Current Date

Search
Close this search box.
Search
Close this search box.

കൊടുംക്രൂരരായ താർത്താരികൾ കരുണാർദ്രരായതെങ്ങനെ?

‘പേടിക്കരുത്,പേടിപ്പിക്കരുത്’എന്ന എൻറെ കുറിപ്പിൻറെ ചുവട്ടിൽ ചരിത്രത്തിൽ നടന്ന കടുത്ത പ്രതിസന്ധികളെ അതിജീവിച്ചത് എങ്ങനെയെന്ന് ചിലർ ചോദിക്കുകയുണ്ടായി. ചരിത്രത്തിൽ ഇസ്ലാമിക സമൂഹം അനുഭവിച്ച ഏറ്റവും പ്രയാസകരമായ പ്രതിസന്ധി മുസ്ലിം നാടുകളിലേക്കുള്ള താർത്താരികളുടെ കടന്നു കയറ്റമായിരുന്നു. ചരിത്രത്തിലെ ഏറ്റം വിസ്മയകരമായ അതിജീവനം സാധ്യമായത് അവരുടെ ഇസ്ലാം സ്വീകരണത്തിലൂടെയാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നാണിവിടെ പരിശോധിക്കുന്നത്.

വിജയികളുടെ വഴി പരാജിതർ പിന്തുടരുക വളരെ സ്വാഭാവികവും സാധാരണവുമാണ്.എന്നാൽ പരാജിതരുടെ പാത വിജയികൾ പിന്തുടർന്നതിന് ചരിത്രത്തിൽ ഏറെ അനുഭവങ്ങളില്ല. മുസ്‌ലിം നാടുകളിലേക്ക് ഇരച്ചുകയറി അവിടം തകർത്ത് തരിപ്പണമാക്കി, ലക്ഷക്കണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കിയ താർത്താരികൾ ഇസ്ലാം സ്വീകരിച്ചത് ചരിത്രത്തിലെ മഹാ വിസ്മയമാകുന്നത് അത് കൊണ്ട് തന്നെയാണ്.

മംഗോളിയയുടെ വടക്കേ അറ്റത്ത് താമസിച്ചിരുന്ന തീർത്തും അപരിഷ്കൃതരായ ജനവിഭാഗമായിരുന്നു താർത്താരികൾ. സൂര്യാരാധകരായിരുന്നു അവർ. കന്നുകാലികളെ മേയ്ച്ചും വേട്ടയാടിയും കൊള്ള നടത്തിയുമാണ് ജീവിച്ചിരുന്നത്. പന്നികളെയും പട്ടികളെയുമുൾപ്പെടെ എല്ലാ ജീവികളെയും ഭക്ഷിച്ചിരുന്ന താർത്താരികൾ പൂർണ്ണമായും മാംസഭുക്കുകളായിരുന്നു. പർവ്വത പ്രദേശങ്ങളിൽ പാർത്തിരുന്ന അവർ വിവാഹം കഴിച്ചിരുന്നില്ല. ലൈംഗികസദാചാരം അവർക്ക് അന്യമായിരുന്നു.

അല്പംപോലും അക്ഷരാഭ്യാസമില്ലാതിരുന്ന ചെങ്കിസ്ഖാൻ അധികാരത്തിൽ വന്നതോടെയാണ് അവർ അറിയപ്പെടാൻ തുടങ്ങിയത്. ചൈന കീഴ്പ്പെടുത്തിയ ശേഷം ചെങ്കിസ്ഖാൻറെ സൈന്യം ബുഖാറ,സമർഖന്ദ്,നിസാപൂർ,റയ്യ്ഹമദാൻ എന്നീ പ്രദേശങ്ങൾ അധീനപ്പെടുത്തി. അവിടത്തെ പുരുഷന്മാരെയെല്ലാം കൊന്നൊടുക്കി. സ്ത്രീകളെ മുഴുവൻ വെപ്പാട്ടികളാക്കി.

എന്നാൽ അദ്ദേഹത്തിൻറെ പേരക്കുട്ടി ഹലാകുവിൻറെ കാലത്താണ് ഇസ്ലാമും മുസ്ലിംകളും ഏറ്റവും വലിയ ദുരന്തത്തിനിരയായത്. അയാൾ അക്കാലത്തെ ഖിലാഫതിൻറെ ആസ്ഥാനമായ ബഗ്ദാദ് കീഴ്പ്പെടുത്തുകയും ഖലീഫയെ ക്രൂരമായി കൊല്ലുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പള്ളികൾ തകർക്കുകയും കെട്ടിടങ്ങൾ കൊള്ളയടിക്കുകയും ഗ്രന്ഥങ്ങൾ ചുട്ട് കരിക്കുകയും ചെയ്തു. താർത്താരികളുടെ കടന്നാക്രമണത്തിൽ പത്തുലക്ഷത്തോളം മുസ്ലിംകളാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വധിക്കപ്പെട്ട പതിനായിരക്കണക്കിന് പുരുഷന്മാരുടെ ഭാര്യമാരെയും മക്കളെയും സഹോദരിമാരെയും താർത്താരികൾ വെപ്പാട്ടികളാക്കി. മുസ്ലിംകൾ തുല്യതയില്ലാത്ത വിധം ഭീരുക്കളും നിരാശരുമായി. ശത്രുക്കളുടെ മുമ്പിൽ അകപ്പെട്ടാൽ ഓടിപ്പോകാനുള്ള ധൈര്യം പോലും അവർക്കുണ്ടായിരുന്നില്ല.

ക്രിസ്ത്വബ്ദം പതിമൂന്നും പതിനാലും നൂറ്റാണ്ടുകളിലായിരുന്നു ഇത്.

അതേക്കുറിച്ച് ‘അൽകാമിലി’ൻറെ കർത്താവ് ഇബ്നുൽ അസീർ ഇങ്ങനെ എഴുതുന്നു:”ഇസ്‌ലാമിനും മുസ്‌ലിംകൾക്കും വന്ന് ഭവിച്ച ഈ ദുരന്തത്തെപ്പറ്റി ആർക്കാണ് എഴുതാൻ കഴിയുക! ഹാവൂ! എൻറെ ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നെങ്കിൽ! ഞാൻ ഇതിനുമുമ്പ് മരിച്ച് മണ്ണിൽ മറമാടപ്പെട്ടിരുന്നെങ്കിൽ!”

ഈജിപ്ഷ്യൻ ഭരണാധികാരി സുൽത്താൻ ഖുതൂസും സേനാനായകനായകൻ ബൈബറസും ഐൻ ജാലൂതിൽ വെച്ച് താർത്താരികളെ പരാജയപ്പെടുത്തി. മുസ്ലിം നാടുകളിൽ ഇരച്ച് കയറി അവരെ ചതച്ചരച്ച താർത്താരികൾ ഏറെ കഴിയും മുമ്പ് ഇസ്ലാം സ്വീകരിച്ചു. അവർ മുസ്ലിം സമുദായത്തിൻറെ നേതാക്കളും രാഷ്ട്രത്തിൻറെ ഭരണാധികാരികളുമായി മാറി. ചെങ്കിസ്ഖാൻറെ പേരക്കുട്ടിയായിരുന്ന ഹലാകൂഖാന് അയാൾ പിടികൂടി അടിമയാക്കിയ മുസ്ലിം പെൺകുട്ടിയിലൂടെ ഇസ്ലാമിനെ മനസ്സിലാക്കാൻ അവസരം ലഭിച്ചു. അങ്ങിനെ അയാൾ മുസ്ലിമാവുകയായിരുന്നു. തുടർന്ന് മുബാറക് ഷായും ബുറാഖാനും ഇസ്ലാം സംസ്കരിച്ചു. കാസാൻ ഷായുടെ സഹോദരൻ അവൽ ജാതൂഖാൻറെ ജീവിതപങ്കാളിയായി മാറിയ മുസ്ലിം അടിമപ്പെണ്ണിലൂടെയാണ് രാജകുടുംബത്തിലെ മുഴുവൻ അംഗങ്ങളും സ്വീകരിച്ചത്.

ഇങ്ങനെ പല താർതാരീ ഭരണാധികാരികളും സാധാരണക്കാരും അടിമകളാക്കപ്പെട്ട മുസ്ലിം സ്ത്രീകളിലൂടെ ഇസ്ലാമിനെ പരിചയപ്പെടുകയും മുസ്ലിംകളായി മാറുകയും ചെയ്തു. പരാജിതരായി പിടികൂടപ്പെട്ട് വെപ്പാട്ടികളാക്കപ്പെട്ട വനിതകൾ ജേതാക്കളായ ഭരണാധികാരിക്കൾക്കും നേതാക്കൾക്കും നടത്തിയ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളാണ് അവരുടെ സന്മാർഗ്ഗ സ്വീകരണത്തിന് കാരണമായി മാറിയത്. ഇത് ചരിത്രത്തിലെ മഹാ വിസ്മയങ്ങളിൽ ഒന്നത്രേ. ഇസ്ലാം സ്വീകരിച്ച താർത്താരികൾ എല്ലാ അർത്ഥത്തിലും മാറുകയും ഉജ്ജ്വലയായ ഇസ്ലാമിക സംസ്കാരത്തിന്റെ പ്രതിനിധാനം ഫലപ്രദമായി നിർവഹിക്കുകയും ചെയ്തു. (വിശദ പഠനത്തിന് ‘ഇസ്ലാമിക സമൂഹം: അതിജീവനത്തിന്റെ അത്ഭുതകകൾ’ വായിക്കുക.)

Related Articles