Current Date

Search
Close this search box.
Search
Close this search box.

എല്ലാ പാർവതിമാരും ഖുർആൻ പഠിക്കട്ടെ

എൻറെ കൊച്ചു സഹോദരി പാർവതി എന്ന വിദ്യാർത്ഥിനിയെ ഖുർആൻ പാരായണം ചെയ്യാൻ പഠിപ്പിച്ചതും അത് പാർവതിക്ക് കൊടുത്തതും നിഷിദ്ധമാണെന്ന പ്രചാരണം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഖുർആനിനോട് ചെയ്യുന്ന ഈ കടുത്ത അതിക്രമം ഇപ്പോഴും തുടരുന്നതിനാൽ ചിലതിവിടെ കുറിക്കുന്നു.

1) സൂര്യപ്രകാശം പോലെ, ചന്ദ്രൻറെ പൂനിലാവ് പോലെ, വായു പോലെ, വെള്ളം പോലെ, വെളിച്ചം പോലെ മുഴുവൻ മനുഷ്യർക്കും ഒന്നുപോലെ അവകാശപ്പെട്ടതാണ് വിശുദ്ധ ഖുർആൻ. മുഴുവൻ മനുഷ്യർക്കുമുള്ള ദൈവത്തിൻറെ അനുഗ്രഹമാണത്.

2) വിശുദ്ധ ഖുർആൻ അതിനെ പരിചയപ്പെടുത്തുന്നത് “മുഴുവൻ ജനങ്ങൾക്കുമുള്ള മാർഗ്ഗദർശക ഗ്രന്ഥം”എന്നാണ്.(ഖുർആൻ.2:185) അത് അല്ലാഹുവെ പരിചയപ്പെടുത്തുന്നത് മുസ്ലിംകളുടെ രക്ഷിതാവ് എന്നല്ല, മുഴുവൻ മനുഷ്യരുടെയും രക്ഷിതാവ് എന്നാണ്. അപ്രകാരം തന്നെ ജനങ്ങളുടെ രാജാവും ജനങ്ങളുടെ ദൈവവുമെന്നുമാണ്.(ഖുർആൻ.114: 1-3)
പ്രവാചകനെ പരിചയപ്പെടുത്തുന്നത് മുഴുവൻ ലോകർക്കും അനുഗ്രഹമായി നിയോഗിതനായവൻ എന്നാണ്.(21:107)
ഖുർആനിൽ മനുഷ്യരേ (യാ അയ്യുഹാന്നാസ്)എന്ന സംബോധന 20 തവണയുണ്ട്. അതു മുഴുവൻ മനുഷ്യരോടുമാണ് സംസാരിക്കുന്നതെന്നർത്ഥം.

3) ഒരാൾ കാഫിറാകുന്നത് വിശുദ്ധ ഖുർആൻ വായിക്കാനോ പഠിക്കാനോ അവസരം ലഭിച്ചിട്ടും ഭൗതികമോ മറ്റോ ആയ കാരണത്താൽ താൽപര്യം കാണിക്കാതെ ധിക്കാരം കാണിക്കുകയോ പഠിച്ച് സത്യവും അസത്യവും സന്മാർഗവും ദുർമാർഗ്ഗവും വേർതിരിച്ച് മനസ്സിലാക്കിയിട്ടും ബോധപൂർവം ധിക്കരിക്കുകയോ ചെയ്യുമ്പോഴാണ്. മുഴുവൻ മനുഷ്യർക്കും ഖുർആൻ മനസ്സിലാക്കാൻ അവസരമൊരുക്കുകയെന്നത് അതിൻറെ അനുയായികളുടെ നിർബന്ധ ബാധ്യതയാണ്. അതിനാൽ ഖുർആൻ കൊടുക്കുകയും പഠിപ്പിക്കുകയുമാണ് വേണ്ടത്. അങ്ങനെ ചെയ്യാതിരിക്കുകയല്ല.

4) ചരിത്രഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച് രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് ഇസ്ലാം സ്വീകരിച്ചത് തന്നെ സഹോദരിയുടെ ഖുർആൻ പാരായണം കേട്ട് അതിൽ ആകൃഷ്ടനായി അത് വാങ്ങി പാരായണം ചെയ്ത ശേഷമാണല്ലോ.

5) പ്രവാചകൻറെ കാലം തൊട്ടിന്നോളം സാധാരണക്കാരും പ്രമുഖരുമെല്ലാം വിശുദ്ധ ഖുർആൻറെ അനുയായികളായത് അത് പഠിച്ചും പാരായണം ചെയ്തുമാണല്ലോ. “മക്കയിലേക്കുള്ള പാത” രചിച്ച ലിയോപോൾഡ് വെയ്സും ലോകപ്രശസ്ത പോപ്പ് സംഗീതജ്ഞനായിരുന്ന കാറ്റ് സ്റ്റീവൻസനും പ്രശസ്ത സാഹിത്യകാരൻ അബ്ദുല്ല അടിയാറും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയറുടെ ഭാര്യാ സഹോദരി ലോറൻ ബൂത്തും പ്രശസ്ത മാധ്യമപ്രവർത്തക യുവാൻ റിഡ്ലിയുമെല്ലാം ആ ഗണത്തിൽ പെടുന്നു.

6) ജാതിമതഭേദമന്യേ ഏതൊരു മലയാളിക്കും വളരെ വേഗം വായിച്ച് മനസ്സിലാക്കാൻ കഴിയുന്ന വിധം “ഖുർആൻറെ ലളിത സാരം” തയ്യാറാക്കുന്നതിൽ പങ്കാളിയായത് ബഹുമാന്യനായ വാണിദാസ് എളയാവൂരാണ്. അതിൻറെ പ്രിൻറ് കോപ്പിയും ഇലക്ട്രോണിക് പതിപ്പുമായി അനേക ലക്ഷം കോപ്പികൾ ഇതിനകം തന്നെ മലയാളികളുടെ കൈകളിലെത്തുകയുണ്ടായി. ജീവിതത്തിൽ അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹം വാണിദാസിന്റെ സഹായത്തോടെ അത് രചിക്കാൻ കഴിഞ്ഞുവെന്നതും ലക്ഷങ്ങളുടെ കൈകളിൽ അതെത്തിയെന്നതുമാണ്. അല്ലാഹുവിൻറെ ഗ്രന്ഥത്തിൻറെ സന്ദേശ പ്രചാരകനായതിന് അവൻ മഹത്തായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.

ഖുർആൻറെ ഉള്ളടക്കം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന സഹോദര സമുദായങ്ങളിലെ ഏവർക്കും അത് ലഭിക്കാൻ ആവശ്യമായ സംവിധാനമുണ്ട്. 9567696982 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ സഹോദര സമുദായങ്ങളിലെ വായിക്കാനും പഠിക്കാനും താല്പര്യമുള്ള ഏവർക്കും സൗജന്യമായിത്തന്നെ അത് ലഭ്യമാകും.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles