Vazhivilakk

മൂന്ന് നീതിയാണ് മനുഷ്യൻ്റെ ബാധ്യത

വേദസാരം-പന്ത്രണ്ട്

നൂറ്റിപ്പതിനാല് അധ്യായങ്ങൾ, 6236 വചനങ്ങൾ. ഈ സത്യവേദത്തിലെ ആശയ പ്രപഞ്ചത്തെ ഒറ്റവാക്കിലേക്ക് ഒതുക്കിയാലോ! ‘നീതി’ ആയിരിക്കും ആ പദമെന്ന് പറയാം. സാഗര സമാനതയുള്ള വേദസാരം. അതിനെയൊന്നാകെ ഉൾവഹിക്കാൻ കഴിയുന്ന ആശയവും പ്രയോഗമാണ് നീതി! വേദദർശനത്തിൻ്റെ അകംതൊട്ട് ചിന്തിക്കുമ്പോൾ കിട്ടുന്ന ഉത്തരമാണിത്, ഒരു നിരീക്ഷണം. ഓരോന്നിനും അവകാശപ്പെട്ടതും അർഹതപ്പെട്ടതും അതതിന് പരിപൂർണ്ണതയിൽ നൽകലാണല്ലോ നീതി. സദാചാരപരവും ന്യായയുക്തവുമായ പെരുമാറ്റമാണ് നീതിയെന്ന് വിശദീകരണമുണ്ട്. രണ്ട് പദങ്ങളായി അമ്പത്തിലേറെ തവണ നീതിയെക്കുറിച്ച് സത്യവേദം സംസാരിച്ചിരിക്കുന്നു. അതിലൊന്ന് അദ്ൽ, കോടതി ഭാഷയായ അദാലത്തിലൂടെ നമുക്ക് പരിചിതം. അതെ, നമ്മുടെ ‘കോടതി അദാലത്തിൻ്റെ’ വേരുകൾ വിശുദ്ധ വേദഗ്രന്ഥത്തിലാണ് ചെന്ന് ചേരുന്നത്! നിലപാടുകളിലെ നീതി സത്യവേദത്തിൻ്റെ ഹൃദയമിടിപ്പാണ്. ആ നീതി കാക്കാൻ കർക്കശമായ ആജ്ഞയുണ്ട് വേദ വചനങ്ങളിൽ. അതേക്കുറിച്ച് വഴിയെപ്പറയാം.

മൂന്ന് നീതിയാണ് ഭൂമിയിൽ മനുഷ്യൻ്റെ ബാധ്യതയെന്ന് സത്യവേദം പഠിപ്പിക്കുന്നു. ഒന്ന്, സാക്ഷാൽ ദൈവത്തോടുള്ള നീതി. രണ്ട്, മനുഷ്യരോടുള്ള നീതി. മൂന്ന്, പ്രപഞ്ചത്തോടുള്ള നീതി. ഇതല്ലേ വേദദർശനത്തിൻ്റെ കാമ്പ്! ബാക്കിയെല്ലാം ഇതിൻ്റെ വിശദീകരണം മാത്രം. ഇതിൻ്റെ വിശദാംശങ്ങളിലേക്ക് ചിന്ത പായിക്കൂ. സാക്ഷാൽ ദൈവം, അവനാണ് സ്രഷ്ടാവ്. അതുകൊണ്ട്, അവനായിരിക്കണം നിയന്താവ്. അതിനാൽ അവൻ മാത്രമാണ് ആരാധ്യനും നിയമദാതാവും. സാക്ഷാൽ ദൈവത്തിൻ്റെ നിയമങ്ങൾ അംഗീകരിച്ച് അവനെ വഴങ്ങി, വണങ്ങി ജീവിക്കണം. ജീവനും ജീവിതവും തന്ന സർവേശ്വരനോട് കാണിക്കേണ്ട നീതിയാണിത്. ‘സ്രഷ്ടാവായ സർവാധിനാഥന് വഴിപ്പെട്ട് ജീവിക്കുവിൻ’ എന്ന്, സത്യവേദം രണ്ടാം അധ്യായം ഇരുപത്തിയൊന്നാം വചനം ആഹ്വാനം ചെയ്യുന്നു. സ്രഷ്ടാവിൻ്റെ അവകാശം മറ്റുള്ളവർക്കു നൽകി ദൈവത്തോട് അനീതി കാണിക്കുന്നത് കടുത്ത അക്രമമെന്ന് സത്യവേദം പറയുന്നുണ്ട്. സ്രഷ്ടാവായ ദൈവത്തോടുള്ള ബാധ്യകൾ പറയുന്ന എല്ലാ സൂക്തങ്ങളുടെയും സാരാംശം ഇതല്ലേ!

Also read: അല്ലാഹുവിനെ കാണണമെന്ന് പറയുന്ന കുട്ടിയോട് എന്തു പറയണം?

സമസൃഷ്ടികളോടുള്ള നീതിയാണ് സത്യവേദം പഠിപ്പിക്കുന്ന രണ്ടാമത്തെ ബാധ്യത. സ്രഷ്ടാവിനോടുള്ള നീതിയുടെ തൊട്ടടുത്ത് നിൽക്കുന്നു സമസൃഷ്ടികളോടുള്ള നീതി. ഇത് അവനവൻ്റെ ബാധ്യതയും മറ്റുള്ളവരുടെ അവകാശവുമാകുന്നു. മാതാപിതാക്കളിൽ ഇത് ആരംഭിക്കുന്നു. മക്കൾ, സഹോദരങ്ങൾ, അയൽവാസികൾ, ബന്ധുക്കൾ, സമൂഹത്തിലെ അംഗങ്ങൾ മുതൽ അയൽ രാഷ്ട്രങ്ങൾ വരെ ഇത് നീളുന്നു. അശരണർ, അഗതികൾ, മർദ്ദിതർ തുടങ്ങിയവർ സവിശേഷ പരിഗണനയർഹിക്കുന്നു. ഓരോരുത്തർക്കും അവകാശപെട്ടതെന്തോ, അതവർക്ക് നൽകണം, അതിൻ്റെ പൂർണതയിൽ തന്നെ. ഇതാണ് മനുഷ്യരോടുള്ള നീതിയുടെ രത്നച്ചുരുക്കം.’സാക്ഷാൽ ദൈവത്തിനല്ലാതെ നിങ്ങള്‍ വഴിപ്പെടരുത്. മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി വര്‍ത്തിക്കണം, ജനങ്ങളോട് നല്ലതു പറയണം, നിത്യ പ്രാർത്ഥന നിലനിര്‍ത്തണം, നിർബന്ധ ദാനം നല്‍കണം.’ സത്യവേദം രണ്ടാം അധ്യായം, എൺപത്തിനാലാം വചനം. ഇത്തരം സൂക്തങ്ങൾ നിരവധിയുണ്ട് വേദഗ്രന്ഥത്തിൽ. മനുഷ്യരോടുള്ള ബാധ്യത ആവർത്തിച്ചുണർത്തുന്ന വചനാമൃതങ്ങൾ.

അനേകായിരം സൃഷ്ടിജാലങ്ങളുള്ള ഈ പ്രപഞ്ചം, സാക്ഷാൽ ദൈവത്തിൻ്റെ അൽഭുത സാക്ഷ്യം. അതിലെ, പൂച്ചയോടും പൂമ്പാറ്റയോടും, പുൽക്കൊടിയോടും പർവതങ്ങളാടും, മണ്ണിനോടും മരങ്ങളോടും, പുഴയോടും പക്ഷികളോടും മനുഷ്യന് ബാധ്യതയുണ്ട്. പ്രപഞ്ചത്തിലെ വിഭവങ്ങൾ മനുഷ്യജീവിതത്തിന് പ്രയോജനകരമായാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത്. ഭൂമിയുടെ ആകൃതിയും സംവിധാനവും പോലും അങ്ങനെയാണ്. ഈ പ്രകൃതിയുടെ പരിപാലനത്തെക്കുറിച്ച് സത്യവേദം നിരന്തരം സംസാരിക്കുന്നുണ്ടല്ലോ! ‘നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിച്ചു, അതിൽ പാർപ്പിച്ചു’ എന്ന് പതിനൊന്നാം അധ്യായം, അറുപത്തിയൊന്നാം വചനം. ‘പാർപ്പിച്ചു’ എന്നത് മൂലഭാഷയിൽ വെറുമൊരു പ്രയോഗമല്ല. ഭൂമിയുടെ സുസ്ഥിതി സംരക്ഷിക്കുകയും ജനവാസം സുഗമമാകും വിധം അതിനെ പരിപാലിക്കുകയും ചെയ്യുകയാണ് ഉദ്ദേശ്യം. പിന്നെ, മറ്റനവധി സൂക്തങ്ങളിൽ ജീവിതഗന്ധിയായ ഈ ആശയമങ്ങനെ ഒഴുകിപ്പരക്കുന്നു. ഈ മഹാമാരിക്കാലത്ത് മലിനീകരണം കുറഞ്ഞ്, പ്രക്യതി അതിൻ്റെ വിശുദ്ധി വീണ്ടെടുക്കുന്നുവെന്ന് ലോകം ആശ്വാസം കൊള്ളുന്നുണ്ടല്ലോ. അപ്പോൾ, പ്രകൃതിയോടുള്ള നീതിയുടെ മൂല്യം നാം തിരിച്ചറിയുന്നുവെന്നാണ് അർത്ഥം.

Also read: വിശുദ്ധ റമദാനിലെ മൂന്ന് അവസരങ്ങൾ!

ഈ മൂന്ന് നീതിയും നിർവഹിച്ച് മനുഷ്യൻ ബാധ്യത പൂർത്തികരിച്ചാൽ, അവസാന വിധിയിൽ ദൈവം മനുഷ്യനോട് നീതി കാണിക്കുമെന്ന് സത്യവേദത്തിൻ്റെ വാഗ്ദാനം. അപ്പോൾ അക്രമം കാണിക്കില്ലെന്ന് സത്യവാങ്ങ്മൂലം! അവിടെയും മർമ്മം നീതി തന്നെ! അപ്പോൾ ചോദ്യമിതാണ്; സ്രഷ്ടാവായ സാക്ഷാൽ ദൈവത്തോട്, സമസൃഷ്ടികളായ മനുഷ്യരോട്, നമ്മുടെ ജീവിതം തളിർക്കുന്ന പ്രകൃതിയോട് പാലിക്കേണ്ട നീതി, യഥാവിധി നാം പാലിക്കുന്നുണ്ടോ?

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker