Vazhivilakk

മനുഷ്യരോട് ക്ഷമിക്കാതെ, ദൈവം പൊറുക്കുവതെങ്ങനെ?

വേദസാരം - പതിനൊന്ന്

നിരാശയും രോഷവും കലർന്ന  അസ്വസ്ഥത അദ്ദേഹത്തിൻ്റെ മനസ്സിൽ പുകഞ്ഞുകൊണ്ടിരുന്നു. ‘ഞാൻ എത്രമേൽ സ്നേഹിച്ചതാണ് അവനെ, എന്തൊക്കെ സഹായങ്ങൾ ചെയ്തതാണ് അവൻ്റെ കുടുംബത്തിന്! എന്നിട്ടും നിരപരാധിനിയായ എൻ്റെ മകൾക്കെതിരിലുള്ള അപവാദ പ്രചാരണത്തിൽ അവനും പങ്കാളിയായല്ലോ!’ അദ്ദേഹത്തിൻ്റെ മനസ്സ് വേദനയാൽ നീറി. ഏതൊരു മനുഷ്യനും പതറിപ്പോകാവുന്ന സന്ദർഭം. ‘ഇനി ഞാൻ അവനെ സഹായിക്കില്ല, ഇതുവരെ തുടർന്നുവന്ന പിന്തുണയെല്ലാം അവസാനിപ്പിക്കുന്നു.’ മനസ്സിടറിയ നിമിഷത്തിലാണ്  ആ വലിയ മനുഷ്യൻ അങ്ങനെ  ശപഥം ചെയ്തു പോയത്.

ആകാശം അസ്വസ്ഥമായി, കരുണാവാരിധി ഇടപെട്ടു! മനസ്സ് തണുപ്പിക്കുന്ന കുളിർത്തെന്നലുമായി മാലാഖ മണ്ണിലിറങ്ങി. സത്യവേദത്തിൻ്റെ സാരവത്തായ വചനങ്ങൾ; ‘മാപ്പു കൊടുക്കുക, വിട്ടുവീഴ്ച്ച ചെയ്യുക.’ ഇരുപത്തിനാലാം അധ്യായത്തിലെ ഇരുപത്തിരണ്ടാം സൂക്‌തം. ഭൂമിയിൽ അരുതാത്തത് സംഭവിക്കാതിരിക്കാൻ  വാനലോകത്തിൻ്റെ ജാഗ്രത. ‘നിങ്ങളിൽ അനുഗ്രഹവും ഐശൊര്യവുമുള്ളവർ ബന്ധുക്കളെയും അഗതികളെയും ദൈവമാർഗത്തിൽ പലായനം ചെയ്തവരെയും സഹായിക്കില്ലെന്ന് ശപഥം ചെയ്യരുത്.’ ഇങ്ങനെ തുടങ്ങിയ സൂക്തം, മനുഷ്യർക്കിടയിൽ പരസ്പരമുണ്ടാകേണ്ട ക്ഷമയുടെ, പൊറുത്തു കൊടുക്കലിൻ്റെ മഹത്തായ പാഠങ്ങൾ സന്ദർഭോചിതം പഠിപ്പിച്ചു. ‘വെളിച്ചം’ എന്നാണ് ആ അധ്യായത്തിൻ്റെ പേരു തന്നെ.  അപ്പോൾ, മനസ്സിൻ്റെ വെളിച്ചമായി  അത് തമസ്സകറ്റണമല്ലോ!  ദുരനുഭവങ്ങളുടെ പേരിൽ പകയും വിദ്വേഷവും പുലർത്തിയാൽ  മനസ്സിൽ തീ പടരും. അതിൽപ്പെട്ട് നന്മകൾ കരിഞ്ഞു പോകും, ബന്ധങ്ങൾ മുറിഞ്ഞു വീഴും, സ്വസ്ഥയും സമാധാനവും നഷ്ടപ്പെടും. തെറ്റ് ചെയ്തവന് പൊറുത്തു കൊടുക്കുന്നതിലാണ് ആകാശത്തോളം ഉയർച്ചയുള്ളത്. വിട്ടുവീഴ്ച്ചയിലാണ് പിണക്കങ്ങൾ തീരുന്നത്, സൗഹൃദം പൂക്കുന്നത്, ദാമ്പത്യം തളിർക്കുന്നത്, സാമൂഹിക ഭദ്രത ഉറപ്പാകുന്നത്. അതായത്, വിട്ടുവീഴ്ച്ച നിസാരമായൊരു ഗുണമല്ല, മഹത്തായൊരു സാമൂഹിക മൂല്യമാണ്.

Also read: ഹജ്ജാജിന്റെ ഉറക്കംകെടുത്തിയ ധീരവനിത

‘നിങ്ങൾ ചെയ്ത തെറ്റുകൾ സാക്ഷാൽ ദൈവം നിങ്ങൾക്ക് പൊറുത്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ’? ആഴമുള്ള ചോദ്യവുമുണ്ട് ഇതേ വചനത്തിൽ.  ഈ ചോദ്യത്തെ ഇത്തിരി നേരം ചിന്തയിലേക്കെടുക്കൂ. നമ്മുടെ ഉള്ളിലെവിടെയോ ഒരു കൊളുത്ത് വീഴുന്നില്ലേ? നാം ചെയ്ത തെറ്റുകൾ സാക്ഷാൽ ദൈവം നമുക്ക് പൊറുത്ത് തരണമെന്ന് നാം ആഗ്രഹിക്കുന്നു. എങ്കിൽ സാധാരണയിൽ മറ്റുള്ളവർ നമ്മോട് ചെയ്ത തെറ്റുകൾ അവർക്ക് പൊറുത്തു കൊടുക്കാനും, അവരോട് ക്ഷമിക്കാനും നമുക്കും കഴിയേണ്ടതല്ലേ! നമുക്കത് സാധിച്ചിട്ടുണ്ടോ? ‘ദൈവമേ എൻ്റെ പാപങ്ങൾ പൊറുത്തുതരേണമേ, എന്നിൽ കാരുണ്യം ചൊരിയേണമേ….’  ഈ പ്രാർത്ഥനയുടെ പൂരണവും മനുഷ്യപക്ഷവുമാണ്, സാധാരണയിൽ മറ്റുള്ളവർ ചെയ്ത തെറ്റുകൾ അവർക്ക് നാം പൊറുത്തു കൊടുക്കുന്നത്.
‘അയാൾ / അവൾ എന്നോട് തെറ്റു ചെയ്തതാണ്’, നമുക്ക് ന്യായം പറയാനുണ്ടാകും. ആ ന്യായത്തെയാണല്ലോ ഈ ചോദ്യം റദ്ദ് ചെയ്തത്! മാത്രമല്ല, മറ്റുള്ളവർ നിങ്ങളോട് ചെയ്ത തെറ്റുകൾ അവർക്ക് പൊറുത്തു കൊടുത്താലേ, ദൈവം നിങ്ങളുടെ തെറ്റുകൾ പൊറുത്ത് തരൂ എന്ന നിബന്ധന ഈ ചോദ്യത്തിൽ ഉള്ളടങ്ങിയിട്ടുണ്ടോ എന്നും ചിന്ത വരുന്നു. ഈ സംഭവത്തിലെ നായകനാണ് അബൂബക്ർ. ആ വലിയ മനുഷ്യൻ ഈ ചോദ്യത്തിന് ശരിയുത്തരമെഴുതി ആകാശത്തോളം വലുതായെന്ന് ചരിത്രം.

‘സാക്ഷാൽ ദൈവം ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാകുന്നു’. സൂക്തം അവസാനിക്കുന്നത് ഇങ്ങനെയാണ്. പകയും വെറുപ്പും പ്രതികാരവും പൈശാചികമാണ്. ക്ഷമിക്കലും പൊറുക്കലും വിട്ടുവീഴ്ച്ച ചെയ്യലും ദൈവികവും. നാം ആരുടെ വഴി തെരഞ്ഞെടുക്കുന്നു; ദൈവത്തിൻ്റേതോ, ചെകുത്താൻ്റേതോ?

Facebook Comments
Related Articles
Close
Close