ഖുറാസാനിലെ തൂസ് ജില്ലയിൽപ്പെട്ട തബറാനിലാണ്( ഇന്നത്തെ മശ്ഹദ് പട്ടണത്തിനോടടുത്ത്) ഇമാം അബൂ ഹാമിദിൽ ഗസ്റ്റാലിയുടെ ജനനം. ഹുജ്ജത്തുൽ ഇസ്ലാം, സൈനുദ്ധീൻ എന്നീ നാമങ്ങളിലും ഇദ്ധേഹം അറിയപ്പെടുന്നുണ്ട്. ഇദ്ധേഹത്തിന്റെ വലിയമ്മാവൻ ഒരു ദൈവശാസ്ത്ര പണ്ഡിതനായിരുന്നു. അദ്ധേഹത്തിന്റെ പേരും അബൂ ഹാമിദിൽ ഗസാലി എന്ന് തന്നെയായിരുന്നു. പിന്നീട് ഇദ്ധേഹത്തെ ” ഗസാലി- അൽ കബീർ” എന്നാണ് അറിയപെട്ടിരുന്നത്.
ഇമാം അബൂ ഹാമിദിൽ ഗസാലി എന്ന പേരിൽ അടങ്ങുന്ന ‘ ഗസാലി’ എന്ന നാമത്തിനെ കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ട്. ഇമാമിന്റെ കുടുംബം നൂൽനൂൽപ്പു തൊഴിലിൽ ഏർപ്പെട്ടവരായിരുന്നതിനാൽ ‘നെയ്ത്തുകാരൻ’ എന്ന അർത്ഥം വരുന്ന ‘ ഗസ്സാലി’ എന്ന നാമകരണം ചെയ്യപ്പെട്ടു എന്നതാണ് ഒരു അഭിപ്രായം. എന്നാൽ ഖുറാസാനിലെ ‘ ഗാല’ ഗ്രാമക്കാരനായതിനാലാണ് ‘ ഗസാലി’ എന്ന് പ്രയോഗിക്കുന്നതെന്ന് അല്ലാമാ സംആനി ‘അൻസാബ്’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ അഭിപ്രായത്തോടാണ് അധിക പണ്ഡിതന്മാരും യോജിക്കുന്നത്.
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് എന്ന് അറിയപ്പെട്ട ഇദ്ധേഹത്തിന്റെ ജീവിതം പാണ്ഡിത്യം കൊണ്ടും ജീവിത വിശുദ്ധി കൊണ്ടും ജനങ്ങളെ വളരെയധികം സ്വാധീനിച്ചിരുന്നു. ചെറിയ വിശേഷണങ്ങളിൽ ഒതുക്കാവതല്ല ഇമാമിന്റെ ജീവിതം. തത്ത്വജ്ഞാനി, ദൈവശാസ്ത്രജ്ഞൻ,സൂഫി വര്യൻ, നവോത്ഥാന ചിന്തകൻ എന്നിങ്ങനെ നീളുന്നു വിവരണം.
ഗസാലിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ വ്യത്യസ്തവും, ചിന്തിപ്പിക്കുന്നതുമായ ഒരുപാട് കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കും എന്നതിൽ സംശയമില്ല. ഇമാമിന്റെ ജീവിതം വായിക്കുമ്പോൾ നമ്മെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ ചിലതാണ് അദ്ധേഹത്തിന്റെ ജ്ഞാനം, ഭയഭക്തി, എല്ലാം തരണം ചെയ്യാനുള്ള കഴിവ് തുടങ്ങിയവ.
ഗസാലിയുടെ പിതാവ് വിശുദ്ധമായ ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. സ്വന്തം കൈകൾ കൊണ്ട് സമ്പാദിച്ചതല്ലാതെ മറ്റൊന്നും അദ്ധേഹം ഭക്ഷിക്കാറുണ്ടായിരുന്നില്ല. സൂഫികളുമായി സമയം ചിലവഴിക്കാൻ അദ്ധേഹത്തിന് വളരെ താൽപര്യമായിരുന്നു. ഗസാലിയുടെ പിതാവ് തന്റെ രണ്ട് മക്കളെയും ശിക്ഷണച്ചുമതല ഒരു സൂഫി സുഹൃത്തിനെ ഏൽപ്പിച്ചു. പിന്നീട് തുടർപഠനത്തിനായി ജൂർജാനിലേക്ക് പോയ ഗസാലി, അവിടെ വെച്ച് ഇമാം അബൂ നസ്ർ അൽ ഇസ്മാഈലിന്റെ ശിഷ്യത്വം സ്വീകരിച്ചു. അവിടത്തെ പഠനം പൂർത്തിയാക്കി തുസിയയിൽ തിരിച്ചെത്തിയ അദ്ദേഹം അൽപകാലം ശൈഖ് യൂസുഫ് അന്നസ്സാജിയുടെ ശിക്ഷണത്തിൽ സൂഫി മാർഗം പരിശീലിച്ചു.
ജൂർജാനിൽ നിന്ന് മടങ്ങുന്ന വഴിയിൽ കൊള്ളക്കാർ ഗസാലിയെ ആക്രമിച്ച് കൈയിലുള്ളതെല്ലാം തട്ടിയെടുത്തത്. ഗസാലിയുടെ വിലപ്പെട്ട നോട്ടു പുസ്തകങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. താൻ പഠിച്ചതെല്ലാം ആ പുസ്തകങ്ങളിലാണെന്നും അവ തിരിച്ചു നൽകണമെന്നും പറയുകയുണ്ടായി. എന്നാൽ, “ഏതാനും കീറക്കടലാസുകൾ നഷ്ടപ്പെടുന്നതോടെ ഒലിച്ചു പോകുന്നതാണോ താൻ പഠിച്ച വിദ്യ” എന്ന പരിഹാസ ചോദ്യത്തോടെ അദ്ധേഹത്തിന്റെ വിലപ്പെട്ട പുസ്തകങ്ങളൊക്കെ വലിചെറിയുകയാണുണ്ടായത്.
ഈയൊരു അനുഭവത്തിലൂടെ വലിയ പാഠം പഠിച്ച അദ്ധേഹം, എഴുതി വെച്ചിരുന്നതും, പുതുതായി പഠിക്കുന്നതുമായ കാര്യങ്ങൾ മനപാഠമാക്കാൻ ഉറച്ച തീരുമാനമെടുത്തു.
‘ഇമാമുൽ ഹറമൈനി’ എന്ന് അറിയപ്പെടുന്ന അബുൽ മആലി അബ്ദുൽ മലിക് അൽ ജുവൈനി എന്ന പ്രഗത്ഭനായ പണ്ഡിതൻ ഇമാം ഗസ്സാലിയുടെ മുഖ്യ ഗുരുവായിരുന്നു. പാണ്ഡിത്യം കൊണ്ട് ഗുരുവിനെപ്പോലും ഇമാം ഗസ്സാലി അത്ഭുതപ്പെടുത്തിയിരുന്നു. ‘നിറസാഗരം’ എന്നാണ് ഗസാലിയെ അദ്ധേഹം വിശേഷിപ്പിച്ചത്. എട്ട് വർഷം ഇമാമുൽ ഹറമൈനിയുടെ കീഴിൽ വിദ്യയഭ്യസിച്ചു. അതിനിടയിൽ ചില വ്യദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള ചുമതല ഗുരുനാഥൻ ഏൽപിക്കുകയുണ്ടായി. ഇതോടൊപ്പം തന്നെ അദ്ധേഹം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. നാനൂറോളം ഗ്രന്ഥങ്ങൾ അദ്ധേഹം എഴുതിയിട്ടുണ്ട്. പക്ഷേ, എൺപതോളം കൃതികളേ അവശേഷിക്കുന്നുള്ളൂ. ദൈവശാസ്ത്രം, കർമശാസ്ത്രം, തത്ത്വചിന്ത, തസവ്വുഫ്, ധർമമീംസ, തഫ്സീർ എന്നീ മേഖലകളിലൊക്കെ അദ്ധേഹം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇമാം ശാഫിഈയെ പോലെ കവിതയിലും അദ്ധേഹം മികവ് തെളിയിച്ചിട്ടുണ്ട്. ‘ ഇഹ്‌യാ ഉലൂമുദ്ധീനാണ് അദ്ധേഹത്തിന്റെ പ്രശസ്ത കൃതി.
ഗസാലിയുടെ പഠനരീതി, ജീവിത രീതി എന്നതിലൊക്കെ മുമ്പുള്ളതിൽ നിന്ന് മാറ്റങ്ങളുണ്ടായിരുന്നു.
ബഗ്ദാദിലെ ഗസാലിയുടെ വിജ്ഞാന സദസ്സിന്റെ ഭംഗിയൊക്കെ മുമ്പ് കണ്ടിട്ടുള്ള ഒരാൾ ദരിദ്ര വേഷത്തിൽ അലഞ്ഞു നടക്കുന്ന ഗസാലിയെ കണ്ട് വിസ്മയത്തോടെ ചോദിച്ചു: ആ പഴയ അധ്യാപന വൃത്തിയേക്കാൾ മികച്ചതാണോ ഈ ദേശസഞ്ചാരങ്ങൾ? ഇതിനുള്ള മറുപടി രണ്ടു വരി കവിതയായിരുന്നു:-
” _ലൈലയോടും സുഅഭായോടുമുള്ള മോഹം ഞാൻ കൈവെടിഞ്ഞു.
എന്റെ ആദ്യഗേഹം ശുദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ”_
‘നിഷ്കളങ്കമായി ജീവിക്കുക’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം. മരണശയ്യയിൽ പോലും, തന്റെ അണികളോട് നിഷ്കളങ്കത പുലർത്താൻ ഉപദേശം നൽകിയതായി ചരിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും. ജീവിതത്തിൽ നേടിയെടുത്ത ഭക്തിയുടെ ഫലമെന്ന പോലെ അദ്ധേഹത്തിന്റെ മരണം വളരെ സമാധാനപരമായിരുന്നു.
ഹി. 505 ജമാദുൽ അവ്വൽ 14 നായിരുന്നു ആ മഹാ വ്യക്തിയുടെ തിരിച്ചു പോക്ക്. തിങ്കളാഴ്ച ദിവസം പുലർച്ചെ എഴുന്നേറ്റ് വുദൂഅ് എടുത്ത് സുബ്ഹി നമസ്കരിച്ച ശേഷം തന്റെ മയ്യിത്ത് തുണി കൊണ്ടുവരാൻ പറഞ്ഞു. അതെടുത്ത് ചുംബിച്ച്, കണ്ണുകളിൽ അമർത്തി .”എന്റെ നാഥന് ഞാനെന്നെ സമർത്ഥിച്ചിരിക്കുന്നു” എന്ന് പറഞ്ഞു കൊണ്ട് കാലുകൾ നീട്ടി ഖിബലക്ക് അഭിമുഖമായി മലർന്നു കിടന്നു. ഏറ്റവും ശാന്തിയിലും സമാധാനത്തിലുമാണ് അദ്ധേഹം അല്ലാഹുവിലേക്ക് യാത്രയായത്.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5