Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ് ലാമിയെ വായിക്കാൻ വി.ടിയുടെ പുതിയ പുസ്തകം

സയ്യിദ് അബുൽ അഅലാ മൗദൂദിയുടെ ചിന്താ പരിസരം അവിഭക്ത ഇന്ത്യയായിരുന്നുവല്ലോ. എന്നാൽ മൗദൂദിയുടെ ഈ ധൈഷണിക പശ്ചാത്തലം വിലയിരുത്താതെയാണ് പലരും അദ്ദേഹത്തെ ഉദ്ധരിക്കാറ്. സാമ്രാജ്യ ത്വം പ്രതിനിധീകരിക്കുന്ന തത്വശാസ്ത്രങ്ങളെ നിശിതമായി വിചാരണ ചെയ്യുകയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിൽ മൗദൂദിയുടെ നാവും തൂലികയും. നവോത്ഥാന നായകൻ എന്ന നിലയിൽ ജാഹിലിയ്യത്തിനെതിരായ പോരാട്ടത്തിൽ അക്കാലത്തെ വൈദേശിക ഭരണകൂടത്തോടുള്ള കടുത്ത പ്രതിഷേധം സ്വന്തം വീക്ഷണങ്ങളിൽ ഒരു സമരായുധം പോലെ ഉൾച്ചേരുക സ്വാഭാവികം. എന്നാൽ സ്വാതന്ത്ര്യാനന്തര സാഹചര്യം തീർത്തും വ്യത്യസ്തമാണ്. അതു കൊണ്ടു തന്നെ സ്വാതന്ത്ര്യപൂർവ്വ സാമൂഹിക-രാഷ്ടീയ നയനിലപാടുകളെ തികച്ചും വേറിട്ടു തന്നെ വേണം മനസ്സിലാക്കാൻ. ഇതാവട്ടെ സയ്യിദ് മൗദൂദിയുടെ മാത്രം അവസ്ഥയല്ലാ എന്നുകൂടി അറിയണം. കടുത്ത സാമ്രാജ്യത്വ വിരുദ്ധമനസ്സ് വെച്ചു പുലർത്തിയിരുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും, വിശിഷ്യ മുസ് ലിം പണ്ഡിത നേതൃത്വം ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ ഉത്പന്നവും ഭാഷയും സംസ്കാരവും ഉദ്യോഗവുമെല്ലാം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് ചരിത്രം.

അതുപോലെ ആദർശ പ്രസ്ഥാനങ്ങളെ വിലയിരുത്തുമ്പോൾ അതിൻ്റെ ദാർശനികാടിത്തറയും നയനിലപാടുകളും വേർതിരിച്ചു തന്നെ വേണം മനസ്സിലാക്കാൻ. ഏതവസ്ഥയിലും വ്യതിചലിക്കാത്ത, സുചിന്തിതവും സുസ്ഥിരവുമായ ആദർശത്തിലൂടെ ലക്ഷ്യത്തിൽ എത്തിച്ചേരേണ്ടതിനാൽ നയനിലപാടുകളിൽ കാലോചിതമായ ഊന്നലുകളും സാഹചര്യങ്ങൾക്കൊത്ത് ഊന്നലുകളിൽ മാറ്റവും ഉണ്ടാവും.

പണ്ഡിതനും പ്രഭാഷകനും ജമാഅത്തെ ഇസ് ലാമി കേരള ഘടകം ജനറൽ സെക്രട്ടറിയുമായ വി.ടി അബ്ദുല്ലക്കോയ തങ്ങൾ രചിച്ച “ജമാഅത്തെ ഇസ് ലാമി ഹിന്ദ് ആദർശം, ലക്ഷ്യം, നയനിലപാടുകൾ ” എന്ന പുസ്തകം ഈ അർത്ഥത്തിലെല്ലാം പ്രസക്തവും ശ്രദ്ധേയവുമാണ് (വിതരണം: ഐ.പി.എച്ച്)

ഗ്രന്ഥകാരൻ്റെ മുഖവുരക്കു ശേഷം എന്തുകൊണ്ട് ജമാഅത്തെ ഇസ് ലാമി?, ആദർശം, ലക്ഷ്യം, നയനിലപാടുകൾ, മതേതരത്വം, ജനാധിപത്യം, രാഷ്ട്രീയ നിലപാട്, വർഗീയത സാമുദായികത സ്വത്വവാദം, കർമശാസ്ത്ര സമീപനം, ജമാഅത്തെ ഇസ് ലാമി ഹിന്ദും സയ്യിദ് മൗദൂദിയും തുടങ്ങിയ തലക്കെട്ടുകൾക്കു താഴെ പ്രൗഢമായ വിഷയങ്ങൾ ആർക്കും ഗ്രഹിക്കാനാവുന്ന വിധം ലളിതമായ ശൈലിയിൽ അവതരിപ്പിക്കുന്നു എന്നതാണ് ഈ കൃതിയുടെ വിജയം.

ഇസ് ലാമിൻ്റെയും മുസ് ലിംകളുടെയും അസ്തിത്വ സംരക്ഷണത്തിനും ആശയ പ്രകാശനത്തിനും സമാധാനപൂർണമായ മാർഗം അവലംബിക്കുന്നതോടൊപ്പം എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ മാനവിക വീക്ഷണമാണ് ജമാഅത്തെ ഇസ് ലാമി മുന്നോട്ടു വെക്കുന്നതെന്ന് ഈ പുസ്തകം തെര്യപ്പെടുത്തുന്നു. ഈ ഭാഗത്ത് മൗദൂദി സാഹിബിൻ്റെ ദാർശനിക കാഴ്ചപ്പാടുകൾക്കപ്പുറമുള്ള ഒട്ടേറെ പ്രായോഗീക വീക്ഷണങ്ങൾ ഉൾച്ചേർന്നത് എടുത്തു പറയേണ്ടതാണ്. (ഹൈദരാബാദിൻ്റെ സാരഥികൾക്ക് സയ്യിദ് മൗദൂദി എഴുതിയ കത്ത്, 1969ൽ ദക്ഷിണാഫ്രിക്കൻ പ്രതിനിധി സംഘത്തിന് മൗദൂദി നൽകിയ നിർദേശം, 1978ൽ ഇന്ത്യൻ പ്രതിനിധി സംഘത്തിന് സയ്യിദ് മൗദൂദി നൽകിയ ഉപദേശം, ഇസ് ലാമിൻ്റെയും മുസ് ലിംകളുടെയും സുപ്രധാന താൽപര്യങ്ങൾ എന്നീ ഉപശീർഷകങ്ങൾ ഉദാഹരണം)

“സമാപന”ത്തിൽ നിന്നുള്ള ഗ്രന്ഥകർത്താവിൻ്റെ ഏതാനും വരികൾ ഉദ്ധരിച്ച് നിർത്താം: “നാട്ടിൽ പ്രവർത്തിക്കുന്ന എല്ലാ ദീനീ സംഘടനകളെയും ഒപ്പം പൊതു സമൂഹത്തിലുള്ള എല്ലാ വിഭാഗം മനുഷ്യരെയും ഉൾക്കൊള്ളാൻ മാത്രം വിശാലമാണ് പ്രസ്ഥാനത്തിൻ്റെ കാൻവാസ്. മനുഷ്യരുടെ ഏതു സംഘവുമായും ഇസ് ലാമിക പ്രസ്ഥാനത്തിൻ്റെ സമീപനം “നന്മയുടെയും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും നിങ്ങൾ എല്ലാവരോടും സഹകരിക്കേണ്ടതാകുന്നു. പാപകാരവും അതിക്രമപരവുമായ കാര്യങ്ങളിൽ ആരോടും സഹകരിക്കാവതു മല്ല” (അൽമാഇദ: 2) എന്ന ഖുർആനിക തത്വത്തിലധിഷ്ഠിതമാണ്. ശത്രുവിനെയും മാത്രമാക്കി മാറ്റുന്ന നിലപാടിലേക്കുയരാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. “നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റവും ഉത്കൃഷ്ടമായ നന്മ കൊണ്ട് തടുക്കുക. അപ്പോൾ നിന്നോട് വൈരത്തിൽ വർത്തിക്കുന്നവൻ ഒരു ആത്മ മാത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവർക്കല്ലാതെ ഈ സ്വഭാവ ഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാർക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല” ( ഫുസ്സ്വിലത്ത്: 34 – 35 )

Related Articles