്ന് നരകത്തില്‍ നിന്നകറ്റപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുന്നവനാരോ, അവന്‍/അവള്‍ വിജയിച്ചു. ഐഹിക ജീവിതം വഞ്ചനാത്മകമായ ഒരാസ്വാദനം മാത്രമാകുന്നു’ (ഖുര്‍: 3:385).

‘ഈ ഐഹിക ജീവിതംവിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല.തീര്‍ച്ചയായും പരലോകജീവിതം തന്നെയാണ് യഥാര്‍ത്ഥ ജീവിതം.അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍’ (ഖുര്‍: 29: 64).

‘സ്വര്‍ഗവാസികള്‍ മുഖാമുഖമിരുന്ന് കുശലങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും. അവര്‍ പറയും: പണ്ടു നാം നമ്മുടെ വീട്ടുകാരോടൊന്നിച്ച് ഭയഭക്തിയോടെയാണല്ലോ ജീവിച്ചിരുന്നത്.അങ്ങനെ അല്ലാഹു നമ്മോട് ഔദാര്യം കാണിച്ചു. നരകശിക്ഷയില്‍ നിന്നവന്‍ നമ്മെ കാത്തു രക്ഷിച്ചു. മുമ്പും അവനോടാണ് നാം പ്രാര്‍ത്ഥിച്ചിരുന്നത്.നിശ്ചയം അവന്‍ സത്ഗുണ സമ്പന്നനും ദയാപരനുമാണല്ലോ’ (ഖുര്‍:52: 2528).

Related Articles