Current Date

Search
Close this search box.
Search
Close this search box.

എവിടെ ഉമറിന്റെ പിൻമുറക്കാർ?

ടി.പത്മനാഭന്റെ ഒരു പുസ്തകത്തിന്റെ പേരാണ് “ഖലീഫാ ഉമറിന്റെ പിൻമുറക്കാർ” വലിപ്പച്ചെറുപ്പമില്ലാതെ മനുഷ്യനെ പരിഗണിക്കുന്ന മൂല്യനിഷ്ഠമായ ഒരു ജീവിത വ്യവസ്ഥയാണ് മുഹമ്മദ് പ്രവാചകൻ ലോകത്തിനു സമ്മാനിച്ചതെന്ന് ഈ കൃതി ബോധ്യപ്പെടുത്തുന്നു.

ഒരു സമൂഹത്തെ മൊത്തം വിലയിരുത്താൻ അതിലെ നേതാക്കളെ പഠിച്ചാൽ മതിയെന്ന് എമേഴ്സൺ പറയുന്നുണ്ടല്ലോ. വെളിച്ചം വിതറുന്ന വിശുദ്ധ വ്യക്തിത്വങ്ങൾ എപ്പോഴും സമ്പന്നമായ പൈത്യകങ്ങളെ സൂചിപ്പിക്കുന്നു.

ആഗമനോദ്ദേശ്യം ആരാഞ്ഞ പേർഷ്യൻ സേനാനായകൻ റുസ്തമിനോട് പണ്ട് റബിയ്യുബ്നു ആമിർ എന്ന പ്രവാചക ശിഷ്യൻ പറഞ്ഞ വാക്കുകൾ ചരിത്രത്തിന്റെ കനകച്ചിമിഴുകളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.

“ദൈവമാണ് ഞങ്ങളെ നിയോഗിച്ചത്. മനുഷ്യരെ മനുഷ്യരുടെ അടിമത്വത്തിൽ നിന്ന് ദൈവത്തിന്റെ മാത്രം അടിമത്വത്തിലേക്കും, നിലവിലുള്ള അനീതികളിൽ നിന്ന് നീതിയിലേക്കും, ഐഹിക ലോകത്തിന്റെ കുടുസ്സിൽ നിന്ന് ഐഹിക / പാരത്രിക ലോകങ്ങളുടെ വിശാലതയിലേക്കും മോചിപ്പിക്കലാണ് ഞങ്ങളുടെ ലക്ഷ്യം”

“റിലീജ്യൻ” എന്ന പദത്തിനു കീഴെ വരുന്ന ആരാധനാ മതമേ അല്ല ഇസ് ലാം! ഏഴ് മുതൽ പതിനാറുവരെയുള്ള നൂറ്റാണ്ടുകൾ ലോകത്തിന് ശാന്തി പകർന്ന, മൂല്യാധിഷ്ഠിതമായ സംസ്കാരവും കലയും രാഷ്ട്രീയവും അഭ്യസിപ്പിച്ച ജീവിത ദർശനവും പദ്ധതിയുമാണിസ് ലാം!

മധ്യകാലത്തിനു ശേഷം യൂറോപ്പിൽ നിന്നുരുത്തിരിഞ്ഞ എന്തെന്തു മനുഷ്യനിർമിത പ്രത്യയശാസ്ത്രങ്ങൾ നാം പരീക്ഷച്ചില്ല! നവോത്ഥാന വർണങ്ങളുമായി കൊടുങ്കാറ്റു പോലെ വന്ന മുതലാളിത്തവും അതിന്റെ മുഴുവൻ ഉപോൽപ്പന്നങ്ങളും ആത്മാവും ജഡവും ചേർന്ന മനുഷ്യനെ അളക്കുന്നതിൽ പരാജയപ്പെട്ടു!

ശാസ്ത ബന്ധുവും പുരോഗമനേച്ഛുവുമായ ചിന്തിക്കുന്ന മനുഷ്യന് ഇൻക്വിസിഷൻ നരകങ്ങൾ തീർത്ത പടിഞ്ഞാറൻ പൗരോഹിത്യവും മനുഷ്യരാശിയെ ഫലത്തിൽ മൂല്യബോധത്തിന്റെ എതിർ ദിശയിലേക്കാണ് തള്ളി മാറ്റിയത്.

ഭൗതികതയുടെ ഗ്രീഷ്മ നാക്കുകൾ നക്കിയെടുത്ത, ആത്മാവ് വിനഷ്ടമായ മനുഷ്യൻ ഇബ്സന്റെ ഗോസ്റ്റസിലെ ഓസ് വാൾഡിനെപ്പോലെ ഇന്നും കേഴുന്നു: “എനിക്കൊരു സൂര്യനെ തരൂ..!

ഈ നാൽക്കവലയിൽ ഖലീഫാ ഉമറാണ് എഴുന്നേറ്റു വരേണ്ടത്! ഈജിപ്തിലെ ഗവർണർ അഴിമതി നടത്തിയെന്നറിഞ്ഞപ്പോൾ കുറേ ആടുകളെ വരുത്തി കയ്യിലൊരു വടിയും കൊടുത്ത് “തനിക്ക് ഭരിക്കാനറിയില്ല, ഇവറ്റകളെ കൊണ്ടുപോയി മേയ്ക്ക്!” എന്നു പറഞ്ഞ ഖലീഫാ ഉമർ!

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles