Current Date

Search
Close this search box.
Search
Close this search box.

വിദ്യഭ്യാസം, തന്‍പോരിമക്കും പൊങ്ങച്ചപ്രകടനത്തിനുമാവുമ്പോള്‍

മൂന്നുവയസ്സുകാരന്‍ മനുവിന്റെ കെജി പ്രവേശനത്തിന് അറുപതിനായിരം രൂപ ഡൊണേഷന്‍ നല്‍കി എന്ന വമ്പുപ്പറച്ചിലുണ്ടാക്കിയ ആശ്ചര്യം ചെറുതായിരുന്നില്ല. ഉപ്പുമാവും കടലയും കിട്ടിയിരുന്ന മധുരമൂറുന്ന അംഗനവാടി ബാല്യം നൊട്ടിനുണയുന്ന, ഓര്‍മ്മയായി കൊണ്ടുനടക്കുന്ന എന്നില്‍ അപ്പോളുണ്ടായ വികാരം അസൂയയായിരുന്നില്ല, സഹതാപമായിരുന്നു. നഷ്ടപ്പെടുന്ന ശൈശവത്തിന്റെ തേങ്ങല്‍ തൊണ്ടയില്‍ തടഞ്ഞു.
വിദ്യ നേടുന്നത് എന്തിനാണെന്നത് ആദ്യം പഠിക്കേണ്ടത് രക്ഷിതാക്കളാണ്.
വയറ്റിലൊരു പൂമൊട്ട് വിരിയാനാരംഭിക്കുമ്പോഴേ തുടങ്ങുന്ന ആശങ്ക.തന്റെ കുഞ്ഞ് ഭാവിയില്‍ ആരാകണം, ഏത് സ്‌കൂളില്‍ ചേര്‍ക്കണം, എത്ര കാശ് ചെലവാകും തുടങ്ങിയ ഒട്ടേറെ കണക്കുകൂട്ടലുകള്‍. പാകമാവുന്നതിനുമുമ്പേ മൂപ്പിച്ചെടുക്കുന്ന പഴങ്ങള്‍ പോലെ രണ്ടോ മൂന്നോ വയസ്സാവുന്നതിനു മുന്‍മ്പു തന്നെ പ്രീെ്രെപമറി ക്ലാസുകളിലേക്ക്! ടൈയും കോട്ടും ഷൂവും ധരിച്ച് സ്‌കൂള്‍ ബസ്സില്‍ കയറിപ്പോകുന്ന തങ്ങളുടെ മക്കളെ കണ്ട് പുതുതലമുറയിലെ അച്ഛനമ്മമാര്‍ സായൂജ്യമടയുന്നു.
മക്കളുടെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്ന മാനദണ്ഢം പലപ്പോഴും അപക്വമാണ്. കൂട്ടുകാരന്റെ മകന്‍ പഠിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന ഡൊണേഷനില്‍, സാധാരണക്കാരന് അപ്രാപ്യമായ സ്ഥാപനങ്ങള്‍ തിരഞ്ഞെടുത്ത്, അവര്‍ തങ്ങളുടെ ആഢ്യത്വവും സ്റ്റാറ്റസും തെളിയിക്കുന്നു.
പഠന മാധ്യമം ആംഗലേയമായാലേ ശരിയായ വിദ്യഭ്യാസമാകൂ എന്ന മിഥ്യാധാരണയും മലയാളം അന്തസ്സിന് ക്ഷതമേല്‍പ്പിക്കുമെന്ന ചിന്തയും ശക്തമാണിന്ന്. പഠനം എന്തിനുവേണ്ടിയാണെന്ന അവബോധം രക്ഷിതാക്കള്‍ക്കുണ്ടാവണം. കുട്ടികളുടെ ഉല്ലാസ പ്രധാനങ്ങളെ പരിഗണിക്കാത്തതും മാനസികവും ശാരീരികവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കാത്തതുമായ പഠനരീതിയാണ് നാം അവര്‍ക്കുവേണ്ടി തിരഞ്ഞെടുക്കുന്നതെങ്കില്‍ അത് നാം അവരോട് ചെയ്യുന്ന ഏറ്റവും വലിയ നെറികേടുത്തന്നെ!. മുന്‍വിധികള്‍ക്കിടം കൊടുക്കാത്ത അന്വോഷണാത്മകവും, ആത്മവിശ്വാസവും സ്ഥൈര്യവും വളര്‍ത്താനുതകുന്നതുമായ വിദ്യഭ്യാസ സംസ്‌കാരമാണ് നാം നമ്മുടെ മക്കള്‍ക്ക് പകരേണ്ടത്. തന്‍പോരിമക്കും പൊങ്ങച്ചപ്രകടനത്തിനും വേണ്ടി വിദ്യഭ്യാസ കമ്പോളത്തിലെ കച്ചവടച്ചരക്കാക്കി അവരെ മാറ്റാതിരിക്കുക.

Related Articles