Current Date

Search
Close this search box.
Search
Close this search box.

കരിമ്പടം പുതച്ചുറങ്ങുന്നവരെ നമുക്ക് തട്ടിയുണര്‍ത്താം

രാജ്യത്തെ നീതിന്യായ പീഠങ്ങള്‍ അനുവദിക്കുന്നതും നിഷിദ്ധമാക്കുന്നതും രാജ്യത്തിന്റെ ഭരണഘടന എന്ന മൂല പ്രമാണത്തെ ആസ്പദപ്പെടുത്തി നിരീക്ഷിച്ചിച്ചു കൊണ്ടും ന്യായാധിപന്റെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലും ആകാം.അല്ലാതെ ഏതെങ്കിലും ധര്‍മ്മ ദര്‍ശനങ്ങളെയൊ ശുദ്ധമായ ദൈവീകമായ ദര്‍ശനങ്ങളെയൊ ആധാരമാക്കിയല്ല.

സംസ്‌കൃതമായ സമൂഹത്തെ ഉദ്ദീപിപ്പിക്കാനും ജാഗ്രവത്താക്കാനുമുള്ള സ്വതന്ത്രമായ ചിന്താ സ്വാതന്ത്ര്യം അനിവാര്യമാണ്.അപരന്റെ അവകാശം കവരുന്ന മൃഗതൃഷ്ണയെ സ്വാതന്ത്ര്യമായി വ്യാഖ്യാനിച്ചു പോരുന്ന സമ്പ്രദായം തിരസ്‌കരിക്കപ്പെടേണ്ടതുമാണ്.ദൗര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യവും സ്വാതന്ത്ര്യമില്ലായ്മയും വിലയിരുത്തുന്ന മാനദണ്ഡം സംസ്‌കാരമില്ലായ്മയെ തൊട്ടു തലോടുന്ന സമീപനത്തിന്റെ ബഹിസ്ഫുരണമാണെന്ന വിരോധാഭാസവും പ്രകടമാണ്.

ഈയിടെയായി രാജ്യത്തെ നീതിന്യായ നിയമ വ്യവസ്ഥയിലെ ന്യായാധിപന്മാരുടെ ഉത്തരവുകള്‍ പ്രഘോഷിക്കപ്പെട്ടപ്പോള്‍ ഓര്‍മ്മയില്‍ ഓടിയെത്തിയ ചില വിചാരങ്ങള്‍ ആദ്യം പങ്കു വെയ്ക്കാം.നീതിന്യായ പീഠങ്ങള്‍ നീതിയെക്കാളുപരി ന്യായങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതത്രെ.ഇവ്വിഷയത്തെ ആലങ്കാരികമായി നിരൂപണം ചെയ്യുന്ന ഒരു പഴങ്കഥയുണ്ട്.

അയല്‍ വാസിയുടെ കാവല്‍ പട്ടിയെ അയല്‍ക്കാരന്‍ തല്ലിക്കൊന്നു.ഇതില്‍ ക്ഷുഭിതനായ പട്ടിയുടെ ഉടമ അക്രമാസക്തനായി അലറി വിളിച്ചെത്തിയപ്പോള്‍ അയല്‍ വാസിയുടെ സഹധര്‍മ്മിണി ഭയന്നോടി തറയില്‍ വീണു.ഗര്‍ഭിണിയായ യുവതിയ്ക്ക് ഗര്‍ഭ ചിദ്രം സംഭവിക്കുകയും ചെയ്തു.പരസ്പര വാഗ്വാദങ്ങള്‍ക്കും കലഹങ്ങള്‍ക്കുമൊടുവില്‍ പരാതിക്കാര്‍ നീതിന്യായ പീഠത്തെ സമിപിച്ചു.ഒടുവില്‍ വിധിയും വന്നു.
കൊല്ലപ്പെട്ട കാവല്‍ പട്ടിക്ക് പകരം മറ്റൊരു പട്ടിയെ കിട്ടും വരെ അയല്‍ വാസി കാവല്‍ പട്ടിയാകണം.അയല്‍ വാസിയുടെ പത്‌നിക്ക് നിശ്ചിത നാള്‍ ഗര്‍ഭമാകുന്നതു വരെ പട്ടിയുടെ ഉടമ അയല്‍ വാസിയുടെ കുടുംബ നാഥനും ആകണം.തികച്ചും ന്യായമായ വിധി പ്രസ്താവം.നീതിയില്ലാത്തതും.

മദ്യപാനം ഇന്ത്യാ രാജ്യത്തിന്റെ നിയമമനുസരിച്ച് കുറ്റമല്ല.ഇന്ത്യയില്‍ ജീവിച്ചു കൊണ്ടിരിക്കുന്ന വിവിധ ധര്‍മ്മങ്ങളുടെ ശിക്ഷണങ്ങളില്‍ ചിലതില്‍ മദ്യം നിഷിദ്ധമാണ്.ചിലതില്‍ അനുവദനിയമാണ്.മറ്റു ചിലതില്‍ ഭാഗീകമായി അനുവദിക്കുന്നുണ്ട്.എന്നാല്‍ മദ്യപാനം നിഷിദ്ധമാക്കിയിട്ടുള്ള ധര്‍മ്മത്തില്‍ ആത്മാര്‍ഥമായി മൗലികമായി വിശ്വസിക്കുന്നവര്‍ അതില്‍ നിന്നും വിട്ടു നില്‍ക്കുക തന്നെ ചെയ്യും.പലിശയിടപാടിലും പരസ്ത്രീ ബന്ധത്തിന്റെ കാര്യത്തിലും ഒക്കെ ഇതു തന്നെയായിരിയ്ക്കും അവസ്ഥ.

അവിഹിത വേഴ്ചകള്‍ക്കടിമപ്പെടുന്ന സന്താനങ്ങളെ നിയമം അനുകൂലമാണെന്ന പേരില്‍ മാതാപിതാക്കള്‍ ശാസിക്കാതിരിക്കുകയില്ല.പരസ്ത്രീ ബന്ധം പുലര്‍ത്തുന്ന പുരുഷനും പര പുരുഷ ബന്ധം പുലര്‍ത്തുന്ന സ്ത്രീയും അവിഹിത ബന്ധം പുലര്‍ത്തുന്ന തങ്ങളുടെ ഇണകളെ സഹിച്ചു കൊള്ളണമെന്നും ഇല്ല.ഒരു സാമൂഹ്യ വ്യവസ്ഥയെ താറുമാറാക്കാന്‍ നിഷ്പ്രയാസം സാധിക്കുന്ന അവസ്ഥയാണ് ഈ നിര്‍മ്മിത ദര്‍ശന വ്യവസ്ഥയുടെ ആത്യന്തികമായ പരിണിതി.ഒരു നിര്‍മ്മിത ദര്‍ശന സംവിധാനത്തിലെ ശ്രീ കോവിലും അവസാനത്തെ പ്രതീക്ഷയും കെട്ട സമൂഹത്തിന്റെ അതിരുവിട്ട സംസ്‌കാരത്തിന്റെ പ്രേത ഭൂമികയായിയാകുക എന്നത് അതിന്റെ സ്വാഭാവികമായ പരിണിതി മാത്രമത്രെ.

നിര്‍മ്മിത ദര്‍ശന ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണ ചക്രങ്ങളേയും ചിഹ്നങ്ങളേയും സംവിധാനങ്ങളേയും വിശിഷ്യാ നീതി ന്യായ പീഠങ്ങളെയും ഉപാദികളോടെ മാത്രം അംഗീകരിക്കാനേ ഈശ്വര വിശ്വാസികള്‍ക്ക് സാധിക്കുകയുള്ളൂ.കാരണം സത്യത്തിന്റെ മാനദണ്ഡമായി വിശ്വാസികള്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥമായ പ്രമാണങ്ങള്‍ക്ക് ഒരു വക സ്വീകര്യതയും അംഗീകാരവും ഇത്തരം അരങ്ങിലും അണിയറയിലും ഇല്ല. വേദ വാക്യ പാഠങ്ങളെ മുന്‍ നിര്‍ത്തി ഇതു പ്രസ്താവിക്കുമ്പോള്‍ അറിഞ്ഞൊ അറിയാതെയൊ ചിലരെങ്കിലും അസ്വസ്ഥപ്പെടുകയൊ ആശങ്കപ്പെടുകയൊ ചെയ്യാറുണ്ട്.മാത്രമല്ല ഇങ്ങനെ പച്ചയായ സത്യങ്ങളെ ഒരു വക ഒളിച്ചു കളിയും ഇല്ലാതെ മാര്‍ഗനിര്‍ദേശക രേഖയില്‍ എഴുതിച്ചേര്‍ത്തവരെ സംശയ ദൃഷ്ടിയോടെ വീക്ഷിച്ചു പോരുന്നവര്‍ പോലും ഉണ്ട്.എന്നാല്‍ ഇത്തരം ദൂര ദര്‍ശിനികളുടെ കുത്തകക്കാര്‍ തങ്ങള്‍ക്കംഗീകരിക്കാന്‍ കഴിയാത്ത വിധി പ്രസ്താവം വന്നപ്പോള്‍ അനുവര്‍ത്തിക്കുന്ന നിലപാടുകള്‍ക്ക് കാലം സാക്ഷിയായിരിക്കുന്നു.

എന്തായാലും ഒരു കാര്യം തീര്‍ച്ച.വിശ്വാസികളും അന്ധവിശ്വാസികളും ഒരു വേള അവിശ്വാസികളും ഒക്കെ കാലങ്ങളായി അംഗീകരിച്ചു പോന്നിരുന്ന ചില അലിഖിത സനാതന മൂല്യങ്ങള്‍ വര്‍ത്തമാന സമൂഹത്തിന് കൈമോശം വന്നിട്ടുണ്ട്.

രോഗാതുരമായ ഈ സമൂഹത്തില്‍ ദിനേന മാധ്യമങ്ങള്‍ വിളമ്പിക്കൊണ്ടേയിരിക്കുന്ന അധാര്‍മ്മികതയുടെ സംഭവ പരമ്പരകളിലെ പ്രതികള്‍ ഈ സമൂഹത്തിന്റെ തന്നെ സന്തതികളാണ്. ന്യായാധിപന്മാര്‍,നിയമപാലകര്‍,ഭിഷഗ്വരന്മാര്‍,ഭരണകര്‍ ത്താക്കള്‍,ജനപ്രതിനിധികള്‍,തൊഴിലാളികള്‍, തൊഴിലുടമകള്‍, സാധാരണക്കാര്‍, ഉദ്യോഗസ്ഥര്‍,അധ്യാപകര്‍.കര്‍ഷകര്‍, ഭൂപ്രമാണിമാര്‍.പുരോഹിതര്‍,പൂജാരികള്‍.മൗലവിമാര്‍.സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍.കൃത്യമായ രാഷ്ട്രീയ വീക്ഷണമുള്ളവര്‍, എന്നല്ല കുടുംബ നാഥന്മാരും കുടുംബ നാഥകളും യുവതീ യുവാക്കളും ഒക്കെ ആകാം.ഇപ്പറയപ്പെട്ടവരൊക്കെ ഈ സമൂഹത്തിന്റെ തന്നെ ഭാഗമാണ്.ആത്യന്തികമായി സമുഹം നന്നാകണം.അതിനാല്‍ സമൂഹത്തെ ബാധിച്ച രോഗത്തിനുള്ള ചികിത്സയും പ്രതിരോധവും നടക്കണം.അപ്പോള്‍ നല്ല ന്യായാധിപന്മാരും ഭരണ കര്‍ത്താക്കളും തുടങ്ങി എല്ലാ മേഖലകളിലും നന്മയുടെ പ്രതീകങ്ങളും പ്രതിരൂപങ്ങളും ഉണ്ടാകും.നന്മ പ്രസരിപ്പിക്കുക.തിന്മ തടയുക എന്ന വചന സുധയുടെ പ്രസക്തി ഇവിടെയാണ് പ്രഫുല്ലമാകുന്നത്.

അസഹിഷ്ണുതയുടെ ജ്വരം വല്ലാതെ ബാധിച്ചിരിക്കുന്നു.ഇവിടെ ജീവഛവം കണക്കേ നിര്‍വികാരരായി മേയുന്നവരും ചത്തൊടുങ്ങുന്നവരും ഏറെയാണ്.ഈ ദുരന്ത ദുര്‍ഗന്ധ ഭൂമിയിലും ഭൂമികയിലും സുഗന്ധവാഹിനികളാകാന്‍ നിഷ്‌കളങ്കനായ വിശ്വാസിക്ക് സാധിക്കണം. കരിമ്പടം പുതച്ചുറങ്ങുന്നവരെ തട്ടിയുണര്‍ത്താനും.

Related Articles