Vazhivilakk

വിജ്ഞാനമാണ് വിശ്വാസിയുടെ സമ്പത്ത്

വിജ്ഞാനം തേടികൊണ്ടുളള യാത്രയാണ് വിശ്വാസികളുടെയും വിശ്വാസിനികളുടെയും അനുഗ്രഹീതമായി യാത്ര. ഈ യാത്രയില്‍ അല്ലാഹുവിന്റെ മാലാഖമാര്‍ അവരോടൊപ്പമുണ്ടാവുകയും ചിറകുകള്‍ അവര്‍ക്ക് തണല്‍ വിരിക്കുകയും ചെയ്യുന്നു. വിജ്ഞാനം തേടികൊണ്ടുളള യാത്രയിലായിരിക്കുമ്പോള്‍ അല്ലാഹു ശാന്തിയും സമാധാനവും വിശാലമായ കാരുണ്യവും അവര്‍ക്ക് മേല്‍ ചൊരിയുന്നു. വിജ്ഞാന മാര്‍ഗത്തിലെ യാത്ര അന്തസ്സും അഭിമാനവും നേടിതരുന്നതാണ്. കൂടാതെ, അല്ലാഹു അവന്റെ ദാസന്മാരെ കുറിച്ച് വാനലോകത്ത് സ്മരിക്കുകയും, ഇതുമുഖേന സ്വര്‍ഗത്തിലേക്കുള്ള പാത എളുപ്പമാവുകയും ചെയ്യുന്നു. ഒരുവന്‍ അറിവ് അന്വേഷിക്കുന്നവനായിരിക്കുകയും, അത് ജീവതത്തില്‍ പകര്‍ത്തകുയും, അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ അവര്‍ സ്വര്‍ഗത്തിലേക്കുളള വഴിയിലാണ്. പഠിതാക്കള്‍ അറിവ് കരസ്ഥമാക്കുന്നതിനുവേണ്ടി രാത്രിയെ ജീവിപ്പിക്കുകയും, വിജ്ഞാന സമ്പാദനത്തിന് സമ്പത്ത് ചെലവഴിക്കുന്നവരും, സമയം കൂടുതല്‍ വിജ്ഞാന മാര്‍ഗത്തില്‍ കണ്ടെത്തുകയും, സ്വന്തത്തെ നിയന്ത്രിക്കുകയും ചെയ്യുന്നവരാണ്. ജ്ഞാനികളാകാന്‍ അവര്‍ ശ്രമിക്കുകയാണ്, ഇനി ജ്ഞാനികളായില്ലെങ്കിലും അവര്‍ പഠിതാക്കളാണ്.

അല്ലാഹു അവന്റെ അടിമകളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കാണ് മഹത്തായ ഈ സൗഭാഗ്യം ലഭിക്കുന്നത്. അങ്ങനെ, സമയവും സമ്പത്തുമെല്ലാം ചെലവഴിച്ച് ഇസ്‌ലാമിക ശരീഅത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുകയും ദീനില്‍ അവഗാഹമുള്ളവരാവുകയും ചെയ്ത് പ്രവാചകന്മാരുടെ അനന്തരാവകാശ വിഹിതം അവര്‍ കൈപറ്റുന്നു. പ്രവാചകന്‍ മുഹമ്മദ് (സ) പറയുന്നു: അല്ലാഹു ഒരുവന് നന്മ ഉദ്ദേശിച്ചാല്‍ അവന് ദീനില്‍ അവഗാഹം നല്‍കുന്നതായിരിക്കും. മുഹമ്മദ് ബിന്‍ സിന്‍ദി പറയുന്നു: മനസ്സില്‍ ഭയമുണ്ടാവുകയും, പ്രവര്‍ത്തനം സംശുദ്ധമായിരിക്കുകയും, തുടര്‍ന്ന് അതൊരു മുന്നറിയിപ്പായി മാറുകയും ചെയ്യുന്ന അറിവാണ് ദീനില്‍ ഫിഖ്ഹ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ? എങ്കില്‍ (ബാക്കിയുളളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകള്‍ (യുദ്ധം രംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരുച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ? അവര്‍ സൂക്ഷമത പാലിച്ചേക്കാം’ (അത്തൗബ: 122).

ഇമാം ബഗവി പറയുന്നു: ‘ഫിഖ്ഹ് എന്നാല്‍ ദീനിലെ വിധികളെക്കുറിച്ചുള്ള വിജ്ഞാനമാണ്. അത് രണ്ട് വിഭാഗങ്ങളാക്കി തിരിക്കാം. ഒന്ന് സാമൂഹ്യ ബാധ്യതയും മറ്റൊന്ന് വ്യക്തി ബാധ്യതയുമാണ്. നമസ്‌കാരവും ശുദ്ധിവരുത്തലും, നോമ്പും അറിഞ്ഞിരിക്കല്‍ വ്യക്തികള്‍ നിര്‍ബന്ധമായ കാര്യമാണ് (ഫര്‍ദ് അയ്ന്‍). ഇത്തരം വിജ്ഞാനങ്ങളെ ക്കുറിച്ച് അറിയല്‍ ഓരോരുത്തര്‍ക്കും നിര്‍ബന്ധമാണ്. നബി (സ) പറയുന്നു: ‘ഓരോ വ്യക്തിക്കും മേല്‍ നിര്‍ബന്ധമാണ് വിജ്ഞാനന്വേഷണം’. അപ്രകാരം ശരീഅത്ത് ഓരോ വ്യക്തിക്കും നിര്‍ബന്ധമാക്കിയ ഇബാദത്തുക്കളെ സംബന്ധിച്ച് അറിയലും അതനുസരിച്ച് പ്രവര്‍ത്തിക്കലും വിശ്വാസികള്‍ക്ക് നിര്‍ബന്ധമായിട്ടുള്ളതാണ്. അതിനാല്‍, സകാത്, ഹജ്ജ് എന്നീ നിര്‍ബന്ധ ആരാധനകളെ കുറിച്ച അറിവ് നേടല്‍ അനിവാര്യമായി തീരുന്നു.’ അതുകൊണ്ട് തന്നെ വിശ്വാസികള്‍ക്ക് ആദ്യമായി നിര്‍ബന്ധമാക്കിയത് ഏകത്വവും (തൗഹീദ്) വിശ്വാസവും (ഈമാന്‍) പഠിക്കുകയെന്നതായിരുന്നു. പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിന് മുമ്പ് അറിവ് നേടിയെടുക്കേണ്ടതുണ്ട്. ‘ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്റെ പാപത്തിന് നീ പാപമോചനം തേടുക’ (മുഹമ്മദ്: 19).

പ്രവാചകന്‍ മുഹമ്മദിന് (സ) അവതിരക്കപ്പെട്ട ആദ്യ വിശുദ്ധ വചനങ്ങള്‍ ഇപ്രകാരമാണ്; നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക. ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍, മനുഷ്യനെ അവനറിയാത്തത് പഠിപ്പിച്ചു. ഈ സൂക്തങ്ങളെല്ലാം മനുഷ്യനെ അറിവുളളവനാക്കി തീര്‍ക്കാനുളള ദൈവിക ആഹ്വാനമാണ്. അങ്ങനെ സൃഷ്ടാവിനെ മനസ്സിലാക്കുകയും, വിശ്വാസം വര്‍ധിക്കുകയും ദൃഢമാവുകയും ചെയ്യുന്നു. അറിവ് അന്വേഷിച്ച് ഒരുവന്‍ മുന്നേറുകയാണെങ്കില്‍ അവനെന്നും ആദരിക്കപ്പെടുന്നവനായിരിക്കും.

കടപ്പാട്: mugtama.com

Facebook Comments
Related Articles
Show More
Close
Close