Current Date

Search
Close this search box.
Search
Close this search box.

തുറാസ് വിഴുങ്ങികൾ

കൂടും കുടുക്കയും കുടവുമായി
നീളും വഴികൾ താണ്ടുമ്പോൾ 
എന്നു തുടങ്ങുന്ന കവിതയുണ്ട് ഷാബു കെ ആറിന്റേതായിട്ട്. നാം -മലയാളികളുടെ – നല്ല ഭൂതത്തിന്റെ വാങ്മയ ചിത്രങ്ങൾ ഗൃഹാതുരമായി ബിംബവത്കരിച്ച ഒന്നാണത്.

കാലങ്ങളായി നിലനിൽക്കുന്ന, തുടർന്നു വരുന്ന പാരമ്പര്യത്തേയും പൂർവ്വിക സ്വത്തിനേയും മറ്റും വിശേഷിക്കാൻ ഉപയോഗിക്കുന്ന പദമാണ് വാസ്തവത്തിൽ പൈതൃകം. ലോകത്തുള്ള മതങ്ങൾ, സംസ്കാരങ്ങൾ, ഭാഷകൾ എന്നിങ്ങനെ അതിജയിക്കുന്ന എല്ലാ വസ്തുക്കൾക്കും അവയുടേതായ പാരമ്പര്യവും പൈതൃകവുമുണ്ടാവും. നമ്മുടെ നാട്ടിലെ വിപ്ലവ വിദ്യാർഥി സംഘടനകൾ പോലും സ്ഥാനത്തും അസ്ഥാനത്തുമുപയോഗിച്ച് ആ വാക്കിന് അർഥ ലോപം സംഭവിച്ചിട്ടുണ്ടോ എന്ന് ശങ്കയുണ്ട്. മാതൃസംഘടനയിൽ നിന്ന് കമ്മീഷനടിച്ചത്(അസംബന്ധികാ തത്പുരുഷൻ) എന്ന ആശയത്തിലാവണം അവരത് എഴുതിക്കൊണ്ടിരിക്കുന്നത്.

പാരമ്പര്യം എന്നൊക്കെ പറയുന്നതു വെറും ജനിതകസാധ്യത മാത്രമാണെന്ന് ഉറപ്പിച്ചുതോന്നുന്നതുകൊണ്ട് അതിൽ അഭിമാനിക്കാനോ വീമ്പുപറയാനോ മറ്റുള്ളവരുടെ മേൽ കുതിരകേറാനോ എന്തെങ്കിലുമുണ്ടെന്ന് ഒരു കാലത്തും ഈയുള്ളവന് തോന്നിയിട്ടില്ല.
“ഭാരതീയ ശാസ്ത്ര പൈതൃകം ” എന്ന പുസ്തകത്തിലെ ഭീമാബദ്ധങ്ങളെ പറ്റി ചന്ദ്രഹരി മാസ്റ്റർ എഴുതിയത് വെബ് ദുൻയയിൽ വായിച്ചതോർക്കുന്നു.

Also read: കൊറോണ കാലത്ത് മക്കളെ ഡയറി എഴുതാൻ ശീലിപ്പിക്കാം

ഗണിതവും ഗോളശാസ്ത്രവും വൈദ്യവും മൊബൈലും ഇന്റർനെറ്റും മഹാമാരി സമയത്തെ ആതുര ചികിത്സയുമെല്ലാമടക്കം തങ്ങളുടേത് മാത്രമാണെന്ന് വരുത്തി തീർക്കാനുള്ള കാവി കാവലെഴുത്തുകാരനെ നന്നായി പൊളിച്ചടക്കുന്നുണ്ട്
പ്രസ്തുത ലേഖന പരമ്പരയിലദ്ദേഹം . എട്ടുകാലി മമ്മൂഞ്ഞ്മാർ എല്ലാ പൈതൃക വാദികളിലും കാണപ്പെടുന്നുണ്ട് എന്ന് ചുരുക്കം. ഞങ്ങളാണ് ആദ്യം വിമാനം പറത്തിയവർ, തീവണ്ടി കണ്ടുപിടിച്ചവർ, വാക്സിൻ കണ്ടുപിടിച്ചവർ, സിവിൽ എഞ്ചിനീയറിങ് ആവിഷ്കർത്താക്കൾ അങ്ങനെ പോവുന്നു ബഡായിത്തരം . ഈ വിഷയത്തിൽ എല്ലാ മതക്കാരും നാട്ടുകാരും കണക്കാണ്.

ഫേസ്ബുക്കിൽ വായിച്ച നസീം ദേവതിയാലിന്റെ ഒരുഗുണപാഠ കഥ ഇങ്ങിനെ:

സ്നേഹനിധിയായ ഒരു പിതാവ് തന്റെ മൂന്ന് ആൺ മക്കൾക്ക് അനന്തരാവകാശമായി അവശേഷിപ്പിച്ചത് ഒരു വത്തക്കയായിരുന്നു.
മക്കൾ ഏറെ പിരിശത്തോടെ പിതാവിനോടുള്ള ബഹുമാന സൂചകമായി ആ വത്തക്ക വീട്ടിനുള്ളിൽ സൂക്ഷിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വത്തക്ക ചീഞ്ഞളിഞ്ഞു ദുർഗന്ധം വമിക്കാൻ തുടങ്ങി.  മൂത്തയാൾ പറഞ്ഞു : “ഈ വത്തക്ക കാരണം നമ്മൾ അസുഖം വന്നു മരിച്ചു പോകും, ആയതിനാൽ എത്രയും വേഗം ഇതെടുത്ത് ദൂരെ കളയണം ” .
ഏറ്റവും ഇളയ മകൻ പറഞ്ഞു : “എനിക്ക് ജീവനുള്ളിടത്തോളം കാലം ഇതെടുത്തു കളയാൻ ഞാൻ അനുവദിക്കില്ല. നിങ്ങൾക്കാർക്കും നമ്മുടെ പിതാവിനോട് അല്പം പോലും സ്നേഹമില്ലെന്ന് ഞാൻ ബലമായി സംശയിക്കുന്നു”
രണ്ടാമത്തെ മകൻ പറഞ്ഞു: “ഈ വത്തക്കയുടെ വിത്തുകൾ കഴുകിയെടുത്ത് നമ്മുടെ പിതാവിനോടുള്ള സ്നേഹ സൂചകമായി ഈ വീടിനു ചുറ്റും നമുക്ക് വത്തക്ക കൃഷി തുടങ്ങാം “… പിന്നീടവർ അന്നാട്ടിലെ ഏറ്റവും വലിയ വത്തക്ക കൃഷിക്കാരായി സസുഖം ജീവിച്ചുവെന്നാണ് കഥ.

Also read: കൊറോണക്കാലത്തെ റമദാന്‍ നോമ്പ്

 

മതപാഠങ്ങളെ രണ്ടാമത്തെ മകനെപ്പോലെ സമീപിച്ചാൽ ഭൂമിയിൽ സമാധാനമുണ്ടാവുമെന്ന് പ്രായത്തിൽ ഇളയവന്റെ പൈതൃകവാദത്തിൽ കടിച്ചു തൂങ്ങിയിരുന്നുവെങ്കിൽ മൂത്തയാൾ ശങ്കിച്ചത് പോലെ അതവിടെയിരുന്ന് ചീഞ്ഞ് അവരൊന്നടങ്കം രോഗികളായേനേ!

ഇസ്ലാമിലും പൈതൃകത്തിന് അതർഹിക്കുന്ന സ്ഥാനം നല്കേണ്ടതാണ്. ഇസ്‌ലാമുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാനങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര പദമായ ഇസ്‌ലാമിക പൈതൃകം [التراث الإسلامي] ഖുർആനിന്റെയും പ്രവാചകന്റെയും സുന്നത്തിൻറെയും പാഠങ്ങൾ ഈ പ്രമാണങ്ങൾ മനസിലാക്കുന്നതിലും പ്രയോഗിക്കുന്നതിലും മുൻ പണ്ഡിതന്മാരുടെ രീതിശാസ്ത്രം, അവയിൽ ഉരുവം കൊണ്ട കർമ്മശാസ്ത്രം, അവയിൽ വിരചിതമായ ക്ലാസ്സിക്കൽ ഗ്രന്ഥങ്ങൾ ഇവയാണ് നമ്മുടെ തുറാസ് . പാരമ്പര്യം തീർത്തും ഉപേക്ഷിക്കാൻ പാടില്ലാത്ത പ്രമാണമാണോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട് . ഖുർആനിന്റേയും ഹദീസിന്റേയും വെളിച്ചത്തിൽ ആദ്യകാല മുസ്ലിം സമൂഹത്തിലുണ്ടായിരുന്ന അഭിപ്രായ ഐക്യം / ഇജ്മാഅ് വാസ്തവത്തിൽ നമ്മുടെ പൈതൃകം തന്നെയാണ് എന്നതിൽ സംശയിക്കുന്നവരുണ്ടാവാം.
( إِنَّ اللَّهَ لَا يَجْمَعُ أُمَّتِي عَلَى ضَلَالَةٍ ، وَيَدُ اللَّهِ مَعَ الْجَمَاعَةِ )
സമുദായം വഴികേടിലൊരുമിക്കില്ല എന്നും സംഘത്തോടൊപ്പമാണ് അല്ലാഹുവിന്റെ കരം എന്നുമെല്ലാം പ്രവാചകൻ (സ) പഠിപ്പിച്ചതിന്റെ സാരവും ഈ പാരമ്പര്യ സംരക്ഷണം തന്നെ. ഇത്തരം ഇജ്മാഉകൾക്കു നേരെ കണ്ണടച്ച്
نحن رجال وهم رجال
( അവരെപ്പോലെ ഞങ്ങളും മനുഷ്യന്മാർ )
എന്ന് പറയുന്ന വാദം ഭൂതകാലത്തിൽ നിന്ന് ഇസ്ലാമിക സമൂഹത്തെ അടർത്തി സ്വതന്ത്രരായി വാഴുന്ന സെൽഫി / മാ ഉരീദീ സംസ്കാരമാണ് ഉണ്ടാക്കുക എന്നതിന് നാം ഇക്കാലത്ത് വായിച്ചു കൊണ്ടിരിക്കുന്ന ഓൺലൈൻ ഫത് വകൾ തന്നെ ഉദാഹരണം. എന്നാൽ  وَتَأْكُلُونَ التُّرَاثَ أَكْلا لَمًّا
“തുറാസ് ” അടിച്ചുമാറ്റുന്നവർ / വിഴുങ്ങുന്നവർ എന്ന് ഖുർആൻ വിശേഷിപ്പിക്കുന്നവർ അനന്തരാവകാശങ്ങൾ തിന്നുന്നവർ എന്ന പരിമിതയർഥത്തിലാവാൻ സാധ്യതയില്ലായെന്ന് തൊട്ടു ശേഷമുള്ള സൂക്തങ്ങൾ വ്യക്തമാക്കുന്നുണ്ടല്ലോ?! അതൊരു രൂപകമാണ്, കഴിഞ്ഞക്കാലത്തോടൊട്ടി അവയെ അതിജീവിച്ച് അന്നം തേടുന്നവരുടെ സംഗീതാത്മകമായ ചിത്രീകരണം.
وَتُحِبُّونَ ٱلۡمَالَ حُبࣰّا جَمࣰّا
ധനത്തോടുള്ള അമിത പ്രേമത്തിൽ നിന്നുമുണ്ടാവുന്ന അവസ്ഥാന്തരം ;
നാം അല്ലാഹുവിനോട് ശരണം തേടേണ്ട മറ്റൊരു ദുർഗുണം .
ചീഞ്ഞുനാറിത്തുടങ്ങിയ പാരമ്പര്യങ്ങളെ അങ്ങിനെ തന്നെ അവശേഷിപ്പിക്കുന്നതിനേക്കാൾ കരണീയമായിട്ടുള്ളത് , അതിലുള്ള വിത്തുകൾ കഴുകി മണ്ണിൽ മുളക്കാൻ അവസരം നല്കൽ തന്നെയാണ് ,അത് പാരമ്പര്യത്തെ നിഷേധിക്കലല്ല, പ്രത്യുത ഭൂതത്തെ വർത്തമാനകാലത്തേക്ക് പറ്റുന്ന രീതിയിലേക്ക് ചേർത്തു പിടിക്കലാണ്.

(ഏപ്രിൽ 18 – ലോക പൈതൃകദിനം)

Related Articles