Current Date

Search
Close this search box.
Search
Close this search box.

സിനിമ എന്ന മാധ്യമത്തെ അംഗീകരിക്കാനാകാത്തവര്‍

മൂസാ പ്രവാചകന് മാജിക് ഒരു ജീവിത വിഷയമല്ല. പ്രവാചകന്‍ അടിസ്ഥാനമായി ഒരു മാജിക്കുകാരനുമല്ല. അങ്ങിനെ ഒരിക്കലും പ്രവാചകന്‍ അവകാശപ്പെട്ടുമില്ല. പക്ഷെ മൂസാ നബിയുടെ കാലത്തു മാജിക്കുകാര്‍ക്കു സമൂഹത്തില്‍ വലിയ സ്ഥാനമായിരുന്നു. അവിടെ മാജിക്കില്‍ വലിയ സ്ഥാനം നല്‍കിയാണ് പ്രവാചകനെ ദൈവം നിയോഗിച്ചത്.

ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഇന്ന് മുസ്‌ലിംകള്‍ നേരിടുന്ന വലിയ ദുരന്തം അവരുടെ കയ്യില്‍ സമൂഹവുമായി സംവദിക്കാന്‍ കഴിയുന്ന മാധ്യമങ്ങള്‍ ഇല്ല എന്നതാണ്. സമൂഹത്തിന്റെ ‘ലിസാനില്‍’ സംസാരിക്കുക എന്നതാണ് പ്രവാചകന്മാരെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത്. അത് കേവലം ഭാഷ മാത്രമാകില്ല എന്നുറപ്പാണ്. സമൂഹത്തിന്റെ സംവേദന മാര്‍ഗവും അതിന്റെ ഭാഗമാണ്.

നാമിന്നു കാണുന്ന രീതിയിലായിരുന്നില്ല മുമ്പ് കാര്യങ്ങള്‍ നടന്നിരുന്നത്. ഇന്നത്തെ പോലെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ അന്നുണ്ടായിരുന്നില്ല. പ്രവാചക കാലത്ത് കവികളും കവിതയും ഒരു മാധ്യമമായി അംഗീകരിച്ചിരുന്നു. കവികള്‍ എന്നൊരു അദ്ധ്യായം തന്നെ ഖുര്‍ആനിലുണ്ട്. ‘ഇനി കവികളോ, അവരുടെ പിന്നാലെ കൂടുന്നത് വഴിപിഴച്ച ജനമത്രെ. അവര്‍ സകല താഴ്വരകളിലും അലഞ്ഞുതിരിയുന്നത് നീ കാണുന്നില്ലേ? തങ്ങള്‍ പ്രവര്‍ത്തിക്കാത്തത് പറയുന്നതും? സത്യവിശ്വാസം കൈക്കൊണ്ടവരും സല്‍ക്കര്‍മങ്ങളാചരിച്ചവരും അല്ലാഹുവിനെ ഏറെ സ്മരിച്ചവരും അക്രമിക്കപ്പെട്ടപ്പോള്‍ അതിനെ നേരിടുക മാത്രം ചെയ്തവരും ഒഴികെ.’ കവികളെ കുറിച്ച് ഖുര്‍ആനിന്റെ നിലപാട് ഇങ്ങിനെയാണ്. അന്നത്തെ കവികളുടെ ജീവിത രീതിയെയും പ്രവര്‍ത്തനത്തെയും ഖുര്‍ആന്‍ വിമര്‍ശിച്ചു. അതെ സമയം കവിത എന്ന മാധ്യമത്തെ പ്രവാചകന്‍ അംഗീകരിക്കുകയും ചെയ്തു. പ്രവാചകനെയും ഇസ്ലാമിനെയും ആക്ഷേപിച്ചു കൊണ്ടും അധിക്ഷേപിച്ചു കൊണ്ടും ശത്രുക്കള്‍ കവിതയുമായി രംഗത്തു വന്നപ്പോള്‍ അവര്‍ക്കു മറുപടി പറയാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടത് കവിയായ ഹസ്സാനു ബിന്‍ സാബിത്തിനോടാണ്. ‘എനിക്കുവേണ്ടി മറുപടി പറയുക. അല്ലാഹുവേ, അദ്ദേഹത്തിനു പരിശുദ്ധാത്മാവിനെക്കൊണ്ട് ശക്തി കൂട്ടണേ’ എന്ന് പ്രവാചകന്‍ പ്രാര്‍ത്ഥിച്ചതായും പ്രമാണങ്ങളില്‍ കാണാം.

കാലഘട്ടത്തിലെ മാധ്യമങ്ങളെ അംഗീകരിക്കുക എന്നത് അനിവാര്യമാണ്. സിനിമ എന്നത് ഒരു മാധ്യമമായി അംഗീകരിക്കാന്‍ പോലും പലരും ഇപ്പോഴും മടി കാണിക്കുന്നു. അതെ സമയം ഈ മാധ്യമം ഉപയോഗിച്ച് തന്നെയാണ് ഇസ്ലാമിന്റെ ശത്രുക്കള്‍ പലപ്പോഴും രംഗം കീഴടക്കുന്നത്. സിനിമയെ കുറിച്ച് നമ്മില്‍ പലര്‍ക്കും മോശമായ കാഴ്ചപ്പാടാണ്. ഒരു മാധ്യമത്തെ എങ്ങിനെ ഉപയോഗിക്കുന്നു എന്നതാണ് അടിസ്ഥാന വിഷയം. അങ്ങിനെ നോക്കിയാല്‍ അതിലും മോശമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ. സിനിമ എന്ന മാധ്യമത്തെ മോശം എന്ന രീതിയില്‍ തള്ളിപ്പറയാനും സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നു. അപ്പോള്‍ വിഷയം സമീപനത്തിന്റേതാണ്. നല്ല മനുഷ്യര്‍ സിനിമ എന്ന മേഖലയില്‍ നിന്നും വിട്ടു നില്‍ക്കണം എന്നല്ല പറയേണ്ടത്. നല്ല മനുഷ്യര്‍ മോശമായി ഉപയോഗിക്കുന്ന ഈ മേഖലയെ നന്നാക്കാന്‍ ശ്രമിക്കണമെന്നാണ് പറയേണ്ടത്.

പ്രവാചകനെയും ഇസ്ലാമിനെയും മോശമായി ചിത്രീകരിച്ചു ഒരുപാട് സിനിമകള്‍ രംഗത്തു വരുന്നു. ആ മാധ്യമം ഉപയോഗിച്ച് തന്നെ അതിനെ പ്രതിരോധിക്കാന്‍ കഴിയണം. ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധി തന്നെ അവരുടെ കാര്യങ്ങള്‍ പുറത്തു പറയാന്‍ ആധുനിക മാധ്യമങ്ങളില്ല എന്നതാണ്. ആസാം വിഷയത്തില്‍ സുപ്രീം കോടതി ഇടപെടാന്‍ കാരണമായത് ആ വിഷയത്തിന് കിട്ടിയ അന്താരാഷ്ട്ര ശ്രദ്ധ കാരണമാണ്. പക്ഷെ മുസ്ലിം സമൂഹം ഇപ്പോഴും ചര്‍ച്ചയിലാണ്. പലപ്പോഴും അറ്റങ്ങളിലാണ് അവര്‍ നില കൊള്ളുന്നത്. ഒരു വിഭാഗം എല്ലാത്തിനെതിരെയും വാതില്‍ കൊട്ടിയടച്ചു. മറ്റൊരു വിഭാഗം എല്ലാത്തിനെയും പരിധികളില്ലാതെ സ്വീകരിച്ചു. അതെ സമയം ഇത്തരം മാധ്യമങ്ങളോട് നിലപാടില്‍ ഊന്നിയ സമീപനം കാണിച്ചിരുന്നെകില്‍ ഈ അവസ്ഥ വരില്ലായിരുന്നു. ജാഹിലിയ്യാ കവികളെയും കവിതയെയും വിമര്‍ശിച്ച ഖുര്‍ആന്‍ സത്യവിശ്വാസികളെ അതില്‍ നിന്നും മാറ്റി നിര്‍ത്തുന്നു, എന്നിട്ട് പ്രവാചകന്‍ തന്നെ ആ കവിത കൊണ്ട് മറുപടി പറയാനും ആവശ്യപ്പെടുന്നു.

ആധുനിക സമൂഹത്തിന്റെ രീതികളുമായി സംവദിക്കാന്‍ ഇസ്ലാമിക സമൂഹം സന്നദ്ധമാകണം. എല്ലാത്തിലേയും നന്മകളെ സ്വായത്തമാക്കാന്‍ അവര്‍ക്കു അവകാശമുണ്ട്. സിനിമ എന്നത് അത് കൊണ്ട് തന്നെ സമൂഹത്തെ സ്വാധീനിക്കുന്ന മാധ്യമമാണ്. അതിനെ എങ്ങിനെ ഇസ്ലാമിന് അനുകൂലമാക്കി മാറ്റാം എന്നതാകണം ചര്‍ച്ച. ആ മേഖലയെ അവഗണിക്കുമ്പോള്‍ അതിന്റെ ഫലം അനുഭവിക്കുക എതിരാളികള്‍ തന്നെയാകും. എതിരാളിയില്ലാതെ ഗോളടിക്കാന്‍ പറ്റുന്ന രീതിയില്‍ നാം ശത്രുക്കള്‍ക്കു പോസ്റ്റ് തുറന്നു കൊടുക്കരുത്.

Related Articles