Current Date

Search
Close this search box.
Search
Close this search box.

ഇസ് ലാം പ്രകൃതി ധർമം

മതങ്ങൾ പൊതുവെ അത് “സ്ഥാപിച്ച” ആളുടെ പേരുമായോ അത് ഉദ്ഭവിച്ച സമുദായവു മായോ ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത്. എന്നാൽ ഇസ് ലാം അങ്ങനെയല്ല. ഇസ് ലാം മൗലികമായി ദൈവികം ആകുന്നു. വിശുദ്ധ ഖുർആൻ അനേകമിടങ്ങളിൽ അക്കാര്യം അർത്ഥശങ്കയ്ക്കിടം നൽകാത്ത വിധം പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ ഇസ് ലാം ഒരു സവിശേഷമായ ആദർശത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. “ദൈവമല്ലാതെ ദൈവമില്ല” (ലാഇലാഹ ഇല്ലല്ലാഹ്) എന്നതാണ് ആ ആദർശം. ഈ ആദർശത്തെ ജീവിതത്തിൽ പകർത്തുന്ന അവസ്ഥ(ദൈവത്തെ അനുസരിച്ചു ജീവിക്കൽ) ആണ് “മുസ് ലിം” ആവുക എന്നതിന്റെ  സാരം.

ഇസ് ലാമിന്റെ സുപ്രധാനമായ മറ്റൊരു സവിശേഷത പ്രകൃതിയിൽ ഊന്നിയുള്ള അതിന്റെ നിൽപ്പാണ്.ഈ പ്രപഞ്ചം മുഴുവൻ ദൈവത്തെ അനുസരിച്ചു കൊണ്ടിരിക്കുന്നു. ഈ അർത്ഥത്തിൽ പ്രപഞ്ചം മുഴുവനും “മുസ് ലിം” ആണ്.അതുകൊണ്ടാണ് “അദ്ദീനുൽ ഫിത്വ് റ:” (പ്രകൃതി മതം/പ്രകൃതി ധർമം) എന്ന് ഇസ് ലാം വ്യവഹരിക്കപ്പെടുന്നത്. അഥവാ പ്രപഞ്ചപ്രതിഭാസങ്ങളെല്ലാം ഏതൊരു കാര്യമാണോ അനിച്ഛയാ ചെയ്തു കൊണ്ടിരിക്കുന്നത്, അതേ കാര്യം (ദൈവാനുസരണം ) മനുഷ്യൻ ബോധപൂർവ്വം നിർവ്വഹിക്കണം എന്നതാണ് ഇസ് ലാമിന്റെ താത്പര്യം.

ഖുർആൻകാണുക: “നിങ്ങൾ ഏകാഗ്രതയോടെ മുഖം ഈ ജീവിത രീതിക്കു നേരെ ഉറപ്പിച്ചു നിർത്തുക. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത് ഏതൊരു പ്രകൃ തിയിലാണോ (പ്രപഞ്ചഘടനയുടെ അതേ പ്രകൃതത്തിൽ) നിലകൊള്ളുക. അല്ലാഹുവി ന്റെ സൃഷ്ടി ഘടന മാറ്റമില്ലാത്തതാകുന്നു.ഇത് തന്നെയാണ് തികച്ചും ഋജുവും സത്യസന്ധവു മായ മതം” (ഖുർ:30:30) പ്രപഞ്ചത്തിന്റെ ഋതം തന്നെയാണ് മനുഷ്യ താളവും എന്നും പ്രപഞ്ച സ്വഭാവത്തോട് ചേർന്നു നിൽക്കുകയാണ് മനുഷ്യൻ വേണ്ടതെന്നും ആ താളക്രമത്തിന്റെ പേരാണ് ഇസ്ലാം എന്നും ഉപര്യുക്ത വചനങ്ങൾ തെര്യപ്പെടുത്തുന്നു. (തൗഹീദ് പ്രപഞ്ചത്തിന്റെ വീണയാണെന്ന് മഹാകവി അല്ലാമാ ഇഖ്ബാൽ)

ആദ്യ ദൈവദൂതൻ മുതൽ അന്തിമ പ്രവാചക ൻ വരെ കൊണ്ടു വന്നത് ഒരൊറ്റ സന്മാർഗം തന്നെയായിരുന്നു.അറബിയിൽ അതിന്റെ പേരാണ് ഇസ് ലാം. അഥവാ ദൈവത്തിനു മുമ്പിലുള്ള സമ്പൂർണസമർപ്പണം. ഓരോ പ്രവാചകനു ശേഷവും വന്ന പിൻതല മുറ, അവരിലെ പുരോഹിതന്മാർ ദിവ്യ ഗ്രന്ഥങ്ങളിൽ കൈകടത്തലുകൾ നടത്തുകയും അതുവഴി കാലക്രമത്തിൽ കൃത്രിമ മതങ്ങൾ സൃഷ്ടിക്കപ്പെടു കയും ചെയ്തു. വിശുദ്ധ ഖുർആൻ മാത്രമാണ് ഈ അപവാദത്തിനു വിരുദ്ധമായി ആദി പരിശു ദ്ധിയിൽ തന്നെ നിലനിൽക്കുന്നത്. അതിനാൽ ഡോ: അലി ശരീഅത്തി പറഞ്ഞ തു പോലെ പ്രവാചക മതത്തെയും പൗരോഹി ത്യമതങ്ങളെയും നാം തിരിച്ചറിയേണ്ടതുണ്ട്. അത് നമ്മുടെ നിർബന്ധ ബാധ്യതയും ഇഹ-പര വിജയങ്ങളുടെ നിദാനവുമത്രെ.

Related Articles