Current Date

Search
Close this search box.
Search
Close this search box.

ഈ ആറുപേരിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനു മുൻഗണ നൽകണം

മദീന പള്ളിയിൽ വച്ച് കുത്തേറ്റ ഉമർ(റ) മരണം അടുത്തെന്നറിഞ്ഞപ്പോൾ ജാഗരൂഗനായി.

മുആദ് ഇബ്നു ജബലോ, അബു ഉബൈദയോ, സാലിം മവ്ല അബു ഹുദൈഫ (അബു ഹുദൈഫ ഇബ്നു ഉത്ബയുടെ മോചിതനായ അടിമ). ഇവർ മൂന്നിൽ ആരെങ്കിലും ജീവിച്ചിരുന്നെങ്കിൽ ഖിലാഫത്ത് എന്ന ഭാരിച്ച ഉത്തരവാദിത്വം അവരെ ഏൽപ്പിക്കാമായിരുന്നേനെ എന്ന് ഉമർ ആത്മഗതം ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു അവരെല്ലാവരെയും തൃപ്തിപ്പെടട്ടെ.

മോചിക്കപ്പെട്ട അടിമയും, ഖുറൈശി പ്രമുഖനുമൊക്കെ അർഹതയുടെ ഒരേ വിതാനത്തിലെത്തുന്ന മനുഷ്യ സാഹോദര്യത്തിന്റെ നാമ്പുകൾ ഉമറിന്റെ ഒരോ ആത്മഗതത്തിലും വെളിച്ചപ്പെടാറുണ്ടായിരുന്നു. ഇസ്ലാമിന്റെ ഈ സൗന്ദര്യം അനുഭവിച്ച മുൻകാല തലമുറയോടൊക്കെ മാറ്റുരച്ചു കൊണ്ട് തന്നെ വേണം ഓരോ ആധുനിക മുസ്ലിമും സ്വർഗ്ഗത്തെ കുറിച്ച് കിനാവ് കാണാനെന്ന് നമുക്ക് ആത്മവിമർശനം നടത്തുകയും ആവാം.
തുടർന്ന് അടുത്ത നേതാവിനെ തിരഞ്ഞെടുക്കാൻ ഉമർ (റ) നിശ്ചയിച്ച ആറംഗ സമിതിയിൽ അലി ഇബ്നു അബീത്വാലിബ്, ഉസ്മാൻ ഇബ്നു അഫ്‌വാൻ , ത്വൽഹത്ത് ഇബ്നു ഉബൈദുല്ലാഹ്, സുബൈർ ഇബ്നു അവ്വാം, സഅദ് ഇബ്നു അബീ വഖാസ് , അബ്ദുൾ റഹ്മാനിബ്നു ഔഫ് എന്നീ മഹത്തുക്കളാണ് ഉണ്ടായിരുന്നത്. (അല്ലാഹു അവരെല്ലാവരെയും തൃപ്തിപ്പെടട്ടെ.)

ഈ ആറുപേരിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനു മുൻഗണ നൽകണം. തുല്യമായി വോട്ട് വന്നാൽ അബ്ദു റഹ്മാന്റെ അഭിപ്രായത്തെ പരിഗണിക്കണം. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിക്കാതെ ആരെങ്കിലും നിന്നാൽ അവർക്ക് വാള് കൊണ്ട് മറുപടി കൊടുക്കണം (തലയെടുക്കണം എന്നാണ് നാടൻ ശൈലി). മൂന്നു ദിവസം കഴിഞ്ഞിട്ടും ഈ ആറംഗ സമിതിക്ക് തീരുമാനം എടുക്കാൻ സാധിക്കാതെ വന്നാൽ ജനങ്ങൾ അവരെ കൈകാര്യം ചെയ്യണം. അതിനായി 50 പേരടങ്ങുന്ന അൻസ്വാരികളെ ചുമതലപ്പെടുത്തി. നേതൃത്വ കൈമാറ്റത്തിന്റെ ഈ സൂക്ഷ്മമായ ചരിത്രങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലേ?

എല്ലാവരും മികച്ചവർ. എങ്കിലും ഒരാളിലേക്ക് നേതൃത്വം ഏല്പിക്കേണ്ടതുണ്ടല്ലോ? കൂലം കഷമായ ചർച്ചകൾക്കും, ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞതിനുമൊക്കെ ശേഷം ആ ആറുപേർ ഖിലാഫത്ത് എന്ന ഉത്തരവാദിത്തം ഉസ്മാൻ ഇബ്നു അഫ്‌വാനെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന് അപ്പോൾ ഏതാണ്ട് 70 വയസ്സ് പ്രായമുണ്ടായിരുന്നു. ആ വയസ്സിലും ആരെയും ആകർഷിക്കുമാറ് സുന്ദരൻ.

ആദ്യകാലത്ത് ഇസ്ലാം ആശ്ലേഷിച്ച അപൂർവം ചില സമ്പന്നരിൽ ഒരാളായിരുന്നു ഉസ്മാൻ(റ). ആദ്യകാലത്തെ ഇസ്ലാം ആശ്ലേഷണം എല്ലാ രീതിയിലും ജീവൻ പണയം വച്ചുകൊണ്ടുള്ള ഒരു പോരാട്ടമായിരുന്നു. മദീനയിലേക്കുള്ള പാലായനത്തിന് ശേഷം ഉസ്മാൻ(റ) സമ്പന്നത നിലനിർത്തി. മാന്യനും ഭക്തനുമായ അദ്ദേഹത്തിന് നേരിടാനുണ്ടായിരുന്നത് ഇസ്ലാമിക ചരിത്രത്തിലെ പുതിയ ദശാ സന്ധികളായിരുന്നു. പ്രായമേറിയപ്പോൾ ബന്ധുക്കളുടെ കൈകടത്തലുകൾ കൊണ്ടും ഗവർണ്ണർമാരുടെ ഉത്തരവാദിത്ത നിർവ്വഹണത്തിലെ പിഴവുകളാലും രാജ്യത്ത് അസ്വസ്ഥതകൾ പെരുകി വന്നു.

ഉസ്മാനാകട്ടെ അല്ലാഹുവിലേക്കുള്ള തിരിച്ചുപോക്കിന്റെ ശ്രദ്ധയിലും ആനന്ദത്തിലുമായി കഴിഞ്ഞിരുന്നു. അടുത്ത് സുഹൃത്തുക്കൾ കലാപശ്രമങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും വരുന്നതെന്തെന്ന് കാണാൻ ശാന്തതയോടെ കാത്തിരിക്കുകയായിരുന്നു അദ്ദേഹം. 82 വയസ്സ് പ്രായമുള്ള ഒരാളുടെ നിസ്സംഗതയാവാം. മുറിയിലേക്ക് കുറേപേർ ഇരച്ചു കയറിയപ്പോൾ കലാപകാരികളെ പരിഗണിക്കാൻ പോലും ശ്രമിക്കാതെ ഖുർആൻ പാരായണത്തിൽ മുഴുകിയിരുന്ന അദ്ദേഹത്തിനെ അക്രമികൾ കൊലപ്പെടുത്തി. ഖുർആൻ താളുകൾ ചോരയിൽ കുതിർന്നു. കലാപത്തിന് നേതൃത്വം കൊടുത്തവരിൽ പ്രമുഖരായ ചില സ്വഹാബികളും ഉണ്ടെന്നത് രാജ്യമകപ്പെട്ട പ്രശ്നത്തിന്റെ ഗൗരവം വെളിവാക്കുന്നു. ആ കലാപത്തിന്റെ വിലാപങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതുവരെ കേട്ട സമാധാനത്തോടെ ഇസ്ലാമിക ചരിത്രം ഇനി അറിയാൻ പറ്റുകയുമില്ല.

മദീനയിലെ ജനങ്ങൾ അലി ഇബ്നു അബീത്വാലിബിനെ (റ) സമീപിച്ചു ഈ ദുസ്സഹ ദിനങ്ങൾക്ക് ഒരറുതി വേണമെന്നും, നേതൃത്വം ഏറ്റെടുക്കണമെന്നും അവരഭ്യർത്ഥിച്ചു.

അലി(റ) ക്ക് ഉത്തരം എളുപ്പമായിരുന്നു. “അത് ഞാൻ തീരുമാനിക്കേണ്ട സംഗതിയല്ല. ബദ്റിലെ പോരാളികളുടെ കയ്യിലാണ് അത് കുടി കൊള്ളുന്നത്. ആരെയാണോ അവർ തീരുമാനിക്കുന്നത് അവർ ഖിലാഫത്ത് ഏറ്റെടുക്കട്ടെ”

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles