Current Date

Search
Close this search box.
Search
Close this search box.

സംഗീതം ഹറാമോ, ഹദീസുകൾ എന്തു പറയുന്നു?

സംഗീതം ഹറാമാണെന്നതിന് ഏറ്റവും പ്രബലമായ തെളിവായി പറയുന്ന ഹദീസ് കാണുക: « لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ وَالْحَرِيرَ وَالْخَمْرَ وَالْمَعَازِفَ … ».-رَوَاهُ الْبُخَارِىُّ: 5590. ആദ്യമായി പറയാനുള്ളത് ഈ ഹദീസ് ഇമാം ബുഖാരിയുടെ മാനദണ്ഡപ്രകാരം സ്വഹീഹിന്റെ പദവിയിൽ എത്തുന്നതല്ല. അതുകൊണ്ടാണ് തന്റെ ഗ്രന്ഥത്തിൽ അനുബന്ധമായി മാത്രം ഉൾപെടുത്തിയ ഹദീസുകളുടെ [الْمُعَلَّقَاتُ] ഗണത്തിൽ ഈ ഹദീസിനെ ചേർത്തിട്ടുള്ളത്. മുഅല്ലഖാത്തുൽ ബുഖാരി എന്ന പേരിലാണ് ഇത്തരം ഹദീസുകളെപ്പറ്റി വിശേഷിപ്പിക്കാറുള്ളത്. താൻ നിഷ്‌കർഷിച്ച എല്ലാ ഉപാധികളും ഒത്തുവന്ന ഹദീസുകൾ മാത്രമേ അൽ ജാമിഉസ്സ്വഹീഹ് എന്നതിൽ പെടുകയുള്ളൂ. അവയുടെ നിവേദകശ്രേണി കണ്ണിമുറിയാതെ തുടക്കം മുതൽ ഒടുക്കംവരെ ഉദ്ധരിച്ചുകൊണ്ടായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാവുക. എന്നാൽ മുഅല്ലഖായ ഹദീസുകളാകട്ടെ നിവേദക പരമ്പര അപൂർണയിട്ടായിരിക്കും ഉദ്ധരിച്ചിണ്ടാവുക. പരാമൃഷ്ട ഹദീസ് ഈ ഗണത്തിലാണ് പെടുക. എന്നു വെച്ചാൽ ഇമാം ബുഖാരിയെ സംബന്ധിച്ചിടത്തോളം താൻ വെച്ച എല്ലാ ഉപാധികളും തികഞ്ഞ ഹദീസല്ല അത് എന്നർത്ഥം. മാത്രമല്ല സംഗീതം ഹറാമാണെന്ന് കുറിക്കാൻ വേണ്ടിയുമല്ല ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത്. ഇമാം ബുഖാരിയുടെ രീതിയനുസരിച്ച് ഓരോ ഹദീസിന്റെയും തേട്ടം എന്താണോ അത് ശീർഷകമായി പറയുക എന്നതാണ് പതിവ്. നിവേദക പരമ്പരയെ കുറിച്ച് പരിശോധിച്ചാൽ ബുഖാരി എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്നുകൂടി വ്യക്തമാകും.

ഇനി വിവിധ വഴികളിലൂടെ ഉദ്ധരിക്കപ്പെട്ടവയുടെ കാര്യമെടുത്താൽ അതിലെല്ലാത്തിലും ഒരേ മാതിരിയല്ല ഉള്ളത്, ചിലതിൽ يَسْتَحِلُّونَ (അവർ അനുവദനീയമാക്കും) എന്ന പദം തന്നെയില്ല. പ്രത്യുത لَيَشْرَبَنَّ (അവർ കുടിക്കും) എന്നാണുളളത്. കൂടാതെ « يَسْتَحِلُّونَ الْحِرَ » എന്നിടത്ത് « يَسْتَحِلُّونَ الْخَزّ » എന്നാണുളളത് സനദു മാത്രമല്ല മത്‌നും പ്രശ്‌നമാണെന്നർഥം. ഇങ്ങനെയെല്ലാമുളള ഒരു ഹദീസാണ് ഞെക്കിപ്പഴുപ്പിച്ച് കൊണ്ടുവരുന്നത്. പണ്ടുമുതലേ വ്യാപകമായിരുന്ന ഒരു സംഗതി ഹറാമായിരുന്നുവെങ്കിൽ അത് ഇങ്ങനെ കഷ്ടപ്പെട്ട് തെളിവുണ്ടാക്കേണ്ട അവസ്ഥ വരുമായിരുന്നില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഹദീസ് സ്വീകാര്യയോഗ്യമാണ് എന്നാണ് പണ്ഡിത ലോകം പൊതുവെ മനസ്സിലാക്കുന്നത്. നാമും അതംഗീകരിക്കുന്നു. അപ്പോഴും ഈ ഹദീസിൽ നിന്ന് സംഗീതം ഹറാമാണെന്ന് കിട്ടുമോ എന്നത് പ്രസക്തമായ ചോദ്യമാണ്? നമുക്കു പരിശോധിക്കാം.

ഹദീസിന്റെ ഉളളടക്കം
ഹദീസിൽ വന്ന «يَسْتَحِلُّونَ» എന്നതിന്റെ അർഥം ഹലാലാക്കുന്നു, ഹലാലായി ഗണിക്കുന്നു എന്നൊക്കൊയാണ്. ഹറാമായ ഒരു കാര്യം ഹലാലാക്കിയാൽ അവൻ കാഫിറാകും എന്നാണ് ഇസ്‌ലാമിന്റെ നിലപാട്, സംഗീതം ഹലാലാണെന്നു പറയുന്നവർ കാഫിറാണെന്ന് ഇവർക്ക് അഭിപ്രായമുണ്ടോ? അങ്ങനെയെങ്കിൽ ഇമാം സഈദുബ്നു മുസയ്യബ്, ഇമാം ഗസ്സാലി, ഇമാം ഇബ്നുൽ അറബി തുടങ്ങിയ മഹാന്മാരൊക്കെ കാഫിറാണെന്നു വിധിക്കേണ്ടിവരും. എന്നാൽ ഇവിടെ ഇവർക്ക് മൗനമാണ്. യഥാർത്ഥത്തിൽ ഹറാമായ സംഗതി ഹലാലായി ഗണിച്ചു എന്ന് മാത്രമല്ല ഈ പദത്തിനർഥം, പ്രത്യുത ഹലാലായതിനെ ഹലായി ഗണിച്ചു എന്നതിനും ഈ പ്രയോഗം വന്നിട്ടുണ്ട്.

« ……..اتَّقُوا اللَّهَ فِى النِّسَاءِ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانَةِ اللَّهِ وَاسْتَحْلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللَّهِ ……. ».-رَوَاهُ مُسْلِمٌ: 3009.
സ്വന്തം ഭാര്യമാരുടെ ഔറത്ത് പുരുഷൻമാർക്ക് ഹലാലാണല്ലോ അതാണ് നബി (സ) ഇവിടെ വ്യക്തമാക്കിയത്. നാലു കാര്യങ്ങളാണിവിടെ പറഞ്ഞിരിക്കുന്നത്. ഹിറ്, ഹരീർ, ഖംറ്, മആസിഫ് ഹിറ്: സ്ത്രീയുടെ ഗുഹ്യാവയവം, ഹരീർ: പട്ട്, ഖംറ്: മദ്യം, മആസിഫ്: വാദ്യോപകരണങ്ങൾ.
ഇവയൊക്കെ ഹലാലാക്കുന്ന, അല്ലെങ്കിൽ ഹലാലായി ഗണിക്കുന്ന ഒരു കൂട്ടർ എന്റെ ഉമ്മത്തിൽ ഉണ്ടാകും എന്നാണ് പ്രവചനം. ഇവിടെ പറയപ്പെട്ട ഓരോന്നും എടുത്ത് പരിശോധിച്ചാൽ അവയുടെയൊന്നും വിധി സ്ഥിരപ്പെട്ടത് ഈയൊരു ഹദീസ് കൊണ്ടല്ല എന്ന് കാണാം. ഈ ഹദീസ് വെച്ച് സംഗീതം ഹറാമാണെന്ന വിധി കൽപിക്കാമെങ്കിൽ കൂട്ടത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളിലും ആ വിധി ബാധകമാക്കേണ്ടിവരും. എന്നാൽ അതിന് സാധിക്കുമോ ?

ഉദാഹരണം: ആദ്യ പദം ഹിറ് « يَسْتَحِلُّونَ الْحِرَ » وَهُوَ الْفَرْجُ സ്ത്രീകളുടെ ഗുഹ്യഭാഗം എന്നാണ് അർഥം. ഒരു ഭർത്താവിന് തന്റെ ഭാര്യയുടെത് ഇസ്‌ലാം അനുവദിച്ചിട്ടില്ലേ? അപ്പോൾ ഹിറ് (ഫർജുൽ മർഅ) നിരുപാധികം നിഷിദ്ധമല്ല എന്നു വന്നു. രണ്ടാമത്തെ പദം ഹരീർ അതായത് പട്ട് സ്ത്രീകൾക്ക് നിരുപാധികം അനുവദനീയമാണല്ലോ. പട്ട് എടുത്ത് വലതുകൈയിലും സ്വർണമെടുത്ത് ഇടതുകൈയിലും വെച്ചുകൊണ്ട് നബി(സ) ഇങ്ങനെ പറഞ്ഞു: “ ഇത് രണ്ടും എന്റെ സമുദായത്തിലെ പുരുഷന്മാർക്ക് നിഷിദ്ധമാണ്, « حِلٌّ لِإِنَاثِهِمْ ». അവരിലെ സ്ത്രീകൾക്ക് അനുവദനീയവും”.-(ഇബ്നുമാജ: 3595). അപ്പോൾ പട്ടും നിരുപാധികം നിഷിദ്ധമല്ല എന്നു വന്നു. കള്ള് നിഷിദ്ധമാണെന്നതിൽ തർക്കമില്ല. ഒടുവിൽ പറഞ്ഞ മആസിഫ് (വാദ്യോപകരണങ്ങൾ) ഇതിൽ ഏതിൽപ്പെടുത്താം? ഹദീസിൽ പറഞ്ഞ ഓരോന്നിന്റെയും വിധി മറ്റ് തെളിവുകളിലൂടെ വെവ്വേറെ തന്നെ സ്ഥിരപ്പെട്ടതാണ്. ഈ ഹദീസു കൊണ്ടല്ല എന്നർത്ഥം.

അതുപോലെ വേറെ ഹദീസുകൾ വഴി സംഗീതോപകരണങ്ങളുടെ വിധി സ്ഥിരപ്പെട്ടത് നാം കണ്ടു. തന്റെ സന്നിധിയിൽ, തന്റെ അറിവിലും പരിസരത്തും തന്റെ അനുചരന്മാർ ഉപയോഗിക്കുന്നതും, കേൾക്കുന്നതുമായ ഒരു കാര്യം ഹറാമാണെങ്കിൽ അതേക്കുറിച്ച് പ്രവാചകൻ വ്യക്തമായ നിർദേശം അവർക്ക് നൽകാതിരിക്കാൻ വഴിയില്ല. സംഗീതം കളളും വ്യഭിചാരവും പോലെ ഹറാമായിരുന്നുവെങ്കിൽ അക്കാര്യം വ്യക്തമായി പഠിപ്പിക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു.

സംഗീതം കത്തിപോലെ
കത്തിയുടെ വിധി എന്താണ്? ഒറ്റവാക്കിൽ ശരീഅത്ത് ഉപയോഗിക്കാൻ അനുമതി നൽകിയ ഒരായുധം. അത് അറുക്കുവാനാണെങ്കിൽ നിർബന്ധം, പച്ചക്കറി മുറിക്കാനാണെങ്കിൽ അനുവദനീയം, നിരപരാധിയെ വകവരുത്താനാണെങ്കിൽ നിഷിദ്ധം. യുദ്ധത്തിൽ ശത്രുവിനെ വകരുത്താനാണെങ്കിൽ പുണ്യകരം. ഇതു പോലെയാണ് സംഗീതവും. ഇതുപോലെ സംഗീതവും മൗലികമായി അനുവദനീയമാണ്. അത് അനുവദനീയമായ രൂപത്തിലും അനുവദനീയമായ സന്ദർഭത്തിലും അനുവദനീയമായ അളവിലും ഉപയോഗിക്കുമ്പോൾ അനുവദനീയം തന്നെ. എന്നാൽ നിഷിദ്ധമായ രൂപത്തിൽ നിഷിദ്ധങ്ങൾക്കായി ഉപയോഗിക്കുന്നത് നിഷിദ്ധവുമാണ്.

സംഗീതം നിഷിദ്ധമാണെന്ന് കുറിക്കുന്ന തെളിവുകൾ ഏതെടുത്ത് പരിശോധിച്ചാലും അത് കേവലം ശബ്ദം എന്ന നിലക്കോ ഉപകരണം എന്ന നിലക്കോ അല്ല എന്നും മറ്റു നിഷിദ്ധങ്ങളോടൊപ്പം ചേരുന്നതുകൊണ്ടാണെന്നും വ്യക്തമാകുന്നു. ദഫ്ഫ് മുട്ടി പാടാനും അത് തടയാൻ ശ്രമിച്ച അബൂബക്കറിനോട് അവരെ വിട്ടേക്കൂ എന്നുമൊക്കെ തിരുമേനി പറഞ്ഞത് തന്നെ അതിന് തെളിവാണ്. ആത്മാവ് ആനന്ദിക്കുകയും, മനസ്സുകൾ സന്തോഷിക്കുകയും കാതുകൾ പുളകമണിയുകയും ചെയ്യുന്ന വിനോദമാണ് സംഗീതം. അശ്ലീലം, കുറ്റം ചെയ്യാനുളള പ്രേരണ, മ്ലേഛത തുടങ്ങിയവ കൂടിക്കലരാതിരിക്കുക, വികാരോത്തേജകമാവാതിരിക്കുക, പ്രമേയം ഇസ്‌ലാമിക വിരുദ്ധമല്ലാതിരിക്കുക തുടങ്ങിയ ഉപാധികൾ പാലിച്ചു കൊണ്ടുള്ള സംഗീതം ആലപിക്കുന്നതിലോ ആസ്വദിക്കുന്നതിലോ ഒരു തെറ്റുമില്ല. അത് നിരുപാധികം ഹറാമാണ് എന്ന് വിധിക്കാൻ പര്യാപ്തമായ തെളിവും ഇല്ല.

Related Articles